ആഗ്രഹസാധ്യത്തിന്റെ ടോക്കൺ


 

എല്ലാം സുമതിയുടെ നിര്ബന്ധമാണ്. ശ്രീനിവാസൻ എപ്പോഴും  പറയും നീ ഓരോ അന്ധവിശ്വാസത്തിന്റെ ബലം  കൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങളിൽ നിർബന്ധം പിടിക്കരുത് ബാക്കിയുള്ളോരാണ് കഷ്ടത്തിലാകുന്നത്.

 

ലോട്ടറി സ്റ്റാളിലെ കോടിയുടെ വാഗ്ദാനം നിറച്ച പോസ്റ്റർ കാണുമ്പോൾ അവളുടെ വിശ്വാസം കൂടും ഏട്ടാ, ദൈവം നമുക്കൊരു വഴി കാണിച്ചു തരുന്നതാകും തട്ടിക്കളയല്ലേ. വെറും 300 രൂപയല്ലേ ഉള്ളു. 12 കോടി കിട്ടിയാൽ നമുക്ക് പിന്നെ ഒന്നും നോക്കണ്ട.

 

എടീ എത്ര ലക്ഷം ആൾക്കാർ ടിക്കറ്റ് എടുത്ത് നിരാശപ്പെടുമ്പോൾ ആണ് ഒരാൾക്ക് ഒന്നാം സമ്മാനം അടിക്കുന്നതെന്നു നിനക്കറിയുമോ? പാവപ്പെട്ട കൂലിപ്പണിക്കാർ  ദിവസ വരുമാനത്തിൽ നിന്ന് വലിയൊരു പങ്കു മുടക്കിയാണ് ഇതെടുക്കുന്നത്. നമ്മുടെ പരിസരത്ത്  ആർക്കെങ്കിലും അടിച്ചതായി നീ കേട്ടിട്ടുണ്ടോ?

 

എന്ത് പറഞ്ഞിട്ടെന്താ, അന്ധവിശ്വാസം അവളുടെ കൂടപ്പിറപ്പാണ്.

 

ടിക്കറ്റ് എടുത്തു. ഇപ്പോൾ അവൾക്കു രാമേശ്വരത്തു പോകണം.

 

അതെന്തിനാടീ? ലോട്ടറി നറുക്കു എടുക്കുന്നത് രാമേശ്വരത്തു വെച്ചാണോ?

 

അതല്ല. രാമേശ്വരത്ത് പോയി തൊഴുതാൽ നമ്മുടെ ലോട്ടറി അടിക്കും.

 

എടീ അത് നീ ആ സിനിമ ശരിക്കു കാണാഞ്ഞതുകൊണ്ടാ. അതിൽ അങ്ങനെയൊന്നും പറയുന്നില്ല.

 

ഞാൻ എന്ത് പറഞ്ഞാലും ഏട്ടന് തറുതലയെ ഉള്ളു.  ഞാൻ അച്ഛനോട് പറഞ്ഞോളാം.

 

അതാണവളുടെ അവസാനത്തെ അടവ്. ഭാര്യയുടെ ന്യായമായ ആവശ്യം നിറവേറ്റിക്കൊടുക്കാൻ കഴിയാത്ത ഒരു മരുമകൻ എന്ന് അയാളെക്കൊണ്ട് തോന്നിപ്പിക്കണം.

 

അതൊഴിവാക്കണം. അവൻ പറഞ്ഞു. പ്രാകണ്ട , പോകാം.

 

അങ്ങനെ അവർ വണ്ടി കയറി. ആദ്യം പഴനിയിൽ. മല ചുറ്റിച്ചു, 4 കിലോമീറ്റർ . അത് പോരാഞ്ഞ്  അഞ്ഞൂറിലേറെ പടികൾ കയറ്റി. അത് നമുക്ക് കേബിൾ കാർ കേറിയാൽ പോരേ  , തിരിച്ചു നടന്നിറങ്ങി പോരാം.

