പൂളപ്പീട്യയും ഡിക്‌ഷ്ണറിയും
പൂളപ്പീട്യയും ഡിക്ഷ്ണറിയും
എന്ത് ബന്ധമെന്നല്ലേ.
ഞാനും ശശിയും അന്ന് വൈകുന്നേരം കെട്ടിയ ചൂട്ടുകൾ വിറ്റു മടങ്ങുകയായിരുന്നു. ഗോവിന്ദൻച്ചന്റെ പീടികയിൽ നിന്ന് പൂള എന്ന് വിളിപ്പേരുള്ള കപ്പ (ജാതകപ്പേര് മരച്ചീനി) സേവിച്ചു മടങ്ങാമെന്നു കരുതി ഞങ്ങൾ കയറി. ഒന്നര ഇഞ്ചു വ്യാസവും മൂന്നു ഇഞ്ചു നീളവും ഉള്ള വൃത്തസ്തംഭം ആകൃതിയിൽ മഞ്ഞളിട്ട് സുന്ദരമായി പുഴുങ്ങി വെച്ച പൂള വഴിയിലൂടെ നടന്നു പോകരുന്നവരെ നോക്കി വിടർന്ന പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിക്കുന്ന രീതിയിലാണ് ചില്ലലമാരയിൽ വെച്ചിരിക്കുക.
മൃഷ്ടഭക്ഷണം കഴിഞ്ഞു കൈ കഴുകി കൗണ്ടറിൽ വന്നപ്പോൾ പാർസൽ വാങ്ങാൻ വന്ന ഒരു കുട്ടിക്ക് പൂള പൊതിഞ്ഞു കൊടുക്കുകയായിരുന്നു ഗോവിന്ദൻച്ചൻ. അച്ചടിയുള്ള ഒരു ചെറിയ പുസ്തകത്തിന്റെ പേജ് കീറിയാണ് അദ്ദേഹം പൂള പൊതിയുന്നത്. പുസ്തകം ഞാൻ എടുത്തു നോക്കി. പീപ്പിൾസ് പ്രോഗ്രസ്സിവ് ലേർണേഴ്സ് ഡിക്ഷ്ണറി.
ഈ പുസ്തകം തര്വാ ? ഞാൻ ഇതിലും വലിയത് തരാം പൊതിയാൻ. ഞാൻ ചോദിച്ചു.
എവിടെ? അദ്ദേഹം വലിയ പുസ്തകത്തിന് വേണ്ടി എന്റെ താഴ്ത്തിയിട്ട കയ്യിലേക്ക് നോക്കി.
ഞാൻ പറഞ്ഞു: ഇപ്പൊ എത്തിക്കാം.
ഞാൻ സഞ്ചിയും മണ്ണെണ്ണക്കുള്ള കുപ്പിയും ശശിയുടെ കയ്യിലേൽപിച്ചു പറഞ്ഞു: എടാ നീ ഇവിടെ നിക്ക് പൈസ കൊടുക്ക്. ഞാൻ ഒറ്റ ഓട്ടത്തിന് വരാം.
കാര്യം എന്താണെന്ന് അറിയാതെ നിന്ന ശശിയെ ശ്രദ്ധിക്കാതെ ഞാൻ ഓടി. ഒറ്റക്കാവുമ്പോൾ ഓട്ടം തന്നെയാണ് അന്നത്തെ യാത്രാരീതി. സാവധാനം നടക്കുക എന്ന ധൂർത്ത് കൂടെ വല്ലവരും ഉണ്ടാകുമ്പോഴോ തലയിൽ ഭാരമുള്ള സഞ്ചി ഉണ്ടാകുമ്പോഴോ മാത്രം.
നേരെ ബേപ്പൂർ റോഡ് ക്രോസ്സ് ചെയ്തു തട്ടാന്റെ ഇടവഴിയിലൂടെ ഓടി റെയിൽ കടന്നു പുതിയ നിരത്തിലൂടെ ഓടി ഇടവഴിയും കടന്നു വീട്ടിന്റെ കോലായിൽ കേറിയേ നിന്നുള്ളൂ. നേരെ അകത്തേക്ക് പാഞ്ഞ എന്നെ നോക്കി 'അമ്മ ചോദിച്ചു: എന്തേയ് ? ചിമ്മിണി എവിടെ?
