ടൈഗർ ബാം എന്ന മരുന്ന്
എഴുപത്തിഒൻപത്
ഒക്ടോബറിൽ ഞാൻ കുമരനെല്ലൂരിൽ
ജോയിൻ ചെയ്യുമ്പോൾ നായക് സാർ ആയിരുന്നു
മാനേജർ.
മാനേജർ
ആയ അദ്ദേഹവും ഒരേ
ഒരു ഓഫീസർ ആയ
ഞാനും ഞങ്ങളുടെ സർവീസ് കാലഘട്ടങ്ങളുടെ
രണ്ടറ്റത്തായിരുന്നു. അദ്ദേഹത്തിന് വിരമിക്കാൻ കുറച്ചു കാലം
മാത്രം. ഞാൻ ഒൻപതു മാസം
മുൻപ് മാത്രം ജോലിക്കു ചേർന്ന്
മൂന്നു മാസം മുൻപ് മാത്രം
കൺഫർമേഷൻ ലഭിച്ചവൻ. എന്നാലും ഞങ്ങള്കിടയിലുള്ള
രസതന്ത്രം വളരെ നന്നായിരുന്നു. പ്രായവും
ആസ്ത്മയുടെ അസ്കിതയും കാരണം വളരെ
കുറച്ചു മാത്രം സംസാരിക്കുമായിരുന്ന ഒരു
വ്യക്തി. തമാശ പറയുമ്പോഴും മുഖഭാവം
കൊണ്ട് ഒരു ക്ലൂ
തരാൻ അദ്ദേഹം
തയ്യാറല്ല.
അഞ്ചു
മണിക്ക് ബാങ്കിന്റെ ഷട്ടർ താഴ്ത്തി
മടങ്ങുമ്പോൾ ചിലപ്പോൾ അദ്ദേഹം എന്നെയും
വീട്ടിലേക്കു ക്ഷണിക്കും. വളരെ മൃദു ആയി
ഇഡ്ലി ഉണ്ടാക്കാം
എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നത്
നായക് സാറിന്റെ ഭാര്യ ആയിരുന്നു.
ചട്ണിക്കും നല്ല സ്വാദ് ആയിരുന്നു.
ക്ഷണം ഞാൻ പൊതുവെ
നിരാകരിക്കാറില്ല.
ഇഡലിയും
കാത്തു അദ്ദേഹത്തിന്റെ ഹാളിലെ സോഫയിൽ ഇരിക്കുമ്പോഴാണ്
ഞാൻ ചെക്കനെ ആദ്യമായി
കണ്ടത്. അവിടെ ഇവിടെയെല്ലാം നടക്കുന്നു,
കണ്ടതെല്ലാം എടുത്തു
നോക്കുന്നു, പരീക്ഷിക്കുന്നു.
പാക്കിങ്
കണ്ടിട്ട് വീട്ടിലെ അംഗമല്ല. നായക്
സാറിന്റെ ചെറിയ മകൻ വളരെ
നന്നായി ഡ്രസ്സ് ചെയ്യന്ന കുട്ടി
ആയിരുന്നു. ഇവന്റെത് ഒരല്പം മുഷിഞ്ഞ
ഒരു ഷർട്. നരച്ച
ഒരു ട്രൗസർ.
നോക്കികൊണ്ടിരിക്കെ
അവൻ സാർ മേശപ്പുറത്തു
വച്ചിരുന്ന കണ്ണടയെടുത്തു മുഖത്ത് വെച്ചു. എന്നിട്ട്
അതിലൂടെയും ഫ്രെയിമിന് പുറത്തൂടെയും എന്നെയും
സാറിനെയും രണ്ടു വട്ടം നോക്കി.
സാർ എണിറ്റു ചെന്ന്
അത് വാങ്ങി അലമാരയിൽ
വെച്ചു. അപ്പോഴാണ് ചെക്കൻ അവിടെയിരിക്കുന്ന
പൌഡർ ടിൻ കണ്ടത്.പിന്നെ അതിന്മേലായി.
ഏതാണീ
കുട്ടി ?
സാർ
എന്നെ നോക്കിയിട്ടു പറഞ്ഞു. സെർവന്റിന്റെ സന്തതി
ആണ്. ഇവിടത്തെ പണി
കഴിഞ്ഞു മറ്റു വീടുകളിൽ പോകുന്പോൾ
ഇതിനെ ഇവിടെ ഇട്ടേച്ചു പോകുന്നത്
ഇപ്പോൾ പതിവായിട്ടുണ്ട്. പിന്നെ ബേബി സിറ്റിംഗ്
ഞങ്ങളുടെ ജോലി. അസുഖങ്ങളുടെ എണ്ണം
കുറയാതിരിക്കാൻ എനിക്ക് കിട്ടിയ തലവേദന.
ഒഴിവാക്കികൂടെ
?
എങ്ങിനെ
?
