ഓർമയിലേക്ക് ഒരു മഷിനോട്ടം
ഓർമയിലേക്ക്
ഒരു മഷിനോട്ടം.
ചെറിയ സ്കൂൾ
വിട്ട് ഇടവഴിയിലൂടെ നടന്ന് കടയിൽ എത്തിയപ്പോൾ അച്ഛൻ ആർക്കോ സർബത് കലക്കി കൊടുക്കുകയാണ്.
ഞാൻ അകത്തു കയറി. സ്കൂൾ സഞ്ചി ഇരിക്കാനുള്ള നിരപ്പലകയിൽ വെച്ചു.
സര്ബത്തിന്റെ
പൈസ കൊടുത്ത് ബാക്കി വാങ്ങി കീശയിലിട്ട് തല ഉയർത്തിയപ്പോഴാണ് കുഞ്ഞുട്ടിച്ചൻ എന്നെ
കണ്ടത്. അയാളുടെ തലയിൽ എന്തോ ആശയം രൂപം കൊണ്ടു.
ഇവന് എത്ര വയസ്സായി?
കുഞ്ഞുട്ടിച്ചന്റെ ചോദ്യം അച്ഛനോടാണ്.
ഓണത്തിന് ഒൻപത്
തികയും എന്താ കാര്യം.
ഒരാവശ്യമുണ്ട്.
കുഞ്ഞുട്ടിച്ചൻ കാര്യം പറഞ്ഞു.
ഗോപാലൻ മുതലാളിയുടെ
മൂത്ത മകളുടെ കഴുത്തിലെ ചങ്ങല കാണാനില്ല. അറിയാവുന്ന വഴിക്കൊക്കെ അന്വേഷിച്ചു. അറിയാവുന്ന
വഴിക്കൊക്കെ തിരച്ചിലും അന്വേഷണവും നടത്തി. ഫലമുണ്ടായില്ല.
ആരോ മഷിനോട്ടം
ശുപാർശ ചെയ്തിരിക്കുന്നു. ഇനി ഇപ്പോൾ അതുകൂടി പരീക്ഷിക്കാനാണ് തീരുമാനം.
നിഷ്കളങ്കരെ
വേണം. അവർക്കേ മഷിയിൽ വ്യക്തമായി കാണാൻ പറ്റുകയുള്ളു. കുട്ടികളാവുമ്പോൾ കളങ്കം കുറയാനും
വ്യക്തത കൂടാനും സാധ്യത ഉണ്ട്.
ഇവിടെ മഷിനോട്ടക്കാർ
ആരാണുള്ളത്? അച്ഛൻ ചോദിച്ചു.
ഇവിടെ ഇല്ല.
ചിന്താവളപ്പ് ഭാഗത്ത് ഒരു സ്വാമി ഉണ്ട്. പുതിയമ്പലത്തിനടുത്താണ്.
അപ്പുട്ടി മൂപ്പന്റെ
മോനും സദാനന്ദേട്ടന്റെ മോനും ഉണ്ട്. വേറെയും ഒന്ന് രണ്ടു കുട്ടികളെ കൂട്ടണം. ഇവനെ കൂട്ടട്ടെ?
അച്ഛൻ എന്നെ
നോക്കിയിട്ട് പറഞ്ഞു. അതിനെന്താ? എപ്പോഴാണ് പോകുന്നത്? രാത്രിയായാൽ ഇവൻ ഉറങ്ങും.
രാത്രി ആകേണ്ട.
ശനിയാഴ്ച ഉച്ചക്ക് പോകാം. ഞാൻ കൊണ്ട് പോയ്‌ക്കൊള്ളാം.
അങ്ങനെ അറുപത്തിമൂന്നിലെ
മെയ് മാസത്തിലെ ഒരു ശനിയാഴ്ച ഞാനടക്കം അഞ്ചാറ് നിഷ്കളങ്കർക്ക് ഒരു യാത്ര ഒത്തു കിട്ടി.
കുഞ്ഞുട്ടിച്ചനും
ബാലൻച്ഛനും ഉണ്ടായിരുന്നു, നിഷ്കളങ്കരയിട്ടല്ല, ഞങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട്
പോകാൻ.
