ചോന്ന ഗോതമ്പിന്റെ നിറം
ചോന്ന
ഗോതമ്പിന്റെ നിറം.
സാമാന്തരീകത്തിന്റെ
കർണ്ണങ്ങൾ അന്യോന്യം ബൈസെക്ട് ചെയ്യുമെന്നതിന്റെ തെളിവ് എഴുതിയുണ്ടാക്കുകയൂം ഉറക്കം തൂങ്ങുകകയും സമാന്തരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നു
ഞാൻ.
അച്ഛൻ
താഴെ കോലായിൽ കയറി മുരടനക്കിയപ്പോൾ രണ്ടിനും
താത്കാലിക വിരാമം ആയി. വലിപ്പ് തുറന്നു
പീടികയുടെ താക്കോൽ അതിൽ വെക്കുമ്പോൾ മേശപ്പുറത്തെ
പതിനാലാം നമ്പർ വിളക്ക് ഒന്ന് ഇളകി ആളിക്കത്തി പ്രതിഷേധിച്ചു.
ചപ്പാത്തി
എടുത്തു വെക്കട്ടെ? 'അമ്മ മേശപ്പുറത്തുള്ള പുസ്തകങ്ങൾ
ഒരു ഭാഗത്തേക്ക് നീക്കി വെച്ചു കൊണ്ട് ചോദിച്ചു.
കുട്ട്യേള്
തിന്നോ എന്നായിരുന്നു ആയിക്കോട്ടെ എന്നർത്ഥമുള്ള മറുപടി.
ചപ്പാത്തി
ഗോതമ്പു കൊണ്ട് തന്നെ ആണോന്നു ചെറിയോൾ ചോദിച്ചു. മുത്താറിയുടെ നിറം ഇതല്ല എന്ന്
അവൾക്കറിയാം, 'അമ്മ പറഞ്ഞു.
നിറത്തിന്റെ
കാരണം കിട്ടിയോ? അച്ഛന്റെ ചോദ്യം.
'അമ്മ
പറഞ്ഞ ഉത്തരം ഞാൻ കേട്ടില്ല. തലേ
ദിവസത്തെ സംഭവങ്ങൾ ഒരാവൃത്തി ഓർത്തെടുക്കുകയായിരുന്നു ഞാൻ.
വിച്ഛിക്കാക്കാന്റെ
റേഷൻ കടയിൽ ചോന്ന ഗോതമ്പ് വന്നിട്ടുണ്ട് എന്ന രഹസ്യം പരസ്യമായതോടെ
ആണ് 'അമ്മ പാല് കൊടുത്ത
പൈസ അയല്പക്കത്തു നിന്ന് മുൻകൂർ ശേഖരിച്ച്
എന്നെ അയച്ചത്. ചോന്ന ഗോതമ്പിനു വലിയ ഡിമാൻഡ് ആണ്.
അതാകുമ്പോൾ ശരീരത്തിലേക്കുള്ള ഇരുമ്പിനു വേറെ വഴി കാണണ്ട.
ഗോതമ്പ് വാങ്ങി
പീടികയിൽ വന്ന് അച്ഛൻ വാങ്ങി വെച്ച കാസർട്ടും എടുത്തു ഞാൻ പൊടിപ്പിക്കുന്ന മില്ലിലേക്കു
നടക്കുമ്പോഴാണ് ട്രൗസറിന്റെ കുടുക്ക് ഭീഷണിപ്പെടുത്തിയത്.
ഒരു
കൈ ഗോതമ്പ് സഞ്ചിയിലും മറ്റേത് ചിമ്മിണിക്കുപ്പിയിലും മുടങ്ങിക്കിടന്നതുകൊണ്ടു ഞാൻ അടിയന്തിരാവസ്ഥയിലായി. അടുത്താരുമില്ല.
മങ്ങിയ
അന്തി വെളിച്ചത്തിൽ കണ്ട ഒരേ ഒരു
തുരുത്ത് നിരത്തിന്റെ അരികിൽ ആരോ ഇട്ട ചെങ്കൽ
അട്ടിയാണ്.
കുപ്പിയോട്
നിലത്തു നില്ക്കാൻ പറഞ്ഞാൽ കേൾക്കുമെന്ന് തോന്നിയില്ല. അതുകൊണ്ടു ഗോതമ്പ് സഞ്ചി പിടിച്ച കൈ സ്വതന്ത്രമാക്കാൻ തീരുമാനിച്ചു.
കല്ലിന്റെ ഉയരം കുറഞ്ഞ അട്ടിയിൽ
വെച്ചു കയ്യെടുത്തപ്പോൾ തന്നെ അത് മറിഞ്ഞു വീണു.
