രണ്ടു മുക്കാലിന്റെ ചങ്കിടിപ്പ്

 

 

രണ്ടു മുക്കാലിന്റെ ചങ്കിടിപ്പ്

 

ട്രാഫിക് സിഗ്നലിൽ ലൈറ്റ് പച്ചയാകാൻ കാത്ത് നിൽക്കുന്ന അക്ഷമയോടെ ആണ് 4 മണി അടുക്കുമ്പോൾ മുൻ ബെഞ്ചിലെ കുട്ടികൾ പുസ്തകങ്ങൾ ഒതുക്കിപ്പിടിച്ച്, ഡെസ്ക് തടസ്സമാകാതിരിക്കാൻ വശത്തുകൂടി പുറത്തു വന്ന് ഇഞ്ചിഞ്ചായി മുന്നോട്ടു നീങ്ങുക.

 

ഗുപ്തൻ മാഷ് അത് കാണാതിരിക്കാൻ ശ്രമിക്കും. കണ്ടാൽ കുട്ടികളെ പിടിച്ചു നിർത്തേണ്ടി വരും. അത്രയും നേരം അദ്ദേഹവും അവിടെ നിൽക്കണ്ടേ?

 

ഭരതന്റെ ഇരുമ്പുദണ്ഡ് ലോങ്ങ്  ബെല്ലിന് വേണ്ടി മണിപ്പലകയിൽ ആദ്യത്തെ അടി അടിക്കുമ്പോൾ ഞാനും ബാലകൃഷ്ണനും വാതിൽ കടന്ന് വരാന്തയിൽ നിന്ന് ചാടിയിറങ്ങി മുറ്റത്തെത്തിയിരിക്കും.

 

സ്കൂൾ  ഗേറ്റ് കടന്ന് ഇടത്തോട്ട് തിരിഞ്ഞ്, നിൽക്കാതെ ഓട്ടമാണ്. സ്പോർട്സ് ഡേയ്ക്ക് 100, 200 മീറ്ററുകളിൽ പങ്കെടുക്കുന്നതിനുള്ള പ്രാക്ടിസിൽ ആണ് ബാലകൃഷ്ണൻ. അമ്പതടി വഴി മുന്നിൽ കണ്ടാൽ അവൻ നടത്തം മാറ്റി ഓട്ടമാക്കും. എനിക്ക് അങ്ങനെയുള്ള രഹസ്യ അജണ്ടകളൊന്നുമില്ല. എന്നാലും അവന്റെ കൂടെ കമ്പനിക്കു വേണ്ടി ഓടുന്നു. വെറുതെ വെയില് കൊള്ളുന്ന കുറുഞ്ചാത്തൻ.

 

വട്ടക്കിണർ എത്തുമ്പോൾ പരസ്പരസഹായ സഹകരണ കൈത്തറി സംഘത്തിന്റെ മുന്നിൽ വെച്ച് വേഗം കുറക്കാതെ തന്നെ ഏറ്റവും ഉചിതമായ കോണിൽ നിരത്തു മുറിച്ചു കടക്കുന്നു. പഠിച്ച ഫിസിക്‌സും ജോമെട്രിയും ഇവിടെ ഉപയോഗം വരുന്നു.

 

നരിമുക്കിന്റെ മുന്നിൽ വെച്ച് ഞങ്ങൾ പിരിയും. അവൻ നേരെ റെയിൽവേ ഗേറ്റിനടുത്തേക്ക്, ഞാൻ ബെഡ് മേക്കേഴ്സിന്റെ ഇടവഴിയിലൂടെ പോയി റെയിൽ മുറിച്ചു കടന്ന് വീട്ടിലേക്ക്. കോലായിലെ ബെഞ്ചിൽ പുസ്തകങ്ങൾ എറിഞ്ഞു സ്ഥാപിക്കുന്നതോടെ ആണ് ആ മാരത്തോൺ അവസാനിക്കുന്നത്.

 

അടുക്കളയിൽ ചെന്ന് ചായ കുടിച്ചു പുറത്തു വരുമ്പോഴേക്കും അച്ഛൻ ബീഡി പൊതിഞ്ഞു വെച്ചിരിക്കും. ഒരു കെട്ട് വലുതും ഒരു കെട്ട് ചെറുതും.

