സാവിത്രിയമ്മയുടെ മരണം
സാവിത്രിയമ്മ മരിച്ചു. 72 വയസ്സായിരുന്നു. ഒരസുഖവും ഉണ്ടായിരുന്നില്ല. പകൽ മുഴുവൻ പശുക്കളുടെ തൊഴുത്തിലും അടുക്കളയിലും ജോലിത്തിരക്കിൽ ആയിരുന്നു. വൈകുന്നേരം ഒരു തളർച്ച , ഒരു തല കറക്കം. വൈദ്യരെ കൂട്ടി വന്നു, മകൻ ചോയിക്കുട്ടി.
വൈദ്യർ ഗുളിക കൊടുത്തു. കാച്ചിയത് പുരട്ടി. നാഡി മിടിപ്പ് നോക്കി.
അയാൾ പറഞ്ഞു: അങ്ങോട്ടും ഇങ്ങോട്ടും ആയിട്ട് നിക്കണ്ണ്ട്. ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് ശരിയാകണം. ഇല്ലെങ്കിൽ നോക്കണ്ട, പ്രായായില്ലേ?
മക്കളാരെങ്കിലും ദുരെ എവിടെയെങ്കിലും ഉണ്ടോ?
മൂത്ത മോൻ ദാമോദരൻ ണ്ട് കണ്ണൂരാ , കമ്പി അടിക്കട്ടെ? വടക്കേലെ നാരായണേട്ടൻ ചോദിച്ചു.
ആയിട്ടില്ല. രണ്ടാലൊന്ന് അറിഞ്ഞിട്ടു മതി. കണ്ണൂരാവുമ്പം പെട്ടെന്ന് വരാം,വണ്ടി കിട്ട്വല്ലോ.
ഇളയ മോൻ ചോയിക്കുട്ടി വൈദ്യരെ വീട്ടിലേക്കാക്കാൻ സൈക്കിൾ എടുത്ത് അയാളെ കേറ്റിയിരുത്തി വലത്തേ കാൽ വീശി എടുത്ത് വെച്ച് സീറ്റിൽ ചാടിക്കയറി ഇരിക്കാൻ തുടങ്ങിയതാണ്. തെക്കേ മുറിയിൽ കിടത്തിയിരുന്ന സാവിത്രിയമ്മ വലുതായൊരു ഏമ്പക്കവും അത്ര തന്നെ ശബ്ദം ഇല്ലാത്ത ഒരു ദീർഘ നിശ്വാസവും വിട്ടു. അത് തന്നെ. പിന്നെ അനക്കമില്ല.
ചോയിക്കുട്ട്യേ വൈദ്യരെ പറഞ്ഞയക്കല്ലേ, ആരോ വിളിച്ചു പറഞ്ഞു. സംഗതി ഊഹിച്ച ചോയിക്കുട്ടി ഇൻറമ്മ പോയല്ലോ എന്ന് അലറി വിളിക്കുന്നതിന് മുൻപ്, സൈക്കിളിന്റെ ഹാൻഡിൽ വിട്ടുകളഞ്ഞു,
ആളുകൾ കൂടി വൈദ്യരെ പിടിച്ചെണീപ്പിച്ചു വീട്ടിലേക്കു കൂട്ടികൊണ്ടു വന്നു. വൈദ്യർ വീണ്ടും പൾസ് നോക്കി. കൺപോള തുറന്നു സൂക്ഷിച്ചു നോക്കി. കൈ നിലത്തു തിരികെ വെച്ച് പറഞ്ഞു: കമ്പി അടിച്ചോളി.
അതോടെ ആകെ നിലവിളി ആയി. ചോയിക്കുട്ടിക്ക് പകരം വേറെ ആരെയോ അയച്ചു വൈദ്യരെ കൊണ്ട് വിടാൻ. ചോയിക്കുട്ടി ഇവിടെ വേണം. ആരെയൊക്കെ വിളിക്കണം, അതിന് ആരെ പറഞ്ഞയക്കണം എന്നൊക്കെ തീരുമാനിക്കാനുണ്ട്. ദാമോദരൻ എത്തുന്നത് വരെ അവനാണ് കാര്യകർത്താവ്.
ആരോ രണ്ടാൾ കമ്പി അടിക്കാൻ കല്ലായിലേക്കു പോയി. പടിഞ്ഞാറേതിലെ സാമിച്ചൻ കുറച്ചു പനിനീരും മറ്റു സുഗന്ധ വ്യഞ്ജനങ്ങളും മറ്റും കൊണ്ട് വന്നു. ദാമോദരൻ വരാനും ശരീരം കുളിപ്പിക്കാൻ എടുക്കാനും സമയം ആകും.
