ചെറിയ കുട്ടി , വലിയ കുട്ടി.
ഇജി എന്തിനാണ്ടി ചെടിച്ച കുപ്പായം ഇട് ണത് ? വേറെ ഞാൻ തിരുമ്പി വെച്ചിട്ട് ണ്ടല്ലോ , അത് പോരെ? 'അമ്മ ചോദിച്ചു.
അമ്മെ അത് കീറീട്ട്ല്യേ ?
ചെറിയ കീറൽ അല്ലെ അത് സാരം ല്യ. പിന്നെ 'അമ്മ തുടർന്നു , സാരോപദേശം. കീറിയ കുപ്പായം ഇട് ണത് പെയ് സ ഇല്ല്യായിട്ടാണ് , അത് കുറ്റം അല്ല. ചെടിച്ച കുപ്പായം ഇട് ണത് വൃത്തി ഇല്ല്യായിട്ടാണ്, അത് കുറ്റം തന്ന്യാണ്.
'അമ്മ തുടർന്നു: ചെറിയ കീറൽ സാരം ല്യ. കാണാൻ പാടില്ലാത്തതൊന്നും കാണ് ണില്യല്ലോ.
അത് കേട്ടപ്പോൾ അവൾക്കു നാണം വന്നു. ഈ അമ്മക്കൊരു ലൈസൻസും ഇല്യ.
അമ്മക്ക് അത് തന്നെ പറയാൻ രസം ഉള്ളത് പോലെ. ഇജി ചെറിയ കുട്ടിയല്ലേ. ആൾ ള് അന്നെ തന്നെ നോക്കിക്കൊണ്ടു നടക്ക്വന്നും അല്ല.
അവൾക്കു അരിശം വന്നു. ഇപ്പോൾ ഞാൻ ചെറിയ കുട്ടി ആയി! ഇന്നാളല്ലേ എല്ലാരും കൂടി തലേല് ഇളനീർ പാർന്നിട്ട് ഇജി ഇപ്പം വെല്യ കുട്ടി ആണ് അടങ്ങി ഒതുങ്ങി ജീവിക്കണം ന്ന് പറഞ്ഞത്? രണ്ടീസം കഴിഞ്ഞപ്പോ ഞാൻ ചെറുതായിപ്പോയോ?
അവളുടെ മറുചോദ്യങ്ങൾ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. നീ നിന്ന് മാഞ്ഞാളം കൊഞ്ചാതെ വേഗം പോയിട്ട് വാ. കാവിലെ ദേവീനെ ദ്വേഷ്യം പിടിപ്പിക്കണ്ട.
അവൾ പിന്നെ തർക്കിക്കാൻ നിന്നില്ല. അതുകൊണ്ടു കാര്യമില്ല. ചിലപ്പോൾ ചെറിയ കുട്ടി ആയും ചിലപ്പോൾ വലുതായും ജീവിക്കേണ്ടി ഇരിക്കുന്നു.
കുറച്ചു ഓലക്കണ്ണി പെറുക്കി അടുപ്പിലിട്ട് തീ കത്തിച്ചു, ഒരു അലുമിനിയം പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് ചൂടാകാൻ വെച്ചു.
അടുക്കളയിലെ തട്ടിന് മുകളിൽ നിന്ന് ഓട്ടുമുരട എടുത്തു.
ഇത് ഇവിടെ എങ്ങനെ വന്നതായിരിക്കും എന്ന് ഒരു നിമിഷം അവൾ അതിശയിച്ചു. രസകരമായ ഒരു ചിന്തയാണ് അവളുടെ മനസ്സിലേക്ക് വന്നത്. പൂർവീകരിൽ ഏതോ ഒരാൾ രാജാവായിരുന്ന കാലത്ത് അയാളുടെ കൊട്ടാരത്തിൽ പാല് പള്ളിക്കുടിപ്പു കുടിക്കാൻ ഉപയോഗിച്ചതാവാം. എങ്ങനെയോ തട്ടി തടഞ്ഞു വഴി തെറ്റി ഇവിടെ വന്നു. മൺ ചട്ടികൾക്കും അലുമിനിയ പത്രങ്ങൾക്കും ഇടയിൽ ആയി ഒരു ഓട്ടു പാത്രവും ഒന്ന് രണ്ടു കിണ്ണങ്ങളും .
കിണ്ണത്തിലൊഴിച്ചാൽ തുളുമ്പും. അവൾ അലൂമിനിയത്തിൽ തിളച്ച വെള്ളം മുരടയിൽ ഒഴിച്ച് അടിഭാഗം തൊട്ടു ചൂട് ഉറപ്പാക്കി.
