ഉപായവും അപായവും
എന്റെ ഒരു പഴയ സൗഹൃദം തിരിച്ചു കിട്ടി. മോഹനനോടൊപ്പം കുറെ നല്ല ഓർമകളും അവൻ പറഞ്ഞ ഒരു കഥയും മനസ്സിൽ വീണ്ടും വന്ന് സ്ഥാനം പിടിച്ചു.
എഴുപത്തൊൻമപത് ഒക്ടോബറിൽ ഞാൻ ഒരു ദിവസം കുമരനെല്ലൂർ ബ്രാഞ്ചിൽ ജോയിൻ ചെയ്തു. സുഹൃത്തുക്കളെ കൂട്ടി ഒരു വെള്ളിയാഴ്ചയാണ് പോയത്. അന്ന് മാനേജരെ പരിചയപ്പെട്ടു മടങ്ങി. പിറ്റേ ദിവസം
ശനിയാഴ്ച ആയതുകൊണ്ട് 2 മണിക്ക് ബ്രാഞ്ചിൽ നിന്നിറങ്ങി ഒരു താമസ സ്ഥലത്തിന് വേണ്ടി അന്വേഷിച്ചു.
സഹ ഉദ്യോഗസ്ഥൻ ഗോപാലന്റെ സഹായത്തോടെ മുന്നിൽ റോഡിൻറെ മറുവശത്തു ഒരു കടയുടെ മുകളിൽ ഒരു മുറി കിട്ടി. വലിയ മുറി, ഒരു കട്ടിൽ ഉടമസ്ഥന്റെ വക ഫ്രീ. അപേക്ഷയുടെ ഫലമായി ഒരു മേശയും കസേരയും കൂടെ കിട്ടി.
അത്രയും ഉറപ്പിച്ച ശേഷം ഞാൻ കോഴിക്കോട്ടേക്ക് തിരിച്ചു പൊന്നു.
കോഴിക്കോട്ടു വെച്ച് മോഹനനെ കണ്ടു. അവൻ കോട്ടക്കൽ ഒരു സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ജോലി ചെയ്യുന്നു. ലോഗ്യം പറച്ചിലിനിടക്ക് , ഇടയ്ക്കു കോട്ടക്കൽ ബസ് സ്റ്റാൻഡിനു മുന്നിലുള്ള അവന്റെ വാടകമുറി സന്ദർശിക്കാൻ അവൻ ക്ഷണിച്ചു. ഒരിക്കൽ പോയ ഓര്മ ഉണ്ട്.
തിങ്കളാഴ്ച രാവിലെ ഞാൻ ഒരു സ്യുട് കേസിൽ ഒരാഴ്ചത്തേക്ക് അത്യാവശ്യം വേണ്ട വസ്ത്രങ്ങളും മറ്റു ഉപാധികളും എടുത്തു ഗുരുവായൂർ ബസ് കയറി, ഒൻപതേ കാലിനു കുമരനെല്ലൂർ ഇറങ്ങി ബ്രാഞ്ചിൽ ഹാജരായി ഒരു പുതിയ ജീവിതം ആരംഭിച്ചു.
വൈകുന്നേരം ബ്രാഞ്ച് ക്ലോസ് ചെയ്തു മാനേജർ അയാളുടെ ക്വാർട്ടേഴ്സിലേക്കും മറ്റു ഉദ്യോഗസ്ഥർ അവരവരുടെ താമസ സ്ഥലത്തേക്കും പോയപ്പോഴാണ് ഒറ്റക്കായതിന്റെ വിരസത മെല്ലെ അനുഭവപ്പെടാൻ തുടങ്ങിയത്. ഞാൻ കെട്ടിടത്തിന്റെ കോണി കയറി മുറി തുറന്നു കയ്യിലുള്ള സ്യുട് കേസ് മേശമേൽ വെച്ചു. എന്തോ അസ്വസ്ഥത. മുറി ഇത്രയ്ക്കു വൃത്തികേടാണെന്ന് ഇന്നലെ ശ്രദ്ധിച്ചിരുന്നില്ല, ഒരല്പം വെള്ളമെങ്കിലും കിട്ടാൻ താഴെ ഇറങ്ങി പോകണം. അടുത്തടുത്തുള്ള മുറികളിലെല്ലാം കൂട്ടിനാളെ കിട്ടുമെന്നാണ് കരുതിയിരുന്നത്. മെല്ലെ മെല്ലെ മനസ്സിലായി അതെല്ലാം ഒഴിഞ്ഞു കിടക്കുകയാണെന്ന്. ഇവിടെ എങ്ങനെ രാത്രി കഴിയും?
