ചോയിക്കുട്ടിയും തുമ്പിയും
ചോയിക്കുട്ടിയും തുമ്പിയും
പേര് വടക്കേപ്പറമ്പിൽ
വാസുദേവൻ മകൻ ഗോപാലകൃഷ്ണൻ. അത് രൂപാന്തരപ്പെട്ട് കിട്ടൻ , കുട്ടൻ, കുട്ടപ്പൻ എന്നൊക്കെ
ആയി. ആളുകൾ ഭാരമെടുപ്പിച്ചു ശീലിച്ചപ്പോൾ അവനു യോജിച്ച പേര് വന്നു, തുമ്പി.
കണ്ടാൽ ഓട്ടിസം
ബാധിച്ചതാണോ എന്ന് തോന്നിയേക്കാം, ശരിയല്ല. നേത്രങ്ങൾ സ്റ്റെഡി ആണ്. കഴുത്തും മറ്റവയവങ്ങളൊക്കെയും
പൂര്ണസ്വാധീനത്തിലാണ്. തോന്നലിനു പ്രചോദനം അവന്റെ മുഖത്തിന്റെ ആകൃതി ആണ്. മുന്നോട്ടുന്തിയ
തൊണ്ണും പല്ലുകളും ആകൃതി മാറ്റി സൈക്കിൾ സീറ്റ് പോലെ ആക്കിയ മുഖം. ഡിക്കന്സിന്റെ ഭാഷയിൽ
ടേബിൾ സ്പൂണിൽ പ്രതിഫലിച്ചു കാണുന്ന മുഖം.
നീണ്ടു മെലിഞ്ഞതാണോ,
മെലിഞ്ഞു നീണ്ടതാണോ എന്ന് കൃത്യമായി പറയാൻ പറ്റില്ലെങ്കിലും നീണ്ടും മെലിഞ്ഞും ആണ്.
ആകെ മൊത്തം
ഒരു കോമഡി കഥാപാത്രമായാണ് പരിസരത്തുള്ളവർ അവനെ കണക്കാക്കുന്നത്. പല തമാശകളുടെയും ഇരയായി
കുട്ടപ്പൻ കഴിഞ്ഞു പോരുന്നു.
ചുറ്റുവട്ടത്ത്
എന്തെങ്കിലും പരിപാടി ഉണ്ടായാൽ അവൻ അവിടെ ഉണ്ടാകും. എന്ത് ജോലിയും എടുക്കാൻ മടിയില്ല.
ഇടയ്ക്കു വീട്ടു പടിക്കൽ വരും. തേങ്ങ വലിച്ചോ എന്ന് ചോദിക്കും. വലിച്ചാൽ ചകിരി പൊളിക്കുന്ന
ജോലി അവന്റെ ആണ്.
പുറത്തിറങ്ങിയാൽ
അവനെ കാണാം , പുറത്തൊരു ചാക്ക് ചുമന്ന് അല്പം മുന്നോട്ടു കുനിഞ്ഞു നടന്നു പോകുന്നുണ്ടാകും.
ചാക്ക് 25 കിലോ അരിയുടേതായാലും ഒരു കിലോ എന്തിന്റെയെങ്കിലും ആണെങ്കിലും കുനിച്ചിലിനു
വ്യത്യാസമില്ല, നടത്തത്തിനു വ്യത്യാസമില്ല.
നേരിട്ട് കണ്ടാൽ
പല്ലും തൊണ്ണും കാണിച്ചു കൊണ്ട് ഒരു ചിരിയുണ്ട് , ഏന്തേയ്? സുഖല്ലേ?
സുകുവേട്ടന്റെ
മോള് മിനിയുടെ കല്യാണം. വിവാഹവേദിക്ക് വേണ്ടി ചെക്കന്റെ വീട്ടുകാർ അവർക്കടുത്തുള്ള
ഹാളുകൾ തിരഞ്ഞെടുത്ത് വാശി പിടിച്ചപ്പോൾ സുകുവേട്ടൻ ഒരു കാര്യം പ്രഖ്യാപിച്ചു: ഞാൻ
എന്റെ വീട്ടിൽ വെച്ച് പെണ്ണിനെ ഇറക്കി കൊടുത്തോളാം. അവർ ഇങ്ങോട്ടു വന്നോട്ടെ.
അത് പാരമ്പര്യവുമായി
ബന്ധപ്പെട്ട കാര്യമായതുകൊണ്ട് ആർക്കും മറുത്തു പറയാനായില്ല.