ജംബറും പാവാടയും കുറച്ചു വെള്ളം കുടഞ്ഞു നനവ് വരുത്തി. പായ വിരിച്ചു ഒരു പുതപ്പെടുത്തു അതിന്റെ മേലെയിട്ടു. പാവാട അതിൽ നിവർത്തി വെച്ചു. മുരട വെച്ച് കുപ്പായങ്ങൾ ഇസ്തിരി ഇട്ടു.
അവൾ വടക്കേപ്പുറത്തു പോയി കൂട്ടിൽ നിന്ന് പൂവൻ കോഴിയെ പിടിച്ച് കാലുകൾ കൂട്ടിക്കെട്ടി തൂക്കിപ്പിടിച്ച് കൂടടച്ചു.
മോൻ എണീറ്റ് കരച്ചിൽ തുടങ്ങിയിരിക്കുന്നു. അവന്റെ ആഹാരം കിട്ടിയിട്ടില്ല.
നീ വേഗം പോയി വാ , ഞാൻ ഇവന് അങ്കി ഉണ്ടാക്കി കൊടുക്കട്ടെ, 'അമ്മ പറഞ്ഞു. ധാന്യപ്പൊടികൾ വെള്ളത്തിൽ തിളപ്പിച്ച് ശർക്കര ഇട്ടതാണ് അങ്കി. വേഗം എത്തിയാൽ മോന് കൊടുക്കുമ്പോൾ കയ്യിൽ പറ്റിപ്പിടിക്കുന്ന അങ്കി സ്വന്തം വിശപ്പിനും കുറച്ചു ശമനമുണ്ടാക്കും. വേഗം എത്തണം.
അവൾ ഒരു ചെറിയ കുട്ടിയായി കുപ്പായത്തിന്റെ കീറൽ വകവെക്കാതെ നടന്നു. ഒരു വലിയ കുട്ടിയായി ഇടവഴി റെയിൽ അരികിൽ കയറുന്ന ഭാഗത്തു കളിച്ചുകൊണ്ടു നിന്ന ചെക്കന്മാരെ വകവെക്കാതെ നടന്നു. ചെറിയ കുട്ടി, വലിയ കുട്ടി, അവൾ മനസ്സിലൊരു രസത്തോടെ മന്ത്രിച്ചു.
കോഴി കാവിൽ ബലിക്ക് നേർന്നതാണ്. മോന് വന്ന പനിയും ഛർദ്ദിയും കാവിലമ്മക്ക് കൊടുത്ത നേർച്ചകൊണ്ടാണ് മാറിയതെന്ന് 'അമ്മ വിശ്വസിക്കുന്നു. ആ നേര്ച്ച വേഗം വീട്ടിയില്ലെങ്കിൽ കൂടുതൽ ആപത്താണ്. ശാപവും ശാപത്തിന്റെ പലിശയും ഉണ്ടാകും.
ഉത്സവത്തിന്റെ അന്ന് കൊടുത്താൽ പോരെ എന്ന് ഒരു വെല്യ കുട്ടി ആയി അവൾ ചോദിച്ചതാണ്.
അന്നാണെങ്കിൽ കോമരം കോഴിയെ വാങ്ങി കഴുത്തറുത്ത കുറച്ചു ചോര കുടിച്ചു തല കഴിച്ചുള്ള ഭാഗം തിരിച്ചു തരും. നേർച്ചയും വീടി, വീട്ടിൽ കറി വെക്കാനുള്ള വകയുമായി. കോഴിക്കറിയും പത്തിരിയും കൂടിയതിൽ കവിഞ്ഞ സ്വാദുള്ള ഒരു ഭക്ഷണമില്ല, അതാലോചിക്കുമ്പോൾ അവൾ ഒരു കുട്ടിയായി. ഉത്സവത്തിനു മുൻപേ കൊടുത്താൽ, കോഴിയെ കാവുടമ വാങ്ങി വളർത്തും, ഉത്സവം വരെ. നമുക്ക് നേർച്ചയുടെ പുണ്യം മാത്രം.
അത് വേണ്ട , നേര്ച്ച ഇനി വെച്ചേക്കണ്ട, അമ്മയുടെ തീരുമാനം. റെയിലിനടുത്തുള്ള ആയിശത്താത്ത കോഴിയെ വിലക്ക് വാങ്ങാൻ വന്നിരുന്നു. ആയമ്മ നല്ല വില തരാമെന്നു പറഞ്ഞു. അപ്പോഴാണ് 'അമ്മ തീരുമാനമെടുത്തത് , നേര്ച്ച ഇനി വൈകിക്കണ്ട എന്ന്. ആയിശത്താത്തയുടെ മൂപ്പിക്കലിൽ വീണു പോകുമെന്ന് 'അമ്മ ഭയപ്പെട്ടുവോ?