ഞാൻ മുറി പൂട്ടി താക്കോലെടുത്തു താഴെ ഇറങ്ങി. എടപ്പാളിലേക്കുള്ള ഒരു ജീപ്പ് ആളെ വിളിക്കുന്നുണ്ടായിരുന്നു. അതിൽ കയറി എടപ്പാളിൽ ഇറങ്ങി. അവിടെ നിന്ന് കോട്ടക്കലെത്താൻ എന്താണ് വഴി എന്നന്വേഷിച്ചു. നേരിട്ട് കോഴിക്കോട്ടേക്ക് ബസ് കിട്ടും അതിൽ പോയാൽ ചങ്കുവെട്ടി ഇറങ്ങി കോട്ടക്കലിലേക്കു വേറെ ബസ് പിടിക്കുകയോ നടക്കുകയോ ചെയ്യാം. അല്ലെങ്കിൽ, ഏതെങ്കിലും ബസിൽ കുറ്റിപ്പുറത്ത് പോയാൽ അവിടെ നിന്ന് കോട്ടക്കൽ ബസ് സ്റ്റാൻഡിലേക്ക് ബസ് കിട്ടും.
ഞാൻ രണ്ടാമത്തെ മാർഗം സ്വീകരിച്ച് കോട്ടക്കൽ ബസ് സ്റ്റാൻഡിൽ ഇറങ്ങി പണ്ട് പോയ ഓര്മ വെച്ച് മോഹനന്റെ വാതിലിൽ മുട്ടി. ഞാൻ എങ്ങനെ അവിടെ വരൻ ഇടയായി എന്ന് അവന് അതിശയം.
പുതിയ സ്ഥലത്ത് ഒറ്റയ്ക്ക് നില്ക്കാൻ ഒരു രസവും തോന്നിയില്ല, ഞാൻ പറഞ്ഞു.
ശരി ഇപ്പോൾ എട്ടു മാണി ആയി. വസ്ത്രം മാറിക്കോളു നമുക്ക് പോയി ഭക്ഷണം കഴിക്കാം അവൻ പറഞ്ഞു.
മാറാനൊന്നുമില്ല, എന്റെ ബാഗ് കുമാരനെല്ലൂരിൽ എന്റെ മുറിയിൽ ആണ്.
അവൻ ലുങ്കി തന്നു. ഞാൻ അതിലേക്കു മാറി. വാതിൽ പൂട്ടി ഇറങ്ങാൻ നേരത്താണ് അവന്റെ ഒരു സുഹൃത്ത് വന്നത്. സുഹൃത് എന്നെ കണ്ടു പരുങ്ങി. അയാൾക്ക് മോഹനനോട് സ്വകാര്യമായി എന്തോ പറയാനുള്ളത് പോലെ.
ഞാൻ എന്റെ കാര്യം സംസാരിക്കാൻ വന്നതായിരുന്നു, സുഹൃത്തു പറഞ്ഞു. ഇനി ഇപ്പോൾ ഇന്ന് വേണ്ട , ഞാൻ നാളെ വരാം.
