നമ്മളല്ല ശരി
രണ്ടു പേരും നല്ല സാധാരണ വ്യക്തികൾ. സ്വഭാവത്തിലും വ്യക്തിത്വത്തിലും അസാധാരണമായി ഒന്നും ഇല്ലാത്തവർ. മാനേജരും മകനും.
നിക്ഷേപങ്ങൾ അപേക്ഷിക്കാനും കടം തിരിച്ചടവ് അഭ്യർത്ഥിക്കാനും പോകുമ്പോൾ മാനേജർക്ക് എനെറെ കൂട്ട് വളരെ ഇഷ്ടം. ഞാൻ കൂടെയുണ്ടായാൽ ഉദ്ദേശിച്ച വിഷയത്തിൽ ഫലപ്രാപ്തി ഉണ്ടാകുമെന്ന ഒരു വിശ്വാസം. സഹകരിക്കാത്ത ആരോഗ്യവും നാട്ടിൽ നിന്നകലെ വിരസമായ അന്തരീക്ഷവും ബുദ്ധിമുട്ടിക്കുമ്പോഴും ആരോടും പരാതിയില്ലാതെ ജീവിതം നയിക്കുന്ന ഒരു വ്യക്തി.
വൈകുന്നേരങ്ങളിൽ നടക്കാനും ഡേവിഡ് ബാൽഡാച്ചിയുടെയും ജെഫ്രി ആർച്ചറുടെയും വായിച്ച നോവലുകളെപ്പറ്റി ചർച്ച ചെയ്യാനും കൃഷ്ണകുമാറിന് എന്നെ കൂട്ടണം. എത്ര സായാഹ്നങ്ങളിൽ ഞങ്ങൾ നടന്നു നടന്നു നീലിയാടും അനക്കരയും കുമ്പിടിയും എല്ലാം ചുറ്റിയടിച്ചിരിക്കുന്നു. വിദ്യാഭ്യാസം കൊണ്ടും ബുദ്ധി കൊണ്ടും ഒരു നല്ല ഭാവി അർഹിക്കുന്ന ഒരു ചുറുചുറുക്കുള്ള പയ്യൻ.
കൃഷ്ണകുമാർ വളരെ അഭിമാനിയാണെന്നത് ഒരു പോരായ്മയായി എനിക്ക് തോന്നിയിട്ടില്ല. നടന്നു നടന്നു ഒരു ദിവസം കാങ്കാപ്പുഴയുടെ തീരത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു: മടക്കം നമുക്ക് ബസ്സിലാക്കം. ആലത്തൂർക്കുള്ള ബസ്സുണ്ടാകും. എഞ്ചിനീയർ റോഡിലിറങ്ങി കുറച്ചേ നടക്കാനുള്ളു വീട്ടിലേക്ക് . അവൻ സമ്മതിച്ചില്ല. ഞാൻ ബസ്സിൽ പോകുന്നതിന് അവനു സമ്മതം. അവൻ പക്ഷെ നടന്നേ മടങ്ങുന്നുള്ളു. ഒരുപാടു ചോദ്യം ചെയ്യലിലൂടെയാണ് എനിക്ക് മനസ്സിലായത്, അവന്റെ കയ്യിൽ ബസ്സിനുള്ള കാശില്ലാഞ്ഞിട്ടാണ് എന്ന്. തല്കാലത്തെക്ക് ഞാൻ കൊടുക്കാം എന്നും, പിന്നെ അവന്റെ കയ്യിൽ നിന്ന് വാങ്ങിക്കൊള്ളാമെന്നും ഉറപ്പു കൊടുത്ത ശേഷമാണ് അവൻ ബസ്സിൽ വരാൻ സമ്മതിച്ചത്.
എന്നിട്ടും എന്തെ അവർക്കു തമ്മിൽ ഇത്ര അകലം വന്നു എന്നതാണ് അതിശയം.
