വെളുക്കാൻ തേച്ചത് പാണ്ടായി
വെളുക്കാൻ തേച്ചത് പാണ്ടായി
ആനന്ദകരമായ ഒരു ഉദ്യോഗജീവിതം പെട്ടെന്നവസാനിച്ചു.
1979 ഒക്ടോബർ 4 നു എനിക്കും സഹഉദ്യോഗസ്ഥർക്കും മാനേജർക്കും വലിയ തൃപ്തി ഇല്ലാതെ ഞാൻ തലശ്ശേരി ശാഖയോട് വിട പറഞ്ഞു.
മാനേജർ നരേന്ദ്രനാഥ് സാർ എന്നെ കാബിനിൽ വിളിച്ചു പറഞ്ഞു: നിങ്ങളെ ഇവിടെ നിർത്താൻ ഞാൻ ശ്രമിച്ചു നോക്കി ബാബു. HR മാനേജരോട് സംസാരിക്കുകയും ചെയ്തു. പുതുതായി സ്ഥിരപ്പെടുന്നവരുടെ കാര്യത്തിലുള്ള ബാങ്കിന്റെ നയം നിങ്ങളെ ഇവിടെ തുടരാൻ അനുവദിക്കുന്നില്ല. പ്രൊബേഷനറിക്കാർക്കു 2 മാസം വീതം 3 ബ്രാഞ്ച് എന്നാണ്. നിങ്ങൾ അതിൽ കൂടുതൽ ഇവിടെ നിന്നു.
എന്തായാലും നിങ്ങൾക്ക് നല്ലതു വരട്ടെ. നമുക്ക് ഇനിയും കാണാം. അദ്ദേഹം മേശ വലിപ്പിൽ നിന്ന് കാളി എന്ന പുസ്തകത്തിന്റെ ഒരു ഓഥേഴ്‌സ് കോപ്പി എടുത്ത് മുൻപേജിൽ ഒപ്പിട്ടു എനിക്ക് തന്നു.
ഞാൻ എനിക്കദ്ദേഹം തന്ന തണലിനു മനസ്സിലും ആശംശകൾക്കു പ്രകാശമായും നന്ദി പറഞ്ഞു.
ഒക്ടോബര് 5 ന് ഞാനും സുഹൃത്തുക്കളും കുമരനല്ലൂരിലെത്തി. ഗ്രാമവിശുദ്ധി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന എന്റെ സ്ഥലവുമായി തട്ടിച്ചു നോക്കുമ്പോൾ ഉന്മേഷദായകമായ ഒരു അന്തരീക്ഷം. പുതുതായി ഒരാൾ ബസ്സിലോ ജീപ്പിലോ വന്നിറങ്ങിയത് ആരാണെന്നറിയാൻ ജിജ്ഞാസാപൂർവം നോക്കാൻ ഒരു പാട്ട് കണ്ണുകൾ.
ബ്രാഞ്ചിൽ കടന്നു മാനേജർ നായക് സാറിനെയും മറ്റു സഹപ്രവർത്തകരെയും പരിചയപ്പെട്ടു.
താമസിക്കാനുള്ള അത്യാവശ്യം ഏർപ്പാടുകളുണ്ടാക്കി അന്ന് തന്നെ ഔപചാരികമായി ജോലിക്ക് ചേർന്ന് മടങ്ങി.
നല്ല സ്ഥലം, നല്ല ആൾക്കാർ. സാഹിത്യസാംസ്കാരികനായകരുടെ നാട്. ബ്രാഞ്ച് മാത്രം പരിസരവാസികളുടെ ജീവിതത്തിൽ വലിയ മാറ്റമോ ഹൃദയത്തിൽ സ്ഥാനം പിടിക്കലോ വരുത്താതെ അങ്ങിനെ രാവിലെ തുറന്നിടപ്പെടുകയും വൈകുന്നേരം കൃത്യം അഞ്ചിന് അടക്കപ്പെടുകയും ചെയ്യുന്ന ഒരു കെട്ടിടം മാത്രമായി നിന്നു. നിക്ഷേപങ്ങൾ കുറവ്, വായ്പകൾ കുറവ്. അടുത്ത് തന്നെ സ്കൂളുണ്ടായിരുന്നത് കൊണ്ട് കുറെ അദ്ധ്യാപക വായ്പകളും അധ്യാപകസൗഹൃദവും ഉണ്ടായിരുന്നത് നല്ല കാര്യം.
