ചോയിക്കുട്ടിയും ഷെർലക് ഹോംസും

 

ചോയിക്കുട്ടിയും ഷെർലക് ഹോംസും

 

സിറ്റൗട്ടിൽ ഇരുന്ന്‌ പത്രം വായിക്കുകയായിരുന്നു ചോയിക്കുട്ടി. അയല്പക്കത്ത് പുതുതായി താമസിക്കാൻ വന്ന ആൾ കേറി വന്നു ഹാലോ പറഞ്ഞു. ചോയിക്കുട്ടി തലയുയർത്തി തിരിച്ചു ഹാലോ പറഞ്ഞു.

 

ഞാൻ സുധാകരൻ, ഇന്നലെ മുതൽ നിങ്ങളുടെ അയൽക്കാരനാണ്. ഒന്നു പരിചയപ്പെട്ടുകളയാമെന്നു കരുതി.

 

നന്നായി, കേറി ഇരിക്കൂ, ചോയിക്കുട്ടി പറഞ്ഞു. ഞാൻ ചോയിക്കുട്ടി, എക്സ് മിലിറ്ററി ആണ്. പരിചയപ്പെടാൻ ഇട വന്നതിൽ സന്തോഷം. താങ്കളെ പറ്റി ഇന്നലെ വേലക്കാരി ഭാര്യയോട് പറയുന്നത് കേട്ടിരുന്നു. നിരത്തിൽ വഴി തെറ്റി അലഞ്ഞു  നടന്ന പൂച്ചക്കുട്ടിയെ  മണം പിടിച്ചു മനസ്സിലാക്കി വൈദ്യരുടെ വീട്ടിൽ ഏല്പിച്ച വിവരം വളരെ അത്ഭുതത്തോടെ പറയുന്നത് കേട്ട്. അസാധാരണ  കഴിവുകളൊക്കെ ഉള്ള ആളാണ് എന്നാണ് അവൾ പറഞ്ഞത്.

 

കഴിവല്ല, പരിശീലനം. അശ്വഗന്ധാദി തൈലത്തിന്റെ മണമുള്ള പൂച്ചക്കുട്ടി വേറെ എവിടെയാണുണ്ടാകുക?

 

അയാൾ സിറ്റൗട്ടിൽ കയറി ഇരുന്നു. നിങ്ങൾക്കെന്താണ് ഏർപ്പാട്? ചോയിക്കുട്ടി ചോദിച്ചു.

 

ഞാൻ കുറ്റാന്വേഷണ വകുപ്പിൽ ഡിഡക്ടിവ് റീസണിങ് സെക്ഷന്റെ തലവനാണ്.

 

അതെന്താണ്? ചോയിക്കുട്ടിക്ക് മനസ്സിലായില്ല, പട്ടാളത്തിൽ അങ്ങനെ ഒന്ന് കേട്ടിട്ടില്ല.

 

അതിപ്പോ, മലയാളത്തിൽ അതിനു പറ്റിയ തർജ്ജിമ ഉണ്ടോ എന്നറിയില്ല. അനുമാനാധിഷ്ഠിത നിഗമനോന്മുഖ ഹേതു നിർണയം എന്നോ മറ്റോ വേണമെങ്കിൽ പറയാം. ഭാഷാ ഇന്സ്ടിട്യൂട്ടിൽ അന്വേഷിക്കേണ്ടി വരും.

 

വേണ്ട, ആദ്യമേ പറഞ്ഞ ഇംഗ്ലീഷാണ് കുറച്ചുകൂടി മെച്ചം എന്ന് തോന്നുന്നു. ഡിഡക്ടീവ് രീതി നാം കേട്ടിട്ടുണ്ടല്ലോ ആർതർ കൊനാൻ ഡോയലിന്റെ..

 

ആഹാ ഷെർലക് ഹോംസിനെ അറിയും അല്ലെ? സുധാകരൻ അതിശയപ്പെട്ടു.

 

കേട്ടിട്ടുണ്ട്.

 

അതെ അതാണ് ഞങ്ങളുടെ തൊഴിൽ.

 

അത് എങ്ങനെയാണു നിർവഹിക്കുന്നത് എന്ന് എനിക്ക് ഒരു ഊഹവും ഇല്ല , ചോയിക്കുട്ടി പറഞ്ഞു.

 

അത് മനസ്സിലാക്കിക്കൊടുക്കുന്ന ദൗത്യം സുധാകരൻ ഏറ്റെടുത്തു. എന്നിട്ട് എങ്ങനെ തുടങ്ങണമെന്ന് ഒരു നിമിഷം ആലോചിച്ചു , ഒന്ന് ചുറ്റും കണ്ണോടിച്ചു.

 

മനസ്സിലാക്കിത്തരാം. സുധാകരൻ പറഞ്ഞു. ഉദാഹരണത്തിന് നിങ്ങളുടെ ചാരുപടിയിൽ ഇങ്ങനെ വെറുതെ ഇരിക്കുന്ന ഈ പേനാക്കത്തി. ഇതിനു പല കഥകളും പറയാനുണ്ടാകും.

