ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

 ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം.

 

ചന്ദ്രന്റെ ത്രാസ് റിപ്പെയർ കടയും പെരുങ്കൊല്ലൻ ഷണ്മുഖന്റെ ഉലയും അടുത്തടുത്താണ്. ചെങ്കല്ല് പടുത്ത് ഓടിട്ട രണ്ടു മുറികൾ. നിരപ്പലക കിടത്തി വെച്ചുണ്ടാക്കിയ ഒരു ബെഞ്ച് ഉണ്ട് രണ്ടിനും നടുവിലായി.

 

ചന്ദ്രന്റെ കടയിൽ അളവ് തൂക്കം ബിസിനസ് എന്ന് ഒരു ബോർഡ് ഉണ്ട്. ചന്ദ്രന്റെ നിഘണ്ടു പ്രകാരം ഒരു പാട് കാര്യങ്ങൾക്ക്  അളവാണ് ഉപയോഗിക്കുക. ലോകം തന്നെ ചലിക്കുന്നത് അളവ് കൊണ്ടാണ്. അതില്ലാതെ വാണിജ്യമില്ല, വ്യവസായമില്ല, എന്തിന്, ജീവിതം തന്നെ ഇല്ല. 

 

ഒരളവ്‌ എടുക്കാനുണ്ട് എന്ന് ചന്ദ്രൻ പറഞ്ഞാൽ അതിന്റെ അർത്ഥവ്യാപ്തി വളരെ വലുതാണ്. അത് ആരെയെങ്കിലും പരിചയപ്പെടലാകാം, വേറെ എന്തെങ്കിലും അന്വേഷണമാകാം , പെണ്ണുകാണലാകാം. എല്ലാം എന്തെങ്കിലും ഒക്കെ അളക്കലാണ്, സ്വഭാവം, ചുറ്റുപാടുകൾ, മറ്റു സാദ്ധ്യതകൾ.

 

തൂക്കം എടുക്കണ്ടേ  എന്ന് ഏതെങ്കിലും ഇൻക്വിസിറ്റിവ് പയ്യൻ ചോദിച്ചാൽ തൂക്കവും അളവിൽ പെട്ടതാണല്ലോ എന്ന് ഉത്തരം കിട്ടും.

 

ചെറു കച്ചവടക്കാർക്ക് അളവു തൂക്ക വകുപ്പിന്റെ ലൈസൻസ് കൊല്ലം തോറും പുതുക്കണമെങ്കിൽ ചന്ദ്രന്റെ സഹായം വേണം. ഉപയോഗം കൊണ്ട് കേടുപാടുകളും തേയ്മാനവും വന്ന അളവ് തൂക്ക ഉപകരണങ്ങൾ കാലിബ്രേറ്റ് ചെയ്തു ലൈസൻസിന് യോഗ്യമാക്കി കൊടുക്കുന്നത് ചന്ദ്രനാണ്. ഭാരം കുറഞ്ഞു പോയ തൂക്കക്കട്ടികളിൽ കണക്കിന് ഇയ്യം ഒഴിച്ച് ശരിയാക്കും. ത്രാസിന്റെ ബാർ, സൂചി ഇവ വളഞ്ഞിട്ടുണ്ടെങ്കിൽ നിവർത്തി കൊടുക്കും. അങ്ങനെ പലതരം പ്രവർത്തികൾ. പ്ലാറ്റഫോം ത്രാസ് ആണെങ്കിൽ അത് വരണ്ടി പെയിന്റ് ഇട്ടു ഭംഗി ആക്കി കൊടുക്കും. ചന്ദ്രന്റെ കയ്യിലൂടെ കടന്നു പോയ ഉപകരണങ്ങൾക്ക് ലൈസൻസ് എളുപ്പം പുതുക്കി കിട്ടും.