ഇവിടെ ഒരു വിളക്ക് വെച്ചോളി. ഒന്ന് രണ്ടു പായ ഇവിടെ ഇട്ടോളി. പെണ്മക്കൾ ആയിട്ടുള്ളവർ തത്കാലം ഇവിടെ ഇരുന്നോട്ടെ.
ചോയിക്കുട്ടി അമ്മാവന്മാരോടും മറ്റു കരണവന്മാരോടും കൂടി ആലോചിച്ചു വിവരം അറിയിക്കാൻ ആളുകളെ അയക്കാൻ ഏർപ്പാടാക്കി. കൊടിനാട്ടുമുക്ക്, പാലോറമ്പിൽ, ഒളവണ്ണ, കല്ലായി, ചേമഞ്ചേരി എല്ലാം ബന്ധുക്കളുണ്ട്. മക്കളും മരുമക്കളുമായി കുറെ പേരുള്ളതല്ലേ.
ശരീരം എടുത്തു നിലത്ത് പായിട്ടു കിടത്തി. കട്ടിൽ എടുത്തു പുറത്തേക്കു കൊണ്ട് പോയി. കൂടുതൽ പായ കൊണ്ട് വന്നു. മകൾ സരോജിനിയും , ചെറിയ മകൻ ചോയിക്കുട്ടിയുടെ ഭാര്യ സുമതിയും ശരീരത്തിന്റെ രണ്ടു പുറത്തും ഇരുന്നു. മൂത്ത മകൻ ദാമോദരന്റെ ഭാര്യ ദേവൂട്ടി വീട്ടിലെ കാര്യങ്ങൾ ഏറ്റെടുത്തു. കുട്ടികളുണ്ട് കുറെ എണ്ണം. ശ്യാമളയും വിലാസിനിയും ശകുന്തളയും ഗോപാലനും. പെൺകുട്ടികളെല്ലാം പുതിയ നടപടികൾ കണ്ട് ഒന്നും മനസ്സിലാകാതെ ഇടയ്ക്ക് വലിയവരുടെ കൂടെ കരഞ്ഞും , അല്ലാത്തപ്പോൾ വന്നു പോകുന്നവരെ നോക്കിയും സമയം കഴിച്ചു.
ആളുകൾ വന്നു കൊണ്ടിരുന്നു. എന്ത് ആരോഗ്യമുള്ള സ്ത്രീ ആയിരുന്നു. കുന്നിക്കുരു പോലെ ആയിരുന്നു ആ 'അമ്മ. എന്ത് ചുറുചുറുക്ക്, ഒരിക്കലും വിശ്രമിക്കുന്നത് കണ്ടിട്ടില്ല.
രാത്രി ആയപ്പോൾ പായയിൽ ഇരുന്നവരൊക്കെ മെല്ലെ നീണ്ടു നിവർന്നു. കുട്ടികൾ അതിന്റെ ഇടയ്ക്കു കിടന്നു. ചോയിക്കുട്ടി ഇടയ്ക്കു വന്ന് അമ്മ വിട്ടുപോയ സങ്കടം സഹിക്കാതെ നിലത്തിരുന്ന് അമ്മയുടെ കാൽ തടവിയും 'അമ്മ ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ വിട്ടുപോയ കാര്യങ്ങളെല്ലാം പറഞ്ഞു സ്വയം പഴിച്ചും നിലവിളിച്ചു.
അർധരാത്രി ആയി. മരണവിവരം കേട്ടപ്പോൾ വന്നവരെല്ലാം പിരിഞ്ഞു. കാരണവന്മാരും ഇടവലക്കാരും മാത്രമായി. തെക്കേ മുറിയിലുള്ളവരെല്ലാം വിശപ്പും ക്ഷീണവും കാരണം മയങ്ങി. പതിവായി അച്ഛമ്മയുടെ കൂടെ ഉറങ്ങാറുള്ള ശകുന്തള പാതി ഉറക്കത്തിൽ പറയുന്നത് കേട്ട് സുമതി ഉണർന്നു ശ്രദ്ധിച്ചു. അച്ചമ്മേ കഥ പറഞ്ഞു തരീ. അച്ഛമ്മയുടെ കഥ കഴിഞ്ഞത് അവൾക്കറിയില്ല. അവൾ അച്ഛമ്മയെ മെല്ലെ കയ്യിൽ തട്ടി ഉണർത്തുകയാണ്.
അവളുടെ കൈ പിടിച്ചു മാറ്റുമ്പോൾ അറിയാതെ അമ്മയെ തൊട്ട സുമതിക്ക് ഒരു സംശയം.
