തൊണ്ടിമുതൽ
തൊണ്ടിമുതൽ
-------------------------
മീൻ
പിടിക്കരുത്! പിഴ 1000 രൂപ. എന്ന് വലുതായി
എഴുതിയിരിക്കുന്നു.
ബക്കറ്റിലെ
ഇത്തിരി വെള്ളം തികയാതെ പിടയുന്ന രണ്ടു മീനുമായി ഹരിയും രവിയും ആ പാലകയുടെ അടിയിൽ
നിന്ന് പരുങ്ങുമ്പോഴാണ് വാച്ചുമാൻ അവരെ കണ്ടത്. അവർ
അയാളെയും കണ്ടു.
എടാ
പെട്ടു, ഓടാം. ഹരി പറഞ്ഞു.
നില്ക്ക്,
നില്ക്ക്. രവി അവനെ തടഞ്ഞു.
അപ്പോഴേക്കും
വാച്ച്മാൻ അടുത്തെത്തി. അയാൾ പറഞ്ഞു: 1000 രൂപ
അടച്ചാലെ പോകാൻ
പറ്റൂ.
ഞങ്ങൾ
പിടിച്ചില്ല. രവി പറഞ്ഞു.
ആ ന്യായം നിൽക്കില്ല. തൊണ്ടി മുതൽ ഉണ്ട്. ദൃക്സാക്ഷി ഇപ്പോൾ വരും എന്ന് പറഞ്ഞുകൊണ്ട്
അയാൾ യൂണിഫോമിന്റെ വലത്തേ ചുമലിലെ സ്ട്രാപ്പിൽ തൂക്കിയിട്ടിരുന്ന വിസിൽ എടുത്തു വായിലേക്ക് കൊണ്ട് പോയി.
ഹരി
അയാളുടെ കൈ കയറി പിടിച്ചു.
നില്ക്കു സാറെ ഞാൻ പറഞ്ഞത്
കേട്ടിട്ട് എന്ത് വേണമെങ്കിലും ആയിക്കൊള്ളൂ.
എന്താണ്?
ഇത്
ഞാൻ പിടിച്ചതല്ല.
ഇവറ്റ
വന്നു നിങ്ങളെ പിടിച്ചതാണോ?
അങ്ങനെയല്ല
സാർ. ഞങ്ങൾ എന്നും വരുന്നവരാണ്. ഈ മീനുകൾക്ക് ഞങ്ങളെ
പരിചയമുണ്ട്. ഞങ്ങൾ വന്നു
ചൂളമിട്ടാൽ ഇവർ
വരും. ഞങ്ങൾ ഭക്ഷണം കൊടുക്കും. കുറച്ചു നേരം തടാകം ചുറ്റി
നടന്നു കാണിച്ചുകൊടുത്തിട്ട് തിരിച്ചു വെള്ളത്തിലേക്കിട്ടു ഞങ്ങൾ പോകും.
ഹരി
അതിശയത്തോടെ അവന്റെ കഥ കേട്ട് ശരി
വെച്ച് തല കുലുക്കികൊണ്ടിരുന്നു.
പെട്ടെന്നുണ്ടായ
കഥ വാച്ച്മാനും ഇഷ്ടമായി. നിങ്ങളുടെ കഥ കൊള്ളാം. അത്
വിശ്വസിക്കാൻ ആളെയും നിങ്ങൾ കൊണ്ട് വരണം. ഇപ്പോൾ തല്ക്കാലം പിഴ അടച്ചോളു, ഞാൻ
ഇപ്പോൾ സെക്യൂരിറ്റിയെ വിളിക്കും. അയാൾ വന്നാൽ പിന്നെ
പിഴ മാത്രം മതിയാവില്ല.
അങ്ങനെ
പറയരുത് സാർ, ഞാൻ പറഞ്ഞത്
സത്യമാണ്. സാർ വേണമെങ്കിൽ ചെക്ക്
ചെയ്തോളു.
എങ്ങനെ
ചെക്ക് ചെയ്യാൻ എന്ന് പറയാൻ തുടങ്ങുമ്പോഴാണ് വാച്ച്മാന് ഒരു ആശയം ഉദിച്ചത്.
ആട്ടെ
, നിങ്ങൾ ചൂളമിട്ടാൽ ഇവ വരും അല്ലെ?
വരും
സാർ.
ശരി
എന്ന് പറഞ് വാച്ച്മാൻ ബക്കറ്റ്
പിടിച്ചു വാങ്ങി മീനുകളെ വെള്ളത്തിലേക്കിട്ടു. എന്നിട്ടു പറഞ്ഞു: ചൂളം ഇട്ടോളൂ അവർ
വരട്ടെ.
രവി
പറഞ്ഞു: പിന്നെയാകട്ടെ സാർ. ഞങ്ങൾ ഇപ്പോൾ
പോകുന്നു.
എന്നാൽ
പിഴ അടച്ചിട്ടു പൊയ്ക്കോളൂ.
എന്ത്
പിഴ?
മീൻ
പിടിച്ചതിനുള്ള പിഴ.
ഏതു
മീൻ?
Comments
Post a Comment