ഞങ്ങൾ കോറണേഷൻ
തീയേറ്ററിനടുത്ത് ബസ്സിറങ്ങി നടന്ന് ഒരു വീട്ടിൽ കയറി. ഞങ്ങളെ എല്ലാം ഉമ്മറത്തുള്ള
ബെഞ്ചിൽ ഇരുത്തി കുഞ്ഞുട്ടിച്ചൻ അകത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞു
ഞങ്ങൾ അകത്തേക്കാനയിക്കപ്പെട്ടു. ചമ്രം പടിഞ്ഞിരിക്കുന്ന ഒരു സ്വാമി ഞങ്ങളെ കടാക്ഷിച്ചു
ചിരിച്ചു, എല്ലാവരെയും മുറിയുടെ ഒരു ഭാഗത്ത് ഇരുത്തി. ഞങ്ങൾ ഇരുന്നു കഴിഞ്ഞ ശേഷമാണു
മുറിയിലെ ഇരുട്ട് കുറേശ്ശേ മാഞ്ഞതും മുറിയിലെ മറ്റു കാര്യങ്ങൾ തെളിഞ്ഞതും.
സ്വാമിയുടെ
മുന്നിൽ ഒരു ചെറുവിളക്കിൽ എണ്ണയിലിട്ട തിരി കത്തുന്നു. അതിനു താഴെ ഒരു പിച്ചളകിണ്ണം
കമഴ്ത്തി വെച്ചിരിക്കുന്നു. കിണ്ണത്തിന് മുകളിൽ ഞെട്ടി കളഞ്ഞ ഒരു വെറ്റില മലർത്തി അമർത്തി
വെച്ചിരിക്കുന്നു. അതിനു മുകളിൽ, സദ്യക്ക് ഇലയിൽ പുളി വിളമ്പിയ പോലെ ഒരു ദ്രാവകം. ഇനി
മേലിൽ ഇത് മഷി എന്ന് അറിയപ്പെടും.
തുടങ്ങാം അല്ലെ?
സ്വാമി കുഞ്ഞുട്ടിച്ചനോട് ചോദിച്ചു.
തുടങ്ങാം സ്വാമി.
ഏറ്റവും ചെറിയ
കുട്ടിയെ ഇവിടെ ഇരുത്തിക്കോളൂ.
ഞാൻ വിളക്കിനു
മുൻപിൽ സ്വാമിക്ക് എതിരായി ഇരുത്തപ്പെട്ടു.
സ്വാമി എന്തോ
മന്ത്രം ചൊല്ലി. അഞ്ജനാദേവി മന്ത്രമാണ് എന്ന്
ബാലൻച്ഛ ൻ പിന്നീട് പറഞ്ഞു. ഓം ഹ്രീം ഫട് എന്നൊക്കെയേ ഞാൻ കേട്ടുള്ളൂ.
കുട്ടി തൊഴുതു
പ്രാർത്ഥിച്ചോളു. ഞാൻ കുഞ്ഞുട്ടിച്ചനെ നോക്കി. അദ്ദേഹമാണ് എന്റെ രക്ഷാകർത്താവ്. കുഞ്ഞുട്ടിച്ചൻ
എന്റെ കൈ പിടിച്ച് മൂന്നു തവണ കിണ്ണത്തിൽ തൊട്ടു തൊഴുവിച്ചു. അതിനു ശേഷം കൈ കൂപ്പിച്ചിട്ട്
പറഞ്ഞു: പ്രാർത്ഥിച്ചോളു.
എനിക്ക് ഇതെല്ലാം
പരിചയവും പതിവും ഇല്ലാത്തതായിരുന്നു. എന്താണ് പ്രാര്ഥിക്കേണ്ടത്? അത് പറഞ്ഞു തന്നില്ല.
മുത്തപ്പാ എല്ലാം നല്ലതു വരുത്തണേ, ഞാൻ എനിക്ക് പരിചയമുള്ള പ്രാർത്ഥന നിർവഹിച്ചു.
മനസ്സിൽ നിന്ന്
മറ്റെല്ലാ ചിന്തകളും ഒഴിവാക്കി മഷിയിൽ തന്നെ
സൂക്ഷിച്ചു നോക്കുക, സ്വാമി പറഞ്ഞു.
ഞാൻ മഷിയിൽ
നോക്കി. വിളക്കിലെ തിരിയുടെ പ്രതിബിംബം കാണുന്നുണ്ട്.
തിരിയുടെ ഛായ
കാണുന്നില്ലേ ? സ്വാമി.
ഉണ്ട്.
നല്ലത്. മനസ്സ്
ഏകാഗ്രമാക്കി ദേവിയെ മനസ്സിൽ ധ്യാനിച്ച് സൂക്ഷിച്ചു നോക്കൂ.
