പ്രദോഷകാഹളം

 

 

1980 ൽ ഒരു ശനിയാഴ്ച നാട്ടിൽ വന്നപ്പോൾ കുമാര ദാസനെ കണ്ടു. അവൻ കുന്നംകുളം എം എസ് പി ക്യാമ്പിൽ വന്നു ജോയിൻ ചെയ്ത വിവരം പറഞ്ഞു.  ഞാൻ പറഞ്ഞു : അപ്പോൾ നാം അടുത്തടുത്താണല്ലോ.

 

ശരിക്കും എവിടെയാണ് കുമരനെല്ലൂർ എന്നറിയണം അവന് . കുമാരനല്ലൂർ കോട്ടയത്താണെന്നവനറിയാം. അതല്ല, ഇത് തൃശൂർ ജില്ലയിലെ കുമരനല്ലൂർ, ഞാൻ പറഞ്ഞു. പിന്നെ ഞാൻ എന്റെ ജോലിസ്ഥലത്തെ കുറച്ച  വാഴ്ത്തി.

 

പട്ടണപ്രദേശത്തിന്റെ തിരക്കും ബഹളവുമായി പ്രണയം ഇല്ലാത്തവർക്ക് വളരെ അഭികാമ്യമായ ഒരു ഇടം. എടപ്പാൾ തൃത്താല റൂട്ടിൽ ഒരു ഗ്രാമം. കുറച്ചൊന്നു കിഴക്കോട്ടിറങ്ങിയാൽ ആനക്കര, കുമ്പിടി ഗ്രാമങ്ങൾ. പ്രകൃതി  അതിന്റെ ചാരിത്ര്യം നഷ്ടപ്പെടാതെ അഭിമാനത്തോടെ കഴിയുന്ന ഇടം.  നിളാ നദി വടക്കു കുറ്റിപ്പുറത്ത് ഭാരതപ്പുഴയായും തെക്കു കുമ്പിടിപ്പുഴയായും ജനസേവനം നടത്തുന്ന വിശേഷപ്രദേശം . പരന്നു  കിടക്കുന്ന വയലുകളും അതിനതിരിടുന്ന വരമ്പുകളും ഇടയ്ക്കു തെങ്ങിൻ തോപ്പുകളും അമ്പലക്കുളങ്ങളും എല്ലാം ചേർന്ന ഒരു സമീകൃതാന്തരീക്ഷം.

 

ആനക്കര വടക്കത്തെ കുടുംബവും പിന്നീട് ജ്ഞാനപീഠജേതാവായ മഹാസാഹിത്യകാരന്റെ സർഗസ്രോതസ്സും മഹത്വം നൽകിയ ഭൂമി. വിരിഞ്  അധികമായിട്ടില്ലാത്ത നീലത്താമരയുടെ സുഗന്ധം  അപ്പോഴും കാറ്റിൽ പരന്നുകൊണ്ടിരിക്കുന്ന ഭൂമി.

 

എന്റെ വിവരണം അവനെ ആകർഷിച്ചു. ഒരു ദിവസം വരാമെന്നവൻ പറഞ്ഞു.

 

തിങ്കളാഴ്ച രാവിലെ പതിവുപോലെ ഗുരുവായൂർ കെഎസ്ആർടിസി ബസ് പിടിച്ച്  ഒമ്പതേകാലിനു  ഞാൻ കുമരനല്ലൂർ എത്തി. അതിനുമുമ്പ് പിന്നെ അവനെ കാണുക ഉണ്ടായില്ല. ആ കാര്യം പിന്നീട് മനസ്സിൽ നിന്ന് വിട്ടു പോയിരുന്നു.

 

ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ ബാങ്കിലേക്ക് കയറി വന്ന ദാസനെ കണ്ടപ്പോഴാണ് ഞാൻ ആ കാര്യം പിന്നീട് ഓർത്തത്.

