വാർധക്യപുരാണം 1
ഒരു ബാച്ച് ആലുംനി സംഗമം 50 വയസ്സുള്ളപ്പോൾ. അവർ കൂടിയാലോചിച്ചു വോട്ടിങ്ങിനിട്ട് സംഗമത്തിന് ബീച്ച് ടവർസ് തിരഞ്ഞെടുത്തു. യോഗത്തിന്റെ മിനുട്സിൽ അഡ്മിൻ കാരണം രേഖപ്പെടുത്തി: കൺവെൻഷൻ സെന്ററിലും റെസ്റ്റാറ്റാന്റിലും സുന്ദരികളായ ജോലിക്കാർ ധാരാളം.
അതേ ബാച്ച് 60 വയസ്സായപ്പോൾ ഒരു സംഗമം നടത്തി. ബീച്ച് ടവറിൽ തന്നെ. കൂടിയാലോചിച്ചു വോട്ടിങ്ങിനിട്ട് എടുത്ത തീരുമാനത്തിന്റെ കാരണം അഡ്മിൻ രേഖപ്പെടുത്തി: ടവറിൽ നിന്ന് കടലും ചക്രവാളവും അതിസുന്ദര ദൃശ്യമായി കാണാം , ആസ്വദിക്കാം.
70 വയസ്സായപ്പോൾ അവരിൽ അവൈലബിൾ മെംബേർസ് ഒരു സംഗമം നടത്തി. ബീച്ച് ടവർസ് തിരഞ്ഞെടുക്കാൻ കാരണം: അവിടെ വീൽചെയർ കയറ്റാനുള്ള റാമ്പ് ഉണ്ട്.
80 വയസ്സുള്ളപ്പോഴും അവർ പതിവ് തെറ്റിച്ചില്ല. സംഗമം നടത്തി. വേദി ബീച്ച് ടവർസ് തന്നെ. രേഖപ്പെടുത്തിയ കാരണം. ഇവിടെ വെച്ച് ഈ പരിപാടി മുൻപ് നടത്തിയിട്ടില്ല.
വാർധക്യപുരാണം 2
ഒരുപാടു വയസ്സുള്ള മൂന്നു ചെറുപ്പക്കാർ അവരുടെ പ്രായം കാരണമുള്ള ബുദ്ധിമുട്ടുകൾ പങ്കു വെക്കുന്നു.
ഒന്നാമത്തെ ചെറുപ്പക്കാരൻ: ദൈവം സഹായിച്ച് ആരോഗ്യത്തിന് വലിയ പ്രശ്നമൊന്നും ഇല്ല. പ്രായത്തിനനുസരിച്ച് പേശികളെല്ലാം ക്ഷീണിക്കുന്നുണ്ടോ എന്ന് സംശയം. രാവിലെ എണീറ്റ് ബ്ളാഡര് കാലി ആക്കാൻ വിചാരിച്ചാൽ ഒരു രക്ഷയുമില്ല. ഏഴു, എട്ടു മണിയാകണം ഒരു തുള്ളി ഒഴിഞ്ഞു പോകാൻ.
രണ്ടാമത്തെ ചെറുപ്പക്കാരൻ: എന്റിഷ്ടാ എന്റെയും പ്രശ്നം ഏതാണ്ടത് പോലെ തന്നെ. നിനക്ക് ദ്രാവകമാണ് പ്രശ്നമെങ്കിൽ എനിക്ക് ഖരം തന്നെ. ഒരു രക്ഷയുമില്ല. ചൂടുവെള്ളം കുടിക്കും, കാപ്പി കുടിക്കും. എന്നിട്ടെന്താ, രാവിലെ എട്ട് ഒൻപതു മാണി വരെ അശ്രാന്തപരിശ്രമം തന്നെ.
മൂന്നാമൻ: ഹ ഹ ! എനിക്ക് അതെല്ലാം രാവിലെ നേരത്തെ അഞ്ചുമണി ആറു മണി യോടെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ നടക്കും.
ഒന്നാമൻ: അപ്പോൾ വാർദ്ധക്യം കാരണം നിനക്കൊരു പ്രശ്നവുമില്ലല്ലോ, നീ ഭാഗ്യവാൻ.
മൂന്നാമൻ: എനിക്ക് പ്രശ്നമില്ല എന്ന് പറഞ്ഞുകൂടാ.
രണ്ടാമൻ: അതെന്താ, നിനക്കെല്ലാം ആറു മണിയോടെ കഴിയുമെന്നല്ലേ പറഞ്ഞത്?
മൂന്നാമൻ: ആറു മണിയോടെ എല്ലാം കഴിയും. പക്ഷെ ഞാൻ എണീക്കുന്നത് എട്ടു മണിക്കാണ്. അതാണ് പ്രശ്നം.
വാർധക്യപുരാണം 3.
അടുത്തൂൺ പറ്റിയ ബാങ്ക് ഉദ്യോഗസ്ഥരെ കിട്ടാകടം പിരിവ് ഏജന്റുമാരായി നിയമിക്കുതിനുള്ള ഇന്റർവ്യൂ ആയിരിന്നു.
ഞാനും പൂര്ണചന്ദ്രനും കൂടിക്കാഴ്ച തുടങ്ങുന്നതും കാത്ത് ഹാളിൽ ഇരിക്കുന്നു.