 

സഞ്ചിയെടുത്ത് ചന്തയിൽ നിന്ന് വാങ്ങേണ്ട സാധനങ്ങളുടെ വിവരം അമ്മയിൽ നിന്ന് ചോദിച്ച് അറിഞ്ഞു വീണ്ടും സ്കൂൾ പരിസരത്തേക്ക്.

 

വലിയ കെട്ട് ബീഡി സ്കൂളിന് മുൻവശത്തുള്ള മാധവൻ ചെട്ടിയാർക്ക്  കൊടുക്കാനുള്ളതാണ്. അത് കൊടുത്ത്  പതിമൂന്നണ വാങ്ങി നേരെ ചന്തയിലേക്ക്.

 

കുണ്ടിലെ പീട്യയിൽ ചെറിയ ബീഡി കൊടുത്ത്  അവിടെ നിന്ന് എട്ടണ വാങ്ങി നേരെ ഹസ്സൻക്കന്റെ പലചരക്കു കടയിലും മാറ്റുകടകളിലും. അവിടെ നിന്നെല്ലാം സാധനങ്ങൾ വാങ്ങി വീട്ടിലേക്ക്.

 

ഇതാണ് പതിവ് ചര്യ. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിലും വൈകുന്നേരത്തെ പതിവ് ഇത് തന്നെ.

 

സുലൈമാന്റെ ഐസ് ഉരതുന്ന തട്ടിലേക്കുള്ള സന്ദർശനം കൂടി ഈ ചര്യയിൽ ഉൾപ്പെടാൻ ഇടവന്നത് ഒരു കഥ.

 

മേലെ നക്ഷത്രവും രാശിയും എന്റെ ജാതകവും ആയി പൊരുത്തപ്പെട്ട ഏതോ മുഹൂർത്തമായിരുന്നിരിക്കണം. അന്ന് കുണ്ടിലെ പീടികയിൽ ക്യാഷ് കൗണ്ടറിൽ ഇരുന്നത് സാധാരണ ഉണ്ടാവാറുളള മുതലാളിയല്ല. കുറച്ചു ചെറുപ്പം ഒരാൾ. അനിയൻ ആയിരിക്കണം.

 

ബീഡി കൊടുത്ത് ഞാൻ കുറച്ചു മാറി നിന്നു. ചായ കുടിച്ചു പോകുന്നവരുടെ  പൈസ വാങ്ങി ബാക്കി കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ചെറിയ മുതലാളി എന്നെ കണ്ടു. നെറ്റി ചുളിച്ചു പുരികം ഉയർത്തിയതിന് പ്രതികരിച്ച് ഞാൻ പറഞ്ഞു : ബീഡീന്റെ പൈസ.

 

അയാൾ അകത്തേക്ക് വിളിച്ചു ചോദിച്ചു : സാമിയേട്ടാ ഈ കുട്ടീന്റെ പൈസ എത്ര്യാ?

 

അപ്പോഴാണ് അത് സംഭവിച്ചത്. കുംഭകർണന്റെ നാവിൽ പണ്ട് ചെന്നിരുന്ന സരസ്വതീദേവി ഇത്തവണ സാമിയെട്ടന്റെ നാവിൽ ചെന്ന് ഇരുന്നു. അയാളുടെ വായിൽ നിന്നു വന്നത് എട്ടര്യണ എന്നാണ്. ചെറിയ മുതലാളി എട്ടണയുടെ ഒരു നാണയവും രണ്ടു മുക്കാലിന്റെ ചതുരത്തിലുള്ള വേറെ ഒന്നും എനിക്ക് നേരെ നീട്ടി.

 

എന്റെ ചങ്ക് ഇടിക്കാൻ തുടങ്ങി. രണ്ടു മുക്കാൽ അധികമാണ്. തിരിച്ചു കൊടുക്കണോ?