ഞാൻ നോക്കിക്കൊണ്ടിരുന്നു.
തിരി രണ്ടായി
കാണുന്നില്ലേ?
വസ്തുക്കൾ രണ്ടായി
കാണാനുള്ള വിദ്യ സ്കൂളിൽ കളി സമയത്തു പഠിച്ചതാണ്. ഒരു കണ്ണ് മെല്ലെ കയ്യ് കൊണ്ടമർത്തി
രണ്ടു കണ്ണുകളുടെയും ഏകോപനം ഇല്ലാതാക്കിയാൽ അത് സാധിക്കും.
കയ്യമർത്താതെ
തന്നെ രണ്ടായി കാണാനാണ് നിർദ്ദേശം. ഒരു വഴിക്കു ഞാനത് സാധിച്ചു. കണ്ണിന്റെ ഫോക്കസ്
മാറ്റിമാറ്റി രണ്ടു തിരി കാഴ്ച്ചയിൽ എത്തിച്ചു.
ഞാൻ പറഞ്ഞു:
ഉണ്ട്, രണ്ടു തിരി കാണുന്നുണ്ട്.
വളരെ നല്ലത്,
ഇനിയും സൂക്ഷിച്ചു നോക്കൂ. സ്വാമി ഒരു തവണ മന്ത്രം ചൊല്ലി. തിരി നാലായി കാണുന്നില്ലേ?
അത് സാധിച്ചില്ല.
ഞാൻ പറഞ്ഞു: രണ്ടെണ്ണമേ ഉള്ളു.
സ്വാമി കുഞ്ഞുട്ടിച്ചനെ
നോക്കി. ഈ കുട്ടിക്ക് ഇത്രയേ വ്യക്തമാകൂ. വേറെ കുട്ടിയെ വിളിക്കു.
ഞാൻ ഔട്ട് ആയി.
കുട്ടികളുടെ കൂട്ടത്തിൽ പോയി ഇരുന്നു. വിശ്വൻ എന്റെ സ്ഥാനം പിടിച്ചു. പടിപടി ആയി മുൻപത്തെ
പോലെ അവന്റെ നിരീക്ഷണം തുടർന്നു. രണ്ടു തിരി കഴിഞ്ഞ് അവൻ മുന്നേറി. നാലു തിരിയുടെ ഘട്ടം
വന്നപ്പോൾ അവൻ ഇല്ല എന്ന് പറയും എന്നും ദാസന്റെ ഊഴം വരുമെന്നും ആണ് ഞാൻ കരുതിയത്.
അങ്ങനെ ഉണ്ടായില്ല
സ്വാമിയെ നോക്കി നാലു തിരി കാണുന്നുണ്ടെന്ന് വിശ്വൻ സമ്മതിച്ചു.
ഒരു വട്ടം കൂടി
അഞ്ജനാദേവി പ്രാർത്ഥന.
ഒരു രൂപം കാണുന്നുണ്ടോ?
ഉണ്ടെന്ന് വിശ്വൻ.
എന്താണ് വസ്ത്രം?
മുണ്ടും.....
വിശ്വൻ തല താഴ്ത്തി സൂക്ഷിച്ചു നോക്കുകയാണ്.
മുണ്ടും പിന്നെ
എന്താണ്?
ജുബ്ബയാണ്.
എന്റെ മനസ്സിലേക്ക്
വന്നത് ശങ്കുണ്ണി മാഷ് ആണ്. ഞങ്ങളുടെ ഒക്കെ പരിചയത്തിലും ഓര്മകളിലും ഉള്ള ഒരേ ഒരു ജുബ്ബാക്കാരൻ
ശങ്കുണ്ണി മാഷ് ആണ്. അദ്ദേഹത്തെ ആണോ വിശ്വനും കാണുന്നത്?
കയ്യിൽ എന്തെങ്കിലും
ഉണ്ടോ?
പിന്നെ ഉത്തരങ്ങളെല്ലാം
പെട്ടെന്നായിരുന്നു.
ഉണ്ട്.
എന്താണ്?
ചോക്ക്.
അടുത്ത് വേറെ
എന്തെങ്കിലും കാണുന്നുണ്ടോ?
ഉണ്ട്.
എന്താണ്?
ഒരു ബോർഡ് ഉണ്ട്.
വളരെ നല്ലത്.
സൂക്ഷിച്ചു നോക്ക്. അദ്ദേഹം എന്താണ് ചെയ്യുന്നത്?
