ഒരു മരത്തിന്റെ മരണം
17 കൊല്ലാത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം ആ വരിക്ക പ്ലാവിൻമേൽ ഇന്ന് മഴു വീണു. ത്തഡ് എന്ന ശബ്ദത്തോടെ അവസാനം ബാക്കിനിന്ന തന്മരം നിലത്തു വീണു.
ബന്ധുമിത്രങ്ങളിൽ ഒരുപാടു പേരുടെ പ്രീതി സമ്പാദിച്ച മരമായിരുന്നു. എല്ലാ വർഷവും തേൻ മധുരമുള്ള ചക്ക തന്ന് അത് ഞങ്ങളെയൊക്കെ സന്തോഷിപ്പിച്ചു. വന്ന് ഇല വെട്ടി കൊണ്ടുപോകാൻ തയാറുള്ള ആടുകര്ഷകരെ വേണ്ടത്ര സഹായിച്ചു. ദാനപ്രാപ്തിയിലൂടെ ഞങ്ങളെ അഭിമാനം കൊള്ളിച്ചു.
വീട്ടിന്റെ തറയ്ക്കും മതിലിനുമിടയിലുള്ള അഞ്ചടിയിൽ വേര് പരത്തിയും ടെറസിലെ ടാങ്കിന്റെ ഷീറ്റിൽ ഉരസിയും ഞങ്ങളെ ഭീഷണി പെടുത്തി എന്നതാണ് അത് ചെയ്ത തെറ്റ്. ഭാവിയിൽ ഒരു ദിവസം ചട്ടുകം കൊണ്ട് ദോശ മറിച്ചിടുന്നപോലെ വേരുകൾ കൊണ്ട് എന്റെ വീട് മറിച്ചിടുന്നത് പ്രവചിച്ച് ഉപദേശികൾ എന്നെ ഭീഷണിപ്പെടുത്തി. എന്റെ ഉറക്കം കെടുത്തി. മുറിക്കാനുപദേശിച്ചവരുടെ കണക്കിൽ ആ ചക്കകളും ഇലകളും പ്ലാവ് തന്ന തണലും ഒന്നും ഇടം കണ്ടില്ല.
ഞാൻ റഷീദിനെ വിളിച്ച് അത് വിൽക്കാൻ നോക്കി.ആകെയുള്ള വണ്ണം കാര്യമായ ഉപയോഗത്തിന് മതിയാകുന്നില്ലെന്നതിനാൽ അവൻ ഒഴിഞ്ഞു. വേണ്ട, വെറകിനേ പറ്റൂ. ഇന്ന് വിറക് ആർക്കു വേണം?
നീ മുറിച്ചു കൊണ്ട് പൊയ്ക്കോ, വിലയൊന്നും തരേണ്ട.
എന്നിട്ടും അവനു വേണ്ട. വാളിന്റെ ഡീസൽ ചെലവും മുറിക്കാരുടെ കൂലിയും വെറകിന്റെ വെല കൊണ്ട് ഒക്കുകയില്ല.
അവസാനം ആയിരം രൂപ അങ്ങോട്ട് കൊടുത്താൽ മുറിച്ചൊഴിവാക്കി തരാമെന്നേറ്റു, അവൻ. ആ ഡീൽ ആണ് ഇന്ന് ഫലം പ്രാപിച്ചത്. അവർ എല്ലാ തടിക്കഷണങ്ങളും ഒരു നിസ്സാനിൽ കയറ്റി കൊണ്ട് പോകുമ്പോൾ എന്തോ ഒന്ന് നഷ്‌ടമായ പോലെ. ഓർമകളിൽ പൊടിഞ്ഞ ചോര കുറേശ്ശേ നീറ്റലായി.
ഒരു പാട് പേർക്ക് ചക്ക കൊടുത്തിട്ടുണ്ട്. ഒരു ദാനം മായാതെ നിൽക്കുന്നു മനസ്സിൽ.
ഒരിക്കൽ ഞാൻ അവധിക്കു നാട്ടിൽ വന്ന സമയം. 'അമ്മ ആരോടോ സംസാരിക്കുന്നതു കേട്ട് ഞാൻ ആരാണെന്നു നോക്കുകയായിരുന്നു. മൂന്നു കുട്ടികൾ. അടുത്ത കോമ്പൗണ്ടിലെ പറയഞ്ചേരി സ്കൂളിൽ നിന്ന്
മതില് ചാടി വന്നു വീട്ടിനു മുന്നിൽ നിൽക്കുകയാണ്.