 

ഞാൻ ബ്രാഞ്ചിൽ നിന്ന് കുറച്ചു നേരത്തെ ഇറങ്ങി അവനെയും കൂട്ടി റൂമിലേക്ക് പോയി.

 

അവിടെ ഇരുന്നു സംസാരിച്ചിരിക്കുമ്പോൾ കുറച്ചു കഴിഞ്ഞ് ഗോപാലനും വന്നു. വെറുതെ ഇരിക്കുന്ന സമയം ഒരു സിനിമയ്ക്ക് പോയി കളയാമെന്ന് ഗോപാലൻ അഭിപ്രായപ്പെട്ടു. അടുത്തുതന്നെ പുതുതായി ആരംഭിച്ച പ്ലാസ തിയേറ്ററിൽ ഏതോ മലയാളം സിനിമ ഓടുന്നുണ്ടായിരുന്നു. ഞങ്ങൾ താഴെയിറങ്ങി ചായ കഴിച്ചശേഷം നേരെ തിയേറ്ററിലേക്ക് പോയി. അവിടെ തിയേറ്റർ ഉടമ മൊയ്തീനും  മറ്റു ജോലിക്കാരും പരിചയമുള്ളവരായിരുന്നു.

 

ഞങ്ങൾ ടിക്കറ്റ് എടുക്കാൻ തുടങ്ങിയപ്പോൾ അവർ ആദ്യം സമ്മതിച്ചില്ല. വായ്പക്കുള്ള  അപേക്ഷ ബാങ്കിൽ നിലവിലുണ്ട് അതാണ് കാരണം. ഞങ്ങൾ നിർബന്ധിച്ചപ്പോൾ അവർ സമ്മതിച്ചു, പൈസ വാങ്ങി ടിക്കറ്റ് തന്നു.

 

തുടങ്ങാനുള്ള ബെൽ അടിഞ്ഞപ്പോൾ  അകത്തു കയറി സൗകര്യം ഉള്ള സീറ്റ് എടുത്ത് ഇരുന്നു.

 

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് പിന്നിൽ നിന്ന് ഒരു പയ്യൻ കുമാര ദാസനോട് തലതാഴ്ത്തി ഇരിക്കാൻ പറഞ്ഞത്. അവൻ കുറച്ചൊന്നു പതിഞ്ഞ് ഇരുന്നു.

 

പയ്യൻറെ നിർദ്ദേശം വീണ്ടും വന്നു. ഇനിയും താഴ്ന്ന്‌ ഇരിക്കാൻ പറ്റില്ല. നിങ്ങൾ മാറി ഇരുന്നോളു എന്ന് നിർദേശിച്ചു കുമാരദാസൻ. നിങ്ങൾക്ക്  ഉയരം അധികമാണ്‌ , നിങ്ങളാണ് മാറി ഇരിക്കേണ്ടത് എന്ന് പയ്യൻ.

 

അവൻ എന്തെങ്കിലും പറഞ്ഞോട്ടെ ശ്രദ്ധിക്കേണ്ട എന്ന് പറഞ്ഞു ഗോപാലൻ.

 

പിന്നെ ഞങ്ങൾ കണ്ടത് കുമാര ദാസന്റെ മുന്നിലെ കസേരയിൽ വന്ന് ആ പയ്യൻ അതിൻറെ കയ്യിൽ ഇരിക്കുന്നതാണ്. കുമാരദാസന്  തിരശ്ശീല  കാണാത്ത വിധത്തിലാണ് അവൻ ഇരുന്നത്. ചില ആളുകൾ പയ്യനെ ശകാരിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല. അവന് അഭിമാനക്ഷതം.

 

ഗോപാലൻ പറഞ്ഞു: നമുക്ക് മാറി ഇരുന്നേക്കാം. ഒഴിവുള്ള  ഒരുപാട് സീറ്റുകൾ ഉണ്ടല്ലോ.