അതൊരു എടുത്തു
ചാട്ടം ആയിരുന്നു. സുഹൃത്തുക്കളൊക്കെ സുകുവേട്ടനെ ഉപദേശിച്ചു. ഈ ചൂടുകാലത്തു പന്തൽ,
ഭക്ഷണം മുതലായവ ഒരുക്കുന്നത് അത്ര എളുപ്പമല്ല. ഒരു ഹാളിൽ ആയാൽ നമുക്ക് മെനക്കേട് കുറയും.
ആ കാര്യം പിന്നീട്
കുറേശ്ശേ ബോധ്യമായെങ്കിലും അന്ന് സുകുവേട്ടന്റെ വാശിക്ക് അയവു വന്നില്ല.
വാശിക്ക് വാശി.
ചെക്കന്റെ അച്ഛനും വിട്ടില്ല. നിങ്ങളുടെ ഇഷ്ടം. ഞങ്ങൾ പത്തു മുന്നൂറു ആൾക്കാർ ഉണ്ടാകും. ആളെ കുറയ്ക്കണമെങ്കിൽ ഇപ്പോൾ പറയണം.
കുറയ്ക്കാനൊന്നും
നിന്നില്ല. സുകുവേട്ടൻ തെക്കുള്ള ഒഴിഞ്ഞ പറമ്പു വെട്ടി തെളിയിപ്പിച്ചു വലിയ പന്തലിട്ടു.
കല്യാണദിവസം
രാവിലെ 11 മണിയോടെ നാലു ഭാഗത്തുമുള്ള ഇടവഴികൾ ഇട തൂർന്നു വന്ന പെൺകാരെ പന്തൽ പരിസരത്തേക്ക്
ചൊരിഞ്ഞു.
പന്തൽ നിറഞ്ഞു.
സഹായക്കാർ ഒന്നമ്പരന്നു. സ്വപക്ഷത്തുള്ള ഒരു പയ്യൻ പറഞ്ഞു: ഞാൻ സുമാർ എണ്ണി, നാനൂറ്റമ്പത്
ആളുണ്ട്.
അസിസ്റ്റന്റ്
പണ്ടാരി പറഞ്ഞു: കൂട്ടുകളൊക്കെ വിളമ്പുന്ന അളവ് കുറക്കാം. അരി അടുപ്പത്തിടാം. സാംബാർ
ആണ് പ്രശ്നം. എടുത്തു വച്ച കഞ്ഞി വെള്ളം എടുത്തു സാമ്പാറിൽ ഒഴിക്ക്.
സുകുവേട്ടൻ
പറഞ്ഞു: അത്തരം പകരം വീട്ടലുകളൊന്നും വേണ്ട. ഇത് ഇന്നത്തേക്ക് മാത്രമുള്ള ബന്ധമല്ല.
കല്യാണം കഴിഞ്ഞു ബന്ധുക്കൾ പോകട്ടെ, നമ്മുടെ ആൾക്കാർക്ക് വേണ്ടി വീണ്ടും ഭക്ഷണം റെഡി
ആക്കട്ടെ.
ചെക്കന്റെ അച്ഛൻ
വന്നു നിസ്സഹായത വെളിവാക്കി. ചെക്കന്റെ സ്നേഹിതൻമാരായി കമ്പനിയിലെ ഒട്ടുമിക്ക ആൾക്കാരും
വന്നു. എന്ത് പറയും. നിങ്ങള്ക്ക് കുറച്ചു ബുദ്ധിമുട്ടാകും അറിയാം.
മുഹൂർത്തവും
താലി കെട്ടലും കഴിഞ്ഞു. പണ്ടാരി ആളുകളെ ഊണിനു നിരത്താൻ ആവശ്യപ്പെട്ടു. പന്തൽ നിറഞ്ഞതു
കൊണ്ട് അടുത്ത വീടുകളിലെ വരാന്തകളിൽ കുറച്ചു പായ വിരിച്ചു ബാക്കി ആളുകളെ അവിടെ ഇരുത്തിച്ചു.
ഇല പോകട്ടെ.
പണ്ടാരി ഓർഡർ കൊടുത്തു. ആ പ്രവൃത്തി ഏല്പിച്ചിരുന്ന പിള്ളേർ ഇലക്കെട്ടുകളുമായി വന്നു
അത് നിരത്തി.
ഉപ്പു പോകട്ടെ.
ഉപ്പു പോയി.
വറുത്തുപ്പേരി,
ശർക്കര ഉപ്പേരി. അത് വെച്ച തൂക്കു പാത്രവുമായി ആളുകൾ പോയി.