 

ഞാൻ അത് വാങ്ങി ചായപ്പീട്യയുടെ പടവിറങ്ങി ഒരു ഭാഗത്തേക്ക് നീങ്ങി നിന്ന്‌ സംഭവം അകെ മൊത്തം ഒന്ന് വിശകലനം ചെയ്തു . അധികം കിട്ടിയ മൂന്ന് പൈസയുടെ അവകാശത്തെ പറ്റിയും ഭാവിയെ പറ്റിയുമാണ്  ഞാൻ ആലോചിച്ചത്.

 

അതൊരു ചെറിയ സംഖ്യയല്ല. രണ്ടു മുക്കാലിന് തേങ്ങ,മുളക്, കടുക് , പഞ്ചാര, ചായപൊടി എന്നിത്യാദി പലവ്യഞ്ജനങ്ങളും, ഒരു നേരത്തേക്കുള്ള ഏതെങ്കിലുമൊക്കെ പച്ചക്കറിയും, ഇൻസ്റ്റന്റ് ഉപഭോഗത്തിനുള്ള പല മിട്ടായികളിൽ ഏതെങ്കിലും ഒക്കെയും കയ്യിലാക്കാം. എന്ത് വേണം?

 

ന്യായാന്യായങ്ങളെല്ലാം ഇടതും വലതുമിട്ട് ആലോചിച്ച് അത് എനിക്ക് മാത്രമായി ദൈവം തന്നതാണെന്ന നിഗമനത്തിലാണ് എത്തിയത്. അത് വേറെ ആരുമായി പങ്കിടേണ്ട കാര്യമില്ല.

 

പെട്ടെന്നുണ്ടായ അധിക വരുമാനത്തിന്റെ വിനിയോഗത്തിന് വേണ്ടി മത്സരിച്ച ആകർഷണങ്ങളിൽ വിജയിച്ചത് സാക്കറിനും വര്ണദ്രാവകങ്ങളും അണിഞ്ഞ് മോഹിപ്പിക്കുന്ന വിധം ചുരണ്ടി പ്ലാസ്റ്റിക് കപ്പിലാക്കി സ്പൂണിട്ട ഐസ് ആയിരുന്നു. ഐസ് സ്പൂണ് കൊണ്ട് കോരി വായിലിട്ടു നിർവൃതി അടയുന്നതിനിടക്ക് കണ്ണ് അല്പം തുറന്നു ചുറ്റുമുള്ള പുല്ലുവിലയുള്ള കുട്ടികളെ നോക്കുന്ന ചെക്കന്മാരെ അസൂയയോടെ എത്ര നോക്കി നിന്നിട്ടുണ്ട് ?

 

അധികം ആലോചിക്കാനുണ്ടായില്ല, നേരെ സുലൈമാൻ ഐസ് ഉരതുന്ന തട്ടിലേക്ക്.

 

ഒന്ന് രണ്ടു ദിവസം പീട്യയിലെ സംഭവം ആവര്ത്തിച്ചു. ബീഡി കൊടുത്ത് മാറി നിന്ന എന്നെ വിളിച്ച് ചെറിയ മുതലാളി 53 പൈസ തരും. ഞാൻ മുറ തെറ്റാതെ സുലൈമാനെ സന്ദർശിക്കും.

 

ഇതിൽ എന്തെങ്കിലും അന്യായം ഉണ്ടെങ്കിൽ, എനിക്കതിൽ പങ്കില്ല. ഞാൻ സമാധാനിക്കും, ഞാൻ ചോദിച്ചിട്ടല്ലല്ലോ, ദൈവപ്രവൃത്തി അല്ലേ.

 

ഇത് ഒരു സ്ഥിരവരുമാനം ആകുമെന്ന് കരുതിയ പ്രതീക്ഷ തെറ്റി.