വെറുതെ നിർത്തിയിട്ടിരിക്കുന്ന രണ്ടു കാറുകൾ കൂട്ടിയുരഞ്ഞുനടക്കുന്ന അപകടം പോലെ അച്ഛനും മകനും ഇടയിൽ ഘർഷണം, പ്രത്യാഘാതങ്ങൾ.
അന്ന് ശനിയാഴ്ച. ക്യാഷ് ചെക്ക് ചെയ്തു സേഫിൽ വെച്ച് സേഫ് പൂട്ടി മുറിയിൽ നിന്ന് രാവിലെ വരുമ്പോൾ തന്നെ കയ്യിലെടുത്ത ബാഗ് തോളിൽ തൂക്കി താക്കോൽ ഏല്പിക്കാൻ വേണ്ടി ക്യാബിനിൽ ചെന്നപ്പോൾ നായക് സാർ ചോദിച്ചു: ഇന്നലെ വൈകിട്ട് കൃഷ്ണകുമാറിനെ കണ്ടിരുന്നോ?
ഇല്ല സാർ. എന്തെ ചോദിയ്ക്കാൻ.
മുഖത്ത് സ്ഥിരമായി പിടിപ്പിച്ചു വെച്ചിട്ടുള്ള നിർവികാരതക്കു കോട്ടം തട്ടാതെ അദ്ദേഹം പറഞ്ഞു: ആളെ കാണാനില്ല. ഇന്നലെ രാത്രി വീട്ടിൽ വന്നില്ല.
എവിടെ പോയി, ഒന്നും പറഞ്ഞില്ലേ?
പറഞ്ഞെങ്കിൽ പ്രശ്നമില്ലല്ലോ.
ചോദിയ്ക്കാൻ മടിച്ചുകൊണ്ടാണെങ്കിലും ഞാൻ ധൈര്യപ്പെട്ടു: എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ സാർ?
ഞാൻ കുറച്ചു ഗുണദോഷിച്ചു. ഇപ്പോഴത്തെ തലമുറക്ക് അതൊന്നും രസിക്കില്ലല്ലോ, ഞാൻ ഓർത്തില്ല.
എനിക്കും കൃഷ്ണകുമാറിനും ഇടയിൽ 6 വയസ്സിന്റെ വ്യത്യാസമേ ഉള്ളു. എന്നാലും ഇവിടെ ഇപ്പോൾ ഞാൻ ഒരു ഉപദേശിയുടെ റോളിലാണല്ലോ. എന്തായിരുന്നു സാർ, ഗുണദോഷിക്കാനുള്ള കാരണം. അവന് എന്തെങ്കിലും സ്വഭാവദൂഷ്യം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.
അദ്ദേഹം എന്നെ നോക്കി, മുന്നിലെ കസേരയിൽ ഇരിക്കാൻ പറഞ്ഞു. എന്നിട്ടു തുടങ്ങി.
സ്വഭാവദൂഷ്യം ഒന്നും അല്ല. ഇപ്പോഴത്തെ കുട്ടികളുടെ ഒരു രീതിയാണ്. മനുഷ്യന്റെ കാ ത ലിലാണ് കാര്യം കാട്ടിക്കൂട്ടലുകളിലല്ല എന്ന് ഞാൻ പറയാറുണ്ട്, മനസ്സിലാക്കിക്കാൻ ശ്രമിക്കാറുണ്ട്. അവനു പഠിപ്പുണ്ട്, വിദ്യാഭ്യാസവും ഉണ്ട്. അത് വെച്ച് തന്നെ ജോലി സമ്പാദിക്കാവുന്നതേ ഉള്ളു.
