ആള് പലതരം ചായ ഒരു തരം

 

അലവിയാക്ക ഏഴു മണിക്ക് കട തുറന്നു ഇരിക്കുന്നതാണ്. പാല് ചൂടാക്കി. സമോവറിൽ വെള്ളം ഒഴിച്ച് കരി ഇട്ടു കത്തിച്ചു. ഇപ്പോൾ നാലാമത്തെ തവണയാണ് കരി ഇട്ടു കൊടുക്കുന്നത്.

 

ഇറങ്ങുമ്പോൾ തന്നെ ആയിശ ചോദിച്ചതാണ്, ങ്ങള് എന്തിര്ത്തിനാ അത് തൊറന്ന് ഈചന്യാട്ടി ഇരിക്കാൻ പോണത്? എന്തെങ്കിലും കച്ചോടം ണ്ടോ?

 

കച്ചോടൊക്കെ ആയിക്കോളുണ്ടി , ജ്ജി  നോക്കിക്കോ. തേങ്ങക്കു വെല കൂടുമ്പം  തുവ്വശ്ശേരി തോട്ടത്തിലേക്കും അവിടന്നിങ്ങോട്ടും തോണി  നിറച്ചും കടത്തുണ്ടാകും. അതിന്റെ  ഗുണം മ്പക്കൂണ്ടാകും,

 

ഇത് വരെ ഉണ്ടായിട്ടില്ല. ഒരു തോണി പോലും  ചായക്കടയുടെ മുന്നിലൂടെ പോയിട്ടും ഇല്ല്യ, അലവിയാക്കന്റെ ചായപൂഞ്ചിയിൽ ചൂടുവെള്ളം ഒഴിക്കേണ്ടി വന്നിട്ടും ഇല്ല, ഇന്ന് ഇത് വരെ, ദാ  ഇപ്പോൾ ദോഹര്  വാങ്ക് സമയം  ഏതാണ്ട് ആയി,

 

പണ്ടൊക്കെ എത്ര തിരക്കുണ്ടാകാറുണ്ടായിരുന്നു? ബെഞ്ചിൽ സ്ഥലം ഇല്ലാതെ ആൾക്കാർ തിണ്ണയിലിരുന്നു വരെ ചായ കുടിക്കാറുണ്ട്. ഇന്നിപ്പോ, ബെഞ്ച് കാലി.

 

വെറുപ്പ് തീർക്കാൻ വേണ്ടി അലവ്യാക്ക ഒരു ചായ ഇട്ടു തന്നത്താൻ  ആറ്റിയാറ്റിക്കുടിച്ചു. ചില്ലലമാരയിൽ നിന്ന് പാത്രം തുറന്നു ഒരു കടലമുട്ടായി എടുത്തു തിന്നു. തീരട്ടെ. എല്ലാം നശിച്ചു തീരട്ടെ. കടലമുട്ടായിയും വേണ്ട കച്ചോടവും വേണ്ട.

 

അവസാനത്തെ ഇറക്ക് ചായ കുടിക്കുമ്പോഴാണ് അലവ്യാക്കയുടെ കണ്ണിൽ പെട്ടത്, ഒരു തോണി. അഞ്ചെട്ട് ആളുണ്ട്. മാവൂര്ന്നു ബേപ്പൂരെക്കു പോണതാണെന്നാണ് തോന്നുന്നത്, കാലി ആണ്. പരിചയമുള്ള പിള്ളേരല്ല.

 

കടയുടെ മുന്പിലെത്തിയെപ്പോൾ തോണി ഒന്ന് മെല്ലെയായി.

ഒരാൾ വിളിച്ചു ചോദിച്ചു: ക്കാക്കാ ചായ കിട്ട്വോ ?.

ണ്ടാക്കാലോ! അലവ്യാക്ക വർദ്ധിച്ച പ്രതീക്ഷയോടെ പറഞ്ഞു;

ന്നാ എട്ടു ചായ. അയാൾ വിളിച്ചു പറഞ്ഞു.

ഞാൻ പറഞ്ഞില്ലെടി, ആയിശേ. അലവ്യാക്ക സന്തോഷം കൊണ്ട് ഉറക്കെ പറഞ്ഞു പോയി.

