ദുശ്ശകുനം
ഒരു പെൺകുട്ടിയുടെ കൂടെ ലിഫ്റ്റിൽ കുടുങ്ങുന്നത് ശരിക്കും ഭാഗ്യക്കേടാണ്. ഒച്ചയും വിളിയും കൂട്ടി വേണ്ടപ്പെട്ടവരെയും ടെക്നിഷ്യനെയും ഒക്കെ തെര്യപ്പെടുത്തിയിട്ടും കുടുങ്ങിയ 30 മിനിറ്റ് അവൾ എന്റെ നേരെ നോക്കുകയോ തുല്യദുഃഖിതർക്കു പതിവുള്ള സംഭാഷണത്തിൽ ചേരുകയോ ഉണ്ടായില്ല.
ആയിരം തവണ അവൾ മച്ചിലേക്കു നോക്കി വിധിയെ പഴിച്ചിരിക്കും. ഞാൻ ഒരു ആജന്മശത്രു ആണെന്നതുപോലെ. ഞാൻ എന്തോ തെറ്റ് ചെയ്ത പോലെ ആയിരുന്നു അവളുടെ ഇടക്കുള്ള പാർശോന്മുഖകടാക്ഷങ്ങൾ. അതല്ലെങ്കിൽ, എന്റെ സാന്നിധ്യം അവൾക്ക് ദുശ്ശകുനമായി എന്നും ആ ദുശ്ശകുനം ആണ് ഇതിനൊക്കെ കാരണമെന്നും വിശ്വസിക്കുന്നുണ്ടായിരിക്കാം.
അവസാനം വാതിൽ തുറന്നപ്പോൾ ഒരു നല്ല വാക്ക് പറഞ്ഞു പിരിയാം എന്ന് കരുതി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു:
എല്ലായ്പ്പോഴും ഒരു തുടക്കം ഉണ്ടാവുമല്ലോ!
അവളുടെ മറുപടി ഒരു ശാസന പോലിരുന്നു : ചിലപ്പോഴൊക്കെ ഒരു ഒടുക്കവും ഉണ്ടാകും.
Comments
Post a Comment