കോരു എന്ന പേര്.

 കോരു എന്ന പേര്. 

 

ഇന്നത്തെ പേരുകൾ ജ ഷ ബ എന്നൊക്കെ ഉള്ള അക്ഷരങ്ങൾ തിരിച്ചും മറിച്ചും ഇട്ടാണ് ഉണ്ടാക്കുന്നത്, എളുപ്പം. പണ്ട് നമ്മുടെ നാട്ടിൽ പൗത്രന് മുത്തശ്ശന്റെ പേരിടുന്ന പതിവുണ്ടായിരുന്നു. വേറെ ഒരു നല്ല പേര്  കണ്ടുപിടിക്കാൻ മെനക്കെടാതെ ഏതോ ഒരു ക്രൂരൻ ആ പതിവ് ഉപയോഗിച്ച്  എനിക്കിട്ട പേരാണ്,  അച്ചച്ചന്റെ സ്ഥാപിതമായ നാമം, കോരു,

 

മൂപ്പർക്ക് അത് ഇഷ്ടപ്പെട്ട പേര് ആയിരുന്നോ എന്നറിയില്ല. ചോദിച്ചറിയാൻ വഴിയില്ലായിരുന്നു. അദ്ദേഹത്തിനെ കാണാൻ എനിക്കെന്നല്ല, എന്റെ അച്ഛന് പോലും കഴിഞ്ഞിട്ടില്ല. അച്ഛമ്മയുടെ വയറ്റിൽ അച്ഛന്റെ  ലോകം വചനം മാത്രമായിരുന്ന , രൂപം ആയിരുന്നിട്ടില്ലാത്ത കാലത്തു തന്നെ മൂപ്പരുടെ ചീട്ടു കീറി.

 

സുമുഖനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പണ്ട് ഫ്രാൻ‌സിൽ നിന്നോ മറ്റോ ഇറക്കുമതി ചെയ്ത ഒരു ഛായ പൂച്ചക്കണ്ണ് ആ സൗകുമാര്യത്തിനു മാറ്റു കൂട്ടിയിരുന്നത്രെ. പല പിന്ഗാമികൾക്കും അത് കൊടുത്തിട്ടുമുണ്ട്.

 

എന്നെ നോക്കണ്ട. എനിക്കതു കിട്ടിയിട്ടില്ല.

 

നാരകശ്ശേരിക്കാരുടെ കണക്കെഴുത്തുകാരനായിരുന്നു. അച്ചമ്മ ഒൻപത് പെറ്റതിൽ എട്ടെണ്ണം നഷ്ടമായി ഒന്ന് പുറത്തും ഒന്ന് അകത്തും  കൊണ്ട് നടക്കുന്ന കാലത്ത് ഒരു ദിവസം പെട്ടെന്ന് മൂപ്പർ കണക്കു മുഴുവൻ എഴുതി തീർക്കാൻ നിൽക്കാതെ പുസ്തകം അടച്ചു.  അങ്ങനെ അച്ഛൻ എന്നത് എന്റെ അച്ഛനും അച്ചച്ചൻ എന്നത് എനിക്കും പിന്നീട് കിട്ടിയ  കേട്ടുകേൾവി മാത്രമായി. 

 

എന്തായാലൂം ഞാൻ പേരെടുത്തു, ജാതകത്തിൽ മാത്രമാണെങ്കിലും, കോരു. ഭാഗ്യത്തിന് , സ്കൂളിലും കൂട്ടുകാരുടെ ഇടയിലും വിളിക്കപ്പെടാൻ എനിക്ക് കിട്ടി, രമേശ് ബാബു, ബാബുരാജ്, ബാബു.

 

നൂറു വരെ എഴുതിയോ? അമ്മയുടെ വിളി. പെൻസിൽ പെട്ടെന്ന് കാണാതായപ്പോൾ അമ്മാവൻ ഒരു സ്ലേറ്റ് കഷ്ണം ഉരച്ചു നേർപ്പിച്ചത് ഉപയോഗിച്ച് ഒന്ന് മുതൽ നൂറു വരെ എഴുതാനുള്ള ശാസന നിറവേറ്റുകയായിരുന്നു ഞാൻ.  'അമ്മ അതിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് ആവശ്യപ്പെടുന്നു.

 

ഇല്ല , ഞാൻ പറഞ്ഞു.

 

എത്ര നേരായി തുടങ്ങീട്ട്, പെൻസിൽ തീർന്നോ ?

 

ഇല്ലമ്മെ , ഏടത്തി കളിയാക്ക് ണ്‌.

 

ഭാർഗ്ഗവിയേടത്തി. വല്യച്ഛന്റെ മോളാണ്. എന്നെ ഒക്കത്തെടുത്തു കൊണ്ട് നടക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ നിയോഗിക്കപ്പെട്ട ഏടത്തി. ഇടയ്ക്കു എന്നെ ദ്വേഷ്യം പിടിപ്പിക്കാനും അവർക്ക് സ്വയാർജിത അവകാശം ഉണ്ട്.

 

'അമ്മ ഏറ്റെടുത്തു. എന്തിനാണ്ടി ഓനെ വെറുപ്പിക്ക് ണ്‌?

ഞാനൊന്നും ചെയ്തിട്ടില്യ. ഏടത്തി ഒഴിഞ്ഞു.

 

ഓൻ വെറുതെ പറിയാ ? ഇജി എന്തോ പറഞ്ഞിട്ടുണ്ടാകും , എന്താത് ?

 

ആര് ഛർദിച്ചാലും മ്പളെ മോൻ കോരൂന്നാണ് ഞാൻ പറഞ്ഞത്. ശരിയല്ലേ?

 

'അമ്മ എടത്തിയെ വഴക്കിട്ടു പറഞ്ഞയച്ചു.

 

എന്നോട് പറഞ്ഞു: ഇജി അത് കാര്യാക്കണ്ട. വേഗം എഴുതിക്കോ.

 

കുറെ കഴിഞ്ഞു വീണ്ടും എഴുത്തിൽ തടസ്സം നേരിട്ടു.

 

ഇത്തവണ 'അമ്മ പ്രശ്നപരിഹാരത്തിന് എന്നെ കൈകാര്യം ചെയ്യാമെന്നുറച്ചു.

 

പോട്ടെ മോനെ. ഓൾക്ക് വിവരം ല്യ. ഛർദ്ദിക്കണത് കോരുന്നത് തെറ്റൊന്നും അല്ല.

 

അല്ലമ്മേ, ഏടത്തി കളിയാക്ക് ണ്‌.  ഛർദിച്ചാലും ന്നൊന്ന്വല്ല പറിണത്.

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