 

കരിത്തട്ട് തട്ടി കനല് പാറിച്ച് അലവ്യാക്ക പൂഞ്ചിയെടുത്ത് ഒരു പോങ്ങ ഫ്രഷ് പൊടിയിട്ടു. എട്ടു ചായക്കുള്ള പൽ അലൂമിനിയം ജഗ്ഗിലൊഴിച്ചു , നാലു സ്പൂൺ പഞ്ചാരയിട്ടു. കുറച്ചേറെ ഇരിക്കട്ടെ.  ഇപ്പോഴത്തെ പിള്ളാർക്ക് മധുരം വേണം. ഇഷ്ടപെട്ടാൽ ഈ കടവ് അവരുടെ ഒരു സ്ഥിരം ഇടത്താവളമാകും. സ്ഥിരം കുറ്റിക്കാരെ കിട്ടിയാൽ കടയുടെ സ്റ്റാർ കൂട്ടി ചോറും ഇറച്ചിയും പൊറോട്ടയുമൊക്കെ  അവതരിപ്പിക്കണമെന്ന്   അലവ്യാക്ക മനസ്സിൽ പ്ലാനിട്ടു.

 

പൂഞ്ചി കയിൽ  കൊണ്ടു ഞെക്കി അമർത്തി ജഗ്ഗിലോഴിച്ചു നെടുനീളത്തിൽ ആറ്റി. പത പോരാഞ്ഞു വീണ്ടും ആറ്റി. എട്ടു ഗ്ലാസ് കഴുകി ട്രേയിൽ വെച്ചു. പിള്ളേരെത്തുന്നതിനു മുൻപ് ചായ റെഡി ആക്കണം. വന്നിരിക്കുമ്പോഴേക്കും ചായ മുന്നിലുണ്ടാകണം.

 

അലവ്യാക്ക നോക്കി. പിള്ളേർ തോണി അടുപ്പിക്കുന്നെയുള്ളൂ. തുഴക്കാരന് പരിചയക്കുറവുണ്ടോ? തോണി ചാലിലൂടെ നേരെ വരുന്നതിനു പകരം അപ്പുറവും ഇപ്പുറവും തട്ടിത്തിരിഞ്ഞാണ് വരുന്നത്. ചായ തണുക്കുന്നതിനു മുൻപ് എത്തണേ ബദരീങ്ങളെ , അലവ്യാക്ക പ്രാർത്ഥിച്ചു.

 

തോണി അടുപ്പിച്ചു പിള്ളേർ ഇറങ്ങാൻ തുടങ്ങിയപ്പോൾ തന്നെ ചായ ഒരിക്കൽ കൂടി ആറ്റി ഗ്ലാസ്സുകളിൽ ഒഴിച്ച്. ജഗ്ഗിൽ ബാക്കിയിരുന്ന ചായ ഗ്ലാസിലെ  പതക്ക് കേടു വരാത്ത വിധം സൂക്ഷിച്ച്‌  എട്ടു ഗ്ലാസിലും ഒഴിച്ച് ജഗ്ഗ് കാലിയാക്കി.

 

ട്രേയുമായി അലവ്യാക്ക ബെഞ്ചിനടുത്തേക്കു നീങ്ങിയപ്പോൾ കയറി വന്ന ഒരു ചെക്കൻ പറഞ്ഞു: എനിക്ക് ഒരു ചായ വെള്ളം കുറവ്. രണ്ടാമത്തവനുമുണ്ട് പ്രത്യേക താല്പര്യം: എനിക്കൊരു കട്ടൻ. മൂന്നാമതൊരാൾ അലവ്യാക്കയെ നോക്കി പറഞ്ഞു: എനിക്ക് സ്ട്രോങ്ങ്.

 

പിന്നെ കാതിൽ  വന്നലച്ചത്  ഒരു ബഹളം പോലെയാണ് അലവ്യാക്കക്കു തോന്നിയത്. ഒരു മീഡിയം, ഒരു പാലും വെള്ളം. ഒരു മധുരം ഇല്ലാത്ത ചായ. ഒരു പൊടിച്ചായ.

 

അത്രകൊണ്ട് അലവ്യാക്കക്ക്  മതിയായി. അയാൾ എട്ടു ഗ്ലാസ്സിലെയും ചായ തിരിച്ചു ജഗ്ഗിലൊഴിച്ചു. എന്നിട്ടു നേരെ പുഴയിലേക്ക് നടന്ന് ജഗ്ഗിലെ ചായ വെള്ളത്തിലൊഴിച്ചു.  എന്നിട്ടക്രോശിച്ചു: നായിന്റെ മക്കളെ, ഇങ്ങക്കിവിടെ ചായേം  ഇല്ല്യ ചോറും ഇല്ല്യ. പൊയ്ക്കോളി.    

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