ജയം ഉറപ്പുള്ള കളികൾ

 ജയം ഉറപ്പുള്ള കളികൾ.

 

വിനോദശാസ്ത്രപ്രകാരം (ഗെയിം തിയറി) കളികൾ പല തരത്തിലുണ്ട്. ഏതെങ്കിലും കളിക്കാരന് പ്രത്യേക മേൽക്കൈ പ്രവചിക്കാനോ  ഒരുക്കാനോ പറ്റാത്ത കളികളെ ഫെയർ ഗെയിം (ന്യായ വിനോദം) എന്ന് സൂചിപ്പിക്കുന്നു. ചെസ്സ് ഉദാഹരണം.

 

കളി തുടങ്ങുവന് ഫലം നിയന്ത്രിക്കാൻ പറ്റുന്ന ഒരു പാട് കളികൾ ഉണ്ട്. അത്തരം ചിലതു പിന്നാലെ. ഇവിടെ ജയം ഉറപ്പുള്ള ഒരു കളിയുടെ ഓര്മ.

 

പിണ്ണാണത്ത് കാവിന്റെ മുന്നിലെ ഗ്രൗണ്ടിലായിരുന്നു സ്റ്റേജും ഇരിപ്പിടങ്ങളും. വാജ്‌പേയിയുടെ പ്രസംഗം ഉണ്ടായിരുന്നത് കൊണ്ട് ചുറ്റു  പ്രദേശങ്ങളിലെ ജനസംഘം പ്രവർത്തകരും  സ്വയം സേവകരും ഇതൊന്നും അല്ലാത്ത ജനങ്ങളുമായി വലിയ കൂട്ടം തന്നെ ഉണ്ടായിരുന്നു.

 

രാഷ്ട്രീയ പരിപാടിക്ക് ശേഷമുള്ള തിക്കോടിയന്റെ നാടകമായിരുന്നു എന്റെ ആകർഷണം. ഞാൻ വായിച്ച നാടകം. രാജമാർഗം. രംഗത്ത്  എങ്ങനെ ഉണ്ടാകുമെന്നറിയാനുള്ള ആഗ്രഹം.

 

ഞാൻ നേരത്തെ എത്തി. വാജ്‌പേയി സ്റ്റേജിൽ നിന്ന് സംസാരിക്കുന്നു. വെളുത്ത പയ്ജാമയും ജുബ്ബയും ധരിച്ച ഒരു നാല്പത്തഞ്ചുകാരൻ യുവനേതാവ്. അദ്ദേഹം നമസ്‍കാരം എന്ന് മലയാളത്തിൽ തുടങ്ങി ഹിന്ദിയിൽ പ്രസംഗിച്ചു. ഓരോ വാചകം കഴിയുംപോഴും അദ്ദേഹം നിർത്തി, പരിഭാഷകനെ  നോക്കി. അടുത്ത സ്കൂളിലെ ഹിന്ദി അധ്യാപകൻ അത് മലയാളത്തിൽ ജനങ്ങളിലേക്കെത്തിച്ചു. 

 

ഏണി ചിഹ്നത്തെ പറ്റിയുള്ള വാജ്‌പേയിയുടെ പരാമർശം ഹിന്ദി മാഷെ സ്വല്പം കുഴക്കിയോ എന്ന് സംശയം. വാജ്‌പേയി തന്നെ സംശയം കാരണം അത് ആവർത്തിച്ച് , വീണ്ടും പറയാൻ വിവർത്തകനോട് പറഞ്ഞു. ഒറ്റയ്ക്ക് നില്ക്കാൻ കെൽപ്പില്ലാത്ത ഒരു സംഗതി ആണ് ഏണി എന്നും എവിടെയെങ്കിലും ചാരി വെച്ചെങ്കിലേ അത് നിൽകുകയുള്ളൂ എന്ന് അദ്ദേഹം ശരിയാക്കി പറഞ്ഞു.

 

കുറച്ചു നേരം കേട്ട ശേഷം ഞാൻ കിഴക്കോട്ടു നീങ്ങി.

