ഒരച്ഛന്റെ പരിഭവം
ഒരച്ഛന്റെ പരിഭവം
ഞാനവർക്കച്ഛൻ മാത്രം , എന്നുമീ വൈകുന്നേരം
മീനൊരു ചെറു പൊതി , അല്ലെങ്കിൽ പച്ചക്കറി
അത്താഴം വെക്കാനായിട്ടരിയും മറ്റുള്ളതും
മൊത്തത്തിൽ തോളിൽ തൂക്കി വന്നെത്തും കൃശ രൂപം .
ഇക്കാഴ്ചക്കില്ലാ രസം കുട്ടികൾ കുടിക്കുന്നോ -
രിക്കഞ്ഞിക്കുപ്പില്ലല്ലോ, വളരെയരോചകം.
വേണമൊരല്പം കൂടി എരിവും മസാലയും
ഓണമാണെല്ലാ നാളും എന്നെങ്കിലേറെ കൊള്ളാം.
ഞാനവർക്കച്ഛൻ മാത്രം, വേറെന്തു ഫലമുണ്ടീ
കൂനിയമനുഷ്യനാലെന്നവർക്കറിയില്ല.
ഓണമായിരിക്കട്ടെ വിഷുവും വന്നീടട്ടെ
ദീനമായിരുന്നാലും ഇല്ലെനിക്കൊഴിവൊന്നും
നിങ്ങളോ സന്ദർശകൻ , നിത്യേനയില്ലെങ്കിലും
ഞങ്ങളെക്കാണാൻ വരും സ്നേഹത്തിൻ പെരുംകടൽ.
കുട്ടികളെന്നും തന്നെ ആശിപ്പതങ്കിൾ പേറും
പെട്ടിയിൽ വരും നല്ല മിട്ടായിപൊതിയല്ലേ?
നിങ്ങളെ ക്കാണും നേരം എല്ലാതും മറക്കുന്നു
പൊങ്ങുന്നൊരാഹ്ലാദത്തിൽ ഓടി വന്നടുക്കുന്നു.
എന്തിതിലതിശയം, നെയ്‌ച്ചോറിനകത്തുള്ള
മുന്തിരിയല്ലേ രസം, ചോറോട് ദയ മാത്രം .
എന്നുടൽ വിറയ്ക്കുന്നു നിങ്ങളോടസൂയയാൽ
പിന്നെന്തു പ്രതീക്ഷിക്കാൻ ഞാനവർക്കച്ഛൻ മാത്രം
ബാബു പാലത്തിങ്ങൽ
Comments
Post a Comment