ചോയിക്കുട്ടി കഥകൾ

 ചോയിക്കുട്ടി  കഥകൾ 


മഹാവിരുതനായിരുന്നു അയാൾ. കബളിപ്പിക്കാൻ ഒരു ഇരയെ കിട്ടിയാൽ അയാൾ വിടില്ല. ആ പ്രക്രിയയിൽ ഇരക്ക് മാനസികമായോ ശാരീരികമായോ വിഷമമോ നഷ്ടമോ ഉണ്ടായാൽ അയാൾക്കൊരു രസം, ഒരാനന്ദം. 


നാട്ടിലെ ജന്മി കുടുംബങ്ങളൊന്നിൽ പണ്ട് ജീവിച്ചിരുന്ന ഒരു ചോയിക്കുട്ടിയുടെ കഥ അച്ഛൻ ഇടക്ക് പറയാറുണ്ടായിരുന്നു. സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ, ചോയിക്കുടിച്ചൻ  ചെയ്തത് പോലെ എന്ന് അച്ഛൻ ഒരു ഉദാഹരണം എടുത്തിടും. ഉടനെ, അതെന്താണ് , അയാൾ എന്താണ് ചെയ്തത് എന്ന ചോദ്യം വരും. അതോടെ അവരുടെ നാവും കാതും  ചോയിക്കുട്ടി പുരാണത്തിൽ മുഴുകും.


ചന്തയിൽ സീതിക്കയുടെ കട തുറക്കുന്നതിന് മുൻപ് ഒരു ചൂലെടുത്തു് മുറ്റം അടിച്ചു വാരിക്കൊണ്ടു നിന്ന  കഥ. മലപ്പുറത്തു നിന്ന് പോത്തുവണ്ടിയിൽ വെറ്റില വിൽക്കാൻ വരുന്നവരെ കടയുടമ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വെറ്റില കയ്യിലാക്കിയ കഥ.  


പോത്ത്‌ വണ്ടിക്കാരൻ വൈകിട്ട് തിരിച്ചു പോകുമ്പോൾ  കടയുടമ വേറെ ആളാണെന്നും വെറ്റിലക്കാശ് പോയിക്കിട്ടി  എന്നും  മനസ്സിലാക്കുമ്പോൾ  ആ പാവത്തിന്റെ സങ്കടത്തിന്റെ കഥ.


എല്ലാ തരികിടയും പൈസക്ക് വേണ്ടിയല്ല. 


തോട്ടിൻ വക്കത്തുള്ള ഓലപ്പുരയിലെ അമ്മാളുഅമ്മ രാവിലെ  വെള്ളം എടുക്കാൻ പോയപ്പോഴാണ് ഒരാൾ വെള്ളത്തിൽ ചത്ത് കമിഴ്ന്നു കിടക്കുന്നത് കണ്ടത്. തള്ള കുടം വലിച്ചറിഞ്ഞ് ആർത്തുവിളിച്ചു. പൂത്തറക്കുള്ള പൂ പറിക്കാൻ വരമ്പത്തുകൂടെ നടന്നു പൊയ്ക്കൊണ്ടിരുന്ന ചെക്കന്മാർ ഓടി വന്നു ശവം വലിച്ചു പുറത്തിട്ടു. ആളെ തിരിച്ചറിയനുള്ള ശ്രമത്തിനിടക്കാണ്‌  ശവം കൈകാലിട്ടടിച്ച് എണീറ്റ് വടക്കോട്ടു നടന്നു പോയത്. 


മര്യാദയ്‌ക്ക്‌ കുറച്ചു നേരം തണുത്ത വെള്ളത്തിൽ കിടക്കാൻ ഈ പിള്ളേർ സമ്മതിക്കൂല. ശ്വാസത്തിന് വേണ്ടി മൂക്കിൽ തിരുകിയിരുന്ന കുഴൽ  മടക്കി കയ്യിൽ പിടിച്ചു പിറുപിറുത്തു കൊണ്ട് അയാൾ പോയി.


അതുപോലെ എത്രയെത്ര കഥകൾ? അത് ചോയിക്കുട്ടി ഒന്നാമൻ. 


നമ്മുടെ നായകൻ അയാളുടെ മകന്റെ മകൻ വേറൊരു ചോയിക്കുട്ടി. ചോയിക്കുട്ടി ദി സെക്കന്റ്.


ചോയിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ 


ഒന്ന് . പഞ്ചിങ് മെഷീൻ.