 

ഒരു ദിവസം ചെട്ടിയാർ തന്ന പൈസ വാങ്ങി മടങ്ങുമ്പോൾ ചെട്ടിയാരുടെ മകൻ, എന്റെ സഹപാഠി ദേവദാസൻ നില്ക്കാൻ പറഞ്ഞു. അവന് ചന്തയിൽ നിന്ന് സാമാനങ്ങൾ വാങ്ങാൻ ഉണ്ടെങ്കിൽ എന്റെ കൂടെ വരാറുണ്ട്. അവനെ കാത്തു നിൽക്കുന്നത് വെറുതെ ആവില്ല. രണ്ടോ മൂന്നോ തരം മിട്ടായി വാരി പോക്കറ്റിൽ ഇട്ടാണ് അവൻ സഞ്ചിയുമെടുത്ത് ഇറങ്ങുക. ചന്തയിൽ എത്തുന്നുന്നതിന് മുൻപ് അത് തിന്നു തീർക്കാൻ സഹായിക്കുക എന്റെ സുഹൃത് ധർമം ആണ്.

 

അങ്ങനെ അന്ന് ഞാൻ ഒരല്പം വൈകി. ഞാൻ എത്തുമ്പോൾ  ചെറിയ മുതലാളി പുറത്തേക്കു പോകുന്നു, വലിയ ആൾ കസേരയിൽ വന്നിരിക്കുന്നു.

 

വലിയ ആൾക്ക് ചോദ്യവും പറച്ചിലും ഇല്ല. എട്ടണ എടുത്ത് എനിക്ക് തന്നു.

 

ഞാൻ ആകെ നിരാശനായി. ഇതിനപ്പീലില്ല. എന്തെങ്കിലും പറഞ്ഞാൽ ഇടയ്ക്കു കിട്ടിയിരുന്ന അധികത്തുക നഷ്ടമാകും, തിരിച്ചു പിടിക്കപ്പെടും. അതുകൊണ്ടു ഒന്നും മിണ്ടിയില്ല. വിധിക്കു വിധേയനായി ഞാൻ മടങ്ങി. സുലൈമാന്റെ ഐസിന്റെ രുചി ഓർമയിൽ മാത്രം.

 

അതെല്ലാം ഫ്ലാഷ് ബാക്.

 

ഇന്നിപ്പോൾ ചെട്ടിയാർക്ക് ബീഡി കൊടുത്തു മടങ്ങുമ്പോഴേ തുടങ്ങിയിരിക്കുന്നു നെഞ്ചിലെ തായമ്പക. പീട്യയിൽ ഇന്ന് ആരായിരിക്കും?

 

കൊല്ലപ്പരീക്ഷക്ക് റിസൾട്ട് എന്താണെന്നറിയാൻ പോകുമ്പോൾ എനിക്കിത്ര ചങ്കിടിപ്പുണ്ടാവാറില്ല.

 

പീട്യ അടുക്കുന്തോറും മിടിപ്പ് കൂടി വരുന്നു.

 

പ്രാർത്ഥനയുടെ ആവശ്യം എനിക്ക് മനസ്സിലായി.

 

ക്യാഷിൽ ചെറിയ മുതലാളി ആയിരിക്കണേ എന്ന് ആകാശത്തേക്ക് വിളിച്ചു പ്രാർത്ഥിച്ചുകൊണ്ടാക്കി നടത്തം.

 

നേരെ പീട്യയിലേക്ക് കയറിയില്ല, പരാജയഭീതി. കേറി ചെന്ന് വലിയ മുതലാളിയുടെ മുന്നിൽ പെട്ടാൽ എല്ലാം കഴിഞ്ഞില്ലേ?

 

മുന്നിലെ ഒഴിഞ്ഞ പറമ്പിൽ രണ്ടു കാളവണ്ടികൾ നിർത്തിയിട്ടിരിക്കുന്നു. ഒരു വണ്ടിയിൽ രണ്ടു കാളകൾ നുകത്തിൽ നിൽക്കുന്നു. മറ്റേ വണ്ടിയുടെ കാളകൾ കൂട്ടിക്കെട്ടിയ കാലുകളുമായി നിലത്തു കിടക്കുന്നു. ഒരു ഇക്കാക്ക ഒന്നിന്റെ കാലിൽ നിന്ന്‌ ലാടം അടർത്തി എടുക്കുകയാണ്.

