ജീവിക്കാൻ സമ്മതിക്കില്ല അല്ലെ?
പലയിടത്തും
അവരെ കാണാറുണ്ട്. ചിലപ്പോൾ
മാനാഞ്ചിറ മൈതാനത്തിന്റെ പ്രധാന കവാടത്തിനു മുന്നിൽ,
ചിലപ്പോൾ ടാഗോർ പാർക്കിനും അൻസാരി
പാർക്കിനും ഇടക്കുള്ള റോഡിൽ. മറ്റൊരിക്കൽ
മുതലക്കുളത്തു.
വെളുത്തു
തടിച്ച ഒരുത്തൻ. കറുത്ത് മെലിഞ്ഞ
മറ്റൊരുത്തൻ.
ഞാൻ
ആദ്യം കണ്ടത് മുതലക്കുളത്തായിരുന്നു. ഞാനും സുബ്രഹ്മണ്യനും
സെൻട്രൽ ലൈബ്രറിയിൽയിൽ നിന്ന് മടങ്ങി കോട്ടപ്പറമ്പിലേക്കു
നടക്കുകയായിരുന്നു.
മുന്നിൽ
തുറന്നു വെച്ച പെട്ടിയിലെ മരുന്ന്
വിൽക്കുകയാണ് അവർ. വെളുത്തവനു മലയാളം
അറിയില്ല. അവൻ മരുന്ന്
ഓരോന്നും എടുത്തു ഹിന്ദിയിൽ വിവരിക്കുന്നു. കറുത്ത
മലയാളി അത് മലയാളത്തിൽ
വിശദീകരിക്കുന്നു.
ദേഖോ
ഭയ്യാ , യേ കോയീ
ദവാ ഖാനെ മേ
മിൽനേവാല നഹി ഹെ.
നോക്കൂ
സഹോദരാ , ഇത് മരുന്ന്
കടയിൽ കിട്ടുന്ന ഒന്നല്ല.
യേ
ബഹുത് ദൂർ സെ
ആ രഹെ ഹെ.
ഇത്
വളരെ ദൂരെ നിന്ന്
വരുന്നവ ആണ്.
ഇത്
പിന്നെ കടുത്ത ഹിന്ദിയിലേക്കും കൂടുതൽ
പച്ച മലയാളത്തിലേക്കും കടന്നു
കയറുന്നുണ്ട്.
കൂടി
നിന്ന ചില കുതുകികൾ
പണം നഷ്ടപ്പെടുത്തി പരീക്ഷണത്തിന്
മുതിരുന്നുമുണ്ട്.
ഇതിൽ
വലിയ പുതുമയൊന്നും ഇല്ലായിരുന്നതു കൊണ്ട്
ഞങ്ങൾ അധികനേരം നിന്നില്ല.
പിന്നീടൊരിക്കൽ
ഇതേ കാഴ്ച ഞങ്ങൾ
കോട്ടപ്പറമ്പിൽ കണ്ടു.
അവിടെ നിന്ന് പോന്നതിനു ശേഷം
എനിക്കൊരു സംശയം.
സുബ്രു,
അവനു മലയാളം അറിയാഞ്ഞിട്ടു
തന്നെയാണോ?
ആർക്ക്?
ആ
ഹിന്ദിക്കാരന്?
ചോദ്യം
ശരിക്കു ദഹിക്കുന്നതു വരെ സുബ്രു
എന്നെ നോക്കി, ഒന്നും പറഞ്ഞില്ല.
പെട്ടെന്ന് വന്ന ബസ് ഞങ്ങളെ
സീനിൽ നിന്ന് മാറ്റി.
മൂന്നാമത്തെ
തവണ കണ്ടപ്പോൾ ഞങ്ങൾ
സംശയം തീർക്കാൻ തീരുമാനിച്ചു. പക്ഷെ ഇത്തവണ ഹിന്ദിക്കാരൻ
വേറെ ആയിരുന്നു.
അവന്റെ
ഹിന്ദിയിലുള്ള വിവരണത്തിനിടക്ക് ഒരു ചെറിയ കുപ്പി
എടുത്തു കാട്ടി സുബ്രു ചോദിച്ചു:
ഇത് മുട്ടുവേദനക്കു പറ്റുമോ
?
പിന്നീട്
സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു.
ഇത്
എല്ലാ വേദനയും ഒഴിവാക്കും
എന്ന് ഹിന്ദിക്കാരനും "യെ സബ്
ദർദ് മിഡായേഗാ" എന്ന്
മലയാളിയും.
അതിനു
ശേഷം റോൾ മാറിപ്പോയത്
അവർ അറിഞ്ഞില്ല.
ആരുടെയെങ്കിലും
പുറത്തു കൈ വെക്കാനുള്ള
അവസരം മുതലെടുക്കാൻ അവിടെ കൂടി നിന്ന
ചിലർ തുടങ്ങിയപ്പോഴും
എന്താണുണ്ടായതെന്നു നമ്മുടെ സുഹൃത്തുക്കൾക്ക് മനസ്സിലായില്ല
ശരിക്കും എന്ന് തോന്നി എനിക്ക്.
പെട്ടി
പൂട്ടി ഭാണ്ഡത്തിലാക്കി തോളിലിട്ട് പോകുമ്പോൾ ഹിന്ദിക്കാരൻ
പറഞ്ഞത് എന്നെ വിഷമിപ്പിച്ചു : ജീവിക്കാൻ
സമ്മതിക്കില്ല അല്ലെ?
Comments
Post a Comment