മലയണ്ണാന്റെ (ചതി)ക്കുഴി.
മലയണ്ണാന്റെ
(ചതി)ക്കുഴി.
എനിക്കജ്ഞാതനായ
ഇതിന്റെ അടിസ്ഥാനാശയത്തിന്റെ കർത്താവിനോടു കടപ്പാട്.
ചെറുപ്പത്തിൽ
ഞങ്ങളുടെ പ്രദേശത്തു ഒരുപാടു ക്ലബുകൾ ഉണ്ടായിരുന്നു. തൊഴിൽ ഇല്ലാത്തവരും ഉണ്ടെങ്കിലും പോകാത്തവരുമൊക്കെ നേരമ്പോക്കിന് വന്നിരിക്കാറുള്ള ഒരു ക്ലബ്. അതിൽ
ഒന്ന്. കേരംസും മറ്റു കളികളും മടുത്ത ചിലർ അറിവും ബുദ്ധിയും
പോഷിപ്പിക്കുന്ന ഏതെങ്കിലും കളികൾ ഉപയോഗിക്കാൻ തീരുമാനിച്ചു. ആദ്യം സിനിമാപ്പേര് പറയുന്ന ഒരു കളി. ഒരാൾ
ഏതെങ്കിലും സിനിമയുടെ ആദ്യാക്ഷരം പറയും. അടുത്തിരിക്കുന്നവൻ അടുത്ത അക്ഷരം. മുഴുവൻ അക്ഷരങ്ങളും പറഞ്ഞു കഴിഞ്ഞാൽ വേറൊരു പേര് തുടങ്ങും. പറയാൻ
പറ്റാത്തവൻ പുറത്താകും.
മെല്ലെമെല്ല
ഇത് തർക്കത്തിൽ കലാശിച്ച തുടങ്ങി. ചിലർ ഇല്ലാത്ത സിനിമയുടെ
പേര് പറയാൻ തുടങ്ങി. ചിലർ പഴഞ്ചൊല്ലുകൾ
സിനിമാപ്പേരായിട്ടു പറയാൻ ശ്രമിച്ചു.
കളിയാണെങ്കിലും
ഇത് കുറച്ചു ഗൗരവത്തിൽ എടുക്കണം എന്നും ചില ചട്ടങ്ങളുണ്ടായിരിക്കണം എന്നും അഭിപ്രായം
ഉണ്ടായി. അംഗീകരിക്കപ്പെട്ടു. ഒരു അധ്യക്ഷനെയും തീരുമാനിച്ചു.
ഒരാൾ
ഒരു ചോദ്യം ഉന്നയിക്കും. അടുത്തയാൾ മുതൽ അതിനുള്ള ഉത്തരo
ശ്രമിക്കും.
ഇല്ലെങ്കിൽ പാസ്.
ക്രമേണ
പാസ് പറയുന്നത് ചിലർക്ക് എളുപ്പവഴിയായി. വിശേഷിച്ചും റേഡിയോ കേട്ടുകൊണ്ടിരിക്കുന്നവർ അവരുടെ ഊഴം എത്തുമ്പോൾ പാസ്
പറഞ്ഞു ഒഴിവാകും.
ഈ
പ്രതിസന്ധി ഒഴിവാക്കാൻ ഒരു പുതിയ നിയമം
കൊണ്ട് വന്നു. ഉത്തരം പറയാത്തവർ നാലു അണ പിഴ
ഒടുക്കണം. ചോദ്യം ശ്രദ്ധിക്കാനും ഉത്തരം കണ്ടു പിടിക്കാനും ഇത് എല്ലവരേയും പ്രേരിപ്പിച്ചു
. ചിലപ്പോൾ ചില ചോദ്യങ്ങൾ വളരെ
കഠിനമായിരിക്കും. ഉത്തരം പറയേണ്ടവർക്കു പിഴയോടു പിഴ.
ഇത്
പറ്റില്ല. ആരെങ്കിലും ഏതെങ്കിലും മണ്ടൻ ചോദ്യം ചോദിച്ചാൽ ഉത്തരം അറിയാത്ത നിരപരാധികൾക്കു കഷ്ടം. നഷ്ടവും. ഒരു സൂത്രശാലി ഉണ്ടായിരുന്നു
നമ്മുടെ ഗ്രൂപ്പിൽ, ഗോപാലൻ എന്ന് വിളിക്കാം . ഉത്തരം കഠിനമോ ഇല്ലാത്തതോ ആയ ചോദ്യങ്ങൾ ചോദിക്കാനും
ആളുകളെകൊണ്ട് പിഴ അടപ്പിക്കാനും വിദഗ്ധനായിരുന്നു
അയാൾ.
മറ്റുള്ളവർ
അത്തരക്കാർക്കു എതിരായി. ഉത്തരം ആർക്കും പറയാനാകാത്ത ചോദ്യങ്ങളുടെ ഉത്തരം ചോദ്യകർത്താവ് തന്നെ പറയണം എന്നും അതിനു തയ്യാറല്ലെങ്കിൽ അവൻ ഒരു രൂപ
പിഴയടക്കണമെന്നും നിയമമുണ്ടായി.