ഞാൻ അകത്തു കേറി മുൻപത്തെ കൊല്ലത്തെ 200 പേജ് ഉള്ള രണ്ടു നോട്ടു ബുക്ക് എടുത്തു. വിശദീകരണമൊന്നും കൊടുക്കാൻ ശ്രമിക്കാതെ തിരിച്ചോടി. പൂളപ്പീടികയിൽ കൂടുതൽ പാർസൽ കച്ചവടം നടക്കരുതേ എന്നായിരുന്നു പ്രാർത്ഥന. തിരിച്ചു ഗോവിന്ദൻച്ചന്റെ കടയിലെത്തിയപ്പോൾ ശശി അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ നോട്ട് ബുക്ക് ഗോവിന്ദൻച്ഛന് കൊടുത്തു. അയാൾ അത് തിരിച്ചും മറിച്ചും നോക്കി. എന്നിട്ടു ഡിക്ഷണറി എടുത്ത് എനിക്ക് തന്നു. സംശയം കലർന്ന ഒരു അതിശയം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു. ഇതെന്തിനാ? അദ്ദേഹം ചോദിച്ചു.
ഞാൻ പുസ്തകം തുറന്നു നോക്കി. R മുതൽ U വരെ ഉള്ള ഭാഗത്ത് അകെ ഒന്നോ രണ്ടോ പേജ് മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കി എല്ലാം പാർസലിന്റെ കൂടെ പോയിക്കാണും. ഇംഗ്ലീഷിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ള അക്ഷരം E ആണെന്നുള്ള അറിവ് വെച്ചുകൊണ്ട് ഞാൻ E ഉള്ള ഭാഗം നോക്കി. ദൈവാധീനം. അത് മുഴുവനും ഉണ്ട്. Each മുതൽ Ezra വരെ. വേറെ ഇടക്കൊന്നും പേജ് നഷ്ടപ്പെട്ടിട്ടില്ല.
ഇത് ഡിക്ഷണറി ആണ് വളരെ ഉപയോഗമുള്ള പുസ്തകം, ഞാൻ പറഞ്ഞു. ഗോവിന്ദൻച്ഛന് എന്തെങ്കിലും മനസ്സിലായോ എന്നറിഞ്ഞില്ല.
പോരാൻ തിരിഞ്ഞ എന്നോട് ഗോവിന്ദൻച്ചൻ പറഞ്ഞു: നിക്ക്. അദ്ദേഹം ഞാൻ കൊടുത്ത നോട്ട് ബുക്കിൽ നിന്ന് ഒരേട് കീറി. ഒരു യൂണിറ്റ് പൂള എടുത്തു പൊതിയുമ്പോൾ ശശിയെ നോക്കി. പൊതി തുറന്നു ഒരു യൂണിറ്റ് കൂടി വെച്ച് പൊതിഞ്ഞിട്ടു പറഞ്ഞു: കൊണ്ട് പൊയ്ക്കോ, രണ്ടാളും എടുത്തോളി.
അങ്ങനെ ഞാൻ സാധാരണ പാഠപുസ്തകങ്ങൾക്കു പുറമെ ഒരു നിഘണ്ടുവിന്റെയും ഉടമസ്ഥനായി. 75 ൽ TBS ൽ നിന്ന് 35 രൂപയ്ക്കു വാങ്ങിയ ചേംബേഴ്സ് ഡിക്ഷണറി , 84 ൽ റീഡേഴ്സ് ഡൈജസ്റ്റിൽ നിന്ന് വരുത്തിച്ച 500 രൂപയുടെ യൂണിവേഴ്സൽ ഡിക്ഷ്ണറി എന്നിവകൾക്കിടയിൽ എന്റെ ബാർട്ടർ സിസ്റ്റത്തിൽ കൈവശമാക്കിയ ലെർണേഴ്സ് ഡിക്ഷ്ണറിയും വിരാജിക്കുന്നു, എന്റെ അലമാരയിൽ, ഇല്ലാത്ത പേജുകളെപ്പറ്റി ഒരു കൂസലുമില്ലാതെ.
Comments
Post a Comment