 

ഞങ്ങൾ മാറിയിരുന്നു. ആ പ്രവൃത്തിയും  പയ്യനെ തൃപ്തനാക്കിയില്ല എന്ന് തോന്നുന്നു. ശത്രു നഷ്ടപ്പെട്ട പോരാളിയുടെ ഇച്ഛാഭംഗം. അവൻ ഞങ്ങൾ ഇപ്പോഴിരിക്കുന്ന സീറ്റിന്റെ മുന്നിൽ വന്നിരിക്കാൻ ഉദ്ദേശിച്ചിരിക്കും. പക്ഷെ അവിടെ ആളുണ്ടായിരുന്നു.

 

സിനിമ തീരുന്നത് വരെ ബാക്കിയുണ്ടായിരുന്ന സമയം സംഭവരഹിതമായി കടന്നെങ്കിലും ഞങ്ങളുടെ ആരുടെയും ശ്രദ്ധ സിനിമയിൽ ആയിരുന്നില്ല. ഈ ഒരു സംഭവത്തെ പറ്റി ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ആളുകൾ അറിയുന്ന ഒരു ഉദ്യോഗസ്ഥൻ എന്ന സ്വാതന്ത്ര്യക്കുറവും ഉൾവലിവും സമാധാനപ്രേമി എന്ന പോരായ്മയും ഉണ്ട് എനിക്ക്.

 

ദുർദ്ദശ അതോടെ കഴിഞ്ഞു എന്നാണ് ഞാൻ കരുതിയിരുന്നത്.  പക്ഷെ...

 

സിനിമ കഴിഞ്ഞ് ഞങ്ങളെല്ലാം ഇറങ്ങി തിരിച്ചുപോകുന്ന വഴിക്ക് റോഡിൽ പയ്യൻ കുമാര ദാസന്റെ മുന്നിൽ വന്നു. എന്തോ അനാവശ്യം പറഞ്ഞു. ഒരു അശ്ലീലപ്രകടനവും നടത്തി.

 

അത് കയ്യിൽ വച്ചാൽ മതി നീ ചെറുപ്പം ആയതുകൊണ്ട് വിടുകയാണ് അല്ലെങ്കിൽ ഇങ്ങനെയൊന്നും ആകുമായിരുന്നില്ല കാര്യം എന്ന് കുമാരദാസൻ  പറഞ്ഞു.

 

നീ എന്ത് കാണിക്കും എടാ എന്നായിരുന്നു പയ്യൻറെ പ്രതികരണം.

 

ഞാനൊരു പോലീസുകാരനാണ് അധികം വിളവ് കാണിക്കുന്നവരെ അങ്ങനെ വിടാറില്ല എന്ന് കുമാരദാസൻ പറഞ്ഞു.

 

പയ്യൻറെ പെട്ടെന്നുള്ള വരവ് കണ്ട്  അപകടം  മനസ്സിലാക്കിയ ഗോപാലൻ അവനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. പയ്യൻ കുതറി മാറി കൈവീശി കുമാര ദാസന്റെ കണ്ണിൻറെ ഭാഗത്ത് അടിച്ചു. അപ്പോഴേക്കും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി  ചുറ്റുമുള്ള ആൾക്കാർ പയ്യനെ പിടിച്ചുമാറ്റി.

 

പോകുമ്പോഴും പയ്യൻ അസഭ്യം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഞങ്ങൾ വേഗം റൂമിൽ പോയി കണ്ണിന് അടികൊണ്ട ഭാഗം നന്നായി കഴുകി. കണ്ണ് ചുവന്ന് തുടുത്തിരുന്നു. അതിനേക്കാൾ പ്രശ്നമായത് താഴെ നിരത്തിൽ കുറെ പയ്യന്മാർ കൂടി നിന്ന് ബഹളം ഉണ്ടാക്കാൻ തുടങ്ങിയതാണ്.

 

ഡ്രൈവർ മാധവൻ നായർ അവിടെ എല്ലാവരും അറിയുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരാളാണ്. കുറെ കാറുകളും ഒരു ലോറിയും സ്വന്തമായുള്ള ഒരു പ്രധാനി. ഗോപാലൻ താഴെ പോയപ്പോൾ മാധവൻ നായരെ  കാണുകയും സംഗതി വിശദീകരിക്കുകയും ചെയ്തു.