ഇതുകൊണ്ടു
ഫലമുണ്ടായി. കള്ള ചോദ്യങ്ങൾ ഒഴിവായി.
രംഗം ശാന്തമായി.
ആ
ദിവസം വരെ.
അന്ന്
നമ്മുടെ സൂത്രശാലി ഗോപാലൻ എനിക്കൊരു ചോദ്യമുണ്ട് എന്ന് വിളിച്ചു പറഞ്ഞു. എല്ലാവരം തലയാട്ടി ആ ചോദ്യം കേൾക്കാനുള്ള
ആകാംക്ഷയോടെ നിശ്ശബ്ദരായി.
ഇതായിരുന്നു
ചോദ്യം. മലയണ്ണാൻ കുഴി കുഴിക്കുമ്പോൾ കുഴിയുടെ
പുറത്തു മണ്ണ് കാണുന്നില്ല. എന്തുകൊണ്ട്?
എല്ലാരുടെയും
തല പുകഞ്ഞു. മാന്തുന്ന മണ്ണ് തിന്നുകൊണ്ടായിരിക്കുമോ ആശാൻ മണ്ണ് കുഴിക്കുന്നതു
എന്നും മറ്റുമെല്ലാം അടക്കം പറച്ചിലുണ്ടായി. എന്നാലും, എത്ര മണ്ണ് തിന്ന്
വയറിനകത്തു സൂക്ഷിക്കാം? അതാവില്ല ഉത്തരം. ഓരോരുത്തരായി അവരുടെ ഊഴം വന്നപ്പോൾ നാലണ
പിഴകൊടുത്തു കാത്തിരുന്നു ആരെങ്കിലും ഉത്തരം പറയുന്നത് കേൾക്കാൻ. സ്വന്തം നാലണ നഷ്ടത്തിന്റെ വിഷാദത്തെക്കാളേറെ
വലുതായിരുന്നു ഗോപാലന്റെ ഉത്തരമോ
അയാളുടെ ഒരു രൂപ നഷ്ടമോ
കണ്ടറിയാനുള്ള ഉദ്വേഗം.
എല്ലാരും
പരാജയം സമ്മതിച്ചു പിഴ ഒടുക്കി കയ്യൊഴിഞ്ഞപ്പോൾ
എല്ലാവരും അധ്യക്ഷനെ നോക്കി. അധ്യക്ഷൻ ഗോപാലനെ നോക്കി.
അയാൾ
എണീറ്റു. എന്നിട്ടു പറഞ്ഞു: അധ്യക്ഷരെ, മലയണ്ണാൻ മണ്ണ് കുഴിക്കുമ്പോൾ പുറത്തു മണ്ണ് കാണുകയില്ല. എന്താണ് കാരണമെന്നു വച്ചാൽ , മലയണ്ണാൻ കുഴിക്കുന്നതു അടിയിൽ നിന്ന് മേലോട്ടാണ്. അല്ലാതെ മുകളിൽ നിന്ന് കീഴ്പോട്ടല്ല.
അംഗങ്ങളെല്ലാം
നിശ്ശബ്ദരായി. ആ ഉത്തരം പെട്ടെന്നൊന്നും
ആർക്കും ദഹിച്ചില്ല. അതിൽ എന്തോ ഒരു
തകരാറുണ്ടല്ലോ.
ഉത്തരം
ഉത്തരം തന്നെ. അധ്യക്ഷർക്ക് ഒരു ആക്ഷേപവും ഉണ്ടായില്ല.
ആ
ദഹനക്കേട് രാമകൃഷന്റെ വയറ്റിൽ കിടന്നു ഉരുണ്ടു കളിച്ചു. അത് സഹിക്കാതായപ്പോൾ അവൻ
പെട്ടെന്നെണീറ്റു. എന്നിട്ടു അധ്യക്ഷനെ നോക്കി ആക്രോശിച്ചു : ഞാൻ ചോദിക്കട്ടെ , മലയണ്ണാൻ
എങ്ങിനെ മണ്ണിന് അടിയിൽ എത്തി ? എന്നിട്ടവൻ ഗോപാലനെ നോക്കി . അയാൾക്ക് ഒരു കുലുക്കവും ഇല്ല.
എല്ലാവരും തന്നെ നോക്കുന്നത് കണ്ടു അധ്യക്ഷൻ ഗോപലനെ നോക്കിയിട്ടു ചോദിച്ചു : ഉത്തരം?
ഗോപാലൻ
എണീറ്റു. അധ്യക്ഷരെ, എന്റെ ചോദ്യവും അതിനുള്ള ഉത്തരവും കഴിഞ്ഞു. ഇത് രാമകൃഷ്ണന്റെ ചോദ്യമാണ്
. ഉത്തരം എനിക്കറിയില്ല. എന്റെ പിഴ നാലണ ഞാൻ
അടക്കുന്നു. ഇതിന്റെ ഉത്തരം ആർക്കും അറിയില്ലെങ്കിൽ രാമകൃഷ്ണൻ പറയും.
Comments
Post a Comment