 

ഒഴിവുള്ള സമയത്തെല്ലാം ചോയിക്കുട്ടി അവിടുത്തെ നിരപ്പലകയിലുണ്ടാകും. ചന്ദ്രനോടും ഷണ്മുഖനോടും എന്തെങ്കിലും വിഷയം ചർച്ച ചെയ്തുകൊണ്ടങ്ങനെ ഇരിക്കും. ചർച്ച എന്ന് പറയാൻ പറ്റില്ല. അവരുടെ ചോദ്യങ്ങൾക്ക് , ചോയിക്കുട്ടിയുടെ പട്ടാളസേവന അനുഭവ ശേഖരത്തിൽ നിന്ന് അയാൾ കോരി ഊട്ടുന്ന വിജ്ഞാന പീയൂഷം. ചിലപ്പോൾ ചില യുവാക്കളും ഉണ്ടാകും അത് പാനം  ചെയ്യാൻ ,

 

കടകൾക്കു മുൻപിൽ ഒരു വീതി കുറഞ്ഞ നിരത്തി ആണ്. അതിനോട് ചേർന്ന് മത്സരിച്ചോടുന്ന ഒരു തോട്. തോട് കുറെ ഓടിയ ശേഷം കല്ലായി പുഴയിൽ ചേരും. റോഡ് കുറച്ചുകൂടി ഓടി ചക്കുംകടവിൽ പോയി വിശ്രമിക്കും.

 

തോടിനു കുറുകെ പകുത്തിട്ടിട്ടുള്ള തെങ്ങിൻ പാലം കടക്കുമ്പോൾ വീണു പോയില്ലെങ്കിൽ നിങ്ങള്ക്ക് അപ്പുറത്തുള്ള ജിമ്മിൽ എത്താം. പേടി ഉണ്ടെങ്കിൽ അര  കിലോമീറ്റർ ചുറ്റി വളഞ്ഞു നിസ്സാൻ പോകുന്ന റോഡിലൂടെയും ജിമ്മിൽ എത്താം.

 

നിരപ്പലകയിൽ ഇരുന്നു വിജ്ഞാനം വിളമ്പുന്നതിനിടയിൽ ചോയിക്കുട്ടിയുടെ ശ്രദ്ധ നിരത്തിനെ ഒഴിവാക്കാറില്ല. പുതുതായി ഏതെങ്കിലും മുഖം കണ്ടാൽ കേൾവിക്കാരാരെങ്കിലും ഓര്മപ്പെടുത്തും, പുതിയ

ആളാണല്ലോ ചന്ദ്രേട്ടാ അളക്കണ്ടേ?

 

അയാളെ വിളിക്കും. ചോയിക്കുട്ടിയാണ് ചെയ്യുക. പുതിയ കക്ഷിയുടെ  ഊര് , പേര്, ഉദ്യമം എല്ലാം അറിഞ്ഞ ശേഷമേ അയാളുടെ പിന്നീടുള്ള പുരോഗമനം സാധ്യമാകൂ.

 

ഒരു ദിവസം കാര്യമായി ശ്രോതാക്കളൊന്നും ഇല്ലാതെ ചോയിക്കുട്ടി വാനനിരീക്ഷണം നടത്തുമ്പോഴാണ് മുന്നിൽ ചെറുതും പിന്നിൽ വലുതും ചക്രങ്ങൾ ഉള്ള ഒരു ലേഡീസ് സൈക്കിളിൽ ഒരു ചെറുപ്പക്കാരൻ തെങ്ങിൻ പാലത്തിനടുത്തു വന്നിറങ്ങി സൈക്കിൾ അവിടത്തെ പോസ്റ്റിൽ ചേർത്ത് ലോക്കിട്ടത്.

 

ഇതേതാ, അളവെടുത്തതാണോ? ചോയിക്കുട്ടി ചന്ദ്രനോട് ചോദിച്ചു.

 

ആണ് , പാലക്കണ്ടിയിലെ സുകുമാരന്റെ മോനാണ്. ആ ജിമ്മിലെ ഗുരു.

 

ചോയിക്കുട്ടി കാക്ക നോക്കുമ്പോലെ തല വെട്ടിച്ചു കണ്ണ് ഇറുക്കി നീയാരടാ എന്ന് നോക്കി .

