അശോകന്റെ ക്ഷയരോഗം.




മരുന്ന് കുറിച്ച ശീട്ട് കൊടുത്ത് രോഗിയെ വിട്ട ശേഷം ഡോക്ടർ അടുത്തയാളെ വിളിക്കാൻ നർസിനോട് പറഞ്ഞു വാതിൽ തുറന്നു ഒരു ചെറിയ ചെക്കൻ അകത്തു കടന്നു. കൂടെ ആരും ഇല്ലെന്നു മനസ്സിലായ നേഴ്സ് വാതിൽ അടച്ചു.

എനിക്ക് ക്ഷയരോഗമാണ് ഡോക്ടർ, മുന്നിലെ സ്റ്റൂളിൽ ഇരുന്നുകൊണ്ട് ചെക്കൻ പറഞ്ഞു.

തീർച്ചയാക്കിയോ , മരുന്ന് കഴിക്കാനും തുടങ്ങി കാണും അല്ലേ ? ചോദ്യത്തോടൊപ്പം ഡോക്ടർ കയ്യിൽ എടുത്ത ഷീറ്റിലേക്കു നോക്കി. അശോകൻ , 17  വയസ്സ്.

കൂടെ ആരും വന്നിട്ടില്ലേ? ഡോക്ടർ ചോദിച്ചു.

ഇല്ല.

അശോകൻ എന്ത് ചെയ്യുന്നു ?

പത്രം ഇടലാണ് ജോലി.

പഠിച്ചില്ലേ ?

SSLC  കഴിഞ്ഞു. റിസൾട്ട് വന്നിട്ടില്ല.

ഡോക്ടർ സത്യമൂർത്തിക്കു സംഭവം രസകരമായി തോന്നി. "ഇനി എത്ര പേരുണ്ട് ?" നഴ്സിനോട് അന്വേഷിച്ചു.

ഒരാൾ ഉണ്ട്. നേഴ്സ് പറഞ്ഞു .

അശോകനോട് ഡോക്ടറുടെ ഇടതു ഭാഗത്തുള്ള ബെഞ്ചിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു ഡോക്ടർ അടുത്ത രോഗിയെ വിളിപ്പിച്ചു.

അവരുടെ പരിശോധന കഴിഞ്ഞു മരുന്നെഴുതി പറഞ്ഞയച്ച ശേഷം ഡോക്ടർ അശോകനോട് അടുത്ത് വന്നിരിക്കാൻ പറഞ്ഞു.

ക്ഷയരോഗമാണ് എന്ന് ആരാണ് പറഞ്ഞത്?

ലക്ഷണങ്ങൾ കണ്ടു മനസ്സിലാക്കിയതാണ്.

എന്താണ് ലക്ഷണം ?

വിശപ്പില്ല.

ഇന്നെന്തു കഴിച്ചു.

ഇന്നലത്തെ കഞ്ഞി.

ഇന്നലെ എന്തായിരുന്നു കഴിച്ചത്?

കഞ്ഞി.

വീട്ടിൽ വേറെ ഒന്നും വെക്കാറില്ലേ?

ഉണ്ട്, പൂള പുഴുങ്ങാറുണ്ട്.

ഇറച്ചി, മീൻ അങ്ങനെയൊന്നും ?

ഉണ്ട് കുറച്ചു ദിവസം മുൻപ് അച്ഛന്റെ നാല്പത്തിയൊന്നിന് ഇറച്ചിയും മീനും ഒക്കെ ഉണ്ടായിരുന്നു.

അച്ഛൻ ?

മരിച്ചു. അച്ഛനും അച്ഛന്റെ അച്ഛനും ഒക്കെ ക്ഷയരോഗമായിരുന്നു.

ക്ഷയരോഗത്തിനു വേറെ എന്ത് ലക്ഷണമാണ് കണ്ടത്.

കുരയുണ്ടായിരുന്നു, പനിയും . കടപ്പുറത്തു നിന്ന് കുറെ ദിവസം മരുന്ന് കുടിച്ചു, മാറാൻ കുറെ ദിവസമെടുത്തു.

മാറിയോ ?

മാറി പക്ഷെ...

പക്ഷേ ?

ശരീരം മെലിഞ്ഞിരിക്കുന്നു, തടിക്കുന്നില്ല.

ഡോക്ടർ പരിശോധിച്ചു. സ്റ്റെത്  വെച്ച് മാറിലും പരിസരത്തും പരിശോധിച്ചു. രണ്ടു വിരൽ വെച്ച് തട്ടി നോക്കി.

നിന്റെ കയ്യിൽ എന്തുണ്ട് ?

മൂന്നുറുപ്പിക ഉണ്ടായിരുന്നു , അത് ഫീസ് കൊടുത്തു.

ഡോക്ടർ മേശ വലിപ്പിൽ നിന്ന് മൂന്ന് രൂപ എടുത്തു അവന്റെ കയ്യിൽ കൊടുത്തു. എന്നിട്ടു പറഞ്ഞു.

നീ പുറത്തു ചായക്കടയിൽ പോയി വയറു നിറച്ചു കഴിച്ചിട്ട് വാ .

അശോകന് അത് മനസ്സിലായില്ല. ഇങ്ങിനെ ഒരു ചികിത്സ അവൻ പ്രതീക്ഷിച്ചിട്ടില്ല.

മരുന്നിനു വേണ്ടി സംശയിച്ചു നിന്ന അശോകനെ ഡോക്ടർ നിർബന്ധിച്ചു പറഞ്ഞയച്ചു.

ഞാൻ പറഞ്ഞത് കഴിച്ചിട്ട് വാ.

അല്പം കഴിഞ്ഞു അശോകൻ വന്നു. വയറു നിറയെ ഭക്ഷണം കഴിച്ചതിന്റെ ഉന്മേഷം അവന്റെ മുഖത്തു കാണാമായിരുന്നു.

എന്തേ ?

മരുന്ന്....

ഇത് തന്നെയാണ് നിന്റെ ക്ഷയരോഗത്തിനു മരുന്ന്. നന്നായി ഭക്ഷണം കഴിച്ചു തടി വെച്ച് ഒരു മാസം കഴിഞ്ഞു വാ.

മകളുടെ കുട്ടിയേയും കൊണ്ട് സ്കൂളിലേക്ക് പോകുകയായിരുന്നു അശോകൻ ഞാൻ അവനെ ഇയ്യിടെ കണ്ടപ്പോൾ. കുറച്ചു സമയം ഒരുമിച്ചു കിട്ടിയപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ ആണ് അശോകൻ ഈ കഥക്കുള്ള സംഭവം പറഞ്ഞത്. ഒരു തകർപ്പൻ കഥക്കുള്ള മരുന്ന് ഇതിൽ ഉണ്ടെന്നു എനിക്ക് തോന്നിയില്ല. പക്ഷെ നടന്ന സംഭവങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ അല്ലല്ലോ.

ഒരു മാസം കഴിഞ്ഞു നീ ഡോക്ടറുടെ അടുത്ത് പോയോ?

ഏയ് അപ്പോഴേക്കും എന്റെ രോഗം മാറി.






Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