അദ്ദേഹം നിർത്തിയിട്ട് ഒന്ന് ഏങ്ങിയ ശേഷം തുടർന്നു. അവന് ഉള്ളടക്കത്തേക്കാൾ പ്രാധാന്യം രൂപകല്പനക്കാണ്. ഫോർമാറ്റ് പ്രിവെയിൽസ് ഓൺ കണ്ടെന്റ് എന്ന് കേട്ടിട്ടില്ലേ? ഇവിടെ അവൻ ആകെ പുറത്തു പോകുന്നത് മീൻ വാങ്ങാനാണ്. എന്നാലും പുതിയ പുതിയ വസ്ത്രങ്ങൾ വാങ്ങണം, ഷൂസും ജീൻസും ബെൽറ്റും വേണം. നമ്മുടെ വരുമാനത്തിനൊത്ത ജീവിതമല്ലേ പറ്റൂ. അവനെപ്പോലെ വേറെ ഒന്നും ഉണ്ടല്ലോ എനിക്ക് വീട്ടിൽ.
ആ വിഷയം തുടരേണ്ടെന്നു എനിക്ക് തോന്നി. ഏങ്ങലുകളോട് മല്ലടിക്കുന്ന ഈ പാവത്തിന് തേങ്ങലും നൽകുന്നു അയാളുടെ സന്താനം, എനിക്ക് ദുഃഖം തോന്നി.
എവിടെ പോയിരിക്കാമെന്നു ഊഹമുണ്ടോ സാർ?
എന്റെ ആ ചോദ്യത്തിന് മറുപടി പറയാതെ അദ്ദേഹം ചോദിച്ചു: എത്ര ദൂരമുണ്ട് മെഡിക്കൽ കോളേജിലേക്ക് നിങ്ങളുടെ വീട്ടിൽ നിന്ന്?
എന്താ സാർ, അവിടെ ആരെങ്കിലും ഉണ്ടോ?
അവന്റെ ഒരു ചങ്ങാതി ഇപ്പോൾ അവിടെ പഠിക്കുന്നുണ്ട്. അയാളോട് ഒന്നന്വേഷിച്ചാലോ എന്ന് ആലോചിക്കുകയാണ്.
അഡ്രെസ്സ് തന്നാൽ ഞാൻ പോയി അന്വേഷിക്കാം സാർ, ഞാൻ പറഞ്ഞു.
അത് വേണ്ട ഞാൻ പോയിക്കൊള്ളാം. നാളെ ഞായർ അല്ലെ. അവന്റെ 'അമ്മ കുറച്ചു വിഷമത്തിലാണ്. എന്തെങ്കിലും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ വയ്യ.
അവരുണ്ടാക്കി തരാറുള്ള മൃദുവായ ഇഡലി ഓർമിച്ചു. എനിക്കും വിഷമം തോന്നി. എങ്ങോട്ടെങ്കിലും ദൂരെ പോകുകയാണെങ്കിൽ അച്ഛനമ്മമാരോട് പറഞ്ഞിട്ട് പോയാലെന്താണ്?
ഉത്തരം എനിക്കറിയാഞ്ഞിട്ടല്ല. എതിരാളികളെ തോല്പിക്കാനാണല്ലോ എല്ലാ പ്രവൃത്തിയും. പറഞ്ഞു സമ്മതം വാങ്ങിയിട്ട് നാട് വിട്ടോടി പോകുമോ?. അപ്പോൾ പിന്നെ വിജയമെവിടെ?
നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് എന്റെ കൂടെ വന്നോളൂ. അദ്ദേഹം പറഞ്ഞു.