 

ജിംഗുരുവും ഗൗരവം വിട്ടില്ല. വലതു കൈ നീട്ടി മലർത്തിപ്പിടിച്ച് മേലോട്ട് മടക്കി കയ്യിൽ വിരിഞ്ഞ മസിൽ കാണിച്ച് മറുപടി കൊടുത്തു.

 

നിശ്ശബ്ദമായ ആ സംഭാഷണത്തിൽ നിന്ന് രണ്ടു പേരും പിൻവാങ്ങി. ജിംഗുരു അയാളുടെ തൊഴിൽ ശാലയിലേക്ക് പോയി.

 

പിറ്റേ ദിവസം ഇതാവർത്തിച്ചു , ഒരല്പം പുരോഗതിയോടെ, നിശ്ശബ്ദമായി തന്നെ.

 

ജിംഗുരു സൈക്കിൾ ലോക്ക് ഇട്ട് തെങ്ങുപാലത്തിലേക്കു തിരിയുമ്പോഴാണ് ശ്രദ്ധിച്ചത്, ചോയിക്കുട്ടി ഒരു അഞ്ചു കിലോഗ്രാം കട്ടി എടുത്ത് അമ്മാനം ആടുന്നു, ഇടത്തെ കയ്യിൽ നിന്ന് വലത്തേതിലേക്കും തിരിച്ചും.

 

ജിംഗുരു കുറച്ചു നേരം നോക്കി നിന്നു. ഞാനും ഒരു അഭ്യാസിയാണ് എന്നോ മറ്റോ ആണ് അയാൾ പറയുന്നത് എന്ന് ജിംഗുരുവിനു മനസ്സിലായി.

 

ആട്ടം  കഴിഞ്ഞു ചോയിക്കുട്ടി തൂക്കക്കട്ടി നിലത്തു വെച്ചു. ജിംഗുരു അടുത്ത് വന്ന് കട്ടി എടുത്തു ഒരു കയ്യ് കൊണ്ട്  അഞ്ചാറടി മേലേക്കെറിഞ്ഞ് മറ്റേ കൈ കൊണ്ട് പിടിച്ചു. കട്ടി നിലത്തു വെച്ച് ചോയിക്കുട്ടിയെ ഇടംകണ്ണുകൊണ്ടു നോക്കിയിട്ടു പോയി.

 

പിറ്റേ ദിവസം ഇതാവർത്തിച്ചു. സൈക്കിളിൽ വന്നിറങ്ങിയ ജിംഗുരുവിനെ നോക്കിയ ശേഷം ചോയിക്കുട്ടി നിലത്തിരുന്ന പത്തു കിലോ കട്ടിയിലേക്കു കണ്ണ് തിരിച്ചു.  ജിംഗുരുവിനു വെല്ലുവിളി മനസ്സ്സിലായി. അയാൾ തോൽവി സമ്മതിക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെ ചെയ്താൽ അത് തന്റെ തൊഴിലിനെ ബാധിക്കും.

 

അയാൾ അടുത്ത് വന്നു. നീട്ടിപ്പിടിച്ച വലതുകൈ മടക്കാതെ  കട്ടി എടുത്ത്  അതെ രീതിയിൽ നേരെ മേലോട്ടെറിഞ്ഞു. വീഴുമ്പോൾ കൈ കട്ടിയെ തടഞ്ഞു കുറച്ചു ദൂരം അതോടൊപ്പം താഴ്ത്തി, നിലത്തു വെച്ചു. ചോയിക്കുട്ടിയെ ഒന്ന് നോക്കി നിശ്ശബ്ദമായി എന്തെല്ലാമോ പറഞ്ഞ്  അയാൾ ജയൻ നടന്നു പോകുമ്പോലെ  കാൽ അകത്തി വെച്ച് കൊണ്ട്  ജിമ്മിലേക്കു പോയി.