 

അവൾ സമ്മതിച്ചില്ല. ഭക്തിയുടെ ഉരകല്ലും ദേവപ്രീതിയുടെ രാസത്വരകവും കഷ്ടപ്പാടുകളാണ്. എത്ര കാലം തപസ്സു ചെയ്തിട്ടാണ് പണ്ട് മഹർഷിമാർ ഓരോന്ന് നേടിയത്? കേട്ടിട്ടില്ലേ?

 

കേട്ടാൽ തോന്നും അവളുടെ സ്വന്തം ആൾക്കാരാണ് മഹർഷിമാർ എന്ന്.

 

പഴനിയിലെ വഴിപാടുകളും കഷ്ടപ്പാടുകളും വിജയകരമായി പൂർത്തിയാക്കി അവർ സ്റ്റേഷനിലെത്തി. മധുരക്കുള്ള വണ്ടി കണ്ടു പിടിച്ച്  അത് നിൽക്കുന്ന പ്ലാറ്റഫോമിൽ പോയി. ഒഴിഞ്ഞ ബെഞ്ചിലിരിക്കുമ്പോൾ അവനും പറഞ്ഞുപോയി, ദൈവമേ!

 

പിറ്റേ ദിവസം മധുര മീനാക്ഷി ക്ഷേത്രത്തിൽ. അവിടത്തെ പരിപാടികൾ കഴിഞ്ഞു മടങ്ങുമ്പോഴേക്കും ശ്രീനിവാസനെ ക്ഷീണവും അടിക്കടിയുള്ള തോൽവിയുടെ നിരാശയം കൂടി മറ്റൊരാളാക്കി മാറ്റിയിരുന്നു.

 

കാപ്പി കിലപ്പിൽ (പിരാമിനാൾ) നിന്ന് എന്താണ് കഴിക്കേണ്ടതെന്നു കൂടി അവളാണ് തീരുമാനിച്ചത്. അവളുടെ അച്ഛൻ റയിൽവേയിൽ  ആയിരുന്നത് കൊണ്ട് അവൾക്ക്  ഇവിടെ എല്ലാം സ്വന്തം വീട്ടുമുറ്റം പോലെ. ശ്രീനിവാസൻ വെറും ഒരു ഏഴാം കൂലി.

 

കുറച്ചു വെള്ളത്തിന് വേണ്ടി അവൻ  ഒരു സെർവറെ വിളിച്ചു: ഏയ്.

സെർവർ പെട്ടെന്ന് തിരിഞ്ഞു നിന്ന് ഒരു എം എൻ നമ്പ്യാർ സ്റ്റൈൽ നോട്ടം. നാൻ എന്നാ മാടാ ?

സുമതി ഇടപെട്ടു : തെരിയാമ സൊന്നത് സാമി. നാൻകെ മലയാളീസ്. ഇവർക്ക് കൊഞ്ചം തണ്ണി  കൊടുങ്കെ.

സെർവർ തണുത്തു. വെള്ളം കൊടുത്തു.

 

എങ്ങനെയെങ്കിലും  മടങ്ങിയാൽ മതിയെന്നായി ശ്രീനിവാസന്.

 

തിരിച്ചു വന്നു വണ്ടിയിൽ കയറി നേരെ ബെർത്തിൽ കയറി കിടന്നു.

 

രാവിലെ വെയ്റ്റിംഗ് റൂമിൽ നിന്ന് പറ്റുന്ന വിധത്തിൽ ഫ്രഷ് ആയി. ഒരു കുതിരവണ്ടി പിടിച്ചു ക്ഷേത്രത്തിൽ പോയി.

 

അവിടെ ആദ്യം പോയിട്ടില്ല. പത്തിരുപത് കിണറുണ്ട്. എല്ലാറ്റിലും നിന്ന് വെള്ളം കോരി കുളിക്കണം. ഇരുപത്തിരണ്ടിലും കുളിച്ചാൽ എല്ലാ പാപങ്ങളും ഒഴുകിപ്പോകും.