എന്തോ എഴുതുക
ആണ്, ബോർഡിൽ.
ബോർഡിൽ എന്താണ്
എഴുതുന്നത്.
അതിനു വിശ്വൻ
മറുപടി പറഞ്ഞില്ല.
എന്താണ് എഴുതുന്നത്?
സ്വാമി ആവർത്തിച്ചു.
മനസ്സിലാകുന്നില്ല.
സ്വാമി മന്ത്രം
ചൊല്ലി. വീണ്ടും നോക്കൂ. എന്താണ് എഴുതുന്നത്?
വിശ്വൻ മൗനം
തന്നെ.
സ്വാമി കുഞ്ഞുട്ടിച്ചനെ
നോക്കി. നല്ല പുരോഗതി ഉണ്ട്. പക്ഷെ ഈ കുട്ടിക്ക് ഇത്രയേ കാണാൻ പറ്റൂ. അടുത്ത കുട്ടിയെ
വിളിക്കു.
ദാസൻ സ്ഥാനത്തു
വന്നു. ചോദ്യങ്ങൾ നേരിട്ടു.
പുരോഗതി വളരെ
ആശാവഹം ആയിരുന്നു. ഒരു തിരി , രണ്ടു തിരി, നാലു തിരി, ആൾരൂപം , ചോക്ക്, ബോർഡ് എന്നിവയിലൂടെ
ദാസന്റെ കാഴ്ചകൾ പെട്ടെന്ന് മുന്നേറി.
ഇടക്ക് നിന്നാൽ
ദാസനും എന്റെ അടുത്ത് വന്നിരിക്കും, പ്രകാശൻ നിരീക്ഷണസ്ഥാനത്തെത്തും എന്നെല്ലാം ചിന്തിക്കുക
ആയിരുന്നു ഞാൻ. അങ്ങനെ ഉണ്ടായില്ല.
ബോർഡിൽ ആ രൂപം
എന്തെങ്കിലും എഴുതുന്നുണ്ടോ ?
ഉണ്ട്.
സൂക്ഷിച്ചു
നോക്കൂ, ആദ്യത്തെ അക്ഷരം എന്താണ്?
ദാസൻ ഒന്നും
പറയുന്നില്ല.
അ എന്നാണോ?
അല്ല.
വീണ്ടും നോക്കൂ.
ആ അക്ഷരം ക എന്നാണോ?
അല്ല.
വ എന്നാണോ?
അല്ല എന്ന്
പറഞ്ഞു ദാസന് മടുത്തു എന്ന് തോന്നുന്നു. അവൻ പറഞ്ഞു: ആണ്.
നന്നായി. രണ്ടാമത്തെ
അക്ഷരം നോക്കി പറയൂ. നാവിൽ രസബിന്ദുക്കൾ ഉതിർക്കാൻ പോന്ന മറുപടി ആണ് അവൻ പറഞ്ഞത്. ട.
വട. സ്വാമി
പറഞ്ഞു : വളരെ നല്ലത്.
അവനു വഴി തെറ്റി
പോകാതിരിക്കാൻ സ്വാമി പ്രാർത്ഥിച്ചു: ദേവി, മുതലിരിക്കുന്ന സ്ഥലം കാണിച്ചു കൊടുക്കൂ.
ദേവിയെ മനസ്സിരുത്തി
പ്രാർത്ഥിച്ചുകൊണ്ട് വീണ്ടും സൂക്ഷിച്ചു നോക്കൂ കുട്ടി. അടുത്ത അക്ഷരം എന്താണ്?
ദാസൻ സൂക്ഷിച്ചു
നോക്കി. രൂപം ബോർഡിൽ എഴുതിയത് ക എന്നാണൊന്ന് അവനു സംശയം. അതവൻ പറഞ്ഞു.
ക്ക് എന്നാണോ?
പ്രശനം ഒരു തീരുമാനത്തിൽ എത്തിച്ച ഭാവത്തിൽ സ്വാമി ചോദിച്ചു.
അല്ല. വടക്ക്
എന്ന തീരുമാനം ദാസൻ സമ്മതിച്ചില്ല.
ക എന്ന് തന്നെയാണോ?
ആണ്.
സ്വാമി പോളകൾ
അടച്ച് ഉൾക്കണ്ണിൽ നോക്കി. വടകര എന്നാണോ?
ദാസൻ അതിനു
വിധേയനായി, അതെ.
