ഭാഗ്യം എന്ന ഉത്പന്നം
മേക്കര കോർട്ട് റോഡ് ചെന്ന് മുട്ടുന്നേടത് നിന്ന് വലത്തോട്ടു തിരിഞ്ഞു വലതു നോക്കിയാൽ കാസിനോ ഹോട്ടൽ. അതും കടന്നു മുന്നോട്ടു പോയി ഇടതു തിരിഞ്ഞു ദാവൂദ് ഭായ് കപ്പാസി റോഡ് വഴി പോയാൽ ബോംബെ ഹോട്ടൽ. ബോംബെയിലെത്തുന്നതിനു മുൻപ് റോഡിനിരുവശത്തും ഓരോ മലഞ്ചരക്ക് വ്യാപാരപാണ്ടികശാലകൾ. ആ വഴി പോയാൽ എല്ലാ സുഗന്ധ ദ്രവ്യങ്ങളുടെയും സുഗന്ധം ഫ്രീ ആയി ആസ്വദിക്കാം, നഗരസഭാകാര്യാലയം, ഗാന്ധി മണ്ഡപം , സാക്ഷാൽ കോഴിക്കോട് കടപ്പുറം എല്ലാം ചുറ്റിയടിക്കാം.
കപ്പാസി റോഡിൽ നിരത്തിനോടൊട്ടി നിൽക്കുന്ന ചുവരുള്ള ഒരു പാണ്ടികശാലയുടെ പുറത്താണ് അച്ഛൻ ഹോം ഡെലിവറി ബിസിനെസ്സിൽ നിന്ന് പുരോഗമിച്ചു സ്വയം ഒരു സ്ഥാവര സ്ഥാപനം എസ്റ്റാബ്ലിഷ് ചെയ്യാൻ വേണ്ടി ഏതാണ്ട് ആയിരത്തി ഇരുനൂറ്റി തൊണ്ണൂറ്റാറു ചതുരശ്ര അംഗുലം ഭൂമി കയ്യേറിയത്.
ഒരു മാംഗോ മോങ്ങറുടെ തൊഴിൽ ഉപേക്ഷിച്ചു ദാഹിക്കുന്നവരെ വെള്ളം കുടിപ്പിക്കുന്ന ജോലി സ്വീകരിച്ചിരുന്നു. പാണ്ടികശാലയിൽ അടക്കയും തോട്ടണ്ടിയും ഇഞ്ചിയും വെയിലത്ത് പരത്തുന്ന തൊഴിലാളികൾക്കും രണ്ടാം ഗേറ്റ് കടന്നു കടപ്പുറം വരെ നടന്നു കളയാമെന്നു സാഹസം കാണിക്കുന്ന യാത്രക്കാർക്കും കപ്പാസി റോഡിലെ ജ്യൂസ് തട്ട് ദാഹശമനിയാകും. കോടതി വെള്ളം കുടിപ്പിക്കുന്ന വ്യവഹാരക്കാരും ശരിക്കൊന്നു ദാഹം തീർക്കാൻ കപ്പാസി റോഡിൽ എത്തും. അച്ഛന്റെ ദാഹക്ഷീണക്ഷുത്തുനിവാരിണി ആ ദിവ്യസ്ഥാനത്തു പുഷ്ടിപ്പെട്ടു. വ്യാപാരത്തിനുള്ള ഇന്പുട്സായ മെലനും ലെമനും വാങ്ങുന്നത് പാളയത്ത് നിന്നാക്കി. നന്നാറി സർബത്ത് വീട്ടിൽ കാച്ചിയത്.വത്തക്കക്കുള്ള നിറവും സാക്കറിനും മിട്ടായി തെരുവിൽ നിന്ന്. നാരങ്ങാവെള്ളത്തിനുള്ള മധുരം പഞ്ചസാര മേക്കര നിന്ന്. വെള്ളം സിൽക്ക് സ്ട്രീറ്റിലെ ഒരു ടാപ്പിൽ നിന്ന്.
ക്രിസ്തുമസ് പുതുവൽസര അവധി കഴിഞ്ഞു സ്കൂൾ തുറന്നപ്പോൾ രാജു വിദ്യാഭ്യാസ ലീവ് എടുത്തു. ഒഴിവുള്ള ദിവസങ്ങളിലോ ആശുപത്രിയിൽ പോകേണ്ടപ്പൊഴോ അച്ഛന്റെ സ്ഥാപനത്തിൽ എത്തും. വെയിലാറി ആളുകളുടെ ദാഹവും കലക്കി വെച്ച വത്തക്ക വെള്ളവും തീരുമ്പോൾ. പെട്ടിയും കുട്ടയും പാണ്ടികശാലയുടെ അകത്തൊരിടത്തു വെച്ച് ഗമയിൽ മൂന്നാലിങ്ങൽ പോയി ബേപ്പൂർ ബസ് കയറി സീറ്റിലിരുന്നു മടക്കം, കുട്ടയില്ല, പെട്ടിയില്ല, സുഖം.
