അനുരഞ്ജനം
അനുരഞ്ജനം ബാബ്വോ....... അമ്മയുടെ വിളി. ഏതോ നല്ല സ്വപ്നത്തിൽ ആയിരുന്നു. അത് മുറിഞ്ഞു. എന്തായിരുന്നു എന്ന് വ്യക്തമല്ലെങ്കിലും അതിന്റെ സുഖം മനസ്സിലെവിടെയോ ഒട്ടിപ്പിടിച്ചു കിടക്കുന്നു. അതിനു റീപ്ലേ ഇല്ലല്ലോ. എന്നാലും ശ്രമിച്ചു, വെറുതെ. ആട് പ്രസവിച്ച ശേഷം സ്വപ്‌നങ്ങൾ മുറിഞ്ഞു പോകുന്നത് പതിവാണ്. ദാസനെയോ വേലായുധനെയോ പോലെ ആടും പശുവും ഒന്നും ഇല്ലാത്ത വീട്ടിൽ ജനിച്ചില്ല. അവർ ഭാഗ്യവാന്മാർ. എണീറ്റു. വാതിൽ കടന്ന് വടക്കേപ്പുറത്തു പോയി. പാല് നിറച്ചു വെച്ച കുപ്പികൾ എടുത്ത് പട്ടികവേലിയുടെ നാട്ടകൾക്കിടയിലൂടെ പുറത്തു കടന്ന് റയിലിന്റെ അരികിലൂടെ നടന്നു. പെണ്ണുട്ടിയമ്മയുടെ വീട് കടന്നു, അമ്മാളുഅമ്മയുടെ വീട് കടന്നു. ഒരു ഒഴുക്കിൽ അങ്ങനെ പോകുകയാണ്. വടക്കേ പാതാറയുടെ അടിയിലൂടെ നടന്നു. ബാബ്വോ....... വീണ്ടും അമ്മയുടെ ശബ്ദം. പാല് വേഗം കൊടുത്ത് വാ. സ്കൂളിൽ പോണ്ടേ? ഈ അമ്മയ്ക്ക് എന്ത് പറ്റി? ഞാൻ പോഗ്വല്ലേ ? എത്താനായി. പിന്യും പിന്യും വിളിക്ക്യാ? കാലിൽ ഒരടി കൊണ്ട് ഞാൻ ഞെട്ടി. ഇത് വരെ നടന്നത് ഉറക്കത്തിലായിരുന്നു. വേഗം തന്നെ എണീറ്റു. വാതിൽ കടന്ന് വടക്കേപ്പുറത്തു ...