തദ്ദേശീയരായ ചുരുക്കം ചിലരൊഴികെ ബാക്കി എല്ലാ ഉദ്യോഗസ്ഥരും സ്ഥലം മാറ്റത്തിനപേക്ഷ കൊടുത്തു രാവിലെ എത്തുന്ന കത്തുകൾ ആർത്തിയോടെ തിരഞ്ഞു നിരാശരാകുന്നവർ.
ബിസിനസ് സാദ്ധ്യതകൾ കുറഞ്ഞ സ്ഥലം. എടതുഭാഗത്ത് എടപ്പാളും തെക്കുഭാഗത്ത് തൃത്താലയും എന്ന് വേണ്ട അടുത്തടുത്തൊക്കെ വേറെയും ശാഖകൾ ഉള്ളതുകൊണ്ടാകാം.
കാര്യമായ വെല്ലുവിളികളൊന്നുമില്ലാതെ ജീവിതം വിരസമാകാൻ അധികം നാൾ വേണ്ടി വന്നില്ല. എന്നിട്ടും പതിനെട്ടു മാസം പിടിച്ചു നിന്നു , പരാജയഭീതി കാരണം സ്ഥലം മാറ്റത്തിനു അപേക്ഷിക്കുക പോലും ചെയ്യാതെ.
എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നായി.
അങ്ങനെയിരിക്കെ വിവാഹാലോചനാ സംബന്ധിയായ ചില കൂടിക്കാഴ്ചകൾക്കിടക്കു രവിയെ കണ്ടു. കോഴിക്കോട് ചെറൂട്ടി റോഡ് ശാഖയിൽ ജോലി ചെയ്യുന്നു. അദ്ദേഹത്തിന് കുമരനെല്ലൂർ ശാഖയെ പറ്റി കേട്ടപ്പോൾ താല്പര്യം.
വിവാഹാവധിക്കു ശേഷം 75 കി.മി. ദൂരത്തുള്ള കുമരനെല്ലൂർ ശാഖയിൽ തിരിച്ചു പോയി ജോലി തുടരുന്നതിനു പകരം കോഴിക്കോട്ടും പരിസരത്തുമുള്ള പത്തിരുപത്തഞ്ചു ശാഖകളിൽ ഏതെങ്കിലും ഒന്നിലേക്ക് ട്രാൻസ്ഫർ ചോദിയ്ക്കാൻ വേണ്ടി ആലോചിച്ചതാണ് ഞാൻ. രവി കുമരനല്ലൂരിൽ പോകാൻ തയ്യാറായാൽ ഒരു അന്യോന്യസ്ഥലം മാറ്റം അപേക്ഷിച്ചു നോക്കാം.
എനിക്ക് ചെറൂട്ടി റോഡിൽ കിട്ടിയാൽ വളരെ സന്തോഷം. ഇടയ്ക്കു വെച്ച് മുറിഞ്ഞു പോയ അധ്യാപനം തുടരുകയും ചെയ്യാം.
ഞാൻ അവന്റെ താല്പര്യം ആഗ്രഹമാക്കാൻ ശ്രമിച്ചു നോക്കി. ജോലിഭാരമില്ല, വെല്ലുവിളികൾ ഇല്ല. ചെറിയ ശാഖകളിലുള്ളത് പോലെ സാധാരണ നിക്ഷേപങ്ങളും വളരെ ചെറിയ വായ്പകളും മാത്രം അടങ്ങുന്ന ബിസിനസ്. സാധാരണയിൽകൂടുതൽ പ്രവാസികളും അവരുടെ പരിരക്ഷകളും നിറഞ്ഞ ശാഖ. ഫോറിൻ സാധനങ്ങൾ വിൽക്കാൻ കൂട്ടിയിട്ട കടകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും വാങ്ങാം.
അയാളും ഞാനും ഒരേ ബാച്ച് ഓഫിസർമാർ. ഒരു അന്യോന്യ സ്ഥലം മാറ്റത്തിനെതിരെ ബാങ്കിന് ഒരു ന്യായവും ഉണ്ടാകാൻ വഴിയില്ല. കൂടുതലും എന്റെ ആഗ്രഹവും ശുപാർശയും മാനിച്ചു വേണമെങ്കിൽ എന്നെ ആദേശം ചെയ്യാനായി അവിടെ വരാൻ തയ്യാറാകാൻ സമ്മതിക്കാൻ അവൻ സമ്മതിച്ചു.
