മരത്തോക്കിനു മണ്ണുണ്ട
ഇന്നത്തെപ്പോലെയല്ല , മജെസ്റ്റിക്കിന്റെ തെക്കു കിഴക്കേ മൂലയിൽ ചിക്പെട്ട് റോഡ് തുടങ്ങുന്നിടത്ത് അന്ന് വിശാലമായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലമുണ്ടായിരുന്നു. ഞാനും ഭീമപ്പയും ചില ദിവസങ്ങളിൽ കെ.ജി റോഡിലെ ഓഫീസിൽ നിന്ന് നടന്ന് മജെസ്ടിക്കിലേക്കു ബസ് കയറാൻ പോകുക ഈ വഴിയാണ്. ആ മൂലയിൽ പഴയ പുസ്തകങ്ങൾ, മരുന്നുകൾ, മന്ത്രവാദചരടുകൾ എന്നുവേണ്ട എല്ലാ വിധ സകലകുലാവി വിൽക്കുന്നവരെയും കാണാം. ആത്മീയതയും ആയുരാരോഗ്യവും അവിടെ ചരക്കാണ്.
മെലിഞ്ഞു താടിയും മുടിയുമൊക്കെ യവനിക പോലെ ഞാന്ന് കിടക്കുന്ന, ചെറുപ്പക്കാരനെന്നവകാശപ്പെടുന്ന ഒരു വൃദ്ധൻ സ്വാമി. കൂടെ ഒരു ചെറുപ്പക്കാരി പെൺകുട്ടിയും. പല മരുന്നുകളും ഉണ്ട്. അവയുടെ ഗുണഗണങ്ങൾ ആ സ്വാമി കന്നഡത്തിൽ ഘോരഘോരം വിളിച്ചോതുന്നുണ്ട്. ഭീമപ്പക്കു അത് മനസ്സിലാകുന്നുണ്ട്. എനിക്കതു ശരിക്കും ഗ്രഹിക്കുന്നില്ല എന്ന് മനസ്സിലാക്കി ഭീമപ്പ അദ്ദേഹത്തോട് ചോദിച്ചു: മലയാളം അറിയുമോ?
വൃദ്ധൻ പറഞ്ഞു: പരയും . എന്ത് അരിയണം?
എന്റെ ഊഴമായി എന്ന് എനിക്ക് തോന്നി
ഞാൻ ചോദിച്ചു : ഈ മരുന്നുകളെല്ലാം കഴിച്ചാൽ കുറെ കാലം ജീവിക്കാമെന്നാണോ ?
കുരെ കാലം, കുരെ കാലം. അയാൾ പറഞ്ഞു: 150 വയസ്സായ എന്റെ ഹെൽത്ത് നോടി.
ഭീമപ്പ ഞെട്ടി. ഞാൻ കൂടുതൽ ഞെട്ടി. അത്രയും കാലം ജീവിച്ചിട്ടെന്താണ് ഗുണം എന്നോ ഇതിൽ സത്യം ഉണ്ടോ എന്നോ ആലോചിക്കാൻ പോയില്ല. ഇത്രയ്ക്കു പുളുവടിക്കാൻ ഇയാൾക്കെങ്ങനെ ധൈര്യം വരുന്നു എന്നായിരുന്നു മനസ്സിൽ വന്ന ചോദ്യം.
ഞാൻ ഭീമപ്പയെ നോക്കി. കളവു പറയുന്നതിന് ലൈസൻസ് വേണ്ടല്ലോ.
ആ തമാശ ഭൂതകാലത്തിലേക്ക് വിട്ടു നടത്തം തുടരാൻ തുടങ്ങിയ എന്നെ ഭീമപ്പ പിടിച്ചു നിർത്തി.
കള്ളി ഞാനിപ്പോൾ പൊളിച്ചു തരാം , നില്ക്. അവൻ പറഞ്ഞു. എന്തോ കുസൃതി ഒപ്പിക്കുന്നു എന്ന ഭാവത്തിൽ
അവൻ പതുക്കെ സ്വാമിയുടെ അസിസ്റ്റന്റ് കുട്ടിയെ സമീപിച്ചു ചോദിച്ചു: ഈ സ്വാമി ശരിക്കും 150 കൊല്ലം ജീവിച്ചിട്ടുണ്ടോ?
കുട്ടി സ്വാമിയെയും ഭീമപ്പയെയും നോക്കി കുറച്ചു സംശയിച്ചു നിന്നു. എന്നിട്ടു മാത്താടി: ഇല്ല സാർ, നൻകെ ശരിയാ ഗൊത്തില്ല സാർ. നാൻ ഇവര ജ്യോതികെ ബന്ത് തൊമ്പത്താറു വർസ മാത്ര ആകിതെ. ( ഇല്ല എനിക്കറിയില്ല സാർ. ഞാൻ ഇവരുടെ കൂടെ കൂടിയിട്ട് തൊണ്ണൂറ്റാ റു വർഷമേ ആയുള്ളൂ).
Comments
Post a Comment