ഭയം

 ഭയം

 

ഭയമില്ലാത്ത കൂട്ടത്തിൽ ആയതുകൊണ്ട് ഏതെങ്കിലുമൊക്കെ  ഏറ്റെടുത്ത് 

അപകടത്തിൽ ചെന്ന് ചാടുമോ എന്നാണ് എപ്പോഴും എന്റെ ഭയം.

 

ശ്രീകൃഷ്ണപുരത്തേക്കു ട്രൻസ്ഫെർ വന്നപ്പോൾ എന്റെ അഭ്യുദയം ആഗ്രഹിക്കുന്നവർ ചോദിക്കുകയുണ്ടായി, നിനക്ക് പേടി ഇല്ലേ?

 

എന്തിന്, പഞ്ചാബിലേക്കൊന്നും അല്ലല്ലോ , ഞാൻ ചോദിച്ചു.

 

സൂക്ഷിച്ചോ, കോങ്ങാട് അടുത്താണ്. അവർ എന്റെ ഭയം മാന്തി പുറത്തെടുക്കാൻ ശ്രമിച്ചു.

 

ജോയിൻ ചെയ്ത പിറ്റേ ദിവസം മാനേജർ എന്നെ കാബിനിൽ വിളിച്ചു.

 

മാറിപ്പോകുന്ന ഓഫീസർ കുറച്ചു ദിവസം എടുക്കും. അത് വരെ ബാബു വായ്പകളും കിട്ടാക്കടങ്ങളും അവയെ പറ്റിയുള്ള ഇൻസ്പെക്ഷൻ പരാതികളും അറ്റൻഡ് ചെയ്തോളു.

 

അങ്ങനെയാണ് ഞാൻ പിറ്റേ ദിവസം ഒരു ജീപ്പ് ഏർപ്പാടാക്കി കോട്ടപ്പുറത്തേക്കു വിട്ടത്. MLA  ശേഖരേട്ടനെ കാണണം. അവരുടെ വീഴ്ച പറ്റിയ വായ്പയെ പറ്റി സംസാരിക്കണം. പറ്റുമെങ്കിൽ കുടിശ്ശിക അടപ്പിക്കണം. അതുപോലെ ചില സ്രാവുകൾ വേറെയും.

 

ഇപ്പോൾ ജോയിൻ ചെയ്തതല്ലേ ഉള്ളു? ഇപ്പോഴേ അവരോടെക്കെ കൊമ്പു കോർക്കാൻ പോണോ? സൂപ്പർവൈസറുടെ ചോദ്യം മനസ്സിൽ തങ്ങി നിന്നു ഭയത്തിന്റെ മൂടൽ മഞ്ഞു പോലെ.

 

രാവിലെ നാരായണൻകുട്ടി ജീപ്പുമായി വന്നു. ഞാൻ റെഡി ആയിരുന്നു. കേറി. ചന്തപ്പുരയിൽ വണ്ടി നിർത്തി കുട്ട്യാലിയെ കേറ്റി. തല ചുറ്റി കഴു ത്തിൽക്കൂടി വലിച്ചിട്ട ഒരു ഷാളിനുള്ളിൽ അവന്റെ മുഖം കുറച്ചേ കാണൂ. ഫ്രണ്ട് സീറ്റിൽ കയറാൻ ശ്രമിച്ച അവനെ ഞാൻ നിർബന്ധിച്ചു ബാക് സീറ്റിൽ ഇരുത്തിച്ചു.

 

ഞാൻ ആദ്യമായിട്ടാണ് വഴിക്ക്‌. പരിസരമൊക്കെ നീ ഒന്നു പരിചയപ്പെടുത്തണം, അവനെ പിന്നിൽ  തന്നെ ഇരുത്താൻ ഞാൻ കാരണം വ്യക്തമാക്കി. അവൻ ഒന്നും പറഞ്ഞില്ല.

 

കരിമ്പുഴ പാലം കടന്ന്കോട്ടപ്പുറം അങ്ങാടി കടന്ന്വീതി കുറഞ്ഞ റോഡിനിരുവശത്തും ഇടതൂർന്നു വളരുന്ന മരങ്ങൾക്കിടയിലൂടെ വലത്തോട്ട് ഒരു ചെമ്മൺ പാത.