 

താഴെ കൂടിയിരുന്ന ചില പയ്യന്മാർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: അവനെ താഴെ ഇറക്കി വിട്, അവനു വേണ്ടത് ഞങ്ങൾ കൊടുത്തോളാം.

 

ഡ്രൈവർ മാധവൻ നായർ കൂടിനിന്നവരോട് മര്യാദയ്ക്ക് പിരിഞ്ഞു പോകാനും പോലീസിനെ വിളിക്കേണ്ട സ്ഥിതി ഒഴിവാക്കാനും നിർദ്ദേശിച്ചു.

 

അന്ന് പിന്നെ ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയില്ല. ഗോപാലൻ കുഞ്ഞുണ്ണി ഏട്ടൻറെ കടയിൽ നിന്ന് ഭക്ഷണം  പാർസൽ വാങ്ങി കൊണ്ടുവന്നു.

 

പുറത്ത് എല്ലാവരും പിരിഞ്ഞു പോയിരുന്നില്ല. ഞങ്ങളുടെ ആശങ്ക കണക്കിലെടുത്ത്  മാധവൻ  നായർ അവിടെ തങ്ങാമെന്ന് സമാധാനിപ്പിച്ചു. അത് ആവശ്യമില്ല, ഞങ്ങൾ പുറത്തേക്ക് ഒന്നും ഇറങ്ങുന്നില്ല, ഞങ്ങൾ  പറഞ്ഞു.

 

അന്ന് പിന്നെ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ഗോപാലൻ  രാവിലെ തന്നെ എഴുന്നേറ്റ് അവൻറെ വീട്ടിലേക്ക് പോയി. കുമാര ദാസനും ഞാനും കുളിച്ച് റെഡിയായി പുറത്തിറങ്ങി. ഞങ്ങൾ ബ്രേക്ഫാസ്റ്റിന് കുഞ്ഞുണ്ണി ഏട്ടൻറെ കടയിലേക്ക് പോകുമ്പോൾ ഒരു പയ്യൻ വന്ന് കിട്ടിയ ചാൻസിന് കുറെ എഴുതാൻ കൊള്ളാത്ത ഗീർവാണം  കാച്ചി.

 

ഞാൻ പ്രദേശത്തുള്ള ഒരു പാവം പയ്യനെ  ദൂരെ എവിടെയോ നിന്ന് ഒരു ഗുണ്ടയെ കൊണ്ടുവന്നു തല്ലിച്ചു എന്നാണ് അവരുടെ പ്രചരണം. ഒരുവൻ മുട്ടുകാൽ പൊക്കി ഇത് പള്ളയിൽ കയറ്റും എന്ന് ഭീഷണിപ്പെടുത്തി.

 

ഞങ്ങൾ അതിനൊന്നും പ്രതികരിക്കാതെ കുഞ്ഞുണ്ണി ഏട്ടന്റെ  കടയിലേക്ക് ചെന്ന് കയറി ബ്രേക്ക് ഫാസ്റ്റ് ഓർഡർ ചെയ്തു. അപ്പോഴേക്കും ഗോപാലനും എത്തി.

 

അത് കഴിച്ചു കൊണ്ടിരിക്കുമ്പോൾ പുറത്ത് ചെറിയ ബഹളം.

കുഞ്ഞുണ്ണി  ഏട്ടൻ  പറയുന്നു ണ്ടായിരുന്നു: അതൊന്നും പറ്റില്ല അതെല്ലാം പുറത്ത്.

 

ഞാൻ കുഞ്ഞുണ്ണി ഏട്ടൻ ചായ കൊണ്ടുവക്കുമ്പോൾ അന്വേഷിച്ചു എന്താണ് കാര്യം എന്ന്.