അച്ചാർ, പച്ചടി,
ഓലൻ, കൂട്ടുകറി, അവിയൽ.... ഓരോന്നായി നീങ്ങി.
ചോറ് വിളമ്പിക്കോളു.
പണ്ടാരി ഓർഡറിട്ടു. മുണ്ടുടുത്തു തോർത്തുമുണ്ട് അരയിൽ മുറുക്കിക്കെട്ടിയ ചോറുവിളമ്പുകാർ
കുട്ടയെടുത്ത് രണ്ടു കൈകൊണ്ടും അതിന്റെ പുറത്തു കൈകൊണ്ടടിച്ച് കുലുക്കി കുറുവ അരിച്ചോറിൽ കട്ടകൾ ഇല്ലെന്നുറപ്പാക്കി, ചോറ് ഇലയിലേക്ക്
ഉണ്ണുന്നവന്റെ പാകത്തിന് ഡൌൺലോഡ് ചെയ്യാൻ തുടങ്ങി.
പെട്ടെന്നാണ്
ഓർത്തത്. പപ്പടം എവിടെ? പപ്പടത്തിന്റെ ആൾ എവിടെ.
ആരും മുന്നോട്ടു
വന്നില്ല. പണ്ടാരി ആവർത്തിച്ചു. കുറച്ചുറക്കെത്തന്നെ. പപ്പടത്തിനു ആരെയും ഏല്പിച്ചില്ലേ?
അത് വിട്ടുപോയിരുന്നു.
ഞാ ഡ്ത്തുണ്ടരാ.
ആ ശബ്ദം തുമ്പിയുടേതായിരുന്നു. അവൻ അടുക്കളയിലേക്കോടി.
ഏൽപ്പിക്കപ്പെട്ട
കുട്ടികൾ വെള്ളത്തിന്റെ ഗ്ലാസ് വെച്ച് വെള്ളം ഒഴിച്ച് കൊടുക്കുമ്പോഴേക്കും ഒരു കുട്ട
താങ്ങിപ്പിടിച്ചു തുമ്പി വന്നു പണ്ടാരിയുടെ മുന്നിൽ നിന്നു.
പപ്പടക്കുട്ട
നോക്കി പണ്ടാരി ഞെട്ടി. അയാൾക്ക് ദ്വേഷ്യവും ചിരിയും വന്നു.
ഇതെന്താണ്ടാ
?
പപ്പടാണ്. അയാൾക്കും
ശരിക്കും മനസ്സിലാകാഞ്ഞിട്ടാണ് ചോദ്യം എന്ന് കരുതി തുമ്പി പറഞ്ഞു.
ദ്വേഷ്യം തീരാതെ
പണ്ടാരി ചോദിച്ചു: കയിൽ കൊണ്ടുവന്നിട്ടുണ്ടോ? വിളമ്പണ്ടേ? പപ്പടം കയിൽ കൊണ്ട് കോരി
കൊടുക്കുന്ന രീതി തുടങ്ങാം.
പപ്പടക്കുട്ടയിലുണ്ടായിരുന്നു,
കായ വറുത്തതിന്റെ വലിപ്പത്തിലുള്ള കഷ്ണങ്ങൾ, പപ്പടപ്പൊടികൾ.
അപ്പോഴാണ്
, ഇവനെയാണല്ലോ ഈ കാര്യം ഏല്പിച്ചുപോയത് എന്ന് പണ്ടാരി ദുഃഖിച്ചത്.
ഇതിങ്ങനെ ആയതെങ്ങനെ?
അയാൾ തുമ്പിയോട് ചോദിച്ചു.
മുയ്മനും കൊട്ടെ
കൊണ്ട്ല. അപ്പം. ഒരാൾ ഒരു വയ് പറഞ്ഞി.
എന്ത് വഴി?
കൊട്ട നിറഞ്ഞപ്പം
രണ്ടു കയ്യും കൂട്ടി അമർത്താൻ പറഞ്ഞി. പിന്നെ ബാക്കീം ഇട്ടു അമർത്തി. അപ്പം മുയ്മൻ
കൊണ്ട്. അവന്റെ സാമർഥ്യം ആലോചിച്ചു അവൻ ചിരിച്ചു.
ആരാടാ വഴി പറഞ്ഞു
തന്നത്?
അവുടെ ഒരാള്.
അതാ അവുടെ. പണ്ടാരി നോക്കി. ആരെയും കണ്ടില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ തൂണിന്റെ മറവിൽ
പതുക്കെ അസ്തമിക്കുന്ന ഒരു മുഖം, ചോയിക്കുട്ടി.
Comments
Post a Comment