 

എന്ത് കഥ?

 

സൂക്ഷിച്ചു നോക്കിയാൽ ഇതിൽ അടക്കയുടെ തൊലിയുടെ അംശം കാണാം. അപ്പോൾ നിങ്ങൾ ഇത് അടക്ക ചെരണ്ടാനും  കഷണമാക്കാനും ഉപയോഗിക്കുന്നു. അതിൽ നിന്ന് വെറ്റില മുറുക്കുന്ന ആളാണ് നിങ്ങൾ എന്ന് മനസിലാക്കാം.

 

രസകരം! ചോയിക്കുട്ടി അഭിപ്രായപ്പെട്ടപ്പോൾ സുധാകരൻ തുടര്ന്നു.

 

പക്ഷെ നിങ്ങളുടെ പല്ലുകളിൽ വെറ്റിലക്കറ ഇല്ല. അതിൽ നിന്ന് എന്ത് അനുമാനിക്കാം?

 

എന്ത് അനുമാനിക്കാം? ചോയിക്കുട്ടി ചോദ്യം അങ്ങോട്ട് തന്നെ തട്ടി.

 

നിങ്ങൾക്ക് ദന്തസംരക്ഷണത്തെ പറ്റി നല്ല ഉപദേശം കിട്ടുന്നുണ്ട്.

 

പിന്നെ? ചോയിക്കുട്ടി പ്രചോദിപ്പിച്ചു.

 

നിങ്ങളുടെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ഫോട്ടോയിൽ ഒരു പെൺകുട്ടി മോർട്ടാർബോർഡ് ധരിച്ചു നിൽക്കുന്നു.

 

ചോയിക്കുട്ടി തിരിഞ്ഞു ചുവരിൽ നോക്കി. എന്ത് ബോർഡ്?

 

ഓക്സ് ഫോർഡ് ക്യാപ് എന്നും പറയും. കോൺവൊക്കേഷൻ ക്യാപ്. ബിരുദദാനച്ചടങ്ങിനു കുട്ടികൾ ധരിക്കുന്ന പലക. ആ കുട്ടി ഒരു ഡെന്റിസ്റ് ആയിരിക്കണം.

 

ചോയിക്കുട്ടി ചിരിച്ചു, അമ്പട കേമാ എന്നുള്ള ചിരി.

 

സുധാകരൻ തുടർന്നു. അതിനടുത്തു തന്നെ ഒരു നവദമ്പതികളുടെ ഫോട്ടോ കാണുന്നു. ഒന്ന് ഈ കുട്ടിയും ഒന്ന് നിങ്ങളുടെ ഛായയുള്ള ഒരു യുവാവും. അപ്പോൾ അത് നിങ്ങളുടെ മകനും മരുമകളും.

 

ഹ ഹ ! വളരെ രസകരം! ചോയിക്കുട്ടി ഇളകി ഇരുന്നു. പിന്നെ?

 

ആ കുട്ടി എംബിബിഎസ്  എടുത്തത് വിവാഹശേഷമാണെന്നും നിങ്ങൾ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തി ആണെന്നും അനുമാനിക്കാം.

 

കേമം. ചോയിക്കുട്ടി ശബ്ദിച്ചു. ഇത്രയും കാര്യങ്ങൾ ഈ പേനാക്കത്തി നിങ്ങളോടു പറഞ്ഞു അല്ലെ?

 

ആലോചിച്ചാൽ ഇനിയും കഥകൾ ഈ പേനാക്കത്തിക്കു നമ്മോടു പറയാനുണ്ടാകും, അഭിമാനപൂർവം സുധാകരൻ പറഞ്ഞു.

 

എത്ര മഹത്തായ കാര്യം! ചായ എടുക്കാൻ പറയട്ടെ?

 

വേണ്ട, ചായ ഇനിയും ആകാമല്ലോ. എനിക്ക് പോയിട്ട് കുറച്ചു വേല ഉണ്ട് പിന്നെ കാണാം. ശ്രീമതിയോടു പറഞ്ഞേക്കു. അവരെ പിന്നെ പരിചയപ്പെട്ടോളാം.

 

വസന്തേ, ചോയിക്കുട്ടി അകത്തേക്ക് വിളിച്ചു.

എന്തേ, വസന്ത ഈണമൊപ്പിച്ചു വിളികേട്ടു.

 

ഇതാരെടി ഈ പേനാക്കത്തി ഇവിടെ കൊണ്ട് വെച്ചത്?

 

തേങ്ങാ വലിക്കാരൻ സഹദേവൻ പിറകിൽ തേങ്ങ കണ്ണി ആഞ്‌  എണ്ണി ഇടുന്നുണ്ട്. അവന്റെ കയ്യിൽ പേനാക്കത്തി കണ്ടിരുന്നു. അവന്റെ ആയിരിക്കും.

 

അവനോട് അത് ഇവിടെ നിന്ന് മാറ്റാൻ പറ. ഇതിൽ നിറയെ കഥകളാണെന്നു പറ.

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