ഒരു മറവിയുടെ ഓർമ
ഒരു
മറവിയുടെ ഓർമ
ആദ്യം
ഊന്നുവടിയും പിന്നീട് ഓരോ കാലുകളൂം എടുത്തു
വെച്ച് സൂക്ഷിച്ച് സദനത്തിന്റെ പടികൾ കയറുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞു:
ഈ പടികൾ നല്ല രൂപകൽപന ആയില്ല.
ഒരു ചാമ്പ്ര ആയിരുന്നു ഉചിതം.
മുൻദിവസത്തെ
പോലെ വടി പൂട്ടുകട്ടകൾക്കിടയിൽ കുടുങ്ങി പോകാതെ
സൂക്ഷിച്ചു കൊണ്ട് അയാൾ അടി വെച്ചു.
സദനത്തിലെ ശാന്തസുന്ദരമായ അന്തരീക്ഷം ആസ്വദിക്കാൻ അന്തേവാസികളും സന്ദർശകരുമായി ഏറെ ആളുകൾ. പൂക്കളെ
തലോടിയും ബെഞ്ചുകളിൽ ഇരുന്ന് ഓർമ്മകൾ അയവിറക്കിയും അവരെല്ലാം തങ്ങളുടെ സ്വകാര്യനിമിഷങ്ങൾ ബാഹ്യജീവിതത്തിലെ അശുഭങ്ങൾക്കു വിട്ടുകൊടുക്കാതെ കഴിയുന്നു.
ഒരു
ക്ഷണം മറന്നു പോയെങ്കിലും തന്റെ ആഗമനോദ്ദേശം പെട്ടെന്ന് തന്നെ അയാൾ ഓർത്തെടുത്തു.
കഴിഞ്ഞ
ദിവസം ഇങ്ങനെ വിഹരിക്കുമ്പോഴാണ് അയാൾ അവളെ കണ്ടത്.
പ്രൗഢവാർദ്ധക്യം അണിഞ്ഞ ആ മഹതിയെ. അങ്ങനെ
ആണ് അയാൾക്ക് തോന്നിയത്. വർഷങ്ങൾക്ക് മുൻപ് കണ്ടു മറന്ന ഒരു മുഖമല്ലേ അതെന്നു
സംശയം തോന്നിയെങ്കിലും മങ്ങിയ ഓർമകൾക്കിടയിൽ അതിന്റെ ഉത്തരം തെളിഞ്ഞില്ല. മുഖത്ത് ഒട്ടിച്ചുവെച്ച പുഞ്ചിരി ആ തോന്നലിനെ നിരാകരിച്ചില്ല
എന്ന് മാത്രമല്ല , ഒരു സംഭാഷണത്തിൽ ഏർപ്പെടാനുള്ള
ധൈര്യവും സ്വാതന്ത്ര്യവും നൽകുകയും ചെയ്തു.
ലഘുവായ
പരിചയപ്പെടലിന്റെ ഇടയ്ക്കു, യാത്ര പോകുന്നത് ഇഷ്ടമാണെന്ന് പറഞ്ഞു.
സ്വന്തം
മനസ്സിൽ തോന്നിയ ഇണക്കം നൽകിയ സ്വാതന്ത്ര്യം അയാളുപയോഗിച്ചു. ഇനിയുള്ള യാത്രകൾ ഒരുമിച്ച് ആയാലോ എന്ന അയാളുടെ ചോദ്യത്തിന്
അവൾ മറുപടി പറഞ്ഞു. കണ്ടുമുട്ടലിന്റെയും തന്റെ കൗശലത്തിന്റെയും ആഘോഷത്തിൽ പൂത്തിരി കത്തിച്ചു കൊണ്ടിരുന്ന മനസ്സിൽ അത് രേഖപ്പെടുത്താൻ പക്ഷെ
അയാൾ മറന്നു പോയി.
വീട്ടിലെത്തിയ
ശേഷമാണ് ആ ചിന്ത അയാളെ
അലട്ടാൻ തുടങ്ങിയത്. അവൾ എന്താണ് പറഞ്ഞത്?