 

പടിഞ്ഞാറങ്ങാടി കോയമോൻക്ക  സാറിനെ കണ്ടു സംസാരിക്കണം എന്നു പറയുന്നു, ഞാൻ സമ്മതിച്ചില്ല, കുഞ്ഞുണ്ണി ഏട്ടൻ പറഞ്ഞു.

 

അതിനെന്താ കുഞ്ഞുണ്ണി ഏട്ടാ , സംസാരിക്കുന്നത് തെറ്റല്ലല്ലോ. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഇങ്ങോട്ട് തന്നെ വരാൻ പറയൂ, ഞാൻ ഇവിടെ നിന്ന് സംസാരിക്കാം.

 

എനിക്കെന്തു  വിരോധം ഞാൻ വിളിക്കാം,കുഞ്ഞുണ്ണിയേട്ടൻ  പറഞ്ഞു. എന്നിട്ടു ഒരാളെ കൂട്ടിക്കൊണ്ടുവന്നു.

 

ആളെ എനിക്ക് അറിയാമായിരുന്നില്ല. കുഞ്ഞുണ്ണിയേട്ടൻ പറഞ്ഞ അറിവ് വെച്ച് ഞാൻ ചോദിച്ചു: എന്താണ് കോയമോൻക്ക  എന്നെ കാണണം എന്ന് പറഞ്ഞത്, എന്താണ് വേണ്ടത് ?

 

കോയമോൻക്ക  പറഞ്ഞു എൻറെ മകൻ ഹസ്സൻകുട്ടിയെ ഇന്നലെ ആരോ അടിച്ചു. സാറിൻറെ സുഹൃത്താണ് എന്നാണ് പറഞ്ഞത്. എന്താണ് ഉണ്ടായത്  എന്ന് ചോദിച്ചറിയാം എന്നുവച്ച് വന്നതാണ്. എൻറെ മകൻ പാവം പയ്യനാണ്, വിവരമില്ല, 17 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. എന്തിനാണ് അവനെ അടിച്ചത് എന്ന് ചോദിക്കാൻ എല്ലാവരും പറയുന്നു.

 

ഗോപാലൻ  പറഞ്ഞു: കോയമാൻക്കാ നിങ്ങൾ കേട്ടോളു, കാര്യങ്ങൾ ഞാൻ പറയാം.

 

അതിനുശേഷം ഉണ്ടായ സംഭവങ്ങൾ അവൻ  വിവരിച്ചു എന്നിട്ട് പറഞ്ഞു: വിവരമില്ലാത്ത നിങ്ങളുടെ ഹസ്സൻ കുട്ടി ഇന്നലെ ഞങ്ങളുടെ സുഹൃത്തിനോട് കാണിച്ചത് ഒന്ന് ഇതാണ്. മുണ്ടിനുള്ളിൽ കൈ കടത്തി ആ കൈയെടുത്ത് മുഖത്തിന് മുമ്പിൽ വച്ച് ഊതി. അർത്ഥം മനസ്സിലായല്ലോ. രണ്ട്: ബഹളം ഉണ്ടാകും എന്ന് കരുതി പിടിച്ചുമാറ്റിയ ആൾക്കാരുടെ കയ്യിൽ നിന്ന് കൂതറി അയാൾ ഞങ്ങളുടെ സുഹൃത്തിൻറെ കണ്ണിന് അടിച്ചു. ഇയാളുടെ കണ്ണ് കണ്ടില്ലേ?

 

ഗോപാലൻ തുടർന്നു: കുന്നംകുളം ഇവിടെ നിന്ന് അധികം ദൂരത്തൊന്നും അല്ലല്ലോ. അവിടെ എംഎസ് പി ക്യാമ്പിലാണ് ഈ സുഹൃത്ത്. ഇത്ര സൗമ്യനായ ആളല്ലായിരുന്നുവെങ്കിൽ അവിടെ പോയി രണ്ടു സുഹൃത്തുക്കളെയും കൂടെ കൂട്ടി വന്നു മുഖത്തടിക്കാൻ ഉണ്ടായ കാരണം തിരിച്ചു ചോദിക്കാൻ അവർക്ക് കഴിവില്ലാഞ്ഞിട്ടല്ല. അത് ക്ഷമിച്ചേക്കുകയാണ് നല്ലത്, പ്രശ്നം വിപുലമാകാതിരിക്കട്ടെ എന്ന് വിചാരിച്ചിട്ടാണ് അയാൾ ഒന്നും ചെയ്യാതിരുന്നത്.