 

ഞാൻ കാളകൾ  നിൽക്കുന്ന വണ്ടിയുടെ മറവിൽ അവയുടെ കാലുകളിൽ നിന്ന്‌ ഒരു ചവിട്ടു ദൂരം അകലം പാലിച്ച് ചായപ്പീട്യയിലേക്ക് നോക്കി നിന്നു. എന്റെ പ്രാർത്ഥന ആരും കേട്ട ലക്ഷണമില്ല. ക്യാഷിൽ വല്യ മുതലാളിയാണ്. ചെറിയ ആൾ ഇപ്പോൾ വരും എന്ന് മനസ്സിനെക്കൊണ്ട് ഞാൻ ആശക്കെതിരെ ആശിപ്പിച്ചു.

 

ജോലിത്തിരക്കിനിടയിൽ ഇക്കാക്ക അതിശയത്തോടെ എന്നെ നോക്കി. ഇവൻ ആരുമായിട്ടാണ് ഒളിച്ചു കളിക്കുന്നത് എന്ന് സംശയം തോന്നിയിരിക്കാം, പക്ഷെ അത് ചോദിച്ചില്ല.

 

എന്താ മോനെ?

 

ഊ ഉം.

 

കാളനെ കൊള്ളുന്നൊ?

 

ഊ ഉം.

 

പിന്യെന്താ, കാലിനു ലാടം തറയ്ക്കണോ?

 

പീട്യെലേക്കു ഒരു നോട്ടമെറിഞ്ഞ് ക്യാഷിൽ വല്യ മുതലാളി തന്നെയെന്നുറപ്പാക്കി. ഇക്കാക്കയുമായി വർത്തമാനത്തിൽ ഇടപെടാം. ഇവിടെ എത്ര നേരം നിൽക്കേണ്ടി വരുമെന്ന് അറിയില്ല.

 

ലാടം തറച്ചാൽ എന്താണ് ഗുണം? ഞാൻ ചോദിച്ചു.

 

ഒരുപാടു ഗുണംണ്ട്‌. നടത്തത്തിനു ബലം കൂടും, കാല് തേഞ്ഞു പോകില്ല, ഒരു പാട് ദൂരം നടക്കാൻ പറ്റും. ബാ ഇങ്ങോട്ടിരി. തറച്ചു തരാം. 

 

ങേ, എനിക്ക് വേണ്ട.

അതെന്തേ?

എനിക്ക് കുളമ്പില്ല. കുളമ്പിലല്ലേ ലാടം തറക്കുക?

 

പിന്നെ ഞാൻ വിശദീകരിച്ചു. എനിക്ക് വേണ്ടിയിട്ട്  ചോദിച്ചതല്ല. കാളക്കു തറച്ചാലുള്ള ഗുണം അറിയാൻ ആണ് ചോദിച്ചത്.

 

ഇക്കാക്ക ചിരിച്ചു.

 

നേരം ഇരുളുന്നു. എനിക്ക് ഭയമായി. ഇവിടെ ഇങ്ങനെ എത്ര നേരം നിൽക്കും?  ക്യാഷിൽ വല്യ മുതലാളി തന്നെ. അയാൾ അവിടെ ആണി അടിച്ച പോലെ ഇരിക്കുകയാണ്. എന്റെ രണ്ടു മുക്കാൽ പ്രതീക്ഷ അന്തിവെയിൽ പോലെ മങ്ങുന്നു.

 

ഞാൻ മെല്ലെ ഹസ്സൻക്കന്റെ പലചരക്കിലേക്ക്  നീങ്ങി. ഏതെങ്കിലും നടക്കട്ടെ.

 

അവിടെ ഗോവിന്ദൻച്ചൻ സാധനങ്ങൾ പൊതിഞ്ഞു കൊടുക്കുന്നതിന് ഇടയ്ക്കു എന്നെ കണ്ടു.

 

ആ, ണ്ണിപ്പെരന് എന്താ വേണ്ട്യത്?

 

അയാൾ അച്ഛന്റെ പേരാണ് എന്നെ വിളിക്കുക. ഒരല്പം നീരസം ഉണ്ടാകുമെങ്കിലും ഞാൻ  അത് പുറത്തു കാണിക്കാറില്ല, അച്ഛന്റെ സ്നേഹിതൻ ആണ്.

 

രണ്ടുക്കാൽന് തേങ്ങ.