ശരി
എന്ന സമ്മതം ആണോ?
ഞാനും
അങ്ങനെ ആലോചിക്കാറുണ്ട്.
കൂട്ടിനൊരാൾ
ഉണ്ടാവുന്നതിന്റെ ആശ്വാസം വലുതാണ്.
അമ്മയുടെ
സന്തോഷം എന്റെ ദൂരെയുള്ള മക്കൾക്കും ആശ്വാസം പകരും.
അതോ
ഏതെങ്കിലും ഒഴിവുകഴിവ് ആണോ?
മക്കൾക്ക്
ഇഷ്ടമാകുമോ എന്നറിയില്ല.
കഴിഞ്ഞ
ജീവിതം മറക്കാനാകുമെന്നു തോന്നുന്നില്ല.
ഇത്
ശരിയാകുമോ എന്നറിയില്ല.
എത്ര
ആലോചിച്ചിട്ടും അവിടെ നിന്ന് കിട്ടിയ ഉത്തരം ഓർത്തെടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
എന്ത്
ചെയ്യും?
ആ രംഗം ഇനി ആവർത്തിക്കാൻ
കഴിയുമോ?
വേറെ
ആരെയെങ്കിലും വിട്ട് അന്വേഷിപ്പിക്കാമോ?
അവസാനം
എത്തിയ തീരുമാനമാണ് ഒന്നുകൂടി കണ്ട് സംശയം തീർക്കുക എന്നത്.
ആ രൂപം തേടിക്കൊണ്ട് അയാൾ
പതുക്കെ വടിയും കാലുകളും മുന്നോട്ടു വെച്ചു.
കുറെ
നടന്നു. അവളാണെന്ന് ഉറപ്പിക്കാൻ പോന്ന രൂപം കണ്ടില്ല, മുഖവും
കണ്ടില്ല. മനസ്സിന്റെ ഉത്സാഹം പതുക്കെ ചോർന്നു പോകാൻ തുടങ്ങി. അന്വേഷിച്ചു കണ്ടെത്താൻ ഉതകുന്ന ഒരു വിവരവും ശേഖരിച്ചില്ല.
പങ്കു വെച്ചത് ഇഷ്ടാനിഷ്ടങ്ങളും വിലാസമില്ലാത്ത ഓർമകളും മാത്രം.
പുറത്തെ
പ്രകാശവും മങ്ങിത്തുടങ്ങി. അയാൾ മടങ്ങി.
പടികൾ
ഇറങ്ങാൻ വടി മുന്നോട്ടു വെച്ച
അയാൾ ഒന്ന് നിന്നു. അവിടെ ഒരു ബെഞ്ചിൽ അങ്ങോട്ട്
തിരിഞ്ഞിരുന്ന് എന്തോ വായിക്കുന്നു , ഒരു വയസ്സായ കുട്ടി.
അയാൾ
തിരിഞ് നടന്ന് അടുത്ത് ചെന്നു. അവൾ നിര്വികാരമായി
മുഖമുയർത്തി.
ഞാനാണ്
, മനസ്സിലായില്ലേ?
ആരാ?
കഴിഞ്ഞ
ദിവസം പരിചയപ്പെട്ടില്ലേ?
അവൾ
ഒന്നും മിണ്ടിയല്ല.
ഒരുമിച്ചു
യാത്ര ചെയ്യുന്ന കാര്യം ഞാൻ ചോദിച്ചു.
എന്താണ് മറുപടി പറഞ്ഞത് എന്ന് ഞാൻ മറന്നു പോയി.
അവളുടെ
മുഖത്ത് നേരിയ പ്രകശം. ഓർമ തെളിയുന്നത് പോലെ.
പറഞ്ഞത്
നന്നായി. നിങ്ങളാണ് അല്ലെ? ആരോടാണ് മറുപടി പറഞ്ഞത് എന്ന് ഞാനും മറന്നു പോയി.
Comments
Post a Comment