 

ഇങ്ങനെയൊക്കെ അല്ലേ നടന്നത് എന്ന് നിങ്ങൾക്ക് സംഭവം മുഴുവൻ കണ്ട മറ്റു വല്ലവരോടും ചോദിച്ചു മനസ്സിലാക്കാം.

 

കുമാരദാസന്റെ കണ്ണ് വീങ്ങിയത് കാണുകയും ഗോപാലന്റെ വിശദീകരണം കേൾക്കുകയും ചെയ്തപ്പോൾ കോയമോൻക്കക്ക് ഏതാണ്ട് ബോധ്യമായി.

 

അയാൾ പറഞ്ഞു: ഹസ്സൻ കുട്ടിയുടെ  ഭാഗത്താണ് തെറ്റ് എങ്കിൽ നിങ്ങൾ ക്ഷമിക്കണം. മര്യാദകേട് കാണിക്കരുത് എന്ന് അവനോടും ചങ്ങാതിമാരോടും  ഞാൻ പറഞ്ഞു കൊള്ളാം.

 

സംഗതി വഷളാകാതെ ഒതുങ്ങുമെന്നു പ്രതീക്ഷ കിട്ടിയ ഞാൻ സന്തോഷിച്ചു.. ഞാൻ പറഞ്ഞു: പടരാൻ ഇടയുള്ള തീ കെടുത്തുകയാണ് നിങ്ങൾ ചെയ്തത് കോയമോൻക്ക, നല്ല കാര്യം. എന്റെ സുഹൃത്ത് ഗുരുവായൂർ ബസ് വരുമ്പോൾ അതിൽ കയറി പോയിക്കൊള്ളും.

 

അതോടെ ഈ സംഭവം അവസാനിച്ചു.അങ്ങനെയല്ലേ?

 

അങ്ങനെ വേണം, അയാൾ പറഞ്ഞു.

 

അങ്ങനെ അല്ലെ? ഞാൻ ഗോപാലനോടും കുമാരദാസനോടും ചോദിച്ചു. കുമാരദാസൻ ഒന്നും പറഞ്ഞില്ല. കൈലേസുകൊണ്ട് കണ്ണിലുറ്റിച്ചിരുന്ന മരുന്ന് ഒലിച്ചിറങ്ങിയത് ഒപ്പി അവൻ തലയാട്ടി. ഗോപാലൻ പറഞ്ഞു: വിട്ടേക്കാം.

 

അയാൾ പോയി. ഞാനും ഗോപാലനും കുമാരദാസനും ബ്രാഞ്ചിലേക്കു പോയി. ഒമ്പതേ കാലിന് ഗുരുവായൂർ ബസ് വന്നപ്പോൾ കുമാരദാസൻ അതിൽ കയറി പോയി. അവന്റെ കണ്ണിൻറെ ചുവപ്പും വീക്കവും  മുഴുവനായി മാറിയിരുന്നില്ല.

 

ആ സംഭവം പിന്നെ ഞങ്ങൾ മറന്നു. മൂന്നാഴ്ച കഴിഞ്ഞു നാട്ടിൽ വരുമ്പോൾ കുമാര ദാസനെ കണ്ടു. അതെല്ലാം ഒരു സാധാരണ സംഭവം എന്ന നിലയ്ക്ക് മാത്രം എടുക്കുന്ന മനസ്ഥിതിയിലേക്ക് ഞങ്ങൾ രണ്ടുപേരും എത്തിയിരുന്നു.