വീട്ടിലെ കാര്യങ്ങൾ അവൾ ആലോചിച്ചു. 'അമ്മ മോനെ പ്രസവിച്ചു കിടക്കുമ്പോഴാണ് അച്ഛൻ സ്വന്തം ജീവൻ ചോരയായി തുപ്പിക്കളഞ്ഞത്. അധികം മുൻപിൻ ഒരുക്കങ്ങങ്ങളൊന്നും ഉണ്ടായിരുന്നില്ല, ഒരു വെല്യ കുട്ടിയായി അവൾ ഓർത്തു. തിണ്ണയിൽ ബീഡി വലിച്ചുകൊണ്ടിരുന്നു അച്ഛൻ ഛർദിച്ചു മറിഞ്ഞു വീണു. ഓടിക്കൂടിയ അയൽക്കാർ എടുത്ത് ആസ്പത്രിയിൽ കൊണ്ടുപോയി, ഇനി കാര്യമില്ലെന്നു മനസ്സിലാക്കി തിരിച്ചു കൊണ്ടുപോന്നു.
അവൾ അത് വരെ കണ്ടിട്ടില്ലായിരുന്ന കുറെ പേര് പിറ്റേ ദിവസങ്ങളിൽ വീട്ടിൽ വന്നു. കുട്ടികളെ എടുക്കാനും സന്തോഷിപ്പിക്കാനും ഒരുപാടാളുകൾ. 'അമ്മ ഇത്രയൊക്കെ നിലവിളിക്കേണ്ട കാര്യം എന്താണെന്ന് അവൾക്കു അന്ന് മനസ്സിലായില്ല. അവൾ ചെറിയ കുട്ടി ആയിരുന്നു.
ചകിരി പിരിച്ചും ഓല മെടഞ്ഞും ജീവിക്കാനും രണ്ടു കുട്ടികളെ പോറ്റാനും 'അമ്മ കാണിച്ച ധൈര്യത്തെ അയൽക്കാരി പെണ്ണുങ്ങൾ പുകഴ്ത്തി പറയുന്നത് അവൾ കേട്ടിട്ടുണ്ട്.
കൂട്ടത്തിൽ 'അമ്മ കോഴിയെ പോറ്റുകയും മുട്ട വിറ്റു കിട്ടുന്ന അധികവരുമാനം കൊണ്ട് വീട്ടിൽ വിശേഷവേളകൾ ഉണ്ടാക്കുകയും ചെയ്തു.
അതെല്ലാം അവൾക്കു മനസ്സിലാകും. 'അമ്മ അധ്വാനിച്ചും കഷ്ടപ്പെട്ടും ചെറിയ തുക സമ്പാദിക്കുന്നുണ്ട്. അത് വളരെ വേണ്ടപ്പെട്ട കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.
ഒരു വലിയ കുട്ടി ആകുമ്പോൾ ഈ രണ്ടാമത്തെ കാര്യത്തിൽ അവൾക്കു കുറച്ചു സംശയം ഇല്ലാതില്ല. കാഷ്ടിച്ചുണ്ടാക്കുന്ന സമ്പാദ്യം ഉപയോഗിക്കുന്നത് വേണ്ട കാര്യത്തിന് തന്നെയാണോ? ആയിശത്താത്ത പറഞ്ഞ പണം കിട്ടിയിരുന്നെങ്കിൽ തനിക്കും മോനും വേണമെങ്കിൽ അമ്മയ്ക്കും കുപ്പായം വാങ്ങാമായിരുന്നു. നേർച്ചയുടെയും പുണ്യത്തിന്റെയും പേരിൽ അതിനു തടസ്സം വരുകയാണ്.
നടന്നു നടന്നു റെയിൽവേ ലൈനിനു മേലെ കൈതാത്തിയുടെ അടുത്തെത്തിയത് അവൾ പെട്ടെന്നാണ് ഓർത്തത്. മുന്നിലുള്ള പാതാറയുടെ അടിയിലൂടെ വലത്തോട്ടു തിരിഞ്ഞു പോയാലാണ് ആയിശത്താത്തയുടെ വീട്.
ഒരു ചെറിയ കുട്ടി ആയി അവൾ ഭയപ്പെട്ടു. നേര്ച്ച മുടങ്ങാൻ പാടില്ല. ദേവീകോപം ആപത്താണ്. അമ്മയുടെ കോപവും ദുഖവും പ്രശ്നമാണ്.
പിന്നെ അവൾ വലിയ കുട്ടിയായി. ദേവിക്ക് മനസ്സിലാകും, പൊറുക്കും. അവൾ ആയിശത്താത്തയുടെ വീട്ടിലേക്കു നടന്നു.
Comments
Post a Comment