മൃതസന്ദേശവകുപ്പ്
മൃതസന്ദേശവകുപ്പ്.
ഡെലിവറി
ആകാതെ കിടക്കുന്ന മൃതസന്ദേശങ്ങൾ എത്രയും വേഗം കൊടുത്തു തീർക്കണമെന്ന്
പോസ്റ്റ് മാസ്റ്റർ ജനറലുടെ പ്രത്യേകം നിർദേശം ഉണ്ടായിരുന്നു. ഇപ്പോൾ പൊതുവെ കടലാസുകത്തുകളുടെ എണ്ണം കുറവായതുകൊണ്ട് ഈ പ്രവൃത്തി നിർവഹിക്കാൻ
ആളും സമയവും എളുപ്പം കണ്ടെത്താം.
അതിന്റെ
ചാക്ക് തുറന്ന് അവയൊന്നു
പരിശോധിക്കാൻ വിശ്വനാഥൻ തുനിഞ്ഞു. മിക്കതും അവിടെ കിടന്നു പോയത് വിലാസത്തിലെ അവ്യക്തത കൊണ്ടാണ്.
അത്തരത്തിൽ
ഒന്നെടുത്തു വിശ്വനാഥൻ സൂക്ഷിച്ചു നോക്കി. അയാൾക്കപ്പോഴാണ് അതവിടെ കിടന്നു പോയതിന്റെ കാരണം മനസ്സിലായത്.
സ്വാമി
അയ്യപ്പൻ, ശബരിമല സന്നിധാനം എന്നാണ് ആ എഴുത്ത് എന്ന്
വിശ്വനാഥൻ ഒരു ശിലാലിഖിതം വായിക്കുമ്പോലെ
കഷ്ടപ്പെട്ട് വായിച്ചെടുത്തു. അയക്കുന്ന ആളിന്റെ വിലാസം കുറേക്കൂടി വ്യക്തമാണ്. തപാലാപ്പീസിന്റെ അയല്പക്കത്തു തന്നെയുള്ള മാധവിയമ്മയാണ്.
ആളെ പരിചയമില്ലെങ്കിലും വിശ്വനാഥന് വീട് മനസ്സിലായി.
ഉള്ളടക്കം
എന്താണെന്നു നോക്കാതിരിക്കാൻ വിശ്വനാഥന്റെ ജിജ്ഞാസ സമ്മതിച്ചില്ല. അയാൾ സുകുമാരനെ വിളിച്ചു
കാണിച്ച് കത്തിന്റെ അരികു മടക്കി പശ വെച്ച ഭാഗത്ത്
സ്വല്പം വെള്ളം ആക്കി കുറച്ചു നേരം വെച്ചു.
പിന്നെ അത് മെല്ലെ പൊളിച്ചു
വായിച്ചു.
സ്വാമിയേ
അയ്യപ്പ, ദയാനിധി ആയ ഭഗവാനെ,
പുതുവത്സരം
ആശംസിക്കാൻ എല്ലാവര്ക്കും ആരെങ്കിലും ഉണ്ട്. എനിക്ക് അതിനു ഭാഗ്യമില്ല. ഒരു നൂറു രൂപ
ഉണ്ടായിരുന്നെങ്കിൽ അച്ഛനില്ലാത്ത എന്റെ പേരക്കുട്ടികൾക്ക് ആണ്ടറുതിക്ക് ഒരു നേരം നല്ല
ഭക്ഷണം കൊടുക്കാമായിരുന്നു.
സ്വാമി
ശരണം.
പ്രാർത്ഥന
ഇല്ല, അപേക്ഷ ഇല്ല, ഒരു അറിയിപ്പ് മാത്രം.
ബാക്കി ഭഗവാൻ തോന്നുന്നപോലെ ചെയ്യട്ടെ എന്ന ഒരു നിസ്സംഗത.
വിശ്വനാഥൻ
സുകുമാരനെ നോക്കി. അയാളുടെ മുഖത്തെ ഭാവഭേദം കണ്ടു വിശ്വനാഥനും വികാരാധീനനായി.