പട്ടാളത്തിൽ നിന്ന് പിരിഞ്ഞതിന് ശേഷമാണ്. അതിനും രണ്ടു ഭാഷ്യം ഉണ്ട്. പിരിഞ്ഞതല്ല പുറത്താക്കിയതാണെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ആ കൂട്ടർ പരത്തുന്നത് വേറെ ആണ്. എണ്ണയിട്ട നൂല് കടത്തി ക്ലീൻ ആക്കി തിളക്കി വെച്ചിരുന്ന തോക്കിന്റെ കുഴലിൽ പൂഴിയും സിമെന്റും നിറച്ചു മൂടി വെച്ച് പൊയ്ക്കളഞ്ഞു പോലും. രാവിലെ ഫയറിംഗ് റേഞ്ചിൽ പ്രാക്ടീസ് ആരംഭിച്ച കേണലിന്റെ തോളെല്ലിലെ പ്ലാസ്റ്റർ ഒരു മാസം കഴിഞ്ഞാണ് അഴിച്ചത്. ആളെ കണ്ടു പിടിക്കാൻ പറ്റിയില്ല. തോളെല്ല് പോലെ ചിതറിയ ബാരലിൽ  നിന്ന് വിരലടയാളം ഒന്നും കിട്ടിയതും .ഇല്ല.


കഞ്ഞിപ്പശ തേച്ച് ഇസ്തിരിയിട്ടു ചിരട്ടപോലെ ആക്കിയ ഹാഫ് ട്രൗസറിനു മുകളിൽ മുണ്ടുടുത്ത് മടക്കിക്കുത്തി കുരുത്തോലയുടുത്ത തിറ പോലെ ഞരമ്പായ വരമ്പിലൂടെ അയാൾ നടക്കുന്നത് കണ്ടാൽ ഇതാ ഇപ്പോൾ ഏതെങ്കിലും ഒരു ഭാഗത്തെ വയൽചെളിയിൽ അയാൾ വീഴുമെന്നു നിങ്ങൾ പ്രതീക്ഷിക്കും. അത് കാണാനുള്ള ആഗ്രഹം നിങ്ങളിൽ ഉദിക്കും. ആ മോഹം നടക്കില്ല , അയാൾ നടക്കും ഒരു കാറ്റിലും കുലുങ്ങാതെ.


പിരിഞ്ഞതിന് ശേഷം അയാൾക്ക്‌ ദത്ത് ആൻഡ് കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി കിട്ടി. രാത്രി ആയിരുന്നു ഡ്യൂട്ടി.


ഒരു പാട് ടിംബർ സ്റ്റോക്കും മെഷീനറികളും വ്യാപാരവ്യാപരണവും ഉണ്ടായിരുന്ന ദത്ത് പുതിയ മാനേജ്‌മന്റ് രീതികൾ അവലംബിക്കുന്ന കാര്യത്തിൽ കല്ലായിയിലെ മരക്കമ്പനികളുടെ മുൻപന്തിയിൽ ആയിരുന്നു. മാനേജ്‌മന്റ് വിദ്യാഭ്യാസം നല്കാൻ കെല്പുള്ള ഏജൻസികളെ അയാൾ ഇടയ്ക്കിടെ ഏർപ്പാടാക്കി. കുറഞ്ഞ സമയം എടുക്കുന്ന പ്രവർത്തനരീതികളും എളുപ്പവഴിക്കുള്ള ചരക്കു നീക്കവും എല്ലാം അവരുടെ സിലബസിൽ ഇടം പിടിച്ചു.


സെക്യൂരിറ്റി തന്റെ ഡ്യൂട്ടിയിൽ നിന്ന് മാറിപ്പോകാതിരിക്കാനും ഉറങ്ങിപ്പോകാതിരിക്കാനും വേണ്ടി അവിടെ ഒരു പഞ്ചിങ് മെഷീൻ ഉണ്ടായിരുന്നു. ഒരു ക്ലോക്ക്. അതിന്റെ ഡയല് നിശ്ചലമായി നിൽക്കും, ചില്ലു സാവധാനം തിരിയും. ചില്ലിലെ ഒരു ദ്വാരം ഓരോ അക്കത്തിന്റെയും നേരെ എത്തുമ്പോൾ സെക്യൂരിറ്റി അടുത്ത് വെച്ചിരിക്കുന്ന മഷിപ്പാടിൽ വിരൽ മുക്കി ചില്ലിലെ ദ്വാരത്തിൽ വിരലടയാളം പതിപ്പിക്കണം. 

സമയത്തിന് പഞ്ച്  ചെയ്തില്ലെങ്കിൽ ആ ചാൻസ് നഷ്ടമാകും..


ഒരു ദിവസം സ്റ്റാർ ഓട്ടുകമ്പനിയുടെ പരിസരത്ത്  ഒരു മരണം ഉണ്ടായി. അവിടേക്കു പോകുമ്പോൾ ദത്ത്‌ കമ്പനിയിൽ ഒന്ന് കയറി. സെക്യൂരിറ്റിയെ അവിടെ കണ്ടില്ല.  സംശയം മനസ്സ്സിന്റെ ഒരു കോണിൽ സൂക്ഷിച്ച് അയാൾ മരണ വീട്ടിൽ പോയി.


തിരിച്ചു വരുമ്പോൾ അയാൾ വീണ്ടും കമ്പനിയിൽ കയറി. അപ്പോഴും സെക്യൂരിറ്റി അവിടെ ഇല്ല. അയാൾ ഓഫീസ് റൂം തുറന്ന് മാനേജരെ വിളിച്ചു.