 

പൊട്ടിച്ച തേങ്ങ തട്ടിൽ ഇല്ലെന്നു കണ്ട് ഗോവിന്ദൻച്ചൻ അകത്തു നിന്ന്‌ ഒരു പൊതിച്ച തേങ്ങ എടുത്തു കൊണ്ട് വന്നു. അത് തുപ്പിരിഞ്ഞ് പുറം മിനുക്കിയ ശേഷം ഇടത്തേക്കയ്യിൽ പിടിച്ച്  തേങ്ങാവെള്ളം ശേഖരിക്കുന്ന ബിസ്ക്കറ്റ് ടിന്നിന്റെ മുകളിൽ വെച്ച് കലാപരമായി ഒരു വെട്ടു വെട്ടി. ഒരു മുറി എടുത്തു വീണ്ടും രണ്ടാക്കി. അതിൽ ഒന്ന്  എടുത്തു വീണ്ടും രണ്ടാക്കി മാറ്റി വെച്ച് എന്നോട് ചോദിച്ചു: പിന്നെ?

 

പിന്നെ മുളക്, ചായപ്പൊടി, ബാർ സോപ്പ് അങ്ങനെ ഓരോന്ന്.

 

ഞാൻ സാധനങ്ങളെല്ലാം വാങ്ങി സഞ്ചിയിൽ സ്ഥാപിച്ചു. ബീഡി ഒരു ഭാഗത്തേക്ക് നീക്കി വെച്ചു.

 

ഗോവിന്ദൻച്ചൻ പറഞ്ഞ പൈസ കൊടുത്തു ഞാൻ അവിടെ നിന്ന് വലിഞ്ഞു.

 

ഒരിക്കൽ കൂടി ദൂരെ പീട്യയിലേക്ക് നോക്കി. ചെറിയ മുതലാളി വന്ന ലക്ഷണമൊന്നും കണ്ടില്ല. പുറത്തു മാനവും എന്റെ ആശകൾ ആകമാനവും ഇരുണ്ടു. ഇനിയും വലിയ മുതലാളിക്ക് വേണ്ടി കാത്തു  നിന്നാൽ  ഇരുട്ടാകും. 'അമ്മ ബഹളമുണ്ടക്കുക, അച്ഛൻ തിരഞ്ഞു വരുക മുതലായ ദുരന്തങ്ങൾക്കിടവരും

 

നേരെ വീണ്ടും ചായപ്പീട്യയിലേക്ക് പോകാൻ നിരത്തു മുറിച്ചു കടക്കുമ്പോഴാണ്‌ ഒരു മിന്നൽ പോലെ കണ്ടത്. ചെറിയ മുതലാളി പീട്യേലേക്ക് കേറുന്നു. വലതു നിന്ന്‌ എന്നെ തടയാൻ വന്ന ഒന്നാം നമ്പർ വെസ്റ്റ്ഹിൽ മീഞ്ചന്ത സി ഡബ്ള്യു എം എസ് ബസ് കാര്യമാക്കാതെ ഞാൻ ഓടി. ചെന്ന് പീട്യയുടെ പടിയുടെ അരിക്ക് പതുങ്ങി നിന്നു.

 

ചെറിയ മുതലാളി അകത്തു കയറി ക്യാഷ്ൽ ഇരുന്ന ഉടനെ ഞാൻ പടികൾ കയറി ബീഡി കയ്യിൽ കൊടുത്തു. അയാൾ വലിപ്പ്‌ തുറന്ന് പൈസ എടുത്തു തന്നു.  ചങ്കിടിപ്പ് പെട്ടെന്ന് നിന്നു.

 

ഞാൻ ഇറങ്ങി. സുലൈമാന്റെ തട്ടിലേക്ക് പോകുമ്പോൾ ഞാൻ ഇരുണ്ടു തുടങ്ങിയ ആകാശത്തേക്ക് നോക്കി. അവിടെ ആരോ എന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. നന്ദി. നാളെയും പ്രാർത്ഥിക്കാം.

Comments

Popular posts from this blog

റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന്.

ഭാഗ്യാതിരേക

കോരു എന്ന പേര്.