ഒരച്ഛന്റെ പരിഭവം
ഒരച്ഛന്റെ പരിഭവം
ഞാനവർക്കച്ഛൻ
മാത്രം , എന്നുമീ വൈകുന്നേരം
മീനൊരു ചെറു
പൊതി , അല്ലെങ്കിൽ പച്ചക്കറി
അത്താഴം വെക്കാനായിട്ടരിയും മറ്റുള്ളതും
മൊത്തത്തിൽ
തോളിൽ തൂക്കി വന്നെത്തും കൃശ രൂപം .
ഇക്കാഴ്ചക്കില്ലാ
രസം കുട്ടികൾ കുടിക്കുന്നോ -
രിക്കഞ്ഞിക്കുപ്പില്ലല്ലോ,
വളരെയരോചകം.
വേണമൊരല്പം
കൂടി എരിവും മസാലയും
ഓണമാണെല്ലാ
നാളും എന്നെങ്കിലേറെ കൊള്ളാം.
ഞാനവർക്കച്ഛൻ
മാത്രം, വേറെന്തു ഫലമുണ്ടീ
കൂനിയമനുഷ്യനാലെന്നവർക്കറിയില്ല.
ഓണമായിരിക്കട്ടെ
വിഷുവും വന്നീടട്ടെ
ദീനമായിരുന്നാലും
ഇല്ലെനിക്കൊഴിവൊന്നും
നിങ്ങളോ സന്ദർശകൻ
, നിത്യേനയില്ലെങ്കിലും
ഞങ്ങളെക്കാണാൻ
വരും സ്നേഹത്തിൻ പെരുംകടൽ.
കുട്ടികളെന്നും
തന്നെ ആശിപ്പതങ്കിൾ പേറും
പെട്ടിയിൽ വരും
നല്ല മിട്ടായിപൊതിയല്ലേ?
നിങ്ങളെ ക്കാണും നേരം എല്ലാതും
മറക്കുന്നു
പൊങ്ങുന്നൊരാഹ്ലാദത്തിൽ
ഓടി വന്നടുക്കുന്നു.
എന്തിതിലതിശയം,
നെയ്‌ച്ചോറിനകത്തുള്ള
മുന്തിരിയല്ലേ
രസം, ചോറോട് ദയ മാത്രം .
എന്നുടൽ വിറയ്ക്കുന്നു നിങ്ങളോടസൂയയാൽ
പിന്നെന്തു
പ്രതീക്ഷിക്കാൻ ഞാനവർക്കച്ഛൻ മാത്രം
ബാബു പാലത്തിങ്ങൽ
Comments
Post a Comment