 

അത്രയും വേണോ? ഞാൻ എന്റെ അറിവിൽ ഒരു പാപമേ ചെയ്തിട്ടുള്ളു.

 

അവൾ മുഖം തിരിക്കാതെ  കണ്ണ് മാത്രം സ്ക്രോൾ ചെയ്തു അവനെ നോക്കി. ഇല്ല. തന്നെ  ഉദ്ദേശിച്ചു പറഞ്ഞതല്ല.

 

സ്റ്റേഷനിൽ നിന്ന് കുളിച്ചത് വെറുതെ ആയി, അവൻ പറഞ്ഞു. ഇപ്പോൾ അകെ ഇരുപത്തിമൂന്നാകും.

 

എന്തെങ്കിലും ഇളവ് കൊടുക്കുന്ന ഭാവം അവൾ കാണിച്ചില്ല. വരുന്നത് വരട്ടെ.

 

കിണറോട്‌ കിണർ. കുളിയോട് കുളി. വെള്ളം കോരിയാണ് കുളി. ഓരോ കിണറിനടുത്തും കുളിയുടെ മാഹാത്മ്യം വിശദീകരിക്കാനും മറ്റുപദേശങ്ങൾ തരാനും ദക്ഷിണക്ക് വേണ്ടി വിരലുകൾ വിറപ്പിക്കാനും ആളുണ്ട്.

 

പതിനേഴാമത്തെ കിണറിൽ എത്തിയപ്പോൾ ഒരു വിശേഷപ്പെട്ട സ്വാമി  പ്രത്യക്ഷനായി.ശരീരത്തിൽ കാണാവുന്നിടത്തൊക്കെ ഭസ്മവും ചന്ദനക്കുറിയും പൂശി, ജഡ പിടിച്ച താടിയും മുടിയുമുള്ള ഒരു സ്വാമി. മുഖത്തിന്റെ ബാക്കി കിടക്കുന്ന ഭാഗത്തിന് വിസ്താരം കുറവാണെങ്കിലും ഒരു തേജസ്സ് തോന്നിക്കുന്നുണ്ട്. അയാൾ മലയാളത്തിൽ തന്നെ പറഞ്ഞു: ഈ കിണറിനു ഒരു പ്രത്യേകത ഉണ്ട്. 12  അടി വ്യാസമുള്ള കിണറാണ്. ഒരു കോയിൻ  ഇതിന്റെ ഒത്ത നടുക്ക് നിക്ഷേപിച്ചാൽ നിങ്ങളുടെ മറ്റെങ്ങും സാധിക്കാത്ത ഒരാഗ്രഹം ഇവിടെ സാധിക്കും.

 

നമുക്ക് ചെയ്യാം ചേട്ടാ, സുമതി പറഞ്ഞു.

 

ശരി, ഇതായിട്ടിനി ! അവൻ ഒരു നാണയത്തിനു വേണ്ടി പോക്കറ്റിൽ കയ്യിട്ടു. സ്വാമി കൈ തടഞ്ഞു. ആ കോയിൻ അല്ല. അതിനു സ്പെഷ്യൽ കോയിൻ. സ്വാമി അയാളുടെ കമണ്ഡലുവിൽ നിന്ന് രണ്ടു കോയിൻ എടുത്തു. വിലകൊടുത്തു വാങ്ങി വെൻഡിങ് മെഷീനിൽ ഇടുന്ന പോലത്തെ കോയിൻ.

ഒരു കണക്കിന് ഇതും ഒരു വെൻഡിങ് മെഷീൻ തന്നെ. ആഗ്രഹപൂർത്തിയാണ് കച്ചവടച്ചരക്ക്.

100 രൂപ കൊടുത്തു രണ്ടു കോയിൻ വാങ്ങി.

