റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന്.

 റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന്.

 

റയിൽവേയിൽ  ഇന്റർവ്യൂവിന് വിളിച്ചിരിക്കുന്നു മദ്രാസിലേക്ക് എന്ന് പറഞ്ഞപ്പോൾ അനിൽ കുമാർ പറഞ്ഞു: നമ്മുടെ ഭാനുപ്രകാശ് അവിടെയുണ്ട് ഞാനെഴുതാം. അവൻ അവിടെ താമസം ശരിയാക്കി തരും, വേണ്ട സഹായവും ചെയ്യും.

 

ഭാനുപ്രകാശിനെ അനിലിന്റെ കൂടെ എവിടെയോ വെച്ച് കണ്ട ഒരു നേരിയ ഓർമയുണ്ട്. പക്ഷെ കണ്ടാൽ തിരിച്ചറിയുമോ എന്നറിയില്ല.

 

ഞാൻ അവനോട് സ്റ്റേഷനിൽ വന്നു കൂട്ടാൻ  പറയാം. നീ എത്തുന്ന സമയവും  ഇടുന്ന ഷർട്ടും പറഞ്ഞാൽ മതി. അത് വെച്ച് ഞാൻ കത്തെഴുതാം, അനിൽ പറഞ്ഞു.

 

ഞാൻ ഇന്റർവ്യൂവിന്റെ രണ്ടു ദിവസം മുൻപ് അവിടെ എത്തുന്ന രീതിയിൽ ടിക്കറ്റ് ബുക്ക് ചെയ്തു. ആനക്കുട്ടികളുടെ ചിത്രമുള്ള ഒരു വെള്ള ഷർട്ട് ഉണ്ടായിരുന്നു. അത് മനസ്സിൽ കണ്ടു. അനിലിനോട് പറഞ്ഞു.

 

അതിനിടക്ക് എന്റെ ട്യൂഷൻ സ്റ്റുഡന്റിന്റെ  മാതാപിതാക്കളോട് യാദൃശ്ചികമായി ഇത് പറഞ്ഞപ്പോൾ. അവരും  ഒരു സഹായവാഗ്ദാനം ചെയ്തു. തമിഴ് സിനിമാനടൻ ബാലാജിയുടെ 'ഭാര്യ  ശ്രിമതി ആനന്ദവല്ലി രാധടീച്ചറുടെ  ക്ലാസ്സ്മേറ്റ് ആയിരുന്നു, നാട്ടുകാരിയും. പൊന്നാനി. അവർ ഒരു കത്ത് തരാമെന്നേറ്റു. അതിൽ എന്റെ പരിചയപ്പെടുത്തലും എന്റെ സന്ദർശനാവശ്യവും സഹായത്തിനുള്ള ശുപാർശയും ഉണ്ടായിരുന്നു.

 

എനിക്ക് കൂടുതൽ സുകരമായി തോന്നിയത് ഭാനുപ്രകാശിനെ കാണുന്ന കാര്യമാണ്. എന്നാലും സമയം കിട്ടിയാൽ ബാലാജിയുടെ വീട്ടിൽ പോയ്കൊള്ളു, അവർ സഹായിക്കും, രാധ ടീച്ചർ പറഞ്ഞു.

 

ഞാൻ അവർ തന്ന കത്തും ഭാനു പ്രകാശിന്റെ അഡ്രസ്സും ബാലാജിയുടെ അഡ്രസ്സും കത്തും എല്ലാമായി വണ്ടി കയറി.

 

വണ്ടി രാവിലെ സ്റ്റേഷനിൽ എത്തി, ഞാൻ ഇറങ്ങി. കോഴിക്കോട് സ്റ്റേഷന്റെ വലിപ്പം മനസ്സിൽ വെച്ച്  നടന്ന എനിക്ക് ഇറങ്ങിയ ഉടനെ പരിഭ്രമം ആയി. അവിടെ ഒക്കെ കണ്ണുകൾ കൊണ്ട് പരതിയിട്ടും ഭാനു പ്രകാശ് ആണെന്ന് തോന്നിച്ച ഒരാളെയും കണ്ടില്ല. പരിചയമില്ലാത്ത ആരെയെങ്കിലും കണ്ടു സംസാരിച്ച് എന്റെ അജ്ഞതയും അവസ്ഥയും വെളിപ്പെടുത്താൻ മടി..

 

ഞാൻ മെല്ലെ പെട്ടിയും ഷോൾഡർ ബാഗും എടുത്ത് പുറത്തേക്കിറങ്ങി. ശാസ്ത്രിനഗറിലാണ് പ്രകാശന്റെ ഓഫീസ്. പരിചയമില്ലാത്തവരോട് ഇടപെടരുതെന്ന് പലരും ഓരോ കഥകൾ ചേർത്തും അല്ലാതെയും എന്നെ ഉപദേശിച്ചിരുന്നു. ഭയം ഷോൾഡർ ബാഗിനേക്കാളും കനത്തിൽ എന്റെ മേൽ തൂങ്ങി കിടപ്പുണ്ട്.

 

ഒരു ട്രാഫിക് കോൺസ്റ്റബിളിനെ കണ്ടു. എല്ലാരും പലവഴിക്ക് പോകുന്പോൾ ഒരു പയ്യൻ (1976 ലാണ്) തന്റെ നേരെ നടക്കുന്നത് കണ്ടു അയാൾ അതിശയിച്ചിരിക്കണം.

 

വേർ ഈസ് ശാസ്ത്രിനഗർ? ഞാൻ ചോദിച്ചു.