അന്നൊരു ശനിയാഴ്ച്ച ആയിരുന്നു. രാജു ഒരു വിരളസന്ദര്ശകനായി കപ്പാസി റോഡിൽ എത്തി. അച്ഛൻ രാവിലെ സ്ഥാപനം റെഡി ആക്കി, വെള്ളം കലക്കി. നന്നാറി സര്ബത്തിന്റെ കുപ്പിയും വലിയ ഗ്ലാസുകളും കഴുകി കാത്തിരിക്കുന്നു. വെയിൽ ചൂടാകണം , ആളുകൾക്ക് ദാഹിക്കണം.
കയ്യിൽ കുറച്ചു പുസ്തകങ്ങളും കക്ഷത്തിൽ എന്തെല്ലാമോ പൊതിഞ്ഞിരിക്കുന്ന ഒരു സഞ്ചിയുമായി ഒരാൾ നല്ല പരിചയക്കാരനെപ്പോലെ അച്ഛനോട് സംസാരിക്കുന്നു. ചടച്ച ശരീരം , അല്പം മുഷിഞ്ഞ വേഷം. ഇട്ടിരിക്കുന്ന ഷർട്ട് തുന്നഴിച്ചു റീ-സ്റ്റിച് ചെയ്താൽ രണ്ടെണ്ണമാക്കാം.
രാജു അടുത്ത് വന്നപ്പോൾ അച്ഛൻ പരിചയപ്പെടുത്തി. രാഘവാ ഇതാണെന്റെ മോൻ. പഠിക്യാണ്. ഒഴിവുള്ളപ്പോൾ വരും എന്നെ സഹായിക്കാൻ. രാജുവിന് നേരെ തിരിഞ് അച്ഛൻ പറഞ്ഞു. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്. അനക്കോർമ ഉണ്ടാവില്ല. അന്റെ ചെറുപ്പത്തിൽ മ്പളെ വീട്ടില് വന്നിട്ടുണ്ട്. കുറെ കാലമായിട്ടു ഷിമോഗയിലായിരുന്നു.
മ്പള് കണ്ടിട്ട് കൊറേ ആയല്ലോ! ങ്ങക്കെങ്ങനെ? അയാൾ ചോദിച്ചു.
ഒരു വിധം തെറ്റില്ലാതെ കഴിഞ്ഞു കൂടുന്നു. ഈ അങ്ങാടിയും ഇവിടത്തെ കച്ചോടങ്ങളും ണ്ടെങ്കി ബുദ്ധിമുട്ടു വരൂല.
അച്ഛനും രാഘവേട്ടനും രാഘവേട്ടന്റെ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. എല്ലാം കഷ്ടപ്പാടിന്റെ കഥകൾ. കോട്ടൺ മില്ലിലെ ജോലി പോയത്, 'അമ്മ മരിച്ചത് , ഭാര്യക്ക് ക്ഷയരോഗം ബാധിച്ചത്.
അനക്ക് വിധിച്ച കഷ്ടപ്പാടുകളെല്ലാം ഒരടിക്കു അനുഭവിച്ചു തീർത്തൂന്ന് സമാധാനിച്ചോ. ഇനി നല്ല ദി വസങ്ങളായിരിക്കും. എന്തായാലും ഭാഗം ചെയ്തതിൽ മുഖദാറിലെ വീട് അനക്ക് സ്വന്തായി കിട്യല്ലോ. .
വീടോ, അതറിഞ്ഞില്ലേ? മുഖദാറിലല്ല ചക്കുംകടവിലായിരുന്നു. അതിപ്പോൾ കടലിന്നടിയിലാണ്.
അച്ഛൻ ഒന്നും പറഞ്ഞില്ല. സഹതാപവാക്കുകളും അനുശോചനങ്ങളുമെല്ലാം പറഞ്ഞു തീർന്നിരിക്കുന്നു.
എന്തായാലും ജീവനും ആരോഗ്യവും ഉണ്ടല്ലോ. അത് തന്നെ വലിയ കാര്യം. അച്ഛൻ സമാധാനിപ്പിച്ചു.
