പയ്യെത്തിന്നാൽ...

 


 

വെള്ളിയാഴ്ച നാഷനൽ ബ്രിക് വർക്ക്സിന് ഒഴിവ് ദിവസം. ദിനേശന്‍ ദുർമയിൽ  നിന്ന് ഷെയർ  ടാക്സി പിടിച്ച് ദാവുൽ മൗദൂദില്‍ ചെന്ന് അവിടെ നിന്ന് കോസ്റ്റർ  കയറി ബത്തയിൽ ഇറങ്ങി. പാലത്തിനടിയിലൂടെ നിരത്തു മുറിച്ചു കടന്നു ഗോൾഡ് സൂഖിലെ ഗല്ലിയിലൂടെ സത്യന്റെ മുറിയിൽ ചെന്ന് അവനെയും കൂട്ടി ടെലിഫോൺ ബൂത്തിൽ ചെന്നു.

 

വെള്ളിയാഴ്ച ആയതു കൊണ്ട് എന്നും പോലെ ക്യൂ വലുതാണ്. പിന്നിൽ പോയി നിന്നു. സത്യനെ വേറെ ഒരു ക്യൂവിൽ നിർത്തി. ആവശ്യമാകും.

 

ഊഴം വന്നപ്പോൾ കയ്യിൽ സൂക്ഷിച്ച ഒറ്റ റിയാൽ നാണയങ്ങൾ ടെലിഫോൺ ബോക്സിനു മുകളിൽ അട്ടിയായി വെച്ച് ലീവർ താഴ്ത്തിക്കൊണ്ടു ഫോൺ എടുത്തു. ശേഖരേട്ടന്റെ വീട്ടിലേക്കു ഡയല് ചെയ്തു. റിങ് കേൾക്കാൻ തുടങ്ങിയപ്പോൾ മെല്ലെ ഒരു നാണയം സ്ലോട്ടിൽ ഇറക്കി.

 

ഹലോ കേട്ടപ്പോൾ മനസ്സിലായി, ശേഖരേട്ടനാണ്.

ഞാൻ അമ്മയെ വിളിക്കാം.

ശേഖരേട്ടൻ ഫോൺ വെക്കുന്നതിനു മുൻപ് തന്നെ ദിനേശൻ കയറിപ്പറഞ്ഞു: വേണ്ട ഗോപാലമ്മോനെ വിളിച്ചാൽ മതി ധൃതി ഉണ്ട്.

 

നാട്ടിൽ ഇപ്പോൾ ഇരുട്ടിയിരിക്കും. ഇരുട്ടത്ത് മുടന്തി മതിൽ ചുറ്റി ഫോണിലേക്കെത്താൻ അമ്മക്ക് ബുദ്ധിമുട്ടാകും.

 

ഫോൺ വെക്കണോ, ഓപ്പൺ ആക്കി നിർത്തണോ? ശേഖരേട്ടൻ ചോദിച്ചു.

വെച്ചോളൂ ഞാൻ ഒന്ന് കൂടി വിളിക്കാം എന്ന് പറഞ്ഞ്  സംഭാഷണം കട്ട് ആക്കി പിന്നിലുള്ള ഊഴക്കാരനോട് എടുത്തുകൊള്ളാൻ ആംഗ്യം കാട്ടി.

 

ഭാഗ്യം , ഇത്രയും സംസാരം ഒരു റിയാൽ കൊണ്ട് കഴിഞ്ഞു. സംസാരം തുടങ്ങിയാൽ  പമ്പിലെ മീറ്റർ പോലെ ആണ് ടെലിഫോൺ മീറ്റർ. നാണയങ്ങൾ ഇട്ടു കൊണ്ടേ ഇരിക്കണം. കട്ടായി പോയാൽ പിന്നെ എപ്പോ കിട്ടുമെന്നറിയില്ല. ചിലപ്പോൾ ഫോൺ അടുത്ത ഊഴക്കാരൻ പിടിച്ചു പറിക്കും.