 

അയാൾ എന്നെ സൂക്ഷിച്ചു നോക്കി തമിഴനല്ലെന്നു മനസ്സിലാക്കി , ഞാൻ ചോദിച്ചത് ഒരു പക്ഷെ മനസ്സിലാക്കാതെ എന്നെ നോക്കിയിട്ടു ചോദിച്ചു: തമിഴ് തെരിയുമാ?

ഞാൻ: കൊഞ്ചം കൊഞ്ചം.

കോൺസ്റ്റബിൾ.: തമിൾ നാട്ടിൽ വന്താൽ തമിൾ പേശറതു വസതിയായിരിക്കും. എങ്കെ  പോണം?

 

ഞാൻ പറഞ്ഞു: ശാസ്ത്രീ നഗർ. അഡ്രെസ്സ് എഴുതിയ കടലാസ്സു ഞാൻ അയാളെ കാണിച്ചു.

അയാൾ എനിക്ക് ബസ് നമ്പർ പറഞ്ഞു തന്നു. ഇറങ്ങേണ്ട സ്ഥലവും.

 

ബസ്സിറങ്ങി. ഒന്ന് രണ്ടാളുകളോട് തെരിഞ്ച തമിളിൽ പേശി ശാസ്ത്രി നഗറിൽ പ്രകാശന്റെ  ഓഫീസിൽ എത്തി. വലിയ ഒരു കെട്ടിടം. മേലാത്തെ  നിലയിലാണ്. അവിടെ എന്റെ തമിൾ പഠിച്ചിട്ടില്ലായിരുന്ന ഒരു പ്യൂൺ ഏതാണ്ടുള്ള അറിവ് വെച്ച് എന്നെ മാനേജരുടെ മുറിയിൽ കൊണ്ട് ചെന്ന് മാനേജരോട് എന്തോ പറഞ്ഞു. വയസ്സായ ഒരാൾ. എന്നോട് ഇരിക്കാൻ പറഞ്ഞു.

 

ഞാൻ ഒരു ഭാഗത്തു കണ്ട ഒരു കസേരയിൽ ഇരുന്നു. അയാൾ ഇടയ്ക്കു തല ഉയർത്തിയപ്പോൾ ഞാൻ ഓർമിപ്പിച്ചു: വാണ്ട് ടു  മീറ്റ് പ്രകാശ്.

ഓക്കേ. നോ പ്രോബ്ലം. എന്ന് പറഞ്ഞു അയാൾ വിളിച്ചു: പ്രകാശ്!

വിളി കേട്ട് അകത്തു വന്ന ആളെ കണ്ട ഉടനെ ഞാൻ എണിറ്റു. കറുത്ത തടിച്ച ഒരു തമിഴൻ. ഞങ്ങൾ കാണാതിരുന്ന ആറേഴു മാസങ്ങൾ കൊണ്ട് എന്ത് തെറാപ്പി ചെയ്താലും ഭാനു പ്രകാശിനെ ഇങ്ങനെ മാറ്റാൻ  പറ്റില്ല. ആള്  മാറിപ്പോയിരിക്കുന്നു

 

നോട്ട ദിസ് മാൻ സർ. മൈ ഫ്രണ്ട് ഭാനു പ്രകാശ്. ഫ്രം കാലിക്കറ്റ്.

സിറ്റ് ഡൌൺ. നോ. ദിസ് ഈസ് ഔർ പീയൂൺ പ്രകാശ്. ഇഫ് യു വാണ്ട് വാട്ടർ , ടി, സംതിങ് യു ക്യാൻ ടെൽ  ഹിം.

എന്നിട്ടു മാനേജർ പറഞ്ഞു: ഭാനു പ്രകാശ് വിൽ ബി ലിറ്റിൽ  ലേറ്റ്ഹി ഈസ് മീറ്റിംഗ് ഹിസ് ഫ്രണ്ട് അറ്റ് ദി സ്റ്റേഷൻ.

എനിക്ക് സമാധാനമായി. ഭാനു പ്രകാശ് സ്ഥലത്തുണ്ട്.

 

ഒരു മണിക്കൂർ കഴിഞ്ഞു കാണും , ഒരാൾ ഓടി മാനേജരുടെ മുറിയിൽ കടന്നു വന്നു. ആകെ ക്ഷീണിച്ചിട്ടുണ്ട് വിയർത്തു കുളിച്ചിട്ടുണ്ട്‌. മാനേജരോട് എന്തോ പറഞ് അവൻ എന്നെ പുറത്തേക്കു കൂടി. എന്റെ പെട്ടി മാനേജരുടെ മുറിയിൽ തന്നെ ഇരുന്നു.

 

ഞാൻ പറഞ്ഞു: സോറി ഭാനു പ്രകാശ്, എനിക്ക് നിങ്ങളെ കണ്ടു പിടിക്കാൻ പറ്റിയില്ല. എന്റെ ഷർട്ട് നമ്മളെ പെട്ടെന്ന് മുട്ടിക്കും എന്ന് വെറുതെ കരുതി.

 

എന്റിഷ്ടാ ഞാൻ നിന്നെ  കണ്ടിരുന്നു, പെട്ടിയും ബാഗുമായിട്ട്. ഷിർട്ടിന്റെ കാര്യം എനിക്ക് സ്ട്രൈക്ക് ആയില്ല. ബാബു ആണെങ്കിൽ ഇങ്ങോട്ടു വന്നു സംസാരിക്കും അല്ലോ എന്ന് കരുതിപ്പോയി. പോട്ടെ, വരൂ നമുക്ക് ചായ കഴിക്കാം.

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