തത്തമ്മേ പൂച്ച പൂച്ച

 

തത്തമ്മേ പൂച്ച പൂച്ച

 

കാളിങ് ബെൽ ശബ്ദം കേട്ട് ആദ്യം ഞാൻ അനങ്ങിയില്ല. പിന്നെയാണോർത്തത്, ഗിരിജ വീട്ടിൽ ഇല്ല എന്നത്. ഞാൻ ലാപ്ടോപ്പ് സ്ക്രീൻ പോസ് ചെയ്തു മുറിയുടെ വാതിൽക്കൽ ചെന്ന് പാളി നോക്കി. ആരാണെന്നറിഞ്ഞിട്ടു വേണം വർക്കിംഗ് ഡ്രസ്സ് ആയ ബനിയന് മീതെ ഒരു ഷർട്ട് പിടിപ്പിക്കണോ എന്ന് നിശ്ചയിക്കാൻ.

 

വിതറിയിട്ടപോലെ മുറ്റത്തു നിൽക്കുന്നു ആറേഴു കുട്ടികൾ.

 

കോറിയോഗ്രാഫർ എത്താൻ വൈകിയ ഡാൻസ് ടീം പോലെ ഒരു അലക്ഷ്യ വിന്യാസത്തിൽ ഉദാസീനമായാണ് അവരുടെ നിൽപ്പ്. വീട്ടിനു പിന്നിലെ സ്കൂളിലെ കുട്ടികളായിരിക്കും, പെട്ടെന്ന് പറഞ്ഞു വിട്ടേക്കാം   എന്ന് തീരുമാനിച്ച് ഞാൻ വർക്കിംഗ് ഡ്രെസ്സിൽ തന്നെ മുന്നോട്ടു വന്നു : എന്താ മക്കളെ ?

 

ചേട്ടാ ഞങ്ങൾ പയ്യാനക്കൽ സ്കൂളിൽ നിന്ന് NSS ക്യാമ്പിന് വന്നതാണ് പറയഞ്ചേരി സ്കൂളിൽ. ഒരു സർവേയുടെ ഭാഗമായിട്ട് വന്നതാണ്.

 

ഇത് പരിചിതമാണ്. ചോദ്യങ്ങളുടെ ഒരു ലിസ്റ്റുമായി സർവ്വേയ്ക്ക് വരുന്നവർ ഒട്ടു മിക്ക ദിവസങ്ങളിലും വീട്ടിൽ എത്താറുണ്ട്.

 

എന്താണ് നിങ്ങൾക്കറിയേണ്ടത്?

 

ഒരു പെൺകുട്ടി ഒരു നോട്ട് ബുക്ക് തുറന്ന് അത് നീട്ടി കൂടെ നിന്ന ഒരു ആൺകുട്ടിയെ ക്ഷണിച്ചു. അവൻ അവൾക്കു തന്നെ തിരികെ ഏല്പിച്ച് നീ തന്നെ ചോദിച്ചോ എന്ന് പറഞ്ഞു.

 

കുട്ടി എന്റെ നേരെ തിരിഞ്ഞു: ചേട്ടന്റെ പേര് എന്താണ്? വിളി എനിക്കെന്തോ പോലെ തോന്നി. എന്റെ പേരക്കുട്ടിയെക്കാളും ചെറുപ്പമാണ് ഇതിന്. ഒന്നും പറയാൻ നിന്നില്ല. വേഗം ഡിസ്പോസ് ചെയ്യണം.

 

ബാബു.

 

വേറെ പേരുണ്ടോ?

 

എനിക്ക് മനസ്സിലായില്ല. ഒരു പേര് പോരെ?

 

അല്ല , ബാക്കി പേര്, വീട്ടുപേര്.

 

പാലത്തിങ്ങൽ.

 

ഒന്ന് രണ്ടക്ഷരം എഴുതിയ ശേഷം അവൾ പറഞ്ഞു: സ്പെല്ലിങ്?

ഞാൻ ഗേറ്റിന്റെ തൂൺ കാണിച്ചു: കാണുന്ന ബോർഡ് നോക്കി എഴുതിക്കോളൂ.

 

അവൾ അത് എഴുതി. ഞാൻ പറഞ്ഞു കൊടുത്ത വിലാസവും എഴുതിയ ശേഷം അവൾ ലിസ്റ്റ് വായിച്ച് അടുത്ത ചോദ്യം എറിഞ്ഞു: പരാ... പാരസിറ്റമോൾ ഉപയോഗിക്കാറുണ്ടോ?

ഉണ്ട്.

വീണ്ടും ലിസ്റ്റ് നോട്ടം. സ്വയം വാങ്ങി കഴിക്കാറാണോ, ഡോക്ടർ പറഞ്ഞിട്ടാണോ?

ഡോക്ടർ നിർദേശിക്കുന്ന പോലെ ആണ് വാങ്ങാറ്.

