വുഡ് ബി.
കുറെ കാലത്തിനു ശേഷം ഞാൻ ദിനേശനെ ഒന്ന് കണ്ടുകളയാമെന്നു വിചാരിച്ചു. അവന്റെ ഗ്രാമത്തിൽ പോയി. വായനശാലയുടെ ചോട്ടിലെ കലുങ്കിൽ ഒരിക്കൽ കൂടി ഞങ്ങളുടെ പഴയ ഇരുത്തത്തിന്റെയും പറച്ചിലിന്റെയും ഗൃഹാതുരസുഖം അനുഭവിച്ചു.
അകലെ ഒരു പുരുഷൻറെ കൈ പിടിച്ചു പോകുന്ന മഹിളയെ ഞാൻ ശ്രദ്ധിച്ചു.
പണ്ട് ഒറ്റക്കായിരുന്നു പോകാറുള്ളത്, ഫുൾ സ്കർട്ടും ജമ്പറും മാറത്തടുക്കി പിടിച്ച പുസ്തകവും.
അവനെ ഇക്കിളിപ്പെടുത്താൻ ഞാൻ ചോദിക്കും : അതാരാടാ പോകുന്നത്?
എന്നും പറയാറുള്ള ഉത്തരം തന്നെ : അതെന്റെ വുഡ് ബി.
ഇന്ന് ഫുൾ സാരിയിൽ, കൂടെ ഒരാൾ, മുകളിൽ അയാൾ പിടിച്ച കുട.
അന്നത്തെ ചോദ്യത്തിന് ഇന്ന് പ്രസക്തിയുണ്ടോ എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചു. ഞങ്ങളുടെ ബന്ധത്തിനും കുസൃതി നിറഞ്ഞ ചോദ്യോത്തരങ്ങൾക്കും മാറ്റം വന്നിട്ടില്ല, ഈ ഗ്രാമാന്തരീക്ഷം പോലെ.
അതാരാടാ ആ പോകുന്നത്? ഞാൻ ചോദിയ്ക്കാൻ ധൈര്യപ്പെട്ടു.
അവന് ഒരു ഇളക്കവും കണ്ടില്ല. അത് എന്റെ വുഡ് ഹാവ് ബീൻ.
Comments
Post a Comment