 

നിരത്തിന്റെ കിഴക്കു  ഭാഗത്ത് തട്ടിക്കൂട്ട് കച്ചവടക്കാർ. കടല വറുക്കുന്ന ചട്ടിയിലെ സംഗീതാത്മകമായ ശബ്ദവും  കൊതിപ്പിക്കുന്ന ഗന്ധവും. അതിനടുത്തു ശർബത്ത് കട.  പല വർണങ്ങളിലുള്ള പഞ്ചാര മിട്ടായികൾ. നിലത്ത് വിരിച്ച ഷീറ്റിനകത്ത് കളികൾ. ആനമയിലൊട്ടകം, ഭാഗ്യം പരീക്ഷിക്കാവുന്ന ഫോട്ടോ ലോട്ടറി.

 

ഇരുട്ട് കട്ടിയായപ്പോൾ അവർ മണ്ണെണ്ണ വിളക്കുകളും റാന്തലുകളും കത്തിച്ചു തൂക്കാൻ തുടങ്ങി. പഞ്ചനക്ഷത്രതട്ടുകടക്കാർ അവരുടെ പെട്രോമാക്സ് തയ്യാറാക്കുന്നു.

 

അങ്ങനെ നോക്കി നടക്കുമ്പോഴാണ് ഞാൻ കോയമോനെ കണ്ടത്.  മുന്നിൽ നിവർത്തി വെച്ച ഒരു ടവൽ, അടുത്ത് തന്നെ പുക ഉതിർത്തുകൊണ്ടു കത്തുന്ന ഒരു മേശപ്പൂ സ്റ്റൈൽ മണ്ണെണ്ണ വിളക്ക്. അവന്റെ മുന്നിൽ ടവ്വലിന്  മുന്നിലായി ചിലർ ഇരിക്കുന്നു. എല്ലാവരും ശൗചാലയം പോസ്റ്റിലാണ് ഇരിപ്പ്. കല്ലും മുള്ളും ഒക്കെ ഉണ്ടായേക്കാവുന്ന ആ നിലത്ത് അമർന്നിരിക്കുന്നത് സുരക്ഷിതമല്ലായിരിക്കാം.

 

അവൻ വിളിച്ചു പറഞ്ഞു: ജോക്കര്ക്ക് ഒന്നിന് പത്ത്. ആർക്കും വെക്കാം. ഒന്ന് വെച്ചാൽ പത്ത്. പത്ത് വെച്ചാൽ നൂറ്. അവൻ പോക്കെറ്റിൽ നിന്ന് മൂന്ന് ശീട്ട് എടുത്തു മലർത്തി കാണിച്ചു. അതിൽ ഒന്ന് ജോക്കർ, മറ്റേത് എണ്ണമുള്ള കാർഡുകൾ. അതിനു ശേഷം കാർഡുകൾ സ്പീഡിൽ കൈകൾ മാറ്റി മാറ്റി പിടിച്ച്  , കാണികളുടെ കണ്ണുകൾക്ക് തുടരാൻ അസാധ്യമായ വിധത്തിൽ ചുറ്റി വളച്ച് ടവ്വലിൽ  കമഴ്ത്തി വെച്ച് വീണ്ടും വിളിച്ചു പറഞ്ഞു: വെക്കി, വേഗം വെക്കി, ഒന്ന് വെച്ചാൽ പത്ത് , പത്ത് വെച്ചാൽ നൂറ് . അവിടെ കുന്തിച്ചിരുന്ന ഒരു ചെക്കൻ ഒരറ്റത്തുള്ള കാർഡിന്റെ മേലെ ഒരു എട്ടണ വെച്ചു. കോയമോൻ ഉടനെ തന്നെ അതിനടിയിൽ ഉള്ള കാർഡ് എടുത്ത് മലർത്തി അത് ജോക്കറല്ല എന്ന് കാണിച്ച് എട്ടണ എടുത്ത് പോക്കെറ്റിൽ ഇട്ടു.   