ബാക്കി ഉള്ള ഗുളികകൾ എന്താണ് ചെയ്യുക ?

എങ്ങനെ?

അവൾ വീണ്ടും ചോദ്യങ്ങളുടെ ലിസ്റ്റ് നോക്കി.

ഗുളികകൾ ബാക്കി വന്നാൽ എന്ത് ചെയ്യും?

ബാക്കി അങ്ങനെ വരാറില്ല. എക്സ്പൈറി വരെ ഉപയോഗിക്കാമല്ലോ.

അവൾ വിശദീകരിച്ചു:

അതല്ല, ആന്റിബയോട്ടിക് പറഞ്ഞ എണ്ണമല്ലേ കഴിക്കാൻ പാടുള്ളു?

 

എവിടേക്കാണ് ഇത് കൊണ്ടുപോകുന്നത് എന്ന് എനിക്ക് വ്യക്തമായില്ല. ഞാൻ മതിലരികിൽ പാറി നടക്കുന്ന ഒരു തുമ്പിയെ ആണ് ശ്രദ്ധിച്ചത്. കുട്ടികൾ കണ്ടാൽ അതിനെ കൊണ്ട് കല്ലെടുപ്പിക്കും, പാവം.

 

ഞാൻ പറഞ്ഞു: ആന്റി ബയോട്ടിക് പറഞ്ഞ എണ്ണം തന്നെയേ വാങ്ങിക്കുകയും ചെയ്യൂ.

 

ഇന്റർവ്യൂ നീണ്ടു പോകുമെന്ന് അവർക്കു തോന്നിക്കാണും. അടുത്ത് നിന്ന ആൺകുട്ടി ഉദ്യമം ഏറ്റെടുത്തു.  ചേട്ടാ,പൊതുവെ, ബാക്കി വരുന്ന മരുന്നുകൾ എന്താണ് ചെയ്യുക?

 

അങ്ങനെ കാലാവധിക്ക് മുൻപ് ഉപയോഗം വരില്ലെന്ന് കണ്ടാൽ കളയും.

 

ഒരു ഉത്തരം അവരുടെ പ്രതീക്ഷക്ക് ചേർന്ന് എന്ന് തോന്നുന്നു. പെൺകുട്ടിയുടെ ഊഴം: ആ, ശരി. എങ്ങനെ കളയും?

 

എങ്ങനെ കളയും എന്ന് ചോദിച്ചാൽ, ഞാൻ ശരിയായ ഉത്തരത്തിന് വേണ്ടി ആലോചനയിൽ മുങ്ങി.

 

അവൾ വിശദമാക്കി: കത്തിച്ചു കളയുമോ, അതോ വേസ്റ്റിന്റെ കൂടെ കൊടുത്തയക്കുമോ?

 

വേസ്റ്റിന്റെ കൂടെ എന്ന് പറഞ്ഞു തുടങ്ങിയ എന്നെ അവൾ പിടിച്ചു നിർത്തി.

ലിസ്റ്റിൽ കണ്ണെറിഞ്ഞുകൊണ്ടു അവൾ പറഞ്ഞു: ഫുഡ് വേസ്റ്റിന്റെ കൂടെ ഇടരുത്. പ്ലാസ്റ്റിക്കിന്റെ കൂടെ കൊടുക്കാം. മണ്ണിൽ ചേരാനിടവന്നാൽ ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

 

മലിനീകരണത്തെ പറ്റിയും വ്യാവസായിക അടിസ്ഥാനത്തിൽ നടക്കുന്ന കീടനാശിനി ദുരുപയോഗത്തെ പറ്റിയും എല്ലാം സമൂഹമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ എന്റെ മനസ്സിലേക്ക് വന്നു. അത് പരിഗണിക്കുമ്പോൾ, ഇതെന്ത്?

 

എന്നാലും നടക്കട്ടെ, അണ്ണാരക്കണ്ണനും അവനാൽ ആയത്.

 

എന്റെ ഒരാളുടെയും അവർ ഒരു പാട് കുട്ടികളുടെയും സമയം ലഭിക്കാൻ വേണ്ടി ഞാൻ ഒരു കാര്യം മനസ്സിലാക്കിയ കൃതാര്ഥതയോടെ  പറഞ്ഞു:

 

അങ്ങനെ ആണല്ലേ, ഇനി അങ്ങനെ ചെയ്തുകൊള്ളാം.

 

ഇനി എന്താണ് അറിയേണ്ടത്? എന്റെ ചോദ്യം.

 

ഇത്രയേ ഉള്ളു, വളരെ ഉപകാരം.

 

അവർ അരങ്ങൊഴിഞ്ഞ് അടുത്ത വീട് നോക്കി യാത്രയായി.

Comments

Popular posts from this blog

റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന്.

ഭാഗ്യാതിരേക

കോരു എന്ന പേര്.