 

ഒരു ദിവസം ബ്രാഞ്ചിൽ നിന്നിറങ്ങി റൂമിലേക്ക് പോകുമ്പോൾ ഗോവണിപ്പടിയുടെ ചോട്ടിൽ ജോസിന്റെ സ്റ്റാൻറി കടയുടെ മുൻപിൽ വെച്ച് ചെന്താമരാക്ഷൻ എന്നെ കണ്ട് കൈ കാട്ടി.  അവനെ എനിക്ക് നേരിയ പരിചയം ഉണ്ട്. ചെറിയ കഥകൾ ഒക്കെ എഴുതും ഒരു ചെറിയ സാഹിത്യകാരൻ ആണ് എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്.

 

റൂമിൽ ഉണ്ടാകുമോ അവൻ ചോദിച്ചു. രാത്രി ഭക്ഷണത്തിന് ഇറങ്ങുന്നത് വരെ ഉണ്ടാകും, ഞാൻ പറഞ്ഞു.

 

റൂമിൽ കയറി ചായ ഉണ്ടാക്കി കഴിച്ച് വായിച്ചു പേജിന്റെ അറ്റം മടക്കി അടയാളം വെച്ചിരുന്ന പുസ്തകം തുറന്നു വീണ്ടും വായിക്കാൻ ഇരിക്കുമ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്. വരൂ, ഞാൻ പറഞ്ഞു. വാതിൽ കൊളുത്തിടാറില്ല. ചെന്താമരാക്ഷൻ കക്ഷത്തൊരു ഡയറിയുമായി അകത്തു വന്നു.

 

ഞാൻ ഇരിക്കാൻ പറഞ്ഞു. അവൻ അവനെപ്പറ്റി വിശദാമായി പരിചയപ്പെടുത്തി. സാഹിത്യാലോകത്തെ ഒരു  ഉദയതാരകം. നാലുകെട്ടിന്റേയും അസുരവിത്തിന്റെയും എല്ലാം കാറ്റേറ്റ് വളർന്നവൻ.

 

അവൻ എൻറെ കാര്യങ്ങളും അന്വേഷിച്ചു. വായിക്കാൻ വേണ്ടി ഞാൻ വെച്ചിരുന്ന പുസ്തകങ്ങൾ കണ്ടു ലോകത്ത് വേറെയും വായനക്കാർ ഉണ്ട് എന്ന് അറിഞ്ഞ അത്ഭുതം അവൻറെ മുഖത്ത്. സാറിതൊക്കെ വായിക്കും അല്ലെ? എനിക്ക് അറിയില്ലായിരുന്നു.

 

പിന്നീട് അവൻ അവൻറെ പത്രപ്രവർത്തനത്തെ പറ്റി പറഞ്ഞു.

 

ഏതു പത്രത്തിലാണ് നിങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്?

 

പ്രദോഷ കാഹളം; സാർ വായിക്കാറില്ലേ?

 

അതിനെ പറ്റി ഞാൻ കേട്ടിട്ടുണ്ടായിരുന്നു കുറച്ചു നിറമുള്ള ഒരു സായാഹ്‌ന പത്രം.

 

ആരൊക്കെ എവിടെയൊക്കെ വേലി ചാടി പോകുന്നു, ഒളിച്ചോടി പോകുന്നു, എവിടെയെല്ലാം മോഷണം നടക്കുന്നു ഇതെല്ലാം റിപ്പോർട്ട് ചെയ്യലാണ്, വിളിച്ചു പറയലാണ്  ഈ കാഹളത്തിന്റെ  ധർമം.

 

ഞങ്ങളുടെ മാനേജരെ പറ്റി ഒരിക്കൽ വന്ന ഒരു അജ്ഞാതൻറെ പരാതി ആണ് എന്നെ  ഇത്തരം ഒരു മാധ്യമ സേവനവുമായി പരിചയപ്പെടുത്തിയത്. മാനേജർ ഒരു അർശസ്സ് രോഗിയാണെന്നും നാട്ടുകാർക്ക് ഒരു ഗുണവും ചെയ്യാൻ നേരമില്ലാത്ത ആളാണെന്നും അതിൽ ഏതോ ഒരു അജ്ഞാതൻ കുറുപ്പിട്ടിരുന്നു.

