അനുരഞ്ജനം
അനുരഞ്ജനം
ബാബ്വോ.......
അമ്മയുടെ വിളി.
ഏതോ നല്ല സ്വപ്നത്തിൽ ആയിരുന്നു. അത് മുറിഞ്ഞു. എന്തായിരുന്നു എന്ന് വ്യക്തമല്ലെങ്കിലും
അതിന്റെ സുഖം മനസ്സിലെവിടെയോ ഒട്ടിപ്പിടിച്ചു കിടക്കുന്നു. അതിനു റീപ്ലേ ഇല്ലല്ലോ.
എന്നാലും ശ്രമിച്ചു, വെറുതെ.
ആട് പ്രസവിച്ച
ശേഷം സ്വപ്‌നങ്ങൾ മുറിഞ്ഞു പോകുന്നത് പതിവാണ്. ദാസനെയോ വേലായുധനെയോ
പോലെ ആടും പശുവും ഒന്നും ഇല്ലാത്ത വീട്ടിൽ ജനിച്ചില്ല. അവർ ഭാഗ്യവാന്മാർ.
എണീറ്റു. വാതിൽ
കടന്ന് വടക്കേപ്പുറത്തു പോയി. പാല് നിറച്ചു വെച്ച കുപ്പികൾ എടുത്ത് പട്ടികവേലിയുടെ
നാട്ടകൾക്കിടയിലൂടെ പുറത്തു കടന്ന് റയിലിന്റെ അരികിലൂടെ നടന്നു. പെണ്ണുട്ടിയമ്മയുടെ
വീട് കടന്നു, അമ്മാളുഅമ്മയുടെ വീട് കടന്നു. ഒരു ഒഴുക്കിൽ അങ്ങനെ പോകുകയാണ്. വടക്കേ
പാതാറയുടെ അടിയിലൂടെ നടന്നു.
ബാബ്വോ.......
വീണ്ടും അമ്മയുടെ
ശബ്ദം. പാല് വേഗം കൊടുത്ത് വാ. സ്കൂളിൽ പോണ്ടേ?
ഈ അമ്മയ്ക്ക്
എന്ത് പറ്റി?
ഞാൻ പോഗ്വല്ലേ
? എത്താനായി. പിന്യും പിന്യും വിളിക്ക്യാ?
കാലിൽ ഒരടി
കൊണ്ട് ഞാൻ ഞെട്ടി. ഇത് വരെ നടന്നത് ഉറക്കത്തിലായിരുന്നു. വേഗം തന്നെ എണീറ്റു. വാതിൽ
കടന്ന് വടക്കേപ്പുറത്തു പോയി. പാല് നിറച്ചു വെച്ച കുപ്പികൾ എടുത്ത് പട്ടികവേലിയുടെ
നാട്ടകൾക്കിടയിലൂടെ പുറത്തു കടന്ന് റയിലിന്റെ അരികിലൂടെ നടന്നു. പെണ്ണുട്ടിയമ്മയുടെ
വീട് കടന്നു, അമ്മാളുഅമ്മയുടെ വീട് കടന്നു.
ഒഴുക്കൊന്നുമില്ലാതെ,
ഉറക്കം കൊണ്ട് പാതി ഷട്ടറിട്ട കണ്ണുമായി തപ്പി തടഞ്ഞു നടന്നു.
വടക്കേ പാതാറയുടെ
അടിയിലൂടെ നടന്നു. പേടിപ്പിച്ചുകൊണ്ടു മേലെ പായുന്ന വണ്ടി ഇന്ന് വൈകിയിരിക്കാം, കണ്ടില്ല.
നേരെ പള്ളിയുടെ
വലതു ഭാഗത്ത് നിരത്തിൽ കയറുന്നതിനു പകരം, കുടക്കമ്പനിയുടെ ഇടവഴിയിലേക്കുള്ള കൽപ്പടവുകൾ
കയറാൻ തുടങ്ങി. കുറച്ചു കുത്തനെ ആണെങ്കിലും , ഈ വഴി പോയാൽ ശേഖരൻച്ഛന്റെ
പീടികയിൽ വേഗം എത്താം.