അവർക്കു ഒരു ചക്ക വേണം. അവർ പറിച്ചോളും. വേണമെങ്കിൽ രണ്ടെണ്ണം ഞങ്ങൾക്കും പറിച്ചു തരാം.
'അമ്മ സമ്മതിച്ച ശേഷം അവർ ഒരു കണ്ടീഷൻ വെച്ചു. ഏറ്റവും പഴുത്ത ചക്ക അവർ എടുക്കും.
അമ്മക്ക് സമ്മതം.
അവർ പ്ലാവിൽ വലിഞ്ഞു കയറി മൂന്നു ചക്ക പറിച്ചു രണ്ടെണ്ണം മതിലിനിപ്പുറത്ത് വീട്ടിറയത്തു വെച്ചു. ഒന്നുമായി മുന്നിൽ തന്നെയുള്ള ഒഴിഞ്ഞ പറമ്പിലേക്ക് നീങ്ങി.
കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അവർ അടുത്തുള്ള ഒരു കരിങ്കൽ ചീളെടുത്ത് ആ പൊതിയാത്തേങ്ങ പൊതിക്കാൻ ശ്രമിക്കുകയാണ്.
കത്തി തരാം മേലൊക്കെ വെളഞ്ഞി ആക്കണ്ട. 'അമ്മ ഒരു കത്തി എടുത്തു കൊടുത്തു.
ഞങ്ങൾ നോക്കി നില്കുന്നത് കണ്ട് അവർക്കൊരു പരുങ്ങൽ. ഞാൻ അമ്മയെ അകത്തേക്ക് വിളിച്ചു.
കുറച്ചു കഴിഞ്ഞു ഒരു കുട്ടി കത്തി തിരിച്ചു തരാൻ വേണ്ടി ഗേറ്റിൽ മുട്ടി. ഞാൻ ചെന്ന് ക:ത്തി വാങ്ങുമ്പോൾ ചോദിച്ചു :
ചക്ക നന്നോ?
അവൻ പറഞ്ഞു: വളരെ നന്നായിരുന്നു അങ്കിൾ.
ബാക്കി എന്ത് ചെയ്യും?
ബാക്കി ഒന്നുമില്ല അങ്കിൾ. അത് ഞങ്ങൾ പൂർത്തിയാക്കി. നല്ലതല്ലെങ്കിലും ഞങ്ങൾ തിന്നുമായിരുന്നു.നല്ല വിശപ്പുണ്ടായിരുന്നു. ഉച്ചക്ക് ലക്ഷ്മണേട്ടന്റെ പീടികയിൽ നിന്ന് ഓരോ സിപ്പപ്പ് കഴിച്ചതാണ്. സാധാരണ ഞങ്ങൾ ഈ സമയത്തിന് മുൻപേ വീട്ടിലെത്തും. ഇന്ന് സ്പെഷ്യൽ ക്ലാസ് കാരണം വൈകി.
അത് പറയുമ്പോൾ അവന്റെ കണ്ണിൽ നന്ദിയുടെ പ്രകാശം ഉണ്ടായിരുന്നു.
ഞാൻ കൂടുതൽ ശ്രദ്ധിച്ചത് സ്കൂളിലെ ഹയർ സെക്കന്ററി കുട്ടികളെ പറ്റി എനിക്കുണ്ടായിരുന്ന ധാരണ കുറേശ്ശേ മാറി വരുന്നതാണ്. എന്റെ ധാരണയിലുണ്ടായിരുന്നത് പഴയ തലമുറയെ പുച്ഛിച്ചു ധാർഷ്ട്യം പ്രകടിപ്പിച്ചു ഒന്നിലധികം പേർ ചേർന്നാൽ അമിതമായ ആത്മവിശ്വാസം ആർജ്ജിച്ചു കലപില കൂട്ടി നടക്കുന്ന കുട്ടിച്ചെകുത്താന്മാരാണ്.
ഇന്ന് ഞാനതോർത്തു. ഇത്തരം കുട്ടികളും ഉണ്ട്.
മുറിഞ്ഞ പ്ലാവിന്റെ കുറ്റി മഞ്ഞ പല്ലു കാട്ടി ചിരിക്കുന്നു.
നിനക്ക് ചിരിക്കാം, 17 കൊല്ലമേ ജീവിച്ചുള്ളു എങ്കിലും നിന്റെ ജീവിതം ധന്യം.
Comments
Post a Comment