അത്
നോക്കാനുള്ള സാവകാശത്തിൽ ആയിരുന്നില്ല. അടിയന്തിര പ്രശനം പരിഹരിച്ച് സഞ്ചിയിൽ നിന്ന് പുറത്തു വീണ ഗോതമ്പ് വാരി
തിരിച്ചിട്ട് നേരെ വട്ടക്കിണർ അടുത്തുള്ള
പൊടിപ്പിക്കുന്ന മില്ലിൽ പോയി.
മാമു
തിരക്കിലായിരുന്നു. അവൻ പരിചയത്തിന്റെ പരിഗണനയിൽ
പെട്ടെന്ന് തന്നെ ഗോതമ്പ് പൊടിപ്പിച്ചു തന്നു. ഞാൻ വീട്ടിലേക്കു മടങ്ങി.
രാവിലെ
'അമ്മ ഗോതമ്പ് പൊടി കണ്ട് അതിശയിച്ചു.
അച്ഛനെ കാണിച്ചു. ചോന്ന ഗോതമ്പ് ആയതുകൊണ്ടാണ് പെട്ടെന്ന് പറഞ്ഞയച്ചു വാങ്ങിച്ചത്. എന്നാൽ ഇത്ര ചോപ്പോ? ചോരക്കളർ!
അച്ഛൻ
നോക്കി. കുഴപ്പമൊന്നും തോന്നിയില്ല. ഒന്ന് മില്ലിൽ കൊണ്ടുപോയി അന്വേഷിക്കുന്നത് നല്ലതായിരിക്കും. മുളക് പൊടിച്ച ഉടനെ എങ്ങാനും?
മുളക്
അവിടെ പൊടിക്കാറില്ല, 'അമ്മ പറഞ്ഞു. അല്പം
രുചിച്ചു നോക്കിയിട്ട് 'അമ്മ പറഞ്ഞു: എരു ഒന്നും
ഇല്ല. എരു തീരെ ഇല്ലാത്ത
മുളകുണ്ടാകുമോ?
ഏതായാലും
സ്കൂളിൽ പോകുന്നതിനു മുൻപ് എനിക്കൊരു ദൗത്യം കിട്ടി. മില്ലിൽ പോകാൻ.
ഞാൻ
സഞ്ചി എടുത്തു മില്ലിൽ എത്തി. മാമു ഉണ്ടായിരുന്നു. മില്ല്
രണ്ടും ഓണാക്കിയിട്ടില്ല.
ഞാൻ
സഞ്ചി കൊടുത്തു കാര്യം പറഞ്ഞു. മാമു പൊടി പരിശോധിച്ചു.
അവന് പ്രത്യേകമായി ഒരു കാരണവും പറയാനുണ്ടായിരുന്നില്ല.
ഇത് പുതിയ ഇനം ഗോതമ്പ് വല്ലതും
ആയിരിക്കും, അവൻ പറഞ്ഞു. ഇവിടെ
ചോന്ന ഒരു സാധനവും പൊടിച്ചിട്ടില്ല.
ഞാൻ
മടങ്ങി. ആ പ്രശ്നം മറവിയിലേക്കു
തള്ളി സ്കൂളിലേക്ക് പുറപ്പാട് തുടങ്ങി.
ഇപ്പോൾ
അച്ഛൻ വന്ന് ഉണർത്തുന്നത് വരെ അത് അങ്ങനെ
കിടന്നു.
ഇന്നലെ
ഗോതമ്പ് എവിടെ എങ്കിലും തൂത്തോ? അച്ഛന്റെ ചോദ്യം എന്നോടായിരുന്നു.
ഞാൻ
അല്പം പരിഭ്രമിച്ചു : അത് ഞാൻ അപ്പോൾ
തന്നെ വാരി സഞ്ചിയിൽ ഇട്ടല്ലോ.
കുറച്ച്
ഗോതമ്പ് ഇപ്പോഴും അവിടെ കാണാൻണ്ട്. അച്ഛൻ അമ്മയോട് പറഞ്ഞു: കൂടുതലും നിലത്തുള്ള ചെങ്കല്ലിന്റെ പൊടി ആണ് വാരി
ഇട്ടത്.
'അമ്മ
സംശയിച്ചു: കുറച്ചേ എടുത്തുള്ളൂ ഇന്ന്. ഒരു പാട് ബാക്കിയുണ്ട്,
എടുക്കണോ, ആടിന്റെ കഞ്ഞിവെള്ളത്തിൽ ചേർക്കണോ?
അത്
വേണ്ട , അച്ഛൻ സമാധാനിപ്പിച്ചു.
തരക്കേടുണ്ടാവൂല,
കിഴിശ്ശേരി ചെങ്കല്ലാണ്, പൊടിയിൽ പോഷകം ഉണ്ടാകും. കളയണ്ട. കഴിച്ചിട്ട് ഇതുവരെ എടങ്ങേറൊന്നും ഇല്ലല്ലോ.
Comments
Post a Comment