തിരുവനന്തപുരത്തു സർക്കിൾ ഓഫീസിൽ പോയി അസിസ്റ്റന്റ് ജനറൽ മാനേജരെ ചെന്ന് കാണാൻ ഞങ്ങൾ തീരുമാനിച്ചു.
അസിസ്റ്റന്റ് ജനറൽ മാനേജർ വളരെ കർക്കശക്കാരനായിരുന്നുവെന്നു കേട്ടിരുന്നു. എന്നാലെന്താ ഒന്ന് അപേക്ഷിച്ചു നോക്കുന്നതിലെന്താ തെറ്റ്?
ഞാനും രവിയും മുൻകൂട്ടി തീരുമാനിച്ച് തിരുവന്തപുരത്തേക്കു ടിക്കറ്റ് ബുക്ക് ചെയ്ത് ഒരുമിച്ചു യാത്ര ചെയ്തു സർക്കിൾ ഓഫീസിലെത്തി അസിസ്റ്റന്റ് ജനറൽ മാനേജരുടെ ഓഫീസിൽ റിസെപ്ഷനിസ്റ്റിനെ കണ്ടു. പേരെഴുതി കൊടുക്കാൻ പറഞ്ഞു. ഞങ്ങൾ ഒരു തുണ്ടു കടലാസ്സിൽ രണ്ടു പേരും അവരവരുടെ ബ്രാഞ്ചും സ്ഥലം മാറ്റം വേണ്ട ബ്രാഞ്ചും എഴുതി കൊടുത്തു. റിസെപ്ഷനിസ്റ്റ് കടലാസെടുത്തു അകത്തു പോയി.
പിന്നെ കുറെ കാര്യങ്ങൾ വളരെ ആഹ്ളാദകരമായിരുന്നു.
റിസെപ്ഷനിസ്റ് പുറത്തു വരുന്നു, ആദരവും അതിശയവും ചേർത്ത് ഞങ്ങളെ നോക്കുന്നു, രണ്ടാളെയും അകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു, അകത്തു കടന്ന ഉടനെ എ ജി എം ഞങ്ങളോട് ഇരിക്കാൻ പറയുന്നു, കാര്യം ചോദിക്കുന്നു, ഞങ്ങൾ കാര്യം പറയുന്നു, അദ്ദേഹം അതെ കടലാസ്സിൽ എന്റെ പേരിൽ നിന്ന് ഒരു കുന്തം രവിയുടെ ബ്രാഞ്ചിന് നേരെയും രവിയുടെ പേരിൽ നിന്ന് ഒന്ന് കുമാരനെല്ലൂരിന്റെ നേരെയും വരയ്ക്കുന്നു, കടലാസ് കയ്യിൽ തന്നിട്ട് HR മാനേജർക്ക് കൊടുത്തോളു എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് കൈ കുലുക്കുന്നു.
അളവില്ലാത്ത സന്തോഷത്തോടെ പുറത്തു കടക്കുമ്പോഴാണ് എന്റെ ചുമലിൽ ആരോ കൈ തട്ടിയത്.
ഉറങ്ങിപ്പോയോ? ബാബു, നിങ്ങളെ വിളിക്കുന്നു. രവിയാണ്. കണ്ണ് തുറന്നു നോക്കിയപ്പോൾ റിസെപ്ഷനിസ്റ് എന്നെ അകത്തു ചെല്ലാൻ നിർദ്ദേശിക്കുകയാണ്. ഞാൻ രവിയെ കൂടെ വിളിച്ചു.
വേണ്ട നിങ്ങളോടാണ് വരൻ പറഞ്ഞത്, അവർ പറഞ്ഞു.
അല്ല മേഡം , ഞങ്ങൾ രണ്ടു പേരും ഒരേ കാര്യത്തിനാണ് വന്നത്.
അവർ സമ്മതിച്ചില്ല: നിങ്ങളെ വിളിക്കാനാണ് പറഞ്ഞത്.
ഞാൻ അകത്തു കടന്നു. വിശാലമായ മുറി. അങ്ങ് ദൂരെ നടുക്ക് എ ജി എം തിരക്കിട്ടു എന്തെല്ലാമോ ഒപ്പിട്ടു കൊണ്ടിരിക്കുകയാണ്. ഇടയ്ക്കു തല ഉയർത്തി എന്നെ നോക്കി ഇരിക്കാൻ ആംഗ്യം കട്ടി ഒപ്പു തുടർന്നു. ഞാൻ ഗുഡ് അഫ്റ്റർനൂൺ പറഞ്ഞു കസേരയെ നോവിക്കാതെ അതിന്റെ നടുവിൽ ഇരുന്നു. കസേരക്ക് രണ്ടു കയ്യുണ്ടെന്നത് ഞാൻ അറിഞ്ഞതേ ഇല്ല.
