തട്ടിപ്പിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വേണമെന്നില്ല.
തട്ടിപ്പിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വേണമെന്നില്ല.
2012 ൽ ആണെന്നാണ് ഓര്മ. ബാംഗ്ലൂരിൽ നിന്ന് സാരംഗൻ എന്ന ഒരു പഴയ സുഹൃത്തിന്റെ മെയിൽ വന്നു. 1996 ൽ പിരിഞ്ഞ ശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. 2004 ൽ സന്ദേശങ്ങൾ അയച്ചിരുന്നു. അതിനു ശേഷം ഈ മെയിൽ ആണ് കിട്ടുന്നത്. എന്റെ മെയിലിൽ നിന്ന് വ്യാജ സന്ദേശങ്ങൾ വരുന്നുണ്ടെന്നും സൂക്ഷിക്കണം എന്നും ആണ് അയാൾ എഴുതിയത്. തനിക്കു കിട്ടിയത് വ്യാജമാണെന്ന് മനസ്സിലായെന്നും അതുകൊണ്ടു കബളിപ്പിക്കപ്പെട്ടില്ലെന്നും സാരംഗൻ എഴുതി.
ഞാൻ ഉടനെ എന്റെ yahoo മെയിൽ പരിശോധിച്ചു. എന്റെ എല്ലാ കോണ്ടാക്ടുകളും നീക്കപ്പെട്ടിരുന്നു. ഞാൻ എന്റെ ജിമെയിൽ കോണ്ടാക്ടുകളുടെ ID എടുത്ത് എല്ലാവര്ക്കും ഒരു താക്കീതു സന്ദേശം അയച്ചു. കഥ അവിടെ അവസാനിച്ചു എന്ന് കരുതി.
രണ്ടു ദിവസം കഴിഞ്ഞു ചെന്നൈയിൽ എനിക്ക് ഒരു ട്രെയിനിങ് ക്ലാസ് ഉണ്ടായിരുന്നു. ഉച്ചക്ക് ഹോട്ടലിൽ ഊണ് കഴിക്കുമ്പോൾ കുവൈറ്റിൽ നിന്ന് എന്റെ സുഹൃത്തു സുരേഷ് വിളിച്ചു. ഞാൻ എവിടെയാണെന്നറിയണം.
കൂടുതൽ അന്വേഷിച്ചപ്പോൾ അറിഞ്ഞു, അവർക്കൊരു മെയിൽ കിട്ടി.
ഇത് ബാബു ആണ്. ഞാൻ ഉദ്യോഗസംബന്ധമായി സ്പെയിനിൽ വന്നതായിരുന്നു. ഒരു മെഡിക്കൽ എമർജൻസിയിൽ പെട്ടു. ഇപ്പോൾ മാഡ്രിഡിലെ ഒരു ഹോസ്പിറ്റലിൽ ആണുള്ളത്. ഒരു വലിയ തുക ബിൽ ആയിട്ടുണ്ട്. അതടച്ചാലേ ഇവിടെ നിന്ന് മടങ്ങാൻ പറ്റുകയുള്ളു. ദയവായി ഞാൻ താഴെ കൊടുത്തിട്ടുള്ള ഡോളർ അക്കൗണ്ടിലേക്കു കഴിയുന്ന തുക അയക്കണം. ഞാൻ നാട്ടിലെത്തിയ ഉടനെ സെറ്റിൽ ചെയ്യാം.
ഇതായിരുന്നു സന്ദേശം.
ഒന്നും അയക്കല്ലേ, തട്ടിപ്പാണ് എന്ന് എനിക്ക് പറയാൻ അവസരം കിട്ടിയില്ല. അതിനു മുൻപ് അവൻ പറഞ്ഞു: ഞാനും റോബെർട്ടും കൂടി 1000 ഡോളർ അയച്ചു കൊടുത്തു. അത് ഇന്നലെ. ഇന്ന് വീണ്ടും മെയിൽ വന്നിരിക്കുന്നു, ഒരു 1000 കൂടെ വേണം. സംശയം തോന്നി. നിന്നെ വിളിച്ചു നോക്കട്ടെ എന്ന് വിചാരിച്ചു.
