കൃതാവ്.

 

 

ബോംബെയിൽ നിന്ന് വർഷങ്ങൾ കഴിഞ്ഞാണ്  ലോകേശൻ നാട്ടിൽ വന്നത്. സ്വന്തം നാടിൻറെ പുരോഗതി കണ്ട് അവൻ ഏറെ സന്തോഷിച്ചു. കട്ടിക്കണ്ണാടികളും തിരിയുന്ന കസേരകളും ചില്ലു വാതിലുകളും ഗമ ചാർത്തിയ മുടിവെട്ടുകേന്ദ്രം  അയാളെ ആകർഷിച്ചു.

 

ഹോളിവുഡ് ഹെയർ സ്റ്റൈലിസ്റ്.

 

ദീക്ഷയും ശ്മശ്രുവും കാര്യമാത്രമായി ഇല്ലാതിരുന്ന അയാൾ എണ്ണ പുരട്ടി തിളക്കം വെപ്പിച്ച മുടിയും തന്റെ അഭിമാനമായ കൃതാവും തലോടി. പരന്ന്  ഞാന്നുകിടക്കുന്ന  പട്ടക്കടിയിൽ മൂക്കോളമെത്തുന്ന ഒരഴകായിരുന്നു താലോലിച്ചു വളർത്തിയ ആ വീതുളി കൃതാവ്.

 

ഒരു ഹിന്ദിക്കാരൻ ഭവ്യമായി ഒഴിഞ്ഞ ഒരു കസേര കാണിച്ചു.  കയറി ഇരുന്ന്  അയാൾ പറഞ്ഞു: ഥോഡാ സൈസ് കർ കെ ദേദോ ഭയ്യാ.  പിന്നെ അയാൾ കൂട്ടിച്ചേർത്തു. ഥോഡാ സാ ബസ് , ജ്യാദാ മത്ത്.

 

മാതൃഭാഷയിൽ സംസാരിക്കാനുള്ള സൗകര്യം അയാൾ ചെയ്തുകൊടുത്തത് വില വെക്കാതെ ഹിന്ദിക്കാരൻ പുതുതായി പഠിച്ച മലയാളത്തിൽ പറഞ്ഞു, ചോദിച്ചു: സരി സാർ, ഷേവിങ്ങ് വേണോ?

 

വേണ്ട, വേണ്ട താടിമീശയിൽ കൈകാര്യം വേണ്ട, ലോകേശൻ പറഞ്ഞു.

 

സ്റ്റൈലിസ്റ് ചോദിച്ചു: കൃതാവ്‌ സാർ ?

 

അവൻ മലയാളം കാര്യമായി പഠിച്ചിട്ടുണ്ടല്ലോ എന്നോർത്ത് ലോകേശൻ പറഞ്ഞു: വോ മേരി ജാൻ ഹെ , സംഭാ ൽ  കെ രഖ്നെ കാ ഹേ.

 

അതെന്റെ ജീവനാണ്, സൂക്ഷിച്ചു വെക്കാനുള്ളതാണ്, ഒരിക്കൽക്കൂടി അതിനെ ഓമനിച്ചു തടവി താലോലിച്ചുകൊണ്ട്  അവൻ പറഞ്ഞു.

 

അത് ശരി വെച്ച് ഹിന്ദിക്കാരൻ സ്റ്റൈലിസ്റ് ജോലി തുടങ്ങി. 

 

ലോകേശൻ മുന്നിലെ റേഡിയോയിൽ നിന്ന് വിവിധ് ഭാരതി ഹിന്ദി ഗാനങ്ങളും വശങ്ങളിൽ നിന്ന് കത്രികയുടെ താളവും ശ്രവിച്ചു കൊണ്ട്‌ സുഖകരമായ ഒരർദ്ധസുഷുപ്തി ആസ്വദിച്ചു.

 

വെട്ടിത്തെളിക്കലും പിരടി , ചെകിട് , തല എന്നിവകളിൽ പടക്കം പൊട്ടിക്കലും കഴിഞ് സ്റ്റൈലിസ്റ് ഒരു കണ്ണാടി എടുത്തു തലയ്ക്കു ചുറ്റും കാണിച്ചു.

 

ലോകേശൻ ഞെട്ടി. അയാൾ കസേരയിൽ നിന്ന് ചാടി എണീറ്റ് ആക്രോശിച്ചു: എന്റെ കൃതാവ് എവിടെ?

 

പുഞ്ചിരി വിടാതെ ഹിന്ദിക്കാരൻ സമാധാനിപ്പിച്ചു. കോയി ബാത്ത് നഹി സാർ, സംബാൽകെ രഖാ ഹെ ജൈസേ ആപ് ബോലേ. രാജാവിന്റെ ആജ്ഞപ്രകാരം സൂ.... ക്ഷിച്ചു  വെച്ചിട്ടുണ്ട്.

 

എവിടെ? സിമെന്റിട്ടു മിനുസം തേച്ച നിലം പോലെ വഴുക്കുള്ള കവിൾ തടം ഉഴിഞ്ഞുകൊണ്ടു ലോകേശൻ ചോദിച്ചു.

 

പേടിക്കേണ്ട സാർ, ഇവിടെ ഉണ്ട്, അവൻ ഒരു കടലാസ് പൊതി തുറന്ന് സൂക്ഷിച്ചു പൊതിഞ്ഞു വെച്ച കൃതാവുകൾ കാണിച്ചു.

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