ഇതെല്ലം ആലോചിച്ചത്
വലത്തേ കയ്യിലെ കുപ്പിക്ക് ഇഷ്ടമായില്ല. ക്ണും. അത് കയ്യിൽ നിന്ന് വഴുതി കല്ലിൽ വീണ്
ചിതറി.
ചുറ്റും നോക്കി.
എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല, ചോദിയ്ക്കാൻ ആരെയും കണ്ടതുമില്ല. നടന്നു, നിന്നിട്ടെന്തു
കാര്യം?
പാല് കൊടുത്തപ്പോൾ
ശേഖരൻച്ഛൻ സമോവറിൽ നിന്ന് ചൂടുവെള്ളം എടുത്ത് ഗ്ലാസ് കഴുകുകയായിരുന്നു.
ഒരു കുപ്പിയേ
ഉള്ളു? അയാളുടെ ചോദ്യത്തിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അമ്മയോട് സംഭവം എങ്ങനെ അവതരിപ്പിക്കും
എന്ന് കിണഞ്ഞ് ആലോചിക്കുകയായിരുന്നു.
വീട്ടിൽ ചെന്ന്
അമ്മയുടെ അടുത്ത് കഴിഞ്ഞ നിമിഷങ്ങളിലൊക്കെ ഞാൻ ഉചിതമായ സ്ക്രിപ്റ്റ് തിരയുകയായിരുന്നു.
ഒന്നും ശരിയായില്ല. വടക്കേ വേലിക്കരികിലുള്ള കാശാവ് ചെടിയുടെ ചില്ല എന്റെ മനസ്സിൽ നൃത്തം
ചെയ്തു. അമ്മയുടെ പ്രിയപ്പെട്ട മാരകായുധമാണ് അത്. അത് മറ്റു വടികളെപ്പോലെ പെട്ടെന്ന് ഒടിയുകയില്ല. ശിക്ഷിക്കാൻ
മാത്രമല്ല, ഭീഷണിക്കും അതുപയോഗിക്കാറുണ്ട് 'അമ്മ.
ഈ വടികൊണ്ട്
സ്ഥിരമായി സേവിക്കപ്പെടാറുണ്ട് കായാമ്പൂ വർണൻ
എന്ന് കേൾവി ഉണ്ട്.
സംഭവം റിപ്പോർട്ട്
ചെയ്യാൻ ധൈര്യം കിട്ടാതെ ഞാൻ അത് പിന്നേക്ക് മാറ്റി വെച്ച് സ്കൂളിൽ പോയി.
വൈകിട്ട് വരുമ്പോൾ
ചായപ്പീടികയിൽ കയറി കുപ്പി എടുത്തു.
ശേഖരൻച്ഛൻ തന്ന ആറണ പോക്കറ്റിൽ ഇട്ടു. വീട്ടിലെത്തി അന്തരീക്ഷം
പരിശോധിച്ചു. ഏതെങ്കിലും വിരുന്നുകാരോ മറ്റോ ഉണ്ടായിരുന്നെങ്കിൽ ശിക്ഷയുടെ കാഠിന്യത്തിൽ
ഇളവ് പ്രതീക്ഷിക്കാമായിരുന്നു. ആശാവഹമായ ഒന്നും കണ്ടില്ല. കുപ്പി അടുക്കളയിൽ കൊണ്ട്
വച്ച് മെല്ലെ കോലായിൽ പോയി ഇരുന്നു. 'അമ്മ വടക്കേ പുറത്ത് ആണ്.
മറ്റേ കുപ്പി
എവിടെ എന്ന് ചോദിച്ചുകൊണ്ടാണ് 'അമ്മ വന്നത്. അമ്മയുടെ മുഖത്ത് നോക്കാൻ ധൈര്യം ഉണ്ടായില്ല.
നിലത്തു നോക്കിക്കൊണ്ടു ഞാൻ പറഞ്ഞു: പൊട്ടിപ്പോയി. കയ്യീന്ന് വഴുക്കി.
'അമ്മ തിരിഞ്ഞു
നടന്നു. എനിക്കറിയാം. ആയുധം സംഭരിക്കാൻ ആണ്.