ഒരടി
കൊടുത്തു കൂടെ ?
ഒന്ന്
ഏങ്ങി ശ്വാസം വിട്ട ശേഷം
സാർ പറഞ്ഞു : പാടാണ്.
ജോലിക്കാരെ കിട്ടാൻ.
ഇഡലിയും
ചട്ണിയുമൊക്കെ കഴിച്ചു ഞാൻ മടങ്ങുമ്പോഴും തലവേദനയുടെ
പരാക്രമം തുടർന്നു. കള്ളനെ കോടതിയിൽ
കൊണ്ട് പോകാൻ ഏൽപ്പിക്കപ്പെട്ട പോലീസുകാരനെപ്പോലെ
സാർ ചെക്കന്റെ ക്ഷേമം പരിപാലിച്ചുകൊണ്ട് , അസംതൃപ്തിക്കു
പാത്രമാകാതെ ചുറ്റും നടന്നു.
അത്
പിന്നെ ഒരു സാധാരണ
സംഭവമായി, അതിൽ പുതുമയില്ലാതായി.
ഒരു
ദിവസം ഗ്യാസിന്റെ ബുദ്ധിമുട്ടുകൂടി ഉണ്ടായിരുന്നത്
കൊണ്ട് സാർ അര മണിക്കൂർ
നേരത്തെ ഇറങ്ങി.
നിങ്ങൾ
പൂട്ടിയിട്ടു പോകുമ്പോൾ താക്കോൽ വീട്ടിൽ
തന്നേക്കു. സാർ പറഞ്ഞു.
അന്ന്
വീട്ടിൽ ചെന്നപ്പോൾ ഞാൻ കണ്ട
രംഗം കുറച്ചു വ്യത്യസ്തമായിരുന്നു.
എന്തോ ഒരു ശാന്തത.
സാർ എന്നുമില്ലാത്ത ഒരു
പ്രസന്നതയോടെ സോഫയിൽ ഇരിക്കുന്നു.
എന്റെ കണ്ണുകൾ തലവേദനയെ തിരഞ്ഞു.
അതാ
ഇരിക്കുന്നു, ഹാളിന്റെ വെളിച്ചം കുറഞ്ഞ
ഭാഗത്തുള്ള ഒരു കൈക്കസേരയിൽ,
ഒടിഞ്ഞു മടങ്ങിയത് പോലെ . സൂക്ഷിച്ചു
നോക്കിയപ്പോൾ എനിക്ക് മനസ്സിലായി
, ചെക്കൻ വിയർക്കുന്നുണ്ട്, കണ്ണ് ചുവന്നിട്ടുണ്ട് . ഭാവം
ദയനീയം എന്ന് പറഞ്ഞുകൂടാ. അങ്ങനെയൊന്നു
അവനില്ല.
എന്താണിത്
എന്നർത്ഥത്തിൽ ഞാൻ സാറിനെ
നോക്കി.
എന്റെ
തലവേദനക്ക് അവൻ കുറച്ചു
മരുന്ന് പുരട്ടി.
എനിക്ക്
ശരിക്കു മനസ്സിലായില്ലെന്ന് കണ്ട സാർ കാര്യം
ഒന്ന് വിശദീകരിക്കാൻ തീരുമാനിച്ചു.
ഒരു
പുതിയ ഡപ്പി ഓയിന്റ്മെന്റ് ഇവിടെ കൊണ്ടു വച്ചിരുന്നു. സന്തോഷ് അത് പുരട്ടുന്നത് അവൻ
കണ്ടു കാണും. നെറ്റിയിൽ പുരട്ടാനുള്ളത് എന്ന് അതിൽ എവിടെയും എഴുതി വച്ചിട്ടില്ല. ഉണ്ടെങ്കിലും ഈ മഹാന് വായിക്കാൻ
അറിഞ്ഞിട്ടു വേണ്ടേ. ഏതോ കുഴമ്പാണെന്നു കരുതിക്കാണും.
അടിവരയുടെ
ഫലത്തിനായി എന്റെ മുഖത്തേക്ക് ഒന്ന് കൂടി നോക്കിയിട്ടു സാർ പറഞ്ഞു: ഇപ്പോൾ ആ ഡപ്പിയിൽ
ഒന്നുമില്ല.
എന്തായിരുന്നു
ഡപ്പിയിൽ ?
ടൈഗർ
ബാം.
എനിക്ക്
ഒരു സംശയം : ആരാണ്
സാർ ആ ഡപ്പി
ഇവിടെ കൊണ്ട് വച്ചത് ? എന്റെ
ചോദ്യം അദ്ദേഹം കേട്ടില്ല. "നമുക്ക്
എടപ്പാൾ വരെ പോയി
ചന്ദ്രശേഖരനെ ഒന്ന് കണ്ടിട്ട് വരാം"
അദ്ദേഹം എണീറ്റു.
Comments
Post a Comment