ജീവനുണ്ട് അതാണ് കഷ്ടം. എന്റെ മുടന്തു കണ്ടില്ലേ. ഒരു തെണ്ടി മോട്ടോർ സൈക്കിൾ അഭ്യസിച്ചതാ. മൂന്നു വിരല് പൊട്ടിപ്പോയി. ശരിയായി വരുന്നതേ ഉള്ളു.
അപ്പോൾ ഇപ്പളെന്താ ജോലി?
ജോലിയോ? ഞാൻ പറയാം. ഇവിടെ കുറച്ചു നേരം ഇരുന്നൂടെ? ആർകെങ്കിലും എതിർപ്പുണ്ടാകുമോ? പാണ്ഡ്യാലയുടെ മുതാളിമാർക്ക്?
അതൊന്നും ണ്ടാവൂല. എന്തിനാ?
രാഘവേട്ടൻ സഞ്ചിയിൽ നിന്നെടുത്ത തുണി നിലത്തു വിരിച്ചു. കൈ രേഖകളുടെ ഒരു ചിത്രം അതിൽ വെച്ചു. ഒരു സാമുദ്രികശാസ്ത്രത്തിന്റെ കീറിപ്പറിഞ്ഞ കോപ്പി അതിനടുത്തു വെച്ചു. കൈരേഖ നോക്കി ഫലം പറയുന്നു എന്നെഴുതിയ ഒരു ബാനർ അതിനടുത്തു വിരിച്ചു. ചുവരിൽ നോക്കി. അതവിടെ ആണി അടിച്ചു തൂക്കാൻ ഉള്ള പ്ലാൻ ആയിരിക്കും. പ്രൊ. രാഘവൻ എന്ന് ബാനറിന്റെ അടിയിൽ കാണാം. പ്രൊഫസർ എന്ന് തോന്നിക്കുകയും പ്രൊപ്രൈറ്റർ എന്നർത്ഥം വരുകയും ചെയ്യുന്ന പ്രൊ.
ബാനറിൽ പിന്നെയുമുണ്ടായിരുന്നു ചെറിയ അക്ഷരങ്ങൾ: ആയുരാരോഗ്യസൗഖ്യത്തിനു പൂജിച്ചു ഭാഗ്യം നിറച്ചു വെള്ളി കെട്ടിയ രുദ്രാക്ഷങ്ങൾ.
രാഘവേട്ടൻ കൈരേഖക്കരികിൽ ഇരുന്നു. ഭൂതക്കണ്ണാടി എടുത്തു തുടച്ച് സ്വന്തം കയ്യിലെ രേഖകൾ വ്യക്തമായി കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തി.
റോഡിലൂടെ നടക്കുന്നവരെ നോക്കി വിളിച്ചു പറഞ്ഞു: ഭാഗ്യം നോക്കാം. ഭാവി ഫലങ്ങൾ അറിയാം. ഭവിഷ്യത്തുകൾക്കു പരിഹാരം കാണാം. രുദ്രാക്ഷം ധരിച്ച് ഓർമക്കുറവ് , മൂത്രാശയ രോഗങ്ങൾ എന്നിവക്ക് പ്രതിവിധി തേടാം. ശിവപാർവതിമാരുടെ കാരുണ്യം നേടാം.
ജനമധ്യത്തിലേക്കെറിഞ്ഞിട്ട ഈ വാക്കുകൾക്ക് ശേഷം അദ്ദേഹം ഒരു പാവം വയസ്സനെ ഫോക്കസ് ചെയ്തു: ആ മുഖത്ത് എന്തോ വിഷമം കാണുന്നുണ്ടല്ലോ. രേഖ നോക്കി മുഴുവൻ അറിയാം, പരിഹാരം കാണാം.
ആ വയസ്സൻ അയാളുടെ നടത്തത്തിൽ നിന്ന് വ്യതിചലിച്ചില്ല. കേൾക്കാഞ്ഞിട്ടാണോ താല്പര്യക്കുറവുകൊണ്ടാണോ എന്നറിയില്ല. രാഘവേട്ടൻ ആരോടുമില്ലാതെ പറഞ്ഞു: അയാൾക്ക് ആദ്യം വേണ്ടത് ചെവിത്തോണ്ടിയാണ്.
പെട്ടെന്നുണ്ടായ ഈ ചടുലസംഭവങ്ങളിൽ വിസ്മയിച്ചു നിൽക്കുകയായിരുന്നു രാജുവും അച്ഛനും. അച്ഛൻ പറഞ്ഞു: ഭാഗ്യം വിൽക്കാൻ ഏറ്റവും പറ്റിയ ആൾ ജ്ജ്യന്നെ രാഘവാ. അയിന്റെ വെല ഏറ്റവും അറിയിണ ആൾ.
Comments
Post a Comment