 

ഒന്ന് അവളുടെ കയ്യിൽ കൊടുത്തു. രണ്ടു കയ്യും മടക്കി അതിനുള്ളിൽ വെച്ച് ആകാശത്തേക്ക് നോക്കി കൂപ്പി. എന്താണാഗ്രഹിക്കുക? ഒരു നിമിഷം ആലോചിച്ചു. പിന്നെ തീരുമാനം എടുത്ത്  കിണറിന്റെ ഒത്ത നടു  ഉന്നം വെച്ച് എറിഞ്ഞു. അവൾ അയാളെ ശ്രദ്ധിക്കുകയായിരുന്നു. അവൾക്കു സന്തോഷമായി. ഏട്ടൻ മാറി വരുന്നുണ്ട്.

 

എന്നാലും ഏട്ടൻ എറിഞ്ഞത് കിണറിന്റെ നടുവും കഴിഞ്ഞു പോയോ എന്ന് സംശയം. എറിയേണ്ടി ഇല്ലായിരുന്നു. ഞാൻ ഇടുന്നതു നോക്കിക്കോളൂ.

 

അത്രയും പറഞ്ഞ്  അവൾ കിണറിന്റെ ആൾമറയിൽ ചാരി മടങ്ങി കൈ ഏറ്റം  മുന്നോട്ടാക്കി ഏന്തി വലിഞ്ഞ് നാണയത്തോടൊപ്പം കിണറ്റിൽ വീണു.

 

ശ്രീനിവാസൻ ഞെട്ടി നിലവിളിച്ചു. ആൾക്കാർ ഓടിക്കൂടി. ഇത് സാധാരണ സംഭവം ആയത് കൊണ്ടായിരിക്കാം. സുരക്ഷാ സ്വാമികൾ അവിടെ റെഡി ആയിരുന്നു. അവരുടെ കസേര, കയർ തുടങ്ങിയ അടിസ്ഥാനായുധങ്ങളും.

 

അവർ സുമതിയെ പൊക്കിയെടുത്തു. ഭയപ്പെട്ടതല്ലാതെ അവൾക്കൊന്നും പറ്റിയിട്ടില്ല. അതും ദൈവത്തിന്റെ പരീക്ഷണം എന്ന നിലക്ക് എഴുതി തള്ളാൻ അവൾക്കു ബുദ്ധിമുട്ടുണ്ടായില്ല.

 

അന്നേരം മുതൽ ശ്രീനിവാസൻ ഏതോ ചിന്തയുടെ ചുഴലിയിൽ പെട്ട് തിരിയുകയായിരുന്നു. പറയുന്നതൊന്നും കേൾക്കുന്നില്ല, മുന്നിലുള്ളതൊന്നും കാണുന്നില്ല. ആകെ ഒരു ഡിസ് ഓറിയന്റേഷൻ,  സ്ഥലകാലബോധരാഹിത്യം. 

 

പരിപൂർണ ചിന്താമഗ്നൻ.

 

അവൾ കൈ പിടിച്ചു കൂട്ടി ബാക്കി അഞ്ചു കിണറിലും കുളിപ്പിച്ചു. വിശ്രമിച്ചു , വസ്ത്രങ്ങളെല്ലാം മാറ്റി, നനഞ്ഞത്  ഉണക്കി, ബാഗിലാക്കി മടങ്ങുമ്പോൾ ശ്രീനിവാസൻ സ്വാമിയേ കണ്ടു.

 

അയാൾ ഓടിച്ചെന്നു സ്വാമിയുടെ കാൽക്കൽ വീണു..

 

സ്വാമി അതിശയിച്ചു. അവനെ കൈ പിടിച്ച് എണീപ്പിച്ചു. നന്നായി വരട്ടെ, എന്തുണ്ടായി ഭക്താ?

 

സ്വാമീ... എനിക്ക് വിശ്വാസമായി. അങ്ങയുടെ കോയിൻ ഫലിക്കുന്നുണ്ട്.

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