വിയർപ്പിന്റെ വില



അമിതമായ വിയർപ്പ് എന്നെ വളരെ വിഷമിപ്പിച്ച  ഒരു കാര്യമായിരുന്നു, സ്കൂൾ പഠനകാലത്ത്. അവരവരുടെ  പുസ്തകങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ എല്ലാവര്ക്കും കഴിഞ്ഞപ്പോൾ എനിക്ക് ആ ഭാഗ്യം ഉണ്ടായില്ല.

എന്റെ പുസ്തകങ്ങൾ എപ്പോഴും മുഷിഞ്ഞിരിക്കും, പൊതിഞ്ഞ പത്രക്കടലാസ് കീറിയിരിക്കും. പരീക്ഷ കഴിഞ്ഞു ഉത്തരക്കടലാസ് തരുമ്പോൾ അധ്യാപകർ ചോദിക്കാറുണ്ട്, "നീയെന്താ മഴയത്താണോ എഴുതിയത്" എന്ന്.  ഇളം നിറത്തിലുള്ള ഷർട്ട് എനിക്ക് പറ്റുകയില്ല. കൈ തട്ടുന്ന ഇടത്തെല്ലാം ചെളിയാകും, നിറം മാറും, മുഷിയും. കയ്യിലെ വിയർപ്പു കൊണ്ട് ഞാൻ തോറ്റു.

മത്തായി മാസ്റ്ററെ ചെന്ന് കണ്ടു, ഹോമിയോപ്പതിയിൽ ഏതെങ്കിലും പ്രതിവിധി ഉണ്ടോ എന്നറിയാൻ. ആറു മാസം മരുന്ന് കഴിക്കുകയാണെങ്കിൽ മാറ്റി തരാമെന്നു സാർ പറഞ്ഞു.

ഹോമിയോപ്പതിയിൽ അങ്ങനെയാണ്, അന്നത്തെ ഗൂഗിൾ ആയ ഉത്തമേട്ടൻ പറഞ്ഞു, അസുഖങ്ങൾ സാവധാനത്തിലേ മാറുകയുള്ളൂ. പക്ഷെ മാറും എന്നുറപ്പാണ്. ഹോമിയോപ്പതിയിൽ രോഗകാരണം തന്നെയാണ് മരുന്നായും ഉപയോഗിക്കുന്നത്. പിന്നെ അദ്ദേഹം , ഉഷ്ണം ഉഷ്ണേന ശാന്തതെ , സിമിലി സിമിലിബസ്  കുറാന്റം , സാമുവേൽ ഹാനിമാൻ എന്നൊക്കെ പറഞ്ഞു. എന്തൊരു വിവരം!

ഞാൻ ഹോമിയോപ്പതി മരുന്ന് വാങ്ങി കൃത്യമായി കഴിക്കാൻ തുടങ്ങി. എല്ലാ ദിവസവും ചൂടുള്ള ഉപ്പുവെള്ളത്തിൽ 10 മിനിറ്റ് നേരം കൈ രണ്ടും പരത്തി  വച്ച് ഇരിക്കുക പതിവാക്കി. ദോഷങ്ങളല്ലാതെ എനിക്കൊന്നും സമ്മാനിക്കാത്ത വിയർപ്പിനെ ഞാൻ വെറുത്തു.

ബാക്കി കഥ എട്ട് ഐ - ൽ ആണ്. ഒന്നാം നിലയിൽ കോണി കയറിയ ഉടനെ ഇടതു ഭാഗത്തുള്ള ക്ലാസ്. ഒരുപാട്  പെൺകുട്ടികളും കുറച്ചു ആൺകുട്ടികളും മാത്രമുണ്ടായിരുന്ന ക്ലാസ്.

അന്ന് ഹിന്ദി പഠിപ്പിക്കാൻ സുകുമാരൻ മാസ്റ്റർ ക്ലാസ്സിൽ വന്നതും കബീർ കെ ദൊഹേയിലെ ആദ്യത്തെ രണ്ടു വരി എന്ന് പറഞ്ഞു മുൻ ബെഞ്ചിലെ ആദ്യത്തെ പാവത്തോടു കയ്യിൽ ചൂരൽ നീട്ടിയതും ഒരുമിച്ചായിരുന്നു. സ്വതവേ വിക്കുള്ള രാമകൃഷ്ണൻ എണീറ്റ് നിന്ന് "ര..രാ." എന്ന് പറയുമ്പോഴേക്കും സ്റ്റാന്റ്  അപ്പ് എന്ന് പറഞ്ഞു കൊണ്ട് ചൂരൽ ഓരോ ആളെ കടന്നു പടിഞ്ഞാട്ടു നീങ്ങി.