ആ സമയത്താണ് കാണാൻ വന്ന ആരെയോ കൂട്ടി ചോയിക്കുട്ടി അകത്തു വന്നത്. വന്നയാൾ കണ്ടു പോയ ശേഷം മുട്ടുകുത്തി ഇരുന്ന് അമ്മയുടെ കാൽ തൊടാനോങ്ങിയ ചോയിക്കുട്ടിയുടെ കൈ സുമതി പിടിച്ചു. നിലവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവൾ ഭർത്താവിനെ നോക്കി ആംഗ്യം കാട്ടി. സ്വന്തം നെഞ്ചത്ത് കൈ വെച്ച് അമ്മയുടെ നെഞ്ച് മിടിക്കുന്നെണെന്നാണ് അവൾ ആംഗ്യത്തിലൂടെ പറഞ്ഞത്.
ചോയിക്കുട്ടി വേറെ ആരും കാണാതെ സൂക്ഷിച്ച് മെല്ലെ അമ്മയുടെ നെഞ്ചത്ത് കൈ വെച്ച് നോക്കി. ശരിയാണ്, ഒരു മിടിപ്പ് തോന്നുന്നുണ്ട്. അയാൾ പുറത്തേക്കോടി വയസ്സായ കരണവന്മാരോട് കാര്യം പറഞ്ഞു.
നിയ്യ് പോയി വൈദ്യരെ വീണ്ടും കൂട്ടിക്കോ. അവർ ഉപദേശിച്ചു. ചോയിക്കുട്ടിക്ക് പോകാൻ മടി. ഒരിക്കൽ സൈക്കിളിൽ നിന്ന് വീഴ്ത്തിയ തന്റെ കൂടെ അയാൾ വന്നില്ലെങ്കിലോ?
മുൻപ് പോയ രാഘവനെ തന്നെ അയച്ചു. രാഘവൻ ചെന്നപ്പോൾ വൈദ്യർ ഊരയ്ക്ക് കുഴമ്പ് തേച്ചു പിടിച്ചു ഇരിക്കയാണ്.
അവരുടെ ഹൃദയം മിടിക്കുന്നുണ്ട് വൈദ്യരെ, നിങ്ങളൊന്നുകൂടി വന്നു നോക്കിയാൽ ഉപകാരം ണ്ടാകും.
എനിക്ക് തോന്നീട്ടുണ്ട് . അതാ ഞാൻ കമ്പി അടിക്കാറായിട്ടില്ലെന്നു പറഞ്ഞത്. പക്ഷെ ഇപ്പോൾ എന്റെ സ്ഥിതി കണ്ടില്ലേ? വൈദ്യര് പറഞ്ഞു.
ഒരു കാര്യം ചെയ്യ്, ഒരു ഗുളിക കൊടുത്തോളി. ഒരു ഔൺസ് അരിഷ്ടവും കൊടുത്തോളി. ന്നിട്ട്, നെഞ്ചത്തൊക്കെ ഒന്ന് ചൂട് പിടിക്കാൻ പറയി. കുവ്വപ്പൊടി കിട്ടും ന്നുണ്ടെങ്കി കുറച്ചു വെള്ളം ചൂടാക്കി അരിച്ചു ചൂടാറ്റി കുറേശ്ശേ വായിൽ ഉറ്റിച്ചു കൊടുക്കണം. ഞാൻ രാവിലെ വരാം.
അതെങ്കിൽ അത്. രാഘവൻ മടങ്ങി വന്നു.
ആ പറഞ്ഞ ചികിത്സ ചെയ്തു.
വലിയ കുട്ടികൾ രാവിലെ എണീറ്റപ്പോൾ അവിടെ കിടന്നിരുന്ന അച്ഛമ്മയെ കണ്ടില്ല. അച്ഛമ്മയുണ്ട് മുറിയുടെ മൂലയിൽ ചാരി ഇരിക്കുന്നു. മോള് സരോജിനി വീശി കൊടുക്കുന്നു.
രാവിലെ ദാമോദരൻ വന്നു. കുതിരവണ്ടി വിളിച്ച് അമ്മയെ കോട്ടപ്പറമ്പ് ആസ്പത്രിയിൽ കൊണ്ടുപോയി. ഒരാഴ്ചത്തെ സുഖവാസത്തിനു ശേഷം സാവിത്രിയമ്മ പഴയ ജീവിതം വീണ്ടും ആരംഭിച്ചു.
രാത്രി ശകുന്തള അച്ഛമ്മയുടെ കൂടെ കിടക്കുന്നതു പതിവ് തെറ്റിച്ചില്ല. ആരോ പറഞ്ഞു പഠിപ്പിച്ചതാണോ, സ്വന്തം മനോധർമ്മം ഉപയോഗിച്ചാണോ എന്ന് വ്യക്തമല്ല, അവൾ ചിലപ്പോൾ ആവശ്യപ്പെടുക , അച്ചമ്മ മരി ച്ചിട്ടു പോയി തിരിച്ചു വന്ന കഥ പറഞ്ഞു തര്വോ എന്നാണ്.
