മിനുസം

 മിനുസം

 

ഇത് എന്റേതല്ല. ആ രീതിയിൽ ഉള്ള ആസ്വാദനങ്ങളും വിമർശനങ്ങളും രണ്ടുമല്ലാത്ത അഭിപ്രായങ്ങളും ഒഴിവാക്കുക.

 

ഇന്നലെ ജോലിത്തിരക്ക് കാരണം വട്ടം കറങ്ങി ഊരിത്തെറിച്ച് ഓര്മകളിലെവിടെയോ റീഡർസ് ഡയ്ജസ്റ്റിന്റെ ഒരു കോപ്പിയിൽ കമിഴ്ന്നടിച്ചു വീണപ്പോൾ കിട്ടിയതാണ് ഒരു സൈനിക മേധാവിയെ.

 

കാർഗിലിൽ താൽക്കാലിക നിയമനം കഴിഞ്ഞു മറാത്ത റെജിമെന്റിൽ തിരിച്ചെത്തിയ വീരശൂരപരാക്രമിയായ മേജർ കൈലാസനാഥൻ  സഹജീവികൾക്ക് കൊടുത്ത വിരുന്നിൽ തന്റെ സാഹസങ്ങൾ വിശദീകരിച്ച ശേഷം എല്ലാവരോടും ചേർന്ന് നിന്ന് ക്ഷുത്തുത്തേജക പാനീയം (അപ്പറ്റയിസർ ) സേവിക്കുന്ന സന്ദർഭം.

 

സഹജീവികളെ പരിഹസിക്കലും ഇടിച്ചു കാണിക്കലും   അദ്ദേഹത്തിന്റെ സ്ഥിരം സ്വഭാവം. അത് ചടങ്ങിന്റെ ആകർഷണം കൂട്ടുന്നു എന്നാണ് ന്യായം.

 

മേജർ രണ്ടാമത് നിറച്ച ചഷകത്തോട് നീതി പാലിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ശിവരാമനെ കണ്ടത്.

 

ഉടലിൽ നിന്ന് വഴുതിപ്പോകുന്ന യൗവനവും തലയിൽ നിന്ന് ഇറങ്ങിപ്പോകുന്ന മുടിയും വിഷാദത്തിലാഴ്ത്തിയ ശിവരാമൻ.

വശങ്ങളിൽ മാത്രം ശേഷിച്ച മുടി ജെല്ലിയിട്ട് ഒട്ടിച്ചും മൈതാനക്കഷണ്ടി ക്രീം പുരട്ടി മിനുക്കിയും ചെറുപ്പത്തെ പിടിച്ചു വെക്കാൻ  പാട് പെടുന്ന പാവം. 

 

മേജർ വളരെ അടുത്തെത്തിയപ്പോഴാണ് ശിവരാമൻ അറിഞ്ഞത്‌.

ശീതീകരിച്ച ഗ്ലാസ് പിടിച്ച കൈ തന്റെ തലയിൽ തഴുകിയ കുളിര്‌ ശിവരാമന് അനുഭവപ്പെട്ടു.

 

എല്ലാവരുടെയും ശ്രദ്ധ തിരിയുന്നത് വരെ ശിവരാമന്റെ കഷണ്ടി തടവിക്കൊണ്ടിരുന്നശേഷം മേജർ  പറഞ്ഞു: ഹാ ഹാ എന്തൊരു മിനുസം !

 

എന്നിട്ട്  ശ്രദ്ധിക്കാത്തവർ കൂടി കേൾക്കാൻ പാകത്തിൽ അയാൾ പറഞ്ഞു: എന്റെ പെണ്ണുമ്പിള്ളയുടെ പിൻഭാഗം തന്നെ.

 

ഒരു വലിയ തമാശ പറഞ്ഞതിന്റെ സംപ്ത്രിപ്തിയിൽ അയാൾ ചിരി തുടർന്നു.

 

മറ്റുള്ളവരുടെ മുഖത്തു പുഞ്ചിരി മുതൽ ഘോരാട്ടഹാസം വരെ മിന്നി മറഞ്ഞപ്പോൾ  അതിൽ  പങ്കു ചേരാൻ കഴിയാതെ ശിവരാമൻ നിന്നു, മൂഢനായി,  ഇതികര്ത്തവ്യതാമൂഢനായി.

 

എന്ത് ചെയ്യണമെന്നത് പോകട്ടെ, എന്ത് ചിന്തിക്കണമെന്ന് പോലും മനസ്സിലാകാതെ ശിവരാമൻ പകച്ചു നിന്നു.

 

ഇത്ര കടുത്ത അവഹേളനം അവൻ മുൻപ് അനുഭവിച്ചിട്ടില്ല. മേജറുടെ ഉപമാനം ക്രൂരമായിപ്പോയി. കൗണ്ടറിൽ ഒഴിഞ്ഞ കൈ കുത്തി നിന്ന് 'എന്റെ തിരുമൽദേവരെ ഒരു കൗണ്ടർ തന്ന് കാപ്പാത്തണേ' എന്നവൻ പ്രാർത്ഥിച്ചു.

 

ശിവരാമൻ കയ്യിലുള്ള ഗ്ലാസ് അല്പം ചെരിച്ച് പൊട്ടാൻ വഴിയില്ലാത്ത  വിധം കട്ടിയുള്ള അടിഭാഗം മേശപ്പുറത്തു അടിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടു  താഴെ വെച്ചു.

 

എല്ലാരും നോക്കി നിൽക്കെ സ്വന്തം കൈ കഷണ്ടിയിൽ തടവി. പാതി വെച്ച് നിർത്തി, ഒരു സംശയത്തിൽ ഓര്മിച്ചെടുക്കുന്ന പോലെ ഒന്ന് കൂടി തടവി.

 

അയാൾ മേജറുടെ നേരെ തംബ്സ് അപ് കാട്ടി കയ്യിളക്കിയിട്ടു പറഞു :  വളരെ ശരിയാണല്ലോ സാർ.  

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