ഷർട്ടിന്റെ കഥ രണ്ട്
ഷർട്ടിന്റെ
കഥ രണ്ട്.
ഷർട്ടിട്ട
കുമാരേട്ടനെ ഞാൻ
കണ്ടിട്ടില്ല. അത് കണ്ട
അധികം ആളുകളെയും ഞാൻ കണ്ടിട്ടില്ല.
തടിച്ചു
കറുത്ത് രോമാവൃതമായ ശരീരത്തിൽ ഷർട്ടിനെന്തു
പ്രസക്തി എന്നായിരിക്കാം. മഴയത്തും വെള്ളത്തിലും ജോലി
ചെയ്യുന്ന ഒരാൾക്ക് ഷർട്ടിന്റെ ആവശ്യമെന്ത്
എന്നായിരിക്കാം. വേറെ എന്തെങ്കിലും കാരണമായിരിക്കാം.
എന്തായാലും ഷർട്ടിനോട് എന്തോ മുജ്ജന്മവൈരാഗ്യം
പോലെയുള്ള വെറുപ്പുണ്ടായിരുന്നു കുമാരേട്ടന് എന്നാണ് ദാമോദരേട്ടന്റെ ഭാഷ്യം.
അത് സാക്ഷ്യപ്പെടുത്താൻ മതിയായ
കഥകളും ദാമോദരേട്ടൻ പറഞ്ഞു.
കല്യാണാലോചന
വന്നപ്പോൾ കുമാരേട്ടന് വലിയ എതിർപ്പൊന്നും ഇല്ലായിരുന്നു.
കുറുമ്പ ഏടത്തിയെ മൂപ്പർക്ക് ഇഷ്ടപ്പെടുകയും
ചെയ്തു. കല്യാണമൊക്കെ ആകാം. ഷർട്ട് ഇടാൻ
ആരെങ്കിലും നിർബന്ധിക്കുമെങ്കിൽ താൻ ഈ
ഏർപ്പാടിനില്ലെന്നു മുൻകൂട്ടി
തന്നെ കുമാരേട്ടൻ പറയുകയും ചെയ്തിരുന്നു.
ഒരു
ദിവസത്തേക്കല്ലേ , കുറച്ചു നേരത്തേക്കല്ലേ എന്നൊക്കെ
സുഹൃത്തുക്കൾ വാദിച്ചു. ഗാന്ധിജി പോലും
സന്ദർഭത്തിന്റെ ഔചിത്യം മാനിച്ചു ഷർട്ട്
ഇടാറുണ്ടായിരുന്നു എന്ന് പെരുമുവും മറ്റും
ചൂണ്ടിക്കാട്ടി. ആ വാദം
സ്വീകരിക്കപ്പെട്ടു എന്ന് അവർ കരുതി.
വെള്ള തുണി വാങ്ങാനും അത്
ആനുകാലിക പരിഷ്കാരത്തിനു ചേർന്ന വിധം തയ്കാനും
പെരുമുവിനെ ഏല്പിച്ചു.
കല്യാണദിവസം
സുഹൃത്തുക്കളെല്ലാരും വന്നു ചേർന്നു. കുമാരേട്ടനെ ഒരുക്കി.
പക്ഷെ ഷർട്ട് ഇടാൻ
കുമാരേ ട്ടൻ തയ്യാറായില്ല, എന്ത്
ചെയ്തിട്ടും. എല്ലാവരും കുഴങ്ങി. ചെക്കൻ
ഷർട്ട് ഇടാതെ താലി കെട്ടുന്നത്
അവർക്കു സങ്കൽപ്പിക്കാൻ ആയില്ല.
അവസാനം
ഒത്തുതീർപ്പാക്കി. കുതിരവണ്ടിയിൽ കുമാരേട്ടൻ സ്വന്തം യൂണിഫോം
ആയ മുണ്ടും തലേക്കെട്ടും
ധരിച്ചു തന്നെ ഇരുന്നു. ഷർട്ട്
പൊതിഞ്ഞു കൂടെ കൊണ്ട് പോയി.
അന്നാദ്യമായി ഞങ്ങളുടെ നാട്ടിൽ താലികെട്ടിനു
മുൻപായി "ഷർട്ട് ഇടൽ" എന്ന
ഒരു ചടങ്ങു കൂടെ
ഉണ്ടായി. താലി കെട്ടിന് ശേഷം
സദ്യക്ക് ഇരിക്കുന്നതിന് മുൻപായി തന്നെ ഷർട്ട്
അഴിക്കലും ഉണ്ടായി.
എല്ലാ
കല്യാണത്തിന്റെയും പോലെ കുമാരേട്ടന്റെ കല്യാണത്തിന്
പിറ്റേ ദിവസം സത്കാരം
ഉണ്ടായില്ല. ഷർട്ട് കല്യാണദിവസം തന്നെ
ആരോ കത്തിച്ചു കളഞ്ഞിരുന്നു.
Comments
Post a Comment