 

വീണ്ടും കശക്കി കാർഡുകൾ കമഴ്ത്തി വെച്ച് വിളിച്ചു പറയൽ തുടർന്നു. ചുറ്റുമുണ്ടായിരുന്ന പിള്ളേർ പൈസ വെക്കുകയും അതെല്ലാം കോയമോന്റെ കീശയിലേക്കു മാറുകയും ചെയ്തു. ഒരതിശയം പോലെ , പൈസ വെച്ച കാർഡ് ഒരിക്കലും ജോക്കർ ആയിരുന്നില്ല.

 

ഒരു തവണ രണ്ടു പിള്ളേർ പൈസ രണ്ടു വേറെ വേറെ കാർഡിൽ വെച്ചു.. കോയമോൻ അത് സമ്മതിച്ചില്ല. അവൻ കളിയുടെ ഒരു അടിസ്ഥാനതത്വം അപ്പോഴാണ് വെളിവാക്കിയത്. വെക്കുന്നവരെല്ലാം ഒരു കാർഡിൽ വെക്കണം. വേറെ കാർഡ് അടുത്ത കളിയിൽ. ഇതെന്തു നിയമം , എന്ന് പ്രതിഷേധിച്ചു കൊണ്ട് പിള്ളേർ വെച്ച പൈസ തിരിച്ചെടുത്തു.

 

അപ്പോൾ നേരമുണ്ടായിരുന്നില്ലെങ്കിലും എട്ടാം ക്ലാസുകാരന്റെ ഗണിതവിജ്ഞാനം വെച്ച് ഞാനതിന്റെ ഗുട്ടൻസ് പിന്നീട് തിരിച്ചറിഞ്ഞു. ഒന്നിലധികം കാർഡിൽ ഭാഗ്യം പരീക്ഷിക്കാൻ സമ്മതിച്ചാൽ കോയമോന്റെ ആപ്പീസ് പൂട്ടും. ഓരോ രൂപ മൂന്നിലും വെക്കാൻ മൂന്നു രൂപ മതി. ഒന്ന് ശരിയായാൽ കോയമോൻ കൊടുക്കേണ്ടത് പത്തു രൂപയാണ്.

 

എന്റെ അതിശയം വര്ധിക്കുകയായിരുന്നു. രസമുള്ള കളി. ഞാൻ നോക്കി നിന്ന അര മണിക്കൂർ നേരത്ത്  ഒരിക്കൽ പോലും കോയമോന് പൈസ തിരികെ കൊടുക്കേണ്ടി വന്നില്ല.  ഒരു തവണ ആരോ ഒരു കാർഡിൽ രണ്ടു രൂപ വെച്ചു. കോയമോൻ മനപ്പൂർവം കാർഡ് മലർത്തൽ വൈകിക്കുന്നത് പോലെ തോന്നി. ഇനി ആരെങ്കിലും, ഇനി ആരെങ്കിലും എന്നവൻ പറഞ്ഞു കൊണ്ടിരുന്നു.

 

അപ്പോഴാണ് ഞങ്ങൾക്കു രണ്ടു പേർക്കും പരിചയമുണ്ടായിരുന്ന ഗോകുലൻ പ്രത്യക്ഷപ്പെട്ടത്. അവൻ ഒരു പത്തു പൈസ വേറെ ഒരു കാർഡിൽ വെച്ചു.

 

ഒരേ കാർഡിൽ വെക്കണം , കോയമോൻ പറഞ്ഞു. ഗോകുലൻ  എടുക്കാൻ തയ്യാറല്ല. ഞാൻ വെച്ച കാർഡിലാണ് ജോക്കർ എന്ന് എനിക്കുറപ്പാണ്, അവൻ പറഞ്ഞു.

 

അത് അടുത്ത കളിയിൽ. ഒരു കളിയിൽ ഒരു കാർഡ് മാത്രം. കോയമോൻ വീണ്ടും പറഞ്ഞു. അവനും ഗോകുലനും വഴക്കായി. അവസാനം രണ്ടു രൂപ വെച്ചവൻ പൈസ തിരികെ എടുത്തു. ഗോകുലനും എടുത്തു.