ഇല പറിച്ചു
കളഞ്ഞ കാശാവിന്റെ കൊമ്പു കയ്യിൽ പിടിച്ചുകൊണ്ട് 'അമ്മ അകത്തേക്കുള്ള വാതിൽ കടന്നപ്പോൾ
ഞാൻ ശ്രദ്ധിച്ചത് പിറകിലൂടെ തെളിയുന്ന ഒരു മുഖം ആണ്. വടക്കേതിലെ ദാസൻ. അവന് ഇവിടെ എന്താണ്
കാര്യം?
സ്കൂളിന്നു
വരുമ്പം അനക്ക് എപ്പളും കളി ആണ്. കുപ്പി വീഴാതെ
ഇരിക്യോ? അത് ഇന്ന് നിർത്തണം.
തുടയിൽ കൊണ്ട
അടിയേക്കാൾ എനിക്ക് വേദനിച്ചത് വാതിൽ പുറത്ത് ഏന്തി നോക്കുന്ന ദാസന്റെ മുഖത്തെ കൗതുകം
ആണ്. അവനെ ആരാണ് ഇവിടെ എത്തിച്ചത്?
'അമ്മ പറയുന്നുണ്ടായിരുന്നു:
എത്ര കെഞ്ചിയിട്ടാണ്
ആ വൈദ്യർ ഒരു കുപ്പി തന്നത്? നാളെ പാല് കറന്ന പാത്രത്തിൽ തന്നെ കൊണ്ടുപൊയ്‌ക്കോ. അമ്മക്ക്
ദേഷ്യവും കുപ്പി പോയതിലുള്ള സങ്കടവും.
തലങ്ങും വിലങ്ങും
കുറെ അടി കിട്ടി.
ആ രംഗം പെയ്തൊഴിഞ്ഞു.
ദാസൻ പോയി. ഞാൻ ചാണകം മെഴുകിയ തറയിൽ ഇരുന്ന് കാലിലെ വടുക്കളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
പൈസ എവിടെ?
അടുക്കളയിൽ നിന്ന് അമ്മയുടെ വിളി.
വലിപ്പിൽ വെച്ചിട്ടുണ്ട്.
വരാനിരിക്കുന്ന കഷ്ടകാലത്തെ മുൻകൂട്ടി കാണാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ഇത് ആറണ അല്ലെ
ഉള്ളു? ബാക്കി ഇല്ലേ?
ഇല്ല ഒരു കുപ്പി
പാലാണ് കൊടുത്തത്?
ങേ? അമ്മക്ക്
കാര്യം മനസ്സിലായിട്ടില്ല. ഞാൻ പറഞ്ഞു: കൊണ്ട് പോകുമ്പ ളാണ് കുപ്പി വീണത്.
'അമ്മ സ്തംഭിച്ചു
നിന്നു. അപ്പുറം വാതിലിനിടയിലൂടെ ഒരു മുഖം. കാശാവ് ചില്ല റെഡി ആക്കി കയ്യിൽ പിടിച്ചിരിക്കുന്നു.
ശസ്ത്രക്രിയക്ക് കത്തി വെച്ച് നീട്ടുന്ന ജൂനിയർ ഡോക്ടർ, ദാസൻ.
അമ്മക്ക് അതിശയം.
എന്നിട്ടെന്തേ രാവിലെ പറഞ്ഞില്ല?
ഞാൻ വിതുമ്പി:
പേടിച്ചിട്ടാണമ്മേ.
'അമ്മ ശാന്തയായി.
വന്ന് എന്റെ കൈ പിടിച്ച് എണീപ്പിച്ചു: വാ.
വാതിൽക്കൽ നിന്ന
ദാസനോട് 'അമ്മ പറഞ്ഞു: മോൻ പോയ്‌ക്കോ. ഇവൻ ഇന്ന് കളിയ്ക്കാൻ ഇല്ല.
ഞാനും അതിശയിച്ചു:
കാലിൽ ഇത്രയും നേരം ഉണ്ടായിരുന്ന വേദന എവിടെ?
Comments
Post a Comment