ഇന്നാരാ സെക്യൂരിറ്റി?


ചോയിക്കുട്ടി. മാനേജരുടെ മറുപടി.


അയാളെ കണ്ടില്ലല്ലോ, ലീവ് പറഞ്ഞിരുന്നോ?


ഇല്ല മുതലാളി, മാനേജർ അറിയിച്ചു.


ഒന്ന് വന്നോളൂ, ദത്ത് പറഞ്ഞു.


കുറച്ചു കഴിഞ്ഞു ഒരു സൈക്കിളിൽ മാനേജർ വന്നിറങ്ങി. മുതലാളി ആദ്യമായാണ് ഇങ്ങനെ നട്ടപ്പാതിരക്കു വിളിക്കുന്നത്, മാനേജർക്ക് കാര്യം പിടികിട്ടിയില്ല. 


ഇയാൾ ഇന്ന് വൈകുന്നേരം വന്നിരുന്നില്ലേ ?


വന്നിരുന്നു മുതലാളി , രജിസ്റ്ററിൽ ഒപ്പിടുവിച്ച ശേഷമാണ് ഞാൻ പോയത്. 


അയാൾ ഇന്ന് എത്ര തവണ പഞ്ച് ചെയ്തിട്ടുണ്ടെന്ന് അറിയാൻ പറ്റുമോ? എപ്പോഴാണ് മുങ്ങിയത് എന്നറിയാമല്ലോ.


നോക്കാം എന്ന് പറഞ്ഞ് മാനേജർ താക്കോലെടുത്ത് ഒരു വലിപ്പ് തുറന്ന് ക്ലോക്കിന്റെ താക്കോലെടുത്തു. 


അയാൾ പുറത്തു ക്ലോക്കിന്റെ അടുത്ത് പോയി അതിന്റെ ചില്ലു തുറന്നു. 


മുതലാളി ഓഫീസിൽ നിന്ന് വിളിച്ചുചോദിച്ചു. പഞ്ച് ചെയ്തിട്ടുണ്ടോ?


ഉണ്ട് മുതലാളി. 


അവസാനത്തെ പഞ്ച് എപ്പോഴാണ്?


നാളെ രാവിലെ ആറു മണിക്കാണ് മുതലാളി.


കുറച്ചു പരതിയ ശേഷം പുഴക്കരയിലെ ഒരട്ടി  മരത്തിന്മേൽ മൂടിപ്പുതച്ചുറങ്ങുകയായിരുന്ന ചോയിക്കുട്ടിയെ അവർ കണ്ടു പിടിച്ചു, കൂട്ടിക്കൊണ്ടു വന്നു. മുതലാളിയെ കണ്ട ഉടനെ മടിക്കുത്തഴിച്ചിട്ട് തോർത്തുമുണ്ടിന്റെ അറ്റങ്ങൾ രണ്ടു ചുമലിലും തുല്യമാക്കി ഇടാൻ ശ്രമിച്ചു കൊണ്ട് ചോയിക്കുട്ടി ഭവ്യമായി നിന്നു.


ഇതെന്താണ്? അകെ മൊത്തമായി മുതലാളി ചോദിച്ചു.


ഇന്ന് വല്ലാത്ത ക്ഷീണം തോന്നി മുതലാളി. 


അത്തരം ന്യായങ്ങൾക്കു ചെവി കൊടുക്കുന്ന ആളായിരുന്നില്ല മുതലാളി.


ക്ഷീണത്തിനു പോയി ഉറങ്ങാനാണോ സെക്യൂരിറ്റി?


ഉറങ്ങിയൊന്നുമില്ല മുതലാളി, ഒന്ന് കണ്ണ് മാളി യിട്ട് വരാൻ വേണ്ടി പോയതാ.


അപ്പോൾ രാവിലെ വരെ പഞ്ച് ചെയ്തു വെച്ചതോ?


അത്, ട്രെയിനിങ് സമയത്ത് മാഷുമാര് പ്രത്യേകം പറഞ്ഞിരുന്നു, ആവർത്തിച്ച് ചെയ്യുന്ന കാര്യങ്ങൾ ഒരുമിച്ചു ചെയ്ത് സമയം ലഭിക്കാൻ ശ്രമിക്കണംന്ന്.


ഭേഷ് എന്ന് ഉള്ളിൽ വന്നത് പിടിച്ചടക്കി ഗൗരവം വിടാതെ മുതലാളി ചോദിച്ചു: 


ക്ലോക്കിന്റെ  പഞ്ചിങ് പലക എങ്ങനെ തുറന്നു?  


ചോയിക്കുട്ടി മുതലാളിയെ നോക്കി. മരുമോൻ ചെക്കന്  വാച്ച്‌കടയിലാണ് ജോലി. അവനാണു ശരിയാക്കി തന്നത്.


ഞാനും ലാഭമുണ്ടാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇനി ശനിയാഴ്ച കൂലി സമയത്ത് വന്നാൽ മതി , മുതലാളി പറഞ്ഞു.

തുടരും !!!


Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