പ്രണയദിനാഘോഷം

  

 

അന്ന് ഇതുപോലൊരു ദിവസം. നല്ല കാലാവസ്ഥ. കല്യാണകൃഷ്ണൻ രാവിലെ എണീറ്റ് ഓൾഡ് മത്താർ   റോഡിലൂടെ ഒരു ചാൽ ഓടി തിരിച്ചു വന്നു കുവൈറ്റി ബിൽഡിങ്ങിന്റെ മുന്നിലെ അൽ ഫ്യൂതെയിം മാർക്കറ്റിനു മുൻപിൽ എത്തിയപ്പോൾ ആണ് അത് ശ്രദ്ധിച്ചത്. ഒരു പൂക്കട.

 

അവൻ അതിശയിച്ചു. സൗദി അറേബ്യയിൽ പൂക്കടയോ?

 

ഓടിയ  ക്ഷീണം ഒന്ന് മാറ്റുകയും ചെയ്യാമെന്ന് വെച്ച് അവൻ കടയിൽ ചെന്നു. കടക്കാരനോട് സംസാരിച്ചു. അയാളുടെ മുൻപിൽ മോശക്കാരനാകേണ്ട എന്നാഗ്രഹിച്ചു അവൻ അഞ്ചു റിയാൽ  കൊടുത്ത് രണ്ടു റോസാപ്പൂക്കൾ വാങ്ങി. നല്ല സൗരഭ്യം, പളപളപ്പുള്ള സൗന്ദര്യവും. കൊടുത്ത റിയാൽ മുതലാക്കാൻ അതിന്റെ ഭംഗിയും സുഗന്ധവും ആസ്വദിച്ചുകൊണ്ടങ്ങനെ അവൻ നടന്നു, ദേബാബ് സ്ട്രീറ്റ് ലക്ഷ്യമാക്കി.

 

അവിടെ കുറെ പർദ്ദകൾ ടാക്സി കത്ത് നിൽക്കുന്നത് അവന്റെ കാഴ്ചപ്രദേശത്താണ്, അവൻ  പക്ഷെ ശ്രദ്ധിച്ചില്ല. നിർത്തിയിട്ടിരുന്ന പോലീസ് വണ്ടിയിൽ നിന്നുള്ള വിളിയാണ് അവനെ ഈ ലോകത്തേക്ക് കൊണ്ട് വന്നത്.

 

അഹമ്മദ് , താൽ. വണ്ടിയുടെ ഡോർ തുറന്നു ഒരു പോലീസുകാരൻ വിളിച്ചതാണ്.

 

താൽ , രക്കം സിയാരാ.(വന്നു വണ്ടിയിൽ കേറൂ.)

 

അവൻ അന്ധാളിച്ചു.  അനുസരണയോടെ വണ്ടിയിൽ കേറി.

 

ഒൻപത് മണിക്ക് ഞാനും എന്റെ ടീം അംഗങ്ങളും സാംബയിൽ (അന്ന് സൗദി അമേരിക്കൻ ബാങ്ക്) ജോലിക്കു കേറി. ഇന്ന് തിരക്കിട്ട ജോലിയാണ്. പൂർത്തിയാക്കിയ പ്രോഗ്രാമുകൾ അപ്‌ലോഡ് ചെയ്തു ഉപയോക്താക്കൾക്ക് ടെസ്റ്റിന് സന്നദ്ധമാക്കണം.

 

പത്തു മണിയായിട്ടും കല്യാൺ വന്നില്ല. അവന്റെ ചില പ്രോഗ്രാമുകൾ ക്ലോസ്  ചെയ്യാനുണ്ട്. അവനെ വിളിച്ചു നോക്കി, കിട്ടിയില്ല. അവന്റെ ഞങ്ങൾക്കറിയാവുന്ന ഒന്ന് രണ്ടു സുഹൃത്തുക്കളെ വിളിച്ചു, രക്ഷയില്ല.

 

എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോളാണ് സാംബയിലെ HR മാനേജർ എന്നെ വിളിച്ചത്.

 

കല്യാണകൃഷ്ണൻ എവിടത്തുകാരനാണ്, എങ്ങനെയുള്ളവനാണ് എന്നൊക്കെ അയാൾ എന്നോട് ചോദിച്ചു. കുഴപ്പക്കാരനല്ല, നല്ല പയ്യനാണ്, ഞാൻ പറഞ്ഞു. നമ്മുടെ പ്രധാനപ്പെട്ട പ്രോഗ്രാംസ് എല്ലാം എഴുതിയിരിക്കുന്നത് അവനാണ്, അതിവിദഗ്ദ്ധനാണ്, അവൻ വന്നിട്ട് വേണം പ്രോഗ്രാംസ് എല്ലാം അപ്ഡേറ്റ് ചെയ്തു ടെസ്റ്റ് തുടങ്ങാൻ, ഞാൻ തട്ടിവിട്ടു. എന്ത് പറ്റി , എന്താണ് കാര്യം സാർ, ഞാൻ ചോദിച്ചു.

 

പെൺകുട്ടികൾക്ക് പൂ കൊടുക്കാൻ പോകുമ്പോൾ പോലീസുകാർ കണ്ടു. അവർ പിടിച്ചു വെച്ചിരിക്കുകയാണ്.  ബത്ത മറൂറിലാണ് .

 

എന്തെങ്കിലും ചെയ്യണം സാർ, അവനെ ഉടനെ കിട്ടണം.

 

ശരി ഞാൻ നോക്കാം. HR മാനേജർ പറഞ്ഞു.

 

അവർ ഒരു സൗദിയെ വിട്ടു, അവരുടെ പബ്ലിക് റിലേഷൻസ് ഓഫീസറെ.

 

ഒരു മണിയോടെ PRO കല്യാണിനെ കൊണ്ട് വന്നു. വാലെന്റൈൻസ് ഡേ ആഘോഷിച്ചു ക്ഷീണിച്ചു അല്ലെ. ഞാൻ ചോദിച്ചു.

 

ഇത് സൗദിയാണ് , സൂക്ഷിക്കണം, അവന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചുകൊണ്ട് PRO പറഞ്ഞു.

 

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