 

കുട്ട്യാലി അടുത്തേക്ക് നീങ്ങി ഇരുന്നു ചുണ്ടുകൾ എന്റെ ചെവിക്കടുത്തു കൊണ്ട് വന്നു അതീവരഹസ്യം പോലെ കുശുകുശുത്തു: ചന്ദനമില്ലിലേക്കു ഇവിടെ നിന്നു രണ്ടു കിലോമീറ്റർ ഉണ്ട്.

 

അതെന്തിനാണ് കുശുകുശുപ്പാക്കിയത്, അതിലെന്താണ് രഹസ്യം എന്ന് എനിക്ക് മനസ്സിലായില്ല. കുറുവാപ്പേടി ബാധിച്ച അന്തരീക്ഷത്തിന്റെ പ്രതീതി.

 

ഞാനും ശബ്ദം താഴ്ത്തി ചോദിച്ചു: ചന്ദനമില്ലോ?

 

അവൻ കുശുകുശുത്തു: ശരിക്കും ശതാവരി വാറ്റാനുള്ള ലൈസൻസ് ആണ്. പക്ഷെ ഞാൻ പറഞ്ഞത് ആണ് നടക്കുന്നത്.

 

നാരായണൻ കുട്ടി ശ്രദ്ധിക്കുന്നുണ്ടോ? അവൻ കേൾക്കാതിരിക്കാൻ ആയിരിക്കാം കുട്ട്യാലി ശബ്ദം താഴ്ത്തിയത്.

 

കുറെ പോയ ശേഷം അവൻ പറഞ്ഞു: ഇവിടെയാണ് കുട്ടത്തരകന്റെ പൈനാപ്പിൾ തോട്ടം.

 

അതെയോ? ഞാൻ കുശുകുശുത്തു.

 

പാമ്പുണ്ടാകും. അവന്റെ കുശുകുശുപ്പ്‌.

 

എന്നിട്ടും എനിക്ക് മനസ്സിലായില്ല, ഇതിലെന്താണ് രഹസ്യമെന്ന്.

 

ഇതിലാകെ എന്തോ നിഗൂഢത. എനിക്ക് കിട്ടിയ ചെറിയ വിറയൽ ഇരുണ്ട സൂര്യവെളിച്ചം കടക്കാത്ത വഴിയിലുറഞ്ഞ മഞ്ഞുകൊണ്ടാകും എന്ന് ധൈര്യപ്പെട്ടു.

 

ഞങ്ങൾ പിന്നെയും മുന്നോട്ടു പോയി.

 

അങ്ങോട്ടുമിങ്ങോട്ടുമുള്ള കുശുകുശുപ്പുകൾ തുടര്ന്നു. അർധരാത്രി ഒറ്റക്കിരുന്ന്ഡ്രാക്കുള കാണുന്നവനെ പോലെ ഞാൻ ധൈര്യം ഭാവിച്ച് ഇരുന്നു.

 

അവന്റെ കുശുകുശുപ്പ്അധികമായി.

 

ശബ്ദം ഏറ്റവും താഴ്ത്തി ഞാൻ പറഞ്ഞു: ആകെ മൊത്തം പേടി ആകുന്നു. പറഞ്ഞതിലെല്ലാം എന്താണ് രഹസ്യം? ആരെങ്കിലും കേൾക്കുന്നുണ്ടോ?

 

കുട്ട്യാലി തിരിച്ചു കുശ്ശുകുശുത്തു: എന്ത് രഹസ്യം ? ആര് കേൾക്കാൻ?

 

പിന്നെ എന്തിനാണ് നമ്മള് ഇത്ര ശബ്ദം താഴ്ത്തി  സംസാരിക്കുന്നത്?

 

സാറെന്തിനാണ് ശബ്ദം താഴ്ത്തിയതെന്നു എനിക്കറിയില്ല. എനിക്ക് ഇന്നലത്തെ മഞ്ഞു കാരണം തൊണ്ടക്കു സ്വല്പം വീക്കം ഉണ്ട്.

Comments

Popular posts from this blog

റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന്.

ഭാഗ്യാതിരേക

കോരു എന്ന പേര്.