ഒരു ഇന്റർവ്യൂവറുടെ ഭാവഹാവാദികളും അതിലേറെ സ്ത്രൈണസൗന്ദര്യത്തിന്റെ മാസ്മരികതയും പേറിക്കൊണ്ട് ഒരു യുവതി ഹാളിലേക്ക് വന്നു. പിന്നാലെ അവളുടെ ലാപ്ടോപ്പും കുറച്ചു ഫയലുകളും പേറിക്കൊണ്ട് ഒരു ഗുമസ്തനും.
എണീറ്റുനിന്ന ഭാഗ്യാന്വേഷികളെ നോക്കാൻ മെനക്കെടാതെ അവൾ നേരെ ഓഫീസിലേക്ക് പോയി.
തിരിച്ചു ബെഞ്ചിൽ ഇരിക്കുമ്പോൾ പൂര്ണചന്ദ്രൻ ദീർഘമായി നിശ്വസിച്ചു.
ഞാനതിന്റെ അർഥം ചികഞ്ഞു: എന്തേ ചന്ദ്രാ ?
ചന്ദ്രൻ: ഒരു 30 വയസ്സ് കൂട്ടിക്കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോയി.
എനിക്ക് മനസ്സിലായില്ല. 30 വയസ്സ് കുറഞ്ഞു കിട്ടാനല്ലേ ആഗ്രഹിക്കേണ്ടത്?
ചന്ദ്രൻ: അതുകൊണ്ടു വലിയ കാര്യമൊന്നും ഇല്ല. ഒരു 30 വയസ്സ് കൂടിയിരുന്നെങ്കിൽ ഇത്രയ്ക്കു മനപ്രയാസം ഉണ്ടാകുമായിരുന്നില്ല.
വാർധക്യപുരാണം 4.
ദാമുവേട്ടനും കുറെ വയസ്സന്മാരും ആൽത്തറയിൽ ഇരിക്കുമ്പോഴാണ് ശ്രീധരേട്ടൻ സൈക്കിളിൽ ആ വഴിക്കു വന്നു ലാൻഡ് ചെയ്തത്.
നിയയെന്തേ നേരം വൈകിയത് ശ്രീധരാ, ദാമുവേട്ടൻ ചോദിച്ചു.
അയല്പക്കത്ത് വിശേഷം, പെമ്പറന്നോള് അവിടെ പോയതായിരുന്നു. ഞാൻ അവള് വരൻ കാത്ത് നിന്നതാ.
എന്ത് വിശേഷം ശ്രീധരാ ?
ഞാനന്ന് പറഞ്ഞില്ലേ? അടിവാരത്തു പോയി കൊണ്ടൊന്നു കൊടുത്ത മരുന്ന്, അത് ഫലിച്ചു. സോമന് സന്തോഷായി. കുട്ടി ആണായാലും പെണ്ണായാലും അവനിപ്പോൾ ഒരച്ഛനാകുമല്ലോ.
എന്തായിരുന്നു തകരാറ് ? അവനോ അവൾക്കോ?
അവനു തന്നെ. ശ്രീധരേട്ടൻ അധികമാരും കേൾക്കരുതെന്നുള്ള ഉദ്ദേശത്തോടെ സ്വന്തം വായ പൊത്തിപ്പിടിച്ചു കുണുങ്ങിക്കൊണ്ടു പറഞ്ഞു: ശേഷിക്കുറവ് തന്നെ. അല്ലാതെന്താ? അതുകൊണ്ടല്ലേ ഞാൻ തന്നെ പോയി വാങ്ങി കൊടുക്കേണ്ടി വന്നത്? അവൻ പോവില്ലെന്നു പറഞ്ഞു, നാണം ! അവസാനം അവന്റെ പെണ്ണ് എന്റെ പെമ്പറന്നോളോട് പറഞ്ഞു. ഞാൻ പോയി വാങ്ങി, കൊണ്ടുകൊടുത്തു.
ശ്രീധരേട്ടനു നാണം ആയില്ലേ? കൂട്ടത്തിൽ ഇളപ്പം ഗോപാലകൃഷ്ണൻ ചോദിച്ചു.
എനിക്കീ പ്രായത്തിലിനിയെന്തു നാണം? നിനക്ക് വേണോ? ഞാൻ കൊണ്ട് വന്നു തരാം.
അയ്യേ, എനിക്കതിന്റെയൊന്നും ആവശ്യമില്ല. ഗോപാലകൃഷ്ണൻ ചോദിച്ച അബദ്ധം തിരുത്തിക്കൊണ്ടു പറഞ്ഞു.
അപ്പൊ അത് ഫലിച്ചു? എത്ര എണ്ണം കഴിച്ചു? ദാമുവേട്ടൻ.
ശരിക്കുപയോഗിച്ചാൽ ഒന്ന് മതീന്നാ വൈദ്യര് പറഞ്ഞത്. ഞാൻ അഞ്ചാറെണ്ണം വാങ്ങി. ശ്രീധരേട്ടൻ.
അതെന്തു മരുന്നാണ് ശ്രീധരാ ഇംഗ്ലീഷോ പച്ചയോ?
അതൊന്നും എനിക്കറിയില്ല.
അല്ല, കയ്ക്കുന്ന മരുന്നാണെങ്കിൽ പച്ചമരുന്നായിരിക്കും. ദാമുവേട്ടൻ.
അല്ലല്ല , കൈപ്പൊന്നും ഇല്ല, ഒരിളം മധുരമാണ്. പറഞ്ഞു കഴിഞ്ഞതും, എന്തോ ഓർമവന്നത് പോലെ ശ്രീധരേട്ടൻ സൈക്കിളിൽ കയറി സ്ഥലം വിട്ടു.
Comments
Post a Comment