പ്രശ്നമില്ല, ഇത് എന്റെ ഉറ്റ സുഹൃത്താണ്, ഒരു കുഴപ്പവുമില്ല, മോഹനൻ പറഞ്ഞു. എന്നിട്ടും സുഹൃത്തിനു ഒരു വൈക്ലബ്യം. ഞാൻ പറഞ്ഞു. നിങ്ങൾ പോയി ഭക്ഷണം കഴിച്ചുകൊള്ളു. ഞാൻ പിന്നെ കഴിച്ചുകൊള്ളാം.
അത് വേണ്ടി വന്നില്ല , കാര്യങ്ങൾ പിറ്റേ ദിവസം സംസാരിക്കുന്നതായിരിക്കും നല്ലതെന്നു നിർബന്ധം പിടിച്ചു സുഹൃത് പോയി.
എന്തെങ്കിലും രഹസ്യം ആണോ, ഞാൻ ചോദിച്ചു.
രഹസ്യമൊക്കെ ആയിരുന്നു, ഇപ്പോൾ അത് പരസ്യമായി.
ഞങ്ങൾ ഊണ് കഴിച്ചു വന്ന ശേഷം മോഹനൻ ആ കഥ പറഞ്ഞു. ഉപായം ചിന്തിക്കുമ്പോൾ അപായവും ചിന്തിക്കണം എന്നാണ് മോഹനൻ പറന്നത്, സാമ്യം തോന്നാമെങ്കിലും ഇത് വിഷ്ണു ശർമ എഴുതിയ പഞ്ചതന്ത്ര കഥയല്ല.
ആ ഇടയ്ക്കു മറ്റു ബാങ്കുകളെല്ലാം ചെയ്യാനാരംഭിച്ച പോലെ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കും ഒരു സായാഹ്നശാഖ തുടങ്ങി. വാണിജ്യകേന്ദ്രങ്ങളിൽ വൈകുന്നേരങ്ങളിലും ആൾക്കാരുണ്ടാകും. ചിലർക്ക് വൈകുന്നേരങ്ങളിലെ സൗകര്യപ്പെടൂ. അവർക്ക് ഒരു ബാങ്കിന്റെ സായാഹ്ന ശാഖാ ഉണ്ടെങ്കിൽ വളരെ സൗകര്യമായിരിക്കും, അത്തരം ശാഖകൾക്കു നല്ല ബിസിനസ്സും കിട്ടും.
ഈ പദ്ധതിയിൽ കുറച്ചു അസൗകര്യം അനുഭവിക്കേണ്ടി വരുന്നവർ സായാഹ്ന ശാഖകളിലേക്കു നിയുക്തരാകുന്ന ഉദ്യോഗസ്ഥരാണ്. അവരുടെ ജോലിസമയം മാറുന്നു, ദിനസരീ തെറ്റുന്നു. അതാണ് മോഹനനെ കാണാൻ വന്ന കുഞ്ഞികൃഷ്ണന്റെ കാര്യത്തിൽ സംഭവിച്ചത്. കുട്ടികളെ സ്കൂളിലാക്കി , ഭാര്യയെ അവളുടെ ജോലിസ്ഥലത്തെത്തിച്ചു ബാങ്കിൽ പതിവായി എത്തിയിരുന്ന കുഞ്ഞികൃഷ്ണന്റെ ദിനചര്യ അലങ്കോലമായി, ആസൂത്രണങ്ങളെല്ലാം പാളി.
കുഞ്ഞികൃഷ്ണൻ പലവഴി ഓടി, പലരെയും കണ്ടു, ഈ നിയമന ഉത്തരവ് ഒന്ന് മാറ്റിക്കിട്ടാൻ. ഒരു കാര്യവും ഉണ്ടായില്ല, സെക്രട്ടറി അനങ്ങിയില്ല. ഒരാൾക്ക് വേണ്ടി ഇളവ് ചെയ്താൽ സായാഹ്ന ശാഖയിൽ ജോലിക്ക് ആളുണ്ടാവില്ല. ഒരു ഭഗീരഥ പ്രയത്നത്തിന്റെ ഫലമായിട്ടാണ് ഒരു സായാഹ്ന ശാഖ അനുവദിച്ചു കിട്ടിയത്.