കുമരനല്ലൂർ. അദ്ദേഹം എന്റെ കടലാസിൽ നോക്കി വായിച്ചു. അവിടെ എന്താണ് പ്രശ്നം?
പ്രശ്നം ഒന്നും ഇല്ല സാർ.
ആർ യു കംഫർട്ടബിൾ വിത്ത് ദി മാനേജർ?
യെസ്. യെസ് ഓഫ് കോഴ്സ് സാർ.
പിന്നെ എന്തിനാണ് ട്രാൻസ്ഫർ?
ഞാൻ ഒരു ദയനീയ സ്ഥിതി അവതരിപ്പിച്ചു. ഇളയ സിസ്റ്റർക്കു വിവാഹാലോചന വന്നുകൊണ്ടിരിക്കുന്നു, അച്ഛന് പ്രായമായി, ഏകമകനായ ഞാൻ വേണം എല്ലാം കാര്യങ്ങളും ശ്രദ്ധിക്കാൻ.
അദ്ദേഹം അതിനിടക്ക് റിസെപ്ഷനിസ്റ് അവിടെ കൊണ്ട് വെച്ചിരുന്ന എന്റെ ഫയൽ തുറന്നു. മാര്യേജ് ലീവ് കഴിഞ്ഞു ജോയിൻ ചെയ്തില്ല അല്ലെ.
ഇല്ല സാർ. ലീവ് ഇനിയും ഉണ്ട്.
ജോയിൻ ചെയ്യൂ. ആ ബ്രാഞ്ചിന് ചുറുചുറുക്കുള്ള ചെറുപ്പക്കാരെയാണ് ആവശ്യം. നിങ്ങൾ ഓഫീസര്മാരിൽ നിന്ന് ബാങ്ക് ഏറെ പ്രതീക്ഷിക്കുന്നുണ്ട് അറിയാമോ?
അറിയാം സാർ.
ഗുഡ്. ബ്രാഞ്ചിൽ ജോയിൻ ചെയ്യൂ. ട്രാൻസ്ഫർ എല്ലാം വേണ്ട സമയത്തു വന്നു കൊള്ളും. നിങ്ങളെയെല്ലാം ഞങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. അർഹിക്കുന്നത് തീർച്ചയായും കിട്ടും. ഡോണ്ട് വറി. HR മാനേജരെ കണ്ടോളു.
അദ്ദേഹം എന്റെ ഫയൽ മടക്കി മാറ്റിവെച്ചു.
കൂടിക്കാഴ്ച അവസാനിച്ചെന്ന് എനിക്ക് മനസ്സിലായി. ഞാൻ പറഞ്ഞു. താങ്ക് യു സാർ.
ഓൾ ദി ബെസ്ററ്. അദ്ദേഹം ഒപ്പിടൽ തുടർന്നു. ഞാൻ പുറത്തു കടന്നു.
റിസെപ്ഷനിസ്റ് രവിയ വിളിക്കുന്നു. പുറത്തു നിൽക്കാം എന്ന് പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി, രവി അസിസ്റ്റന്റ് ജനറൽ മാനേജർ ക്യാബിനിലേക്കും.
അദ്ദേഹം പറഞ്ഞ വാചകങ്ങൾ ഒറ്റക്കൊറ്റക്ക് വളരെ വ്യക്തമായിരുന്നെങ്കിലും ആകെ മൊത്തം അതിന്റെ അർഥം എനിക്ക് മനസ്സിലായില്ല. ട്രാൻസ്ഫർ തരാമെന്നാണോ, തരില്ല എന്നാണോ?
വരുന്നതിലുണ്ടായ മെനക്കേടും ചെലവും വെറുതെയായോ? വേണ്ടില്ലായിരുന്നു എന്ന് തോന്നി.
രവി പുറത്തുവന്നപ്പോൾ മുഖം മ്ലാനമായിരുന്നു, ചിരിക്കു പകരം ഒരു ഇളിയാണ് പിന്നെ കണ്ടത്. ഞാൻ ചോദിച്ചു : എന്തായി? എന്തെങ്കിലും ഗുണമുണ്ടായോ?