തീര്ച്ചയായും, ഞാൻ പറഞ്ഞു. പിറ്റേ ദിവസം ഉച്ചയോടു കൂടി KSRTC ബസ് സ്റ്റാന്റിലെത്താമെന്നു അദ്ദേഹവും അവിടെ കാത്ത് നിൽക്കാമെന്നു ഞാനും ഏറ്റു. പൊന്നാനിക്ക് പോകുന്ന ഒരു ജീപ്പിൽ പറ്റിക്കൂടി ഞാൻ എടപ്പാളിലെത്തി. അവിടെ നിന്ന് ഒരു ബസ് പിടിച്ചു കുറ്റിപ്പുറത്ത് ഇറങ്ങി. കോഴിക്കോട്ടേക്കുള്ള ഒരു പെട്രോൾ ടാങ്കറിന്റെ ക്യാബിനിൽ ഇരുന്ന് ചുരുങ്ങിയ ചെലവിൽ മീഞ്ചന്ത ബസ് സ്റ്റോപ്പ് വരെ. അവിടെ നിന്ന് കോവിലകം ചിറയുടെ തെക്കേ അരികിലൂടെ കോളേജിലെ എന്റെ ക്‌ളാസ്സുകളുടെ ഓര്മ അയവിറക്കിക്കൊണ്ടു നടന്നു റെയിൽ ക്രോസ്സ് ചെയ്തു വീട്ടിൽ.
പിറ്റേ ദിവസം രാവിലെ 12 മാണിയോടെ ഞാൻ മാവൂർ റോഡിലെ KSRTC സ്റ്റാന്റിലെത്തി. അര മണിക്കൂർ മാത്രമേ കാത്ത് നിക്കേണ്ടി വന്നുള്ളൂ, ഒരു മാവേലിക്കര ഫാസ്റ്റിൽ നിന്ന് അദ്ദേഹം ഇറങ്ങുന്നത് കണ്ടു ഞാൻ അടുത്ത് ചെന്നു. ഒരു ഏങ്ങലിനു വേണ്ടി നിവർന്നു നിന്നിട്ട് അദ്ദേഹം എന്നെ നോക്കി: നേരത്തെ എത്തിയോ?
ഇല്ല സർ , ഞാൻ ഇപ്പോൾ വന്നേ ഉള്ളു. നമുക്ക് നേരെ മെഡിക്കൽ കോളേജിലേക്ക് പോയാലോ?
നിങ്ങൾ ഭക്ഷണം കഴിച്ചോ? അദ്ദേഹം ചോദിച്ചു.
ഞാൻ വീട്ടിൽ നിന്ന് കഴിച്ചിട്ടാണ് സാർ വന്നത്. സാർ കഴിച്ചിട്ടുണ്ടാവില്ല അല്ലെ?
ഇവിടെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടൽ ഉണ്ടോ?
ഉണ്ടോന്നോ? എന്താണ് സാർ, ഇത് കോഴിക്കോടല്ലേ? എന്റെ ദേശസ്നേഹം ആത്മഗതമായി. ചെങ്കല്ല് മരം പോലെ ഭംഗിയാക്കി വടിവിൽ തീർത്ത ഹോട്ടലിലേക്ക് തിരിഞ്ഞാണ് ഞങ്ങൾ നിന്നിരുന്നത് തന്നെ.
ഇതാ സാർ, ദൂരെയെങ്ങും പോകണ്ട.
ഞാൻ അദ്ദേഹത്തെ കൂട്ടി അകത്തു കയറി നല്ലൊരു സീറ്റിൽ ഇരുത്തി. അദ്ദേഹം നല്ല ഭക്ഷണം ആസ്വദിക്കട്ടെ. ഇനി ഇടക്കൊക്കെ ഇതോർത്തു കോഴിക്കോട്ടു വരാൻ അദ്ദേഹത്തിന് പ്രചോദനമാകട്ടെ.
