പ്രവൃത്തിപരിചയം

 

പ്രവൃത്തിപരിചയം.

 

ചുറ്റും നിബിഡാന്ധകാരം ഉണ്ടായിരുന്നില്ല. മേലെ ആകാശം മറച്ച് സൂര്യപ്രകാശം കുറേശ്ശേ മാത്രം താഴേക്ക് വിട്ടിരുന്ന വൃക്ഷശിഖരങ്ങളുണ്ടായിരുന്നില്ല. അശരീരി പോലെ കാതിൽ വന്നലയ്ക്കുന്ന ചീവീടിന്റെ പാട്ടോ കൂമന്റെ കൂവലോ ഉണ്ടായിരുന്നില്ല.

 

എന്നിട്ടും...

 

എയർപോർട്ടിലേക്ക് ഇനി എത്ര ദൂരമുണ്ട് എന്ന് ചോദിക്കാമെന്നുള്ള നിർദോഷമായ ഉദ്ദേശം വെച്ചാണ് അയാൾ മുന്നോട്ടു പതുക്കെ നീങ്ങി ഇരുന്ന് ഡ്രൈവറുടെ ചുമലിൽ ഒന്ന് തൊട്ടത്. അത്രയേ ഉണ്ടായുള്ളൂ.

 

എന്നിട്ടും...

 

ഡ്രൈവർ ഞെട്ടിത്തരിച്ചു. സ്റ്റീയറിങ് അയാളുടെ കയ്യുകളെ ധിക്കരിച്ച്   തിരിഞ്ഞു. എതിർവശത്തു നിന്നു വന്ന ബസ്സിനെ ഉരുമ്മി ഉരുമ്മാതെ വെട്ടിച്ച വണ്ടി ഫുട്പാത്തിൽ കയറി അവിടെ നിന്ന പോസ്റ്റിനെ തൊട്ടു തൊടാതെ പൂജ്യത്തിലേക്കു വന്നു നിന്നു.

 

യാത്രക്കാരന്റെ നെഞ്ചിടിപ്പ് സാവധാനമാകാൻ കുറച്ചു സമയമെടുത്തു. പുറത്തേക്കു നോക്കി അപകടത്തിന്റെ പൂർണരൂപം കാണാൻ  ധൈര്യമില്ലാതെ ഡ്രൈവർ തല സ്റ്റിയറിങ്ങിൽ വെച്ച കയ്യിൽ അമർത്തി ഇരുന്നു.

 

രണ്ടു പേരും മൂകരായി കുറച്ചു നിമിഷങ്ങൾ അനങ്ങാതെ ഇരുന്നു.

 

ഞാൻ നിങ്ങളുടെ തോളിൽ ഒന്ന് തൊട്ടതിനാണോ പരാക്രമം? യാത്രക്കാരൻ മൗനം ഭഞ്ജിച്ചു.

 

എന്റെ തെറ്റാണ് സാർ.

 

എന്തുണ്ടായി?

 

ഇന്ന് ആദ്യമായിട്ടാണ് ഞാൻ ടാക്സിയിലേക്കു മാറിയത്?

 

ഇത് വരെ എന്തിലായിരുന്നു.

 

ഞാൻ ശവവണ്ടി ഓടിക്കുകയായിരുന്നു.

Comments

Popular posts from this blog

റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന്.

ഭാഗ്യാതിരേക

കോരു എന്ന പേര്.