തൊഴുത് ഇറങ്ങിക്കൊള്ളൂ,
സ്വാമി പറഞ്ഞു. ദാസൻ പവിലിയനിലേക്കു മടങ്ങി.
കുഞ്ഞുട്ടിച്ചനെയും
ബാലൻച്ഛനെയും അടുത്തേക്ക് വിളിച്ചു സ്വാമി പറഞ്ഞു: ദേവി പരിഹാരം കാണിച്ചു തന്നിരിക്കുന്നു.
മുതൽ ഇപ്പോൾ വടകരയിൽ എത്തിയിട്ടുണ്ട്.
അത് എങ്ങനെയാണു
സ്വാമി വീണ്ടെടുക്കുക? ബാലൻച്ഛന്റെ സംശയം.
വഴി ഉണ്ടല്ലോ.
വടകരയുമായി ബന്ധപ്പെട്ട ആരാണ് മുതൽ നഷ്ടപ്പെട്ട ദിവസങ്ങളിൽ വീട്ടിലും പരിസരത്തും പെരുമാറിയിരുന്നത്
എന്ന് അന്വേഷിക്കണം. അവരെ ചോദ്യം ചെയ്താൽ ഫലം ഉണ്ടാകും. പോലീസുമായും ബന്ധപ്പെടാവുന്നതാണ്.
ഫലപ്രാപ്തി നീണ്ടു പോകുന്നെങ്കിൽ വടകര പോലീസിൽ പരാതി കൊടുക്കാം.
രണ്ടു പേർക്കും
പരിപൂർണ തൃപ്തി ആയിരിക്കാൻ ഇടയില്ല. ദക്ഷിണ
കൊടുത്തു മടങ്ങുമ്പോൾ, ഗോപാലൻ മുതലാളിയോട് എന്താണ് പറയേണ്ടത് എന്ന സംസാരത്തിലായിരുന്നു
അവർ.
ഞങ്ങളെല്ലാരും
ബസ് സ്റ്റാന്റിനടുത്തുള്ള ചായപ്പീടികയിലിരുന്ന് ചായയും വടയും തിന്നുമ്പോഴും അവർ ആ ചർച്ചയിൽ
ആയിരുന്നു.
തിരിച്ചു ബസ്
ഇറങ്ങി എന്നെ കടയിൽ കാത്തിരുന്ന അച്ഛനെ ഏല്പിച്ചു. മറ്റു കുട്ടികളെ അവരവരുടെ വീട്ടിൽ
എത്തിച്ചു.
പിന്നീട് അതിനെ
പറ്റി കടയിൽ വെച്ചു സംസാരം ഉണ്ടാകുമ്പോൾ ഞാൻ ശ്രദ്ധിക്കുമായിരുന്നു.
പോയത്കൊണ്ട്
ഗുണമുണ്ടായി. ഒരുപാടാളുകൾ സംശയത്തിൽ നിന്ന് ഒഴിവായി. കുഞ്ഞുട്ടിച്ചന് ആ ഒഴിവാകലിൽ ആശ്വാസവും
ഒരു കുറ്റാന്വേഷണത്തിൽ പങ്കെടുത്ത ചാരിതാർഥ്യവും ഉണ്ടായി.
അദ്ദേഹം മഷിനോട്ടം
എന്ന കുറ്റാന്വേഷണമുറയുടെ സ്ഥലത്തെ അറിയപ്പെടുന്ന വക്താവും ആയി.
അച്ഛന്റെ കടയിലെ
വാർത്താവ്യാപാരണത്തിൽ നിന്ന് ചൂണ്ടയിട്ട് ഞാൻ
ചില വിവരങ്ങൾ ശേഖരിച്ചു.
പ്രതിപ്പട്ടികയിൽ
ആരും കടക്കാതെ ആ കുറ്റം തെളിഞ്ഞു. അഞ്ചു തോല
തൂക്കം ഉണ്ടായിരുന്ന ഒഴുക്കൻ ചങ്ങല പോയിരിക്കാൻ ഇടയുള്ള സ്ഥലം മുതലാളിയുടെ മകൾ ഓർത്തോർത്തു
കുറേക്കൂടി കൃത്യമായി പറയുകയും അങ്കപ്പൻ ടാങ്ക് തുറന്ന് അത് വീണ്ടെടുത്ത് വൃത്തിയായി
കഴുകി കൊടുക്കുകയും എപ്പിസോഡ് ശുഭാന്ത്യം കൈവരിക്കുകയും ചെയ്തു.
Comments
Post a Comment