ഒന്നുമില്ലിഷ്ടാ, പറ്റില്ലെന്ന് പറഞ്ഞു. എത്ര മണിക്കാണ് നമ്മുടെ വണ്ടി?
എന്നോട് HR മാനേജരെ കാണാൻ പറഞ്ഞു. പോകണോ? ഞാൻ രവിയുടെ അഭിപ്രായം ചോദിച്ചു.
എന്തിന് ? സാധ്യത ഉണ്ടെങ്കിൽ എന്നോടും പറയില്ലേ?
എന്റെ പരാജയഭീതി HR മാനേജരെ കാണാൻ എന്നെ അനുവദിച്ചില്ല. ഒന്നും വേണ്ട, സംഗതി കൂടുതൽ കുഴപ്പമാകുന്നതിനു മുൻപ് നാട് പിടിക്കാം. ഞങ്ങൾ തമ്പാനൂരേക്കു നീങ്ങി.
വിവാഹാവധി തീരുന്നതിനു മുൻപ് ഉത്തരവൊന്നും വന്നില്ല. കുമരനെല്ലൂരിൽ പോയി ജോലി തുടർന്നു. വീട്ടിൽ വരവ് പഴയതു പോലെ വാരാന്ത്യത്തിൽ.
ഒരു ഞായറാഴ്ച മിട്ടായി തെരുവിൽ വെച്ച് രവിയെക്കണ്ടു.
എന്റിഷ്ടാ വേണ്ടില്ലായിരുന്നു. എനിക്ക് കല്പറ്റ DIC യിലേക്ക് ട്രാൻസ്ഫർ. അവിടെ വീട് നോക്കണം. നിത്യം കേറി ഇറങ്ങാൻ പറ്റില്ല. ഞാൻ പോട്ടെ, പിന്നെ കാണാം.
അങ്ങനെ അവന്റെ കാര്യം തീരുമാനമായി.
HR മാനേജരെ കാണാതെ ഓടിയതുകൊണ്ടു ഞാൻ രക്ഷപ്പെട്ടു എന്ന് സമാധാനിച്ചു.
ഒരു ദിവസം നായക് സാർ നെറ്റി കൊണ്ട് ക്യാബിനിലേക്കു വിളിച്ചു. ഒരു കത്ത് കയ്യിൽ തന്ന് ഞാനതു വായിക്കുന്നത് കണ്ടാസ്വദിച്ച് , എന്നോട് ചോദിച്ചു: എന്തിനായിരുന്നു?
മുഖത്ത് പ്രതിഫലിച്ചില്ലെങ്കിലും ആ പരിഹാസം എനിക്ക് കാണാമായിരുന്നു.
എനിക്കൊരു ട്രാൻസ്ഫർ. വിടുതൽ കിട്ടിയ ഉടനെ പുതിയ ശാഖയിൽ ജോയിൻ ചെയ്യണം. പുതിയ ശാഖയിലേക്ക് കോഴിക്കോട്ടു നിന്ന് വെറും 90 കി..മി.
പോകുന്നുണ്ടോ? നായക് സാർ ചോദിച്ചു.
സാറിന്റെ അഭിപ്രായം എന്താണ്?
ഞാൻ എന്ത് പറയാൻ? കൂടുതൽ ബിസിനസ് ഉള്ള വലിയ ബ്രാഞ്ചാണ്. നിങ്ങളുടെ ഭാവിക്കു നല്ലതായിരിക്കും.
അങ്ങനെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തു ഒരു ട്രാൻസ്ഫർ. വീട്ടിൽ നിന്ന് 75 കി.മി. ഉള്ള കുമരനല്ലൂർ നിന്ന് 90 കി.മി. ദൂരമുള്ള കനറാ ബാങ്കിന്റെ കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപ്രദേശ ശാഖയിലേക്ക്.
വെളുക്കാൻ തേച്ചത് പാണ്ടായി, ഉള്ള കഷായം വിഷമായി.
83 ഏപ്രിൽ 1 നു ഞാനും രണ്ടു സുഹൃത്തുക്കളും കൂടി സ്ഥലത്തെത്തി. ജോയിൻ ചെയ്യലും താമസത്തിനുള്ള ഏർപ്പാട് ശരിയാക്കലും ആയിരുന്നു ലക്‌ഷ്യം. ലോകവിഡ്ഢി ദിനം. ഇവിടെ എന്റെ ഓലയിൽ എന്താണാവോ എഴുതിയിരിക്കുന്നത്?
Comments
Post a Comment