 

പിന്നെയും കുറച്ചു നേരം കളി നീണ്ടു. കുറച്ചു പ്രായമായ ഒരാൾ വന്നു. അയാൾ ഒരു കാർഡിൽ വെച്ചത് അഞ്ചു രൂപ. കോയമോൻ കാർഡ് മലർത്താൻ ധൃതി കാണിച്ചില്ല. അവൻ  വിളിച്ചു തുടങ്ങി. ഇനിയാരെങ്കിലും, ഇനിയാരെങ്കിലും.?

 

അപ്പോഴും വന്നു ഗോകുലൻ. അവൻ പൈസ ഇല്ലാത്ത ഒരു കാർഡിൽ വിരലമർത്തിയിട്ടു പറഞ്ഞു: ഇതിലാണ് ജോക്കർ. അവന്റെ അമർത്തൽ  കുറച്ചു ശക്തിയിൽ ആയിരുന്നു. കോയമോൻ എന്തോ അനിഷ്ടം സംഭവിച്ചപോലെ മുന്നോട്ട് ആഞ്ഞിരുന്ന് കാർഡിൽ നോക്കി. എന്നിട്ടവൻ വിളിച്ചു പറഞ്ഞു: കാർഡിൽ അടയാളം വീണു. ഇനി കളിയ്ക്കാൻ പറ്റില്ല. വേറെ കാർഡ് കൊണ്ട് വരണം. എന്നിട്ടവൻ ഗോകുലനെ തല്ലാനോങ്ങി. ഗോകുലൻ ഒഴിഞ്ഞു കളഞ്ഞു.

 

അഞ്ചു രൂപ വെച്ച ആൾ എന്ത് ചെയ്യുമെന്ന് നോക്കുകയായിരുന്നു ഞാൻ.  അയാൾ പ്രതിഷേധിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഒന്ന് രണ്ടു കാര്യങ്ങൾ ദ്രുത ഗതിയിൽ നടന്നു. കോയമോൻ അഞ്ചു രൂപ എടുത്ത് വെച്ചയാൾക്കു തിരിച്ചു കൊടുത്തു, വിളക്കൂതിക്കെടുത്തി  അതെടുത്തു,  ടവൽ ഒറ്റ വലിക്കു ചുരുട്ടി, എണീറ്റ്

നടന്നു. അത് വരെ അവിടെ ഉണ്ടായിരുന്ന ആ വ്യവസായസ്ഥാപനം പൂർണമായും ലിക്വിഡേറ്റഡ് ആയി. ആട് കിടന്നിടത്ത് .... ആ അത് തന്നെ.

 

ഞൻ ഗ്രൗണ്ടിലേക്ക് മടങ്ങി. നാടകം തുടങ്ങാറായിരുന്നു. ഞാൻ ഒരു ബെഞ്ച് കണ്ടുപിടിച്ചു അതിലിരുന്നു നാടകം കണ്ടു.

 

നാടകം കഴിഞ്ഞു വായനശാലക്ക്  പുറകിൽ അമ്മാവന്റെ വീട്ടിലേക്കു പോകുമ്പോൾ. ഒരു ചായക്കടയുടെ കൊലായയിൽ ഇരുന്നു ചായ കുടിക്കുന്നുണ്ടായിരുന്നു കോയമോനും ഗോകുലനും. നേരത്തെ ഒരു മണിക്കൂറോളം നേരം അടുത്ത് നിന്നിട്ടും ഒരു പരിചയവുമില്ലാതിരുന്ന കോയമോൻ എന്നെ വിളിച്ചു, ചായ കുടിക്കാൻ. അവന്റെ തൊഴിലിനെ പറ്റി ആണ് ഞാൻ ആലോചിച്ചുകൊണ്ടിരുന്നത്. പരിഗണനാർഹം , വരുമാനം മാത്രം; ചെലവില്ല.

 

 

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം