ഒരു ഉത്തരവുണ്ടാക്കിയ തൊന്തരവ്
തലശ്ശേരി ശാഖയിൽ ജോലിയും ജീവിതവും സുഖമായിരുന്നു. ഓഫീസിൽ എല്ലാവരുടെയും സൗഹൃദം. ബാലസാഹിത്യകാരനായ മാനേജരുടെ ഒരുപാടു വായിക്കുന്ന ഒരു സഹൃദയനോടുള്ള പ്രത്യേക വാത്സല്യം. ആവശ്യത്തിന് ഓഫീസർമാരും ക്ലർക്കുമാരും ഉള്ളതുകൊണ്ട് അഞ്ചുമണിക്കപ്പുറത്തേക്ക് തുളുമ്പിയിറങ്ങാത്ത ജോലി. ഓഫീസിൽ നിന്നിറങ്ങിയിൽ സ്റ്റേറ്റ് ബാങ്ക് ശാഖയിലെ സുഹൃത്തുക്കളുമായി അവരുടെ ഗ്രൗണ്ടിൽ ഷട്ടിൽ കളി. അതല്ലെങ്കിൽ ചിറക്കര താമസ സ്ഥലത്തെത്തി അകായിലെ മറ്റു അവിവാഹിതരുമായി ചേർന്ന് ഉത്സാഹദായകമായ ചീട്ടുകളി. ഒരുമിച്ചുള്ള ഭക്ഷണാർത്ഥയാത്ര.
ശനിയുച്ചകളിൽ കോഴിക്കോട്ടേക്ക് KSRTC യിൽ ജനലടുപ്പിച്ചിരുന്ന് അർദ്ധസുഷുപ്തിയിലൊരു യാത്ര.
നല്ല നാളുകളുടനേ തീരും തീർച്ച. 79 ഫെബ്രുവരിയിൽ ജോയിൻ ചെയ്ത എനിക്ക് 2 മാസം കൊണ്ട് സ്ഥലം മാറ്റം.
ലക്ഷ്യം പയങ്ങാടി എന്ന പഴയങ്ങാടി. കോഴിക്കോട്ടു നിന്ന് രാവിലെ 6 മണിക്കുള്ള CWMS ബസ് പിടിച്ചു 9.30 ന് മുട്ടം സ്റ്റോപ്പിലിറങ്ങി എരിപുരം വരെ നടന്നാൽ ഇടതു ഭാഗത്തു കാണാം, എന്തെ എന്ന് ചോദിച്ചു കൊണ്ട് ശാഖ.
പ്രദേശം കണ്ട് ഇവിടെ ഒരു ബാങ്ക് ശാഖക്ക് മാത്രം സാമ്പത്തികപ്രക്രിയകൾ നടക്കുന്നുണ്ടോ എന്ന് സംശയം. ഒരു ചെറിയ പരിസരം. ചായ അടുത്തുള്ള ഒരു വീട്ടിലെ കുടിൽവ്യവസായത്തിന്റെ കരുണ. നേരെ എതിരിൽ കണാരന്റെ നിരപ്പലകകൾ ഉപയോഗിച്ച് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന പീട്യയിൽ പൊരിച്ച എളമ്പക്ക വിൽക്കാൻ വേണ്ടി ഉണ്ടാക്കുന്ന ഊണ്. എളമ്പക്കക്കാണ് വില. ചോറും കറിയും അത് വാങ്ങുമ്പോഴുള്ള ഫ്രിഞ്ജ് ബെനിഫിറ്റ്‌സ്.
വൈകീട്ട് 4 : 30 നാണ് പയ്യന്നൂർക്കുള്ള അവസാന ബസ്. അത് പിടിക്കുന്നതിൽ പിഴവ് വന്നാൽ, ജീപ്പ് തേടണം.
താമസം ആയിരുന്നു കൂടുതൽ കഷ്ടം. 17 കി.മി. അകലെ പയ്യന്നൂരിൽ. മൂട്ട താഴോട്ടും കൊതുകു മേലോട്ടും കടിച്ചു വലിക്കുന്ന ഒറ്റക്കിടക്കായുള്ള ചെറിയ ഒരു മുറി.
വേറെയും തുല്യദുഃഖിതരുണ്ടായിരുന്നു എന്നത് മാത്രമാണ് സമാധാനം. വർഗീസ് പറഞ്ഞതുപോലെ, കൂട്ടുണ്ടെങ്കിൽ നരകത്തിലും പോകാൻ തയ്യാർ.
ശനിയുച്ചകളിൽ മാനേജരുടെ മൗനസമ്മതത്തോടെയും അനുഗ്രഹാശിസ്സുകളോടെയും ഉച്ചക്ക് ഒരു മണിക്ക് തന്നെ ഇറങ്ങി ബസ് പിടിച് രണ്ടരയോടെ കണ്ണൂർ ബസ് സ്റ്റാൻഡിൽ. ഇറങ്ങി റെയിൽ ചാടി കടന്നു വന്നാൽ 3 മണിക്ക് പോകുന്ന വണ്ടി പ്ലാറ്റഫോമിൽ. അഞ്ചര മണിക്ക് കോഴിക്കോട്ട്. ആറിന് വീട്ടിൽ. ആറരക്ക് നിരത്തിൽ സുഹൃദ് സംഗമവേദിയിൽ. വാരാന്ത്യത്തിന്റെ ആരംഭം.
പ്രൊബേഷൻ കാലത്ത് ഓരോ ശാഖയിലും രണ്ടു മാസം എന്ന ഒരു പതിവ് ഉണ്ടായിരുന്നതുകൊണ്ട് അത്തരക്കാർക്ക് എന്തെങ്കിലും കാര്യപ്പെട്ട ജോലി കൊടുക്കാൻ മാനേജർമാർ മടിക്കും. എങ്ങാനും പെട്ടെന്ന് ട്രാൻസ്ഫർ വന്നാലോ? അതുകൊണ്ടു ഞാൻ ഞാൻ മിക്കദിവസങ്ങളിലും ലീവ് എടുക്കുന്നവരുടെ പകരക്കാരനായി. ആരും ലീവ് എടുക്കാത്ത ദിവസം ലോൺ കുടിശ്ശിക വരുത്തുന്നവർക്കു നോട്ടീസ് അയക്കുക, ടാലി ആകാതെ കിടക്കുന്ന അക്കൗണ്ടുകൾ ടാലി ആക്കുക, തപാൽ ക്ലർക്കിനെ സഹായിക്കുക മുതലായ ചെറിയ ജോലികൾ. തീർന്നില്ലെങ്കിലും , കുറച്ചു തെറ്റിപ്പോയാലൂം അപകടമില്ലാത്തവ. കഷ്ടപ്പെട്ട് പരീക്ഷ എഴുതി പാസ്സായി ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ മുതലായ കടമ്പകൾ കടന്നു ഓഫീസറായതിന്റെ വില അംഗീകരിക്കാത്ത ചുമതലകൾ. അകെ മൊത്തം മധുരവും കടുപ്പവും ഇല്ലാത്ത തണുത്ത ചായ കുടിച്ച ഒരു പ്രതീതി. ഒരു മടുപ്പ്.
ആറു ആഴ്ച കഴിഞ്ഞപ്പോൾ പയ്യന്നൂർ ശാഖയിൽ ക്യാഷ് കൊണ്ട് വരാൻ പോയ സഹപ്രവർത്തകൻ ഒരു ശുഭവാർത്ത കൊണ്ട് വന്നു. എനിക്ക് അവിടെ നിന്ന് മോക്ഷം. ട്രാൻസ്ഫർ ആയിരിക്കുന്നു. എങ്ങോട്ടാണെന്ന് അയാൾ പറഞ്ഞില്ല. കൂടുതൽ അന്വേഷിച്ചപ്പോൾ അറിഞ്ഞു, ഉത്തരവ് വന്നിരിക്കുന്നത് എന്റെ ട്രാൻസ്ഫർ പയ്യന്നൂർ ശാഖയിൽ നിന്ന് തലശ്ശേരി ശാഖയിലേക്കാണ്. ഹെഡ് ഓഫീസിൽ ഏതോ ഒരുവന് പയങ്ങാടിയും പയ്യന്നൂരും ഒന്നായി തോന്നിയിട്ടുണ്ടാകും. പയ്യന്നൂർ എത്തിയ ഉത്തരവ് അവരെവിടെയോ ഇട്ടു. ഇല്ലാത്ത ഒരാളെ എങ്ങനെ സ്ഥലം മാറ്റും?.
തലശ്ശേരിക്കാണ് മാറ്റം എന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. ഞാൻ ഉടനെ തലശ്ശേരിക്ക് വിളിച്ച് ചിറക്കരയിലെ ഞാൻ മുൻപ് താമസിച്ച സ്ഥലം തന്നെ വീണ്ടും കിട്ടുമോ എന്നന്വേഷിച്ചു. എന്റെ മുറി ആരോ കയ്യിലാക്കി. പക്ഷെ വേറെ ഒരു മുറി കാലിയുണ്ട്. അത് ധാരാളം.
പക്ഷെ പയ്യന്നൂർ ശാഖാ മാനേജർക്ക് വന്ന ഉത്തരവിന്മേൽ പയങ്ങാടി ശാഖാ മാനേജർക്ക് നടപടി എടുക്കാൻ പറ്റുമോ? വല്ലാത്തൊരു പണി ആയിപ്പോയി ഹെഡ് ഓഫീസ് ചെയ്തത്. അനുകമ്പ തോന്നിയ മാനേജർ എന്നെ സമാധാനിപ്പിച്ചു. നമുക്ക് ഉത്തരവ് തിരുത്തി വാങ്ങിക്കാൻ പയ്യന്നൂർ മാനേജരോട് പറയാം. അതിനു ശേഷം ശരിയായ ഉത്തരവ് പയങ്ങാടി ശാഖയിൽ എത്തുമ്പോൾ എന്നെ റിലീവ് ചെയ്യാം. അത് വരെ ജോലിയിൽ ശ്രദ്ധിക്കുക, പറ്റുന്നത്ര പഠിക്കുക.
എന്ത് പറയാൻ? ഭാഗ്യദോഷം. വൈകിയാൽ വേറെ വല്ലേടത്തേക്കും ട്രാൻസ്ഫർ വരാം. തലശ്ശേരിയിലെ സുഖജീവിതം ഒരാവൃത്തി കൂടി നുണയാനുള്ള ആഗ്രഹം വായുവിൽ തൂങ്ങി.
സൂപ്പർവൈസർ ഈശ്വരൻ സാർ എന്നെ സഹായിച്ചു. അയാൾ മാനേജരോട് ശുപാർശ ചെയ്തു. ഒന്നും നോക്കേണ്ടെന്നേ, പയ്യന്നൂർക്കു വന്ന ഉത്തരവിന്റെ ഒരു കോപ്പി വാങ്ങി അതിന്റെ ബലത്തിൽ റിലീവ് ചെയ്യാവുന്നതേ ഉള്ളൂ. മാനേജർ ഒന്നും പറഞ്ഞില്ല. ഏതായാലും ഉത്തരവിന്റെ ഒരു കോപ്പി അയക്കാൻ പയ്യന്നൂരെക്കു വിളിച്ചു പറഞ്ഞു.
മാനേജർ കാബിനിൽ ഒറ്റക്കിരിക്കുന്ന സമയം നോക്കി ഞാൻ വിനയാന്വിതനും പച്ചപ്പാവവും ആയി അങ്ങേയറ്റം ദയനീയമായി അദ്ദേഹത്തെ സമീപിച്ചു.
എന്താ ബാബു, ഇരിക്കൂ.
വേണ്ട സാർ ഞാൻ നിന്നോളാം. സാറിന് തിരക്കായിരിക്കും, എനിക്കും കുറച്ചു കത്തുകൾ അയച്ചു തീർക്കേണ്ടതുണ്ട്.
പറഞ്ഞോളൂ.
ഇയ്യിടെയായി അച്ഛന് വലിയ സുഖമില്ല. മിക്ക ദിവസവും ആസ്പത്രിയിൽ പോകേണ്ടി വരുന്നുണ്ട്. തലശ്ശേരിയിലേക്കുള്ള ട്രാൻസ്ഫർ സാധ്യമായാൽ വേണ്ടി വന്നാൽ ദിവസവും വീട്ടിൽ പോകാം.
ആകട്ടെ റിലീവ് ചെയ്യാം. കുറച്ചു വെയിറ്റ് ചെയ്യാമല്ലോ, അല്ലെ?
ചെയ്യാം സാർ.
ഓക്കെ എന്ന് പറഞ്ഞു മാനേജർ കൂടിക്കാഴ്ച അവസാനിപ്പിച്ചു.
പക്ഷെ എന്റെ ഉദ്ദേശ്യലക്ഷ്യം നടക്കാത്ത പോലെ. വാതിലിനടുത്തെത്തിയ ഞാൻ തിരിഞ്ഞു ചോദിച്ചു. സാർ, ഈ ശനിയാഴ്ച എന്നെ റിലീവ് ചെയ്യാൻ പറ്റുമോ?
മാനേജർ കലണ്ടറിൽ നോക്കി. തന്നിരിക്കുന്ന ജോലി എന്തെങ്കിലും പെൻഡിങ് ഉണ്ടോ? , അദ്ദേഹം ചോദിച്ചു.
കടവും കുടിശ്ശികയും ഉള്ളവർക്ക് നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ് സാർ. അത് തുടർന്നുകൊണ്ടേ ഇരിക്കും. (ബാങ്കും ശാഖയും ഉള്ളേടത്തോളം എന്ന് ഞാൻ പറഞ്ഞില്ല. അത്തരം വാക്കുകൾക്ക് ഒരു ഋണധ്വനി ഉണ്ടല്ലോ).
ശരി. കഴിയുന്നേടത്തോളം തീർത്തോളൂ. ജൂൺ രണ്ടിന് റിലീവ് ചെയ്യാം.
അത് മതി, ധാരാളം മതി. ഞാൻ മനസ്സിൽ പറഞ്ഞു. മാനേജരോട് നന്ദി പറഞ്ഞു ഞാൻ പുറത്തു കടന്ന് സീറ്റിൽ പോയി ഇരുന്ന് ലോൺ ലെഡ്ജർ തുറന്നു ഓരോ പാവങ്ങളെ തിരഞ്ഞു പിടിച്ചു കാർഡിടാൻ തുടങ്ങി : ആയതു കൊണ്ട് താങ്കൾ എത്രയും വേഗം കുടിശ്ശിക തുക അടക്കേണ്ടതും ജപ്തി മുതലായ നിയമ നടപടികൾ ഒഴിവാക്കേണ്ടതുമാണ്....
പിറ്റത്തെ വെള്ളിയാഴ്ച മാനേജരുടെ മുൻപിൽ ചെന്ന് ഓച്ഛാനിച്ചു. തലയുയർത്തി നോക്കിയ മാനേജരോട് പറഞ്ഞു: സാർ നാളെ റിലീവ് ചെയ്യുന്നുണ്ടെങ്കിൽ ഹോട്ടൽ മുറി ഒഴിഞ്ഞു ബാഗ് എടുത്തിട്ട് വരാമായിരുന്നു. ഇവിടെ നിന്ന് നേരെ പോകാമല്ലോ.
ശരി, ആയിക്കോട്ടെ. ഞാൻ നാളെ കണ്ണൂർ ആയിരിക്കും. രാവിലെ റിലീവിങ് ഓർഡർ ടൈപ്പ് ചെയ്യാൻ നാരായണസ്വാമിയോട് പറഞ്ഞോളൂ, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഈശ്വരനോട് (സൂപ്പർവൈസർ) പറഞ്ഞാൽ മതി. അദ്ദേഹം ഇൻചാർജ് എന്ന നിലക്ക് എനിക്ക് പകരം ഒപ്പിട്ടോളും.
സമാധാനമായി. ഹോട്ടലിലെ പാർട്ടിക്ക് ഇന്ന് കൊഴുപ്പേറും.
ശനിയാഴ്ച രാവിലെ നേരത്തെ എണീറ്റു, ഡ്രെസ്സും പുസ്തകങ്ങളും ഷീറ്റുകളും പാക്ക് ചെയ്തു ബാഗിലാക്കി. ഹോട്ടലിലെ ബില്ല് സെറ്റിൽ ചെയ്തു. അടുത്ത സുഹൃത്തുക്കളോട് യാത്ര പറഞ്ഞു. ശാഖയിൽ എത്തിയപ്പോൾ ഈശ്വരൻ സാർ വന്നിട്ടില്ല.
അദ്ദേഹം എത്തിയ ഉടനെ റിലീവിങ് ഓർഡറിനെ പറ്റി ഓർമിപ്പിച്ചു. അദ്ദേഹം നാരായണസ്വാമിയെ വിളിച്ചു റിലീവിങ് ഓർഡർ ടൈപ്പ് ചെയ്യാൻ പറഞ്ഞു.
നാരായണസ്വാമിക്ക് വയ്യ. വലത്തേ കയ്യിന്റെ ചെറിയ വിരലിനൊരു വേദന. അയാൾ എന്നോട് പറഞ്ഞു : നല്ല വേദനയുണ്ട്, ഒന്നും വിചാരിക്കരുത്. എന്ത് വിചാരിക്കാൻ, അയാൾ ടൈപ്പ് റൈറ്ററിലെ കീകൾ അമർത്തുന്നത് വലത്തേ കയ്യിന്റെ ചെറിയ വിരലുകൊണ്ടാണെന്നോ?
ചെറിയ ശാഖയാണ്, ടൈപ്പിസ്റ്റ് ഇല്ല. മിക്ക കത്തുകളും മാനേജർ തന്നെയാണ് ടൈപ്പ് ചെയ്യുക. നാരായണസ്വാമി ക്ലാർക്ക് ആണ്, ടൈപ്പ് ചെയ്യാൻ നിർബന്ധിക്കാൻ വയ്യ. സ്വാമിയും മാനേജരും ആയി എന്തോ ഉടക്കുണ്ട്. നാടായ ആലപ്പുഴയ്ക്ക് സ്ഥലം മാറ്റത്തിന് കൊടുത്ത അപേക്ഷയിൽ മാനേജർ ശക്തമായ ശുപാർശ ചേർത്തില്ല. അതാണ് വേദനയുടെ കാരണം.
ഞാൻ ഈശ്വരൻ സാറിനോട് ചോദിച്ചു: സാർ പേന കൊണ്ടെഴുതിയാൽ പോരെ.
ഹെഡ് ഓഫീസിൽ കോപ്പി പോകാനുള്ളതല്ലേ?
സാർ കോപ്പി വെച്ച് വ്യക്തമായി എഴുതിക്കൊള്ളാം, ഞാൻ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു.
ഞാൻ പയ്യന്നൂർ ശാഖക്കും, തലശ്ശേരി ശാഖക്കും, ഹെഡ് ഓഫീസിലെ എച് ആർ വകുപ്പിനും, പയങ്ങാടി ശാഖയിലെ 8-HO എന്ന ഫൈലിലേക്കും, അനാമത്ത് ഫൈലിലേക്കും എനിക്കും ചേർത്ത് അകെ 6 കോപ്പി ബോൾ പെൻ എഴുത്താണി പോലെ അമർത്തിപ്പിടിച്ചു സ്ഥലം മാറ്റ ഉത്തരവ് എഴുതിയുണ്ടാക്കി ഈശ്വരസന്നിധിയിൽ സമർപ്പിച്ചു.
അവിടെയും ഒരു തൊന്തരവ്. അന്ന് എന്നെ സപ്പോർട്ട് ചെയ്ത ആൾക്ക് ഇപ്പോൾ ഒപ്പിടാൻ നേരത്തു ഒരു സംശയം. ബാബു , ഇത് ഞാൻ തന്നെ ഒപ്പിടണോ ?
അദ്ദേഹത്തിന്റെ വാത്സല്യം ചൂഷണം ചെയ്തുകൊണ്ട് ഞാനൊരു തമാശ പറഞ്ഞു: എന്റെ സ്ഥലം മാറ്റ ഉത്തരവ് ഞാൻ തന്നെ ഒപ്പിട്ടാൽ ആരും സ്വീകരിക്കില്ല സാർ. എനിക്ക് പവർ ഓഫ് അറ്റോർണി കിട്ടിയിട്ടില്ല.
അല്ല, ഹെഡ് ഓഫീസ് ഉത്തരവ് പയ്യന്നൂർക്കല്ലേ? നമുക്ക് മാനേജർ വന്നിട്ട് ഒന്ന് കൂടെ വ്യക്തത വരുത്തിയിട്ട് തിങ്കളാഴ്ച ഒപ്പിട്ടാൽ പോരെ?
സാർ, ഇന്ന് റിലീവിങ് ഓർഡർ കിട്ടുമെന്ന് കണക്കാക്കി ഞാൻ എല്ലാ ഒരുക്കങ്ങളും നടത്തി. ഹോട്ടൽ മുറി ഒഴിഞ്ഞു. എന്റെ ലെഗേജ് സാർ കണ്ടില്ലേ? (ഇനിയൊരു പാർട്ടിങ് പാർട്ടി നടത്താൻ സാമ്പത്തികം ഇല്ല)
ഇനിയും തടസ്സം വന്നാൽ ഞാൻ കരയും എന്ന് സാക്ഷാൽ ഈശ്വരന് തോന്നിയിരിക്കും. അദ്ദേഹം ഈശ്വരൻ സാറിൻറെ മനസ്സലിയിപ്പിച്ചു. കൃത്യം ഒരു മണിക്ക് എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ പയങ്ങാടി ശാഖയെ അവസാനനോട്ടം നോക്കി ബസ് സ്റ്റോപ്പിലേക്ക് നടന്നു.
തിങ്കളാഴ്ച രാവിലെ വീണ്ടും തലശ്ശേരിയിൽ. ഞാൻ കൈ കൊണ്ടെഴുതിയ എന്റെ സ്ഥലം മാറ്റ ഉത്തരവ് ഷേണായ് സാറിന്റെ കയ്യിൽ കൊടുത്തു. മാനേജർ എത്തിയിട്ടില്ല. ഷേണായ് സാർ തമാശയാക്കിയതാണോ എന്നറിയില്ല, അദ്ദേഹം അത് സ്വീകരിക്കാൻ ആദ്യം വിസമ്മതിച്ചു.
ഇവിടെ ഒരു കത്തും കിട്ടിയിട്ടില്ല. നിങ്ങൾ സ്വയം എഴുതിയുണ്ടാക്കിയ ഉത്തരവുമായി വന്നാൽ എങ്ങനെ ജോയിൻ ചെയ്യാൻ സമ്മതിക്കും? തന്നെയുമല്ല നിങ്ങളുടെ എഴുത്തിൽ തന്നെ പറയുന്നത് പ്രകാരം ഉത്തരവ് പയ്യന്നൂർക്കാണ്. ഇതിൽ പയ്യന്നൂരിന്റെ നിലപാട് നോക്കണ്ടേ?
കുറച്ചു വിചാരണകളും അന്വേഷണങ്ങളും കഴിഞ്ഞപ്പോൾ മാനേജർ നരേന്ദ്രനാഥ് സാർ വന്ന് കാര്യം സെറ്റിൽ ആക്കി. ഞാൻ രണ്ടാം വട്ടം തലശ്ശേരി ശാഖയിലെഉദ്യോഗസ്ഥനായി. വീണ്ടും ചിറക്കര വാസി ആയി.
Comments
Post a Comment