മിന്നുന്നതെല്ലാം പൊന്നല്ല
കൃഷ്ണവേണിയും ശിവരാമനും ആണ്ടറുതി ആയിട്ട് കുറച്ചു ഡ്രസ്സ് എടുക്കാൻ പോയതായിരുന്നു ഹൈപ്പർ മാർകെറ്റിൽ.
നീ സാവധാനം വേണ്ടത് സെലക്ട് ചെയ്തോളു അപ്പോഴേക്കും ഞാൻ വരാം എന്ന് പറഞ്ഞ് അയാൾ ബുക്ക് സ്റ്റാളിന്റെ ഭാഗത്തേക്ക് നീങ്ങി.
ഡ്രസ്സ് എടുത്തുകഴിഞ്ഞ് വേണി ബുക്ക് സ്റ്റാളിന്റെ അടുത്ത് വന്നപ്പോൾ ശിവരാമനെ കണ്ടില്ല. അടുത്ത സ്റ്റാളുകൾ ഒന്നിലും ഇല്ല.
അവൾ അവനെ വിളിച്ചു: അതിനിടക്ക് എവിടെ പോയി?
ഇവിടെ അടുത്ത് തന്നെയുണ്ട്.
മാളിനകത്താണോ പുറത്താണോ?
പുറത്ത്.
എവിടെയാണെന്ന് പറയൂ ഞാൻ അങ്ങോട്ട് വരാം.
അടുത്ത് തന്നെയാണ്. ഞാൻ അരമണിക്കൂർ കൊണ്ട് വരാം.
അത് വരെ ഞാൻ ഇവിടെ എന്ത് ചെയ്യാനാ, സ്ഥലം പറയൂ ഞാൻ അങ്ങോട്ട് വരാം.
നിനക്കോര്മയുണ്ടോ കഴിഞ കൊല്ലം ജംഗ്ഷനടുത്തുള്ള ഒരു സ്വര്ണക്കടയിൽ കയറിയത്?
എപ്പോഴായിരുന്നു?
ഓർമയില്ലേ, അന്ന് നീ ഒരു നെക്‌ലേസ് ഇഷ്ടപ്പെട്ടു.
എന്തോ ഒന്ന് നല്ലതു സംഭവിക്കാൻ പോകുന്നു, അവളുടെ മനസ്സ് പറഞ്ഞു. സ്നേഹവും സന്തോഷവും ചേർന്ന സ്വരത്തിൽ അവൾ പറഞ്ഞു: ആ ഓർമ വരുന്നുണ്ട് ചേട്ടാ.
മുഴുവനായി ഓർമ്മിപ്പിക്കാം . എന്നെങ്കിലും ഒരു ദിവസം അത് നിനക്ക് വാങ്ങി തരും എന്ന് ഞാൻ വാക്ക് തന്നു.
അവൾക്കു മനസ്സിലായി. ആ ദിവസം ഇന്നായിരിക്കും.
എനിക്ക് ശരിക്കു മനസ്സിലായി ചേട്ടാ. അവിടെയാണുള്ളത് അല്ലേ. ഞാൻ ഇതാ എത്തിപ്പോയി.
അവൾ ബാഗുകളെല്ലാം എടുത്തു പുറത്തു കടന്നു. ഓട്ടോ വിളിച്ച് സ്വര്ണക്കടയുടെ മുന്നിലിറങ്ങി.
ശിവരാമനെ വിളിച്ചു: ഏതു ഫ്ലോറിലാണ് ചേട്ടാ?
ആ, അകത്തേക്ക് കേറേണ്ട ആവശ്യമില്ല. ഞാൻ അതിനടുത്തുള്ള ബാർബർ ഷോപ്പിൽ ഉണ്ട്.
Comments
Post a Comment