 

പത്തു മിനിറ്റ് കാത്തു. ഇത്രയും മതി ഗോപാലമ്മോന് മതിൽ ചുറ്റി ഗേറ്റ് കടന്ന് ശേഖരേട്ടന്റെ റിസപ്ഷനിൽ എത്താൻ. ഫോൺ കട്ടാക്കി ക്യൂവിന് പിന്നിൽ പോയി നിന്ന ദിനേശന്റെ രണ്ടാമൂഴം വന്നില്ല. പക്ഷെ സത്യൻ വിളിച്ചു. അവന്റെ ഊഴം വെച്ച് മാറുന്നതിന് പിന്നിലെ ആൾ വിരോധം കാട്ടിയില്ല. ഈ രീതി ഇവിടെ പതിവാണ്. ഒറ്റ വിളിയിൽ ഫോൺ സ്വന്തമായിട്ടില്ലാത്തവർക്ക് വീട്ടിലേക്ക് ആശയവിനിമയം എളുപ്പമല്ല.

 

നാണയങ്ങൾ  അട്ടി വെച്ച ശേഷം ഡയൽ ചെയ്തു. അമ്മോന്റെ ഹലോ കേട്ട ഉടനെ നാണയം ഇട്ടു സംസാരം തുടങ്ങി. ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം റാപിഡ് ഫയർ രീതിയിൽ ആണ്. അമ്മക്കെങ്ങിനെ? മരുന്ന് വാങ്ങിയോ? വാടകയ്ക്കും കറന്റു ബില്ലിനുമെല്ലാം അയച്ച പൈസ കിട്ടിയോ ? അതടച്ചോ?

 

സംസാരത്തിന്റെ ഹൈ പിച്ച് കഴിഞ്ഞപ്പോൾ നാണ്യശേഖരം ബാക്കി ഉള്ളതിനാൽ ഐച്ഛിക വിഷയങ്ങളായി. പിന്നെ എന്തെല്ലാമാണ് വിശേഷങ്ങൾ ?

 

പെട്ടെന്നാണ് അമ്മോൻ ആ വാർത്ത വിട്ടത്. നിന്റെ പട്ടിയില്ലേ, അത് ചത്ത് പേയി.

 

പെട്ടെന്ന് ഹൃദയം മിടിക്കാൻ മടിച്ച പോലെ.

എന്തമ്മാവാ, ഇത്ര വെട്ടിത്തുറന്നു പറഞ്ഞത് , സ്തംഭിച്ചു പോകുമായിരുന്നല്ലോ.

 

അത് പിന്നെ എങ്ങനെ പറയാനാണ്? നിനക്കവിടെ തിരക്കല്ലേ?

 

എന്നാലും ഇങ്ങനെ വേണ്ടായിരുന്നു. മെല്ലെ മെല്ലെ പറഞ്ഞാൽ മതിയായിരുന്നു. ചെറിയ അസുഖം എന്തെങ്കിലും വന്നത്, ഡോക്ടറെ കാണിച്ചത്, അങ്ങനെ സാവകാശം.

 

അമ്മോന് അതിഷ്ടപ്പെട്ട പോലെ ദിനേശന് തോന്നിയില്ല. ആ , ഇനി ശ്രദ്ധിക്കാം.

 

പിറ്റത്തെ വെള്ളിയാഴ്ച ദിനേശൻ ഇതെല്ലം മറന്നിരുന്നു. അമ്മോനോട് സംസാരിച്ചു കഴിയാറായപ്പോൾ അദ്ദേഹം പറഞ്ഞു: പിന്നെ ഒരു കാര്യം ഉണ്ട്. നിന്റെ ആ സുഹൃത്ത്  ഹേമാനന്ദൻ ഇല്ലേ?

ആ, എന്ത് പറ്റി?

 

വേണ്ട, പെട്ടെന്ന് കേട്ട്‌ നിനക്ക് ഒന്നും സംഭവിക്കണ്ട.

എന്തുണ്ടായി?

അയാൾ ജീരകമുട്ടായി തിന്നുകൊണ്ടിരിക്കുക ആയിരുന്നു.

എന്നിട്ട്?

നീ ഫോൺ വെച്ചോ. ബാക്കി അടുത്താഴ്ച പറയാം.

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