അയാൾ
പോസ്റ്റ് മാസ്റ്ററെ കണ്ടു വിവരം പറഞ്ഞു. ഒരു ആശയവും അവതരിപ്പിച്ചു.
സ്വീകൃതമായ ആ ആശയത്തിന്റെ നിർവഹണത്തിൽ
അവർ ചെറിയ സംഖ്യകൾ സ്വീകരിച്ചു. മൊത്തം 90 രൂപ തികഞ്ഞു. വിവരം
അറിഞ്ഞപ്പോൾ തൂപ്പുകാരി മേരി 3 രൂപ കൂട്ടി. ഇനി
വൈകിക്കണ്ട എന്ന തീരുമാനത്തിൽ അവർ
മാധവിയമ്മയുടെ പേരിൽ ഒരു മണി ഓർഡർ
അപ്പോൾ തന്നെ രജിസ്റ്റർ ആക്കി.
അന്നത്തെ
ഡ്യൂട്ടി ക്രമം അനുസരിച്ച് സുകുമാരന് അത് അപ്പോൾ തന്നെ
ഡെലിവർ ചെയ്യാൻ ധൃതി ആയി.
കത്ത്കെട്ടുകൾ
എടുത്ത് പുറത്തു പോകുമ്പോൾ സുകുമാരനെ
വിശ്വനാഥൻ ഓർമിപ്പിച്ചു: ഇവിടെ നടന്ന കാര്യമൊന്നും മാധവിയമ്മ അറിയരുത്. പണം വരുന്നത് സന്നിധാനത്ത്
നിന്നാണ്, മറക്കരുത്.
സുകുമാരൻ
അത് കൊടുത്ത് മടങ്ങി വന്നു. പിന്നെ ആ കാര്യം പ്രത്യേകിച്ച്
ഓർക്കാൻ ഇട വന്നില്ല, ആർക്കും.
ഒരു
ദിവസം പെട്ടിയിൽ നിന്നെടുത്ത കത്തുകൾ സീൽ വെക്കുമ്പോൾ ആണ്
ഒരു കത്തിന്റെ വിലാസം മിന്നി മറയുന്നതിനിടക്ക് വിശ്വനാഥന്റെ ശ്രദ്ധയെ പിടിച്ചു നിർത്തിയത്. സ്വാമി അയ്യപ്പന് മറ്റൊരു കത്ത്. അയച്ചത്,
മാധവിയമ്മ.
അയാൾ
സുകുമാരനെ വിളിച്ചു. എല്ലാ കത്തുകളും സീൽ അടിച്ച് സഞ്ചിയിലിട്ട
ശേഷം അവർ മാധവിയമ്മയുടെ കത്തെടുത്ത് വെള്ളം
നനച്ചു കുതിർത്ത് ഒട്ടിച്ച ഭാഗം മെല്ലെ അടർത്തി
എടുത്തു.
സ്വാമി
അയ്യപ്പ ഭഗവാനെ,
എന്നെയും
പേരക്കുട്ടികളെയും കടാക്ഷിച്ചതിന് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ഞങ്ങൾക്ക് മറ്റാരേക്കാളും കേമത്തിലുള്ള ഒരു പുതുവർഷദിവസം കിട്ടി.
അവിടെ നിന്നയച്ച പണം കൊണ്ട് ഞങ്ങൾ
വളരെ അധികം ആഘോഷിച്ചു.
വല്ലപ്പോഴുമൊക്കെ
ഇതുപോലെ വല്ലതും അയച്ചു തന്നു സഹായിച്ചാൽ എന്റെ പേരക്കുട്ടിയുടെ കാര്യം നിവൃത്തി ആയി.
നന്ദിയോടെ,
സ്വാമി
ശരണം.
പിന്നെ
ഒരു കാര്യം: ഭഗവാൻ ഇനി പണം അയക്കുമ്പോൾ
മാണി ഓർഡർ ആയി അയക്കേണ്ട.
ഇത്തവണ അയച്ച നൂറു രൂപയിൽ നിന്ന് ഏഴു രൂപ അവര്
മുക്കി.
Comments
Post a Comment