അത് നിങ്ങക്കല്ലേ അറിയിണത്, ഞാൻ ഉറങ്ങിപ്പോയില്ലേ, എന്നാണ് മറുപടി.
കഥ തീർന്നില്ല.
സാവിത്രിയമ്മക്ക് സ്വർഗത്തിൽ പോയ സ്ഥിതി ആയിരുന്നു. എന്തെങ്കിലും ജോലി ചെയ്യാൻ ആരും നിര്ബന്ധിച്ചില്ല. വീട്ടിൽ വേറെ പെണ്ണുങ്ങൾ ഇല്ലേ, ജോലി ഒക്കെ അവര് ചെയ്താ മതി. ഞാൻ ആ പോക്ക് പോയിരുന്നെങ്കിൽ തിരിച്ച് വന്നു ഈ ജോലി ചെയ്യുമായിരുന്നോ?
എന്ത് വേണമെങ്കിലും സാവിത്രിയമ്മക്ക് കഴിക്കാം. ഒന്നും നിഷിദ്ധമല്ല. ഇനി ഇപ്പോൾ ഇത്ര കാലം എന്നില്ലേ? മധുരം കഴിച്ചു ചത്ത് പോണെങ്കിൽ അങ്ങോട്ട് പോട്ടെ , വെറുതെ കിട്ടിയ ജീവിതമല്ല? ഏതാണ്ട് റിട്ടയർമെന്റ് അടുത്ത ഉദ്യോഗസ്ഥന്റെ സുഖം.
അത്തവണ കൊട്ടിയൂർ പോകുന്ന ഭക്തരുടെ കൂട്ടത്തിൽ സാവിത്രിയമ്മയും പോയി. കൂടാതെ തിരുന്നാ വയയും ഗുരുവായൂരും പോയി. കുറെ മാസം മോളുടെ വീട്ടിൽ വിരുന്നു പോയി പാർത്തു.
സരോജിനിക്കും സുമതിക്കും ദേവുട്ടിക്കുമൊക്കെ അത് സഹിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല.
ദാമോദരൻ അമ്മയെ കണ്ടു കണ്ണൂരേക്ക് ജോലിക്കു പോകുമ്പോൾ 'അമ്മ പറയും : കണ്ണൂര് നല്ല പറങ്കിമാങ്ങ കിട്ടും. വരുമ്പം കുറച്ചു കൊണ്ടൊരേണ്ടി. ഇഞ്ഞി ഇത്ര കാലംന്നില്യേ?
വണ്ടി വടകര സ്റ്റേഷന്ല് നിർത്തുമ്പം നുറുക്ക് (മുറുക്ക്) വാങ്ങാൻ മറക്കണ്ട, തൊണ്ടിഅല്‌വീം.
ഇഷ്ടപ്പെടാത്തത് എന്തെങ്കിലും കാണുമ്പോൾ ദേവുട്ടിയും സരോജിനിയും ചിലപ്പോൾ സുമതിയും പറയും :
തള്ളക്കു രാജയോഗമാണ്. ഇനിയും ബാക്കിയുണ്ട് അന്ന് കഴിയാൻ പോയത് എന്നോര്മയില്ല. ഈ തള്ളക്കു എന്ത് കാര്യമുണ്ടായിട്ടാ ഒരു നല്ല മരണത്തിന്ന് ചാടിപ്പോന്നത്, ഇനി എങ്ങനെ ഉണ്ടാകും എന്ന് ആർക്കാ അറിയിണത് ?
അതുണ്ടായി. മൂന്നു കൊല്ലത്തിനു ശേഷം. തളർന്നു വീണ് ആസ്പത്രിയിൽ 3 ദിവസം കിടത്തി മടക്കിയ സാവിത്രിയമ്മ വീട്ടിൽ വെച്ചാണ് മരിച്ചത്. മുൻപുണ്ടായിരുന്ന ആൾത്തിരക്കില്ല. ചിലരൊക്കെ അന്നത്തെ വരവുകൊണ്ടു ആ കടം വീട്ടിയിരുന്നു. ചിലർക്ക് സംശയം , ഇതും അങ്ങനെയാകുമോ എന്ന്.
പെണ്മക്കൾ പുല കിടക്കുമ്പോൾ ദേവുട്ടി കുറച്ചു കൂടി വളർന്നിരുന്ന ശകുന്തളയെ ഒരു ഭാഗത്തേക്ക് വിളിച്ചു നിർത്തിയിട്ടു പറഞ്ഞു: നിയ്യ് ഈ പ്രാവശ്യം അച്ഛമ്മയുടെ അടുത്ത് കിടന്നു മാന്തണ്ട.
Comments
Post a Comment