അദ്ദേഹത്തിന് ആ അന്തരീക്ഷം ഇഷ്ടപ്പെട്ടതായി തോന്നി. വൃത്തിയുള്ള മേശ. കഴുകി ഉണക്കിയ പിഞ്ഞാണവസി. പതിമുഖം ഇട്ടു നിറം പിടിപ്പിച്ച തെളിഞ്ഞ കടിവെള്ളം, ചോറ്, കറികൾ എല്ലാം വേറെ വേറെ പാത്രത്തിൽ. അവിടെ ബ്രാഞ്ചിനടുത്തു കുഞ്ഞുണ്ണിയേട്ടന്റെ കടയിലെ ഊണ് ഞാനോർത്തു. ഒരു ഇലവിരി, ഒരു വെള്ളം തളി , ഒരു ടിപ്പർ ചോറ്, അതിലുണ്ടാക്കുന്ന സെല്ഫ് സർവീസ് കുഴിയിൽ നേരിട്ടൊഴിക്കുന്ന സാംബാർ. പപ്പടം, ഉപ്പേരി എല്ലാം ഇലയുടെ അരികിലും മൂലയിലും.
ഇത് കോഴിക്കോടാണ് സാർ. കേരളത്തിന്റെ വാണിജ്യതലസ്ഥാനം. ഗാമപാദ ധൂളി വീണു നിർവൃതി അടഞ്ഞ കുക്കുടക്രോഡ മഹാനഗരി.
അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വെയ്റ്റർ വന്നു ചോദിച്ചു: വേറെ എന്തെങ്കിലും വേണോ സാർ?
നായക് സാർ അശൈവം ഓർഡർ ചെയ്തിരുന്നില്ല. പച്ചക്കറി അദ്ദേഹത്തിന് രസിച്ചോ എന്നറിഞ്ഞില്ല.
ഒരു തുണ്ടു മുളക് തരുമോ? അദ്ദേഹം ചോദിച്ചു. ഉദ്ദേശിച്ച എരിവ് കരിക്കുണ്ടായിരുന്നില്ലെന്നു എനിക്ക് മനസ്സിലായി.
ഓക്കേ സാർ എന്ന് പറഞ്ഞു വെയ്റ്റർ പോയി.
കുറച്ചു നേരത്തേക്കൊന്നും വെയ്റ്ററെ കണ്ടില്ല. എനിക്ക് പിരിമുറുക്കം തുടങ്ങി. സാറിനെ സുഖിപ്പിക്കാൻ പരിപാടിയിട്ടിട്ടിപ്പോൾ അയാൾ കോഴിക്കോടിനോട് എന്നെന്നേക്കും ബൈ പറഞ്ഞു കളയുമോ എന്നായി ആശങ്ക. കുക്കുടക്രോഡമഹാനഗരി, മണ്ണാങ്കട്ട.
മുളകില്ലാതെ തന്നെ സാർ ഇല കാലിയാക്കാനായപ്പോൾ, അതാ വരുന്നു വെയ്റ്റർ. മലർത്തി പിടിച്ച വലംകയ്യിൽ ധവളാഭയാർന്ന ഒരു പിഞ്ഞാണത്താലം. അദ്ദേഹം അത് മേശപ്പുറത്തു കൊണ്ട് വന്നു വെച്ചു. അതിന്റെ നടുക്ക് ഞെട്ടി പോകാതെ മോരിലിട്ടുണക്കി പൊരിച്ച ഒരു മുളക്. അതിന് അലങ്കാരമായി ഓണക്കാലത്തും പൂവിടുന്ന സൂക്ഷ്മതയോടെ ഒരുക്കി വെച്ചിരിക്കുന്ന നേർമയിൽ അരിഞ്ഞ വെള്ള ഉള്ളി, കുറച്ചു കാബേജ് തളിരുകൾ.
നായക് സാർ ഒഴിയാറായ ഇലയിലേക്കും മുളകിലേക്കും നോക്കി. മുളക് ചോറിലിട്ടു ഞെക്കിപ്പൊടിച്ചു കുഴച്ചു രണ്ടു മൂന്നു പിടി ചോറ് കൂടി കഴിച്ചു.
തലയുയർത്തി എന്നെ നോക്കി പറഞ്ഞു : ഫോർമാറ്റ് പ്രിവെയിൽസ് ഓൺ കണ്ടെന്റ്.
നമ്മളല്ല ശരി!
Comments
Post a Comment