 

ഇപ്പോൾ എന്താണ് നിങ്ങൾ ചെയ്യുന്ന റിപ്പോർട്ടിംഗ്, ഞാൻ ചോദിച്ചു.

 

സിനിമ തിയേറ്ററിൽ  ഉണ്ടായ സംഭവത്തെ പറ്റി സത്യസന്ധമായ നേർക്കാഴ്ച്ച  പകർത്തണമെന്നു  പറഞ്ഞിരിക്കുകയാണ്.

 

ആര്?

 

പത്രാധിപർ.

 

തുടങ്ങിയോ?

 

എനിക്ക് അതിന് മനസ്സ് വരുന്നില്ല. അത് സാറെ മോശമാക്കിയാണ് ചിത്രീകരിക്കുക.

 

അതെങ്ങനെ?

 

സാറൊരു അന്യ നാട്ടുകാരനെ കൊണ്ടുവന്ന് ഒരു പ്രദേശവാസിയെ തല്ലിച്ചു എന്നാണ് ഇവിടെയുള്ള സംസാരം.

 

എന്തിന് ?

 

അത് അന്വേഷണത്തിന്റെ ഭാഗം.

 

അങ്ങനെ ആകട്ടെ. എന്തിന് വേണ്ടെന്ന് വെക്കണം?

 

ഇല്ല സർ ഞാൻ അതിന് തയ്യാറാവില്ല.

 

എന്തുകൊണ്ട്?

 

സാർ അങ്ങനെയുള്ള ആളല്ലെന്ന് എനിക്കറിയാം.

 

പിന്നെ എന്ത് ചെയ്യാനാണ് ഉദ്ദേശം?

 

ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്. അവർ ചായയ്ക്കുള്ള പൈസയ്ക്ക് വേണ്ടിയാണ് സാർ. നമുക്ക് എന്തെങ്കിലും കൊടുത്ത്  ഒഴിവാക്കാം.

 

സംഗതിയുടെ കിടപ്പ് എനിക്ക് ഏതാണ്ട് മനസ്സിലായി. അധികം പരസ്യങ്ങളൊന്നും കിട്ടാനിടയില്ലാത്ത ഈ തുച്ഛവിലയുള്ള പത്രത്തിന്റെ അച്ചടി ചെലവിനുള്ള തുക എവിടെനിന്നു വരുന്ന് എന്ന് ഞാൻ അതിശയിക്കാറുണ്ടായിരുന്നു.

 

ഞാൻ എണീറ്റു: എനിക്ക് അത്യാവശ്യമായി എടപ്പാൾ വരെ ഒന്ന് പോകണം. ചെന്താമരാക്ഷൻ ഇവിടെ ഇരിക്കുമോ പോയിട്ട് പിന്നീട് വരുമോ?

 

അവനും എണീറ്റു. സാർ എന്റെ ആശയത്തെ പറ്റി ഒന്നും പറഞ്ഞില്ല.

 

ഞാൻ പറഞ്ഞു: ചെന്താമരാക്ഷൻ പോയിട്ട് റിപ്പോർട്ട് ഭംഗിയായി തയ്യാറാക്കിക്കോളു. എന്റെ എല്ലാ സഹകരണവും ഉണ്ടാകും.

 

പോകാനിറങ്ങിയ അവനെ വിളിച്ചു ഞാൻ പറഞ്ഞു:  എൻറെ ഫോട്ടോ വേണമെങ്കിൽ പറഞ്ഞാൽ മതി.

 

എന്തെല്ലാം സൃഷ്ടികൾ! അവർക്കു വിധിച്ച ജീവിതം അവർ ജീവിക്കുന്നു.

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