അണ്ടി മാങ്ങാ ദ്വയാകുലത
അണ്ടി മാങ്ങാ ദ്വയാകുലത
അങ്ങനെയല്ല, അങ്ങനെയല്ല എന്ന് കേട്ടാണ് ഞാൻ കണ്ടുകൊണ്ടിരുന്ന വിഡിയോ പോസ് ചെയ്തു ശ്രദ്ധിച്ചത്. സുബ്രുവിന്റെ മുറിയിൽ നിന്നാണ്. കുറച്ചു മുൻപ് അവൻ കമ്പ്യൂട്ടറിൽ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവൻ ആരോടാണ് സംസാരിക്കുന്നത്? കോൺഫറൻസ് കാൾ ആവൻ വഴിയില്ല, മലയാളത്തിൽ. ഞാൻ കാതോർത്തു.
അവന്റെ ശബ്ദം വീണ്ടും.
മാങ്ങയാണ് ആദ്യം ഉണ്ടായത് , സംശയിക്കേണ്ട. പണ്ട് മാങ്ങക്കു അണ്ടിയേ ഉണ്ടായിരുന്നില്ല. ചെമ്പരത്തിയെ പോലെ കൊമ്പ് മുറിച്ചു നട്ടാണ് മാത്തോട്ടങ്ങൾ ഉണ്ടാക്കിയിരുന്നത്. ജോർജ് വാഷിങ്ടൺ ചെയ്ത അക്രമത്തിനു ശേഷം മാവിന്റെ കൊമ്പു മുറിക്കൽ നിരോധിച്ചു. അതിനു ശേഷം കുറെ കാലം പുതിയ മാവുകൾ ഉണ്ടായില്ല. വംശനാശം വന്നു പോകുമല്ലോ എന്ന് ഭയന്നാണ് തെർമോ ഫിഷർ ഇന്സ്ടിട്യൂട്ടിലെ പരീക്ഷണങ്ങൾക്കൊടുവിൽ ഹോർമോൺ കുത്തി വെച്ച് മാങ്ങകളിൽ അണ്ടി ഉണ്ടാക്കി എടുത്തത്.
ഇത്രയും കേട്ടപ്പോൾ എനിക്ക് ഇരിപ്പുറച്ചില്ല. ഞാൻ അവന്റെ മുറിയിൽ കടന്നു. അവൻ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു ഉറക്കത്തിൽ സംസാരിക്കുന്നു. ഞാൻ അവനെ തട്ടി വിളിച്ചു. സുബ്രു, എണീക്ക് . നീ എന്തൊക്കെയാണ് പറയുന്നത്?
അവൻ കണ്ണ് തുറന്നു ചുറ്റും നോക്കി സ്ഥലകാലബോധം വരുത്തി: ഞാൻ എന്താണ് പറഞ്ഞത്?
ഞാൻ: ഒന്നും പറഞ്ഞില്ല. നീ എണീറ്റ് പല്ലു തേക്ക്.
കേട്ട പാടെ അവൻ ഉമ്മറത്ത് പോയി തൂക്കിയിട്ടിരുന്ന ചട്ടിയിൽ നിന്ന് ഉമിക്കരി എടുത്ത് പല്ലു തേക്കാൻ തയാറായി.
ഞാൻ പറഞ്ഞു: പൊട്ടാ, പല്ലു തേക്കണമെന്നില്ല. നീ ഉച്ചയൂണിന്റെ ആലസ്യത്തിൽ ഉറങ്ങിപ്പോയതാവും. അത് പോട്ടെ നീ ആരോടാണ് സംസാരിച്ചു കൊണ്ടിരുന്നത്?
എനിക്ക് ശരിക്കോർമയില്ല. അണ്ടി മാങ്ങാ ദ്വയാകുലത ആലോചിച്ചാണ് കിടന്നത്. എന്തൊക്കെയോ കണ്ടു.
Comments
Post a Comment