 

ചോയിക്കുട്ടി കട്ടി എടുത്ത് ഷണ്മുഖന്റെ ഉലയിൽ ചുട്ടുപഴുത്ത ഷോക്ക് അബ്സോർബർ ലീഫ് സ്പ്രിങ് കഷണങ്ങൾ തീപ്പൊരി  പാറിക്കുന്നതിനടുത്ത് കൊണ്ട് വെച്ചു. കട്ടി അതിൽ വെക്കാനുള്ളതാണ്. ചുട്ടിട്ടുവേണം അതിന്റെ പിറകിലെ കുഴിയിൽ ഇയ്യം ഒഴിച്ച് അതിനെ തികച്ചും പത്തു കിലോ ആക്കാൻ.

 

അടുത്ത ദിവസം. ചോയിക്കുട്ടി എന്തെങ്കിലും വെല്ലുവിളിയായി ഇരിക്കും എന്ന് ജിംഗുരുവിനറിയാം. രണ്ടു പേരും വാശിയിലാണ്. ഈ ചെക്കൻ എന്നോടോ എന്ന് കിളവനും ഈ കിളവൻ എന്നോടോ എന്ന് ചെക്കനും.

 

തയ്യാറെടുപ്പോടെ തന്നെ ജിംഗുരു വണ്ടിയിൽ നിന്നിറങ്ങി അത് ചാരിവെച്ചു ലോക്ക് ആക്കി. ചോയിക്കുട്ടി സ്ഥിരം സ്ഥാനത്തു പലകയിൽ ഇരിക്കുന്നു. അയാളുടെ തൊട്ടടുത്തൊന്നും കട്ടി കണ്ടില്ല. ചോയിക്കുട്ടി വളരെ നിസ്സംഗനായി താടിചൊറിയുന്നതും ആ പ്രക്രിയയിൽ അയാളുടെ കണ്ണുകൾ ഉലയുടെ നേരെ അലക്ഷ്യമായി നീങ്ങുന്നതും ജിംഗുരു കണ്ടു.

 

സംഗതി ജിംഗുരുവിന് മനസ്സിലായി. അവിടെ ഇരിക്കുന്നു, ഇരുപതു കിലോയുടെ ഒരു കട്ടി. നടുക്ക് ബാർ ഉള്ളത്.

 

ഇത്രയേ ഉള്ളോ? ജിംഗുരു ഓർത്തു. ഇതുകൊണ്ടാണോ കിളവൻ എന്നെ തോൽപിക്കാൻ നോക്കുന്നത്? ഇതെളുപ്പം. നടുക്ക് കൈപ്പിടി ഉള്ളത് കൊണ്ട് എറിയാനും തിരിച്ചു പിടിക്കാനും സുഖം.

 

ഉള്ളിലുയർന്ന വിജയഭാവത്തോടെ അവൻ അടുത്തു. ഷണ്മുഖനും ചന്ദ്രനും സ്തംഭിച്ചതും എന്തോ പറയാൻ തുടങ്ങിയതും ഗുരു ശ്രദ്ധിച്ചില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മുൻപ് അയാളുടെ കൈ കട്ടിയുടെ ഉള്ളിലെ കൈപ്പിടിയെ കെട്ടിപ്പിടിച്ചിരുന്നു.

 

ഹ് ..ഹ് ഈ യോ എന്നൊരു ശബ്ദത്തോടെ നിശബ്ദത ഭഞ്ജിക്കപ്പെട്ടു. ചുട്ടു കിടന്ന ഇരുപതു കിലോ കട്ടിയുടെ ഉള്ളിൽ കുടുങ്ങിയ കൈ പെട്ടെന്ന് വിടുവിക്കാൻ ജിംഗുരുവിനു കഴിഞ്ഞില്ല. അയാൾ അതും കൊണ്ടോടി  വെള്ളം കുറഞ്ഞ തോട്ടിൽ ചാടി.

 

Comments

Popular posts from this blog

ഭാഗ്യാതിരേക

ജയം ഉറപ്പുള്ള കളികൾ