എന്ത് പറയാൻ? തുക ഞാൻ അയച്ചു തരാം എന്ന് ഞാൻ പറഞ്ഞു , അവൻ സമ്മതിച്ചില്ല. പിന്നീട് ZAIN ടെലികോം എന്ന സ്ഥാപനത്തിൽ ഒരു പ്രോജക്ടിന് വേണ്ടി കുവൈറ്റിൽ പോയി. സാൽമിയ പത്താം ബ്ലോക്കിൽ പോയി ഞാൻ അവനെ കണ്ടു. അവിടെ ഉണ്ടായിരുന്ന നാളുകളിൽ പല തവണ ശ്രമിച്ചെങ്കിലും തുക അവൻ വാങ്ങിയില്ല. മെയിൽ കിട്ടിയ ഉടനെ എന്നെ വിളിച്ചു അന്വേഷിക്കാഞ്ഞത് സ്വന്തം അപരാധമായി അവൻ ഏറ്റെടുത്തു.
കഥയുടെ രണ്ടാം ഭാഗം അവിടെ കഴിഞ്ഞു. എന്ന് ഞാൻ കരുതി. ഒന്ന് രണ്ടു സുഹൃത്തുക്കളോട് അവർക്കു കിട്ടിയ മെയിൽ അങ്ങനെ തന്നെ എനിക്കയക്കാൻ ഞാൻ ആവശ്യപ്പെട്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി, അവർക്കു കിട്ടിയ മെയിൽ എന്റെ ID ആയ babupal ൽ നിന്നല്ല. babupa1 ൽ നിന്നാണ്. ശ്രദ്ധിക്കപ്പെടാനിടയില്ലാത്ത ഒരു വ്യത്യാസം. l നു പകരം 1 . സുരേഷും റോബെർട്ടും അത് എന്റെ മെയിൽ തന്നെയാണെന്ന് വിശ്വസിച്ചു.
ഭാഗ്യത്തിന് വേറെ ആരും പണം അയക്കാൻ നിന്നില്ല. നഷ്ടം 68000 രൂപയിൽ ഒതുങ്ങി.
ആരോ എന്റെ മെയിൽ ഹാക്ക് ചെയ്തു കോണ്ടാക്ടുകൾ കോപ്പി ചെയ്തു ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നിട്ട് ആ കോണ്ടാക്ടുകൾക്കു സഹായാഭ്യര്ഥന അയച്ചു.
സൈബർ അറ്റാക്ക് അതോടെ കഴിഞ്ഞു എന്ന് കരുതി, 1915 വരെ. 15 ൽ ദുബൈയിൽ നിന്ന് എനിക്കൊരു ജോലി ഓഫർ കിട്ടി. ഇന്റർവ്യൂ കഴിഞ്ഞു, കരാർ അയക്കാമെന്നു പറഞ്ഞു. ആ കരാർ എനിക്ക് കിട്ടിയില്ല. സംശയം തോന്നിയ ഞാൻ എന്റെ സുഹൃത്തിനെ വിളിച്ചു. കരാർ അയച്ചിട്ടുണ്ടെന്നും സ്വീകരിച്ചു മറുപടി അയക്കാൻ 3 ദിവസം കൂടിയേ ഉള്ളു എന്നും വൈകിയാൽ ക്യാൻസൽ ആകും എന്നും അവൻ പറഞ്ഞു.
എനിക്കുള്ള മറുപടിയും കരാറും അയച്ചിട്ടുണ്ടോ എന്ന് ഒരിക്കൽ കൂടി ചെക്ക് ചെയ്യാൻ ഞാൻ അപേക്ഷിച്ചു.
അവന്റെ മറുപടി കിട്ടി. അവർ അയച്ചിരിക്കുന്നത് babupa1 നാണു, എനിക്കല്ല.
അതെങ്ങനെ? ഞാൻ അന്വേഷിച്ചു. ഞാൻ അങ്ങോട്ടയച്ച മെയിൽ തന്നെ റിപ്ലൈ ചെയ്യുകയാണുണ്ടായതെന്നു അവിടത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥ അറിയിച്ചു.
ഞാൻ ഒരിക്കൽ കൂടി എന്റെ yahoo mail പരിശോധിച്ചു. മെയിൽ സെറ്റിങ്സിൽ റിപ്ലൈ ടു എന്ന ഓപ്ഷൻ ഉണ്ട്. എന്റെ മെയിലിൽ അത് babupa1 എന്ന് മാറ്റിയിരിക്കുന്നു. അർഥം, എന്റെ മെയിലിനു ആരു മറുപടി അയച്ചാലും അത് കിട്ടുന്നത് babupa1 നായിരിക്കും.
അവർ ജോലി നിർത്തി പോയിട്ടുണ്ടാകുമെന്നാണ് ഞാൻ ആശ്വസിച്ചതു. ഇപ്പോൾ AI മരുന്ന് കുടിച്ചു പുനർജനിച്ച് അവർ വീണ്ടും വന്നിരിക്കുന്നു.
Comments
Post a Comment