ഹതാശനായ കുഞ്ഞികൃഷ്ണൻ സീനിയർ ആയ മോഹനനെ കണ്ടു. കുറച്ചു കാലം ജോലി എടുത്ത് പിന്നീട മാറ്റം ആവശ്യപ്പെടാനാണ് മോഹനൻ നിർദേശിച്ചത്. അതിനിടക്ക് കുഞ്ഞികൃഷ്ണൻ സെക്രട്ടറിയോട് കയർത്തു. രണ്ടു പേർക്കും അഭിമാന പ്രശ്നമായി.
അങ്ങനെ ഇരിക്കുമ്പോൾ ആണ് കുഞ്ഞികൃഷ്ണന് ഒരു സുഹൃത്തു ഒരു ബുദ്ധി ഉപദേശിച്ചത്. രാത്രി കണ്ണിനു കാഴ്ച കുറവാണെന്നും അതുകൊണ്ട് സായാഹ്ന ശാഖയിലെ നിയമനം ഒഴിവാക്കണം എന്നും ഒരു പരാതി താഴ്മയായി കുഞ്ഞികൃഷ്ണൻ മേലധികാരികൾക്ക് അയച്ചു. സെക്രട്ടറിക്കു കോപ്പിയും വെച്ചു.
ഒരാഴ്ച കഴിഞ്ഞു കുഞ്ഞികൃഷ്ണന് വളരെ ആശാവഹമായ ഒരു മറുപടി കിട്ടി. പരാതി അനുതാപപൂർവം പരിഗണിക്കാൻ മാനേജ്മെന്റിന് സന്തോഷമേ ഉള്ളു എന്നും ചട്ടപ്പടി കാര്യങ്ങൾ നടക്കാൻ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നും ആയിരുന്നു നിർദേശം.
കുഞ്ഞികൃഷ്ണൻ ഒരു ഡോക്ടറെ കണ്ടുപിടിച്ചു. കണ്ണിനുള്ള ബുദ്ധിമുട്ടെല്ലാം ഡോക്ടറോട് വിശദീകരിച്ചു. ഡോക്ടർ കാണിച്ച പലകയിൽ ഏറ്റവും മുകളിലുള്ള വലിയ അക്ഷരങ്ങൾ മാത്രമേ കുഞ്ഞികൃഷ്ണന് വായിക്കാൻ പറ്റിയുള്ളൂ. ഡോക്ടർ സത്യസന്ധമായി അത് പ്രകാരം സർട്ടിഫിക്കറ്റ് കൊടുത്തു. ഡോക്ടറെ കണ്ടത് പകലായതു കൊണ്ട് രാത്രിയുടെ പ്രശ്നമൊന്നും ഉയർന്നില്ല.
കുഞ്ഞികൃഷ്ണൻ സന്തോഷത്തോടെ തന്റെ പരാതി വീണ്ടും അയച്ചു, ഡോക്ടർ സർട്ടിഫിക്കറ്റ് അടക്കം.
കുഞ്ഞികൃഷ്ണന് വീണ്ടും മറുപടി വന്നു. സായാഹ്നശാഖയിൽ പോകേണ്ട. ഡോക്ടർ ഉപദേശിച്ച മരുന്നെല്ലാം 6 മാസം എങ്കിലും കഴിച്ചു വീണ്ടും ചെക്ക് ചെയ്തു പരിപൂർണമായി കാഴ്ച വീണ്ടു കിട്ടിയിട്ട് പകൽ ശാഖയിലും വന്നാൽ മതി.
ഇനി എന്ത് ചെയ്യുമെന്ന് ഉപദേശത്തിനാണ് അവൻ മോഹനനെ കാണാൻ വന്നത്.
Comments
Post a Comment