മാസ്റ്ററുടെ പ്രത്യേക വിദ്വേഷത്തിന്  എന്തായിരിക്കാം കാരണം? തലേ ദിവസം സഹദേവൻ ഒരു കടുംകൈ ചെയ്തിരുന്നു. വിവരക്കേട് കൊണ്ടാണോ കുസൃതി കൊണ്ടാണോ എന്നറിയില്ല, ഗാന്ധിജി നെ പട്ടി ബാന്ധി എന്നത് ഗാന്ധിജീനെ പട്ടി മാന്തി എന്ന് വായിച്ചു ഒരുപാടു കോലാഹലമുണ്ടാക്കിയതാണ്.  കുട്ടികളുടെ ആർപ്പും ചിരിയും മാസ്റ്ററെ വിഷണ്ണനാക്കിയത് സത്യം. കൃത്യസമയത്തു ഭരതൻ ബെല്ലടിച്ചതു കൊണ്ട് രംഗം കൂടുതൽ വഷളായില്ല. അതിന്റെ തുടർച്ചയാവാം ഇന്നത്തെ കലാപരിപാടി.

ഇത്തരം സന്ദർഭങ്ങളിൽ കൊടി പറിക്കാറുള്ള ഞാനും പെട്ടു. എണീറ്റ് നിന്ന് പദ്യം ചൊല്ലാൻ ശ്രമിക്കും മുമ്പേ സാർ നെക്സ്റ്റ് പറഞ്ഞു. എനിക്ക് വലിയ നിരാശയായിപ്പോയി. എന്നും എന്നോട് പ്രത്യേക വാത്സല്യം കാണിക്കാറുള്ള  സുകുമാരൻ മാസ്റ്റർ ഈ ചതി എന്നോട് ചെയ്യുമെന്നോർത്തില്ല.

ആൺകുട്ടികൾ മുഴുവൻ എണീറ്റ് നിന്നപ്പോൾ സാർ പരിപാടി ആരംഭിച്ചു. ഓരോ കുട്ടിക്കും രണ്ടു അടി വീതം. ഇടയ്ക്കു കൈ വലിച്ചവർക്കു പലിശയടക്കം. അടിപരിപാടി രണ്ടാം ബെഞ്ചിൽ രണ്ടു എന്ന കോ-ഓർഡിനേറ്റിൽ നിന്ന എന്റെ അടുത്തെത്തി. അടിപ്പേടി കൊണ്ടും നാണക്കേടുകൊണ്ടും ഞാൻ വിവശനായിരുന്നു. രണ്ടേ ഒന്നിൽ നിന്ന് മാധവൻ അടികൊണ്ട സ്വന്തം കൈ ഒന്ന് കുടയുകപോലും ചെയ്യാതെ എന്റെ കയ്യിൽ അടി വീഴുന്നത് നോക്കി നിൽക്കുകയാണ്, ദുഷ്ടൻ.

മാസ്റ്റർ മുഖമുയർത്തി എന്നെ നോക്കി. ഡെസ്കിലേക്കു വിയർപ്പുതുള്ളികൾ ഉറ്റിച്ചുകൊണ്ടിരുന്ന എന്റെ കയ്യിലേക്ക് നോക്കി.

"ഇതെന്താടാ?".

ഞാൻ ദയനീയമായി മാസ്റ്ററെ നോക്കിയിട്ടു പറഞ്ഞു: ഒരു രോഗമാണ് സാർ. മരുന്ന് കഴിക്കുന്നുണ്ട്.

മാസ്റ്റർ എന്നെ ഒന്നുകൂടി നോക്കി. ഒരു നിമിഷം ആലോചിച്ചു. എന്നിട്ടു പറഞ്ഞു: "ഇരുന്നോ".

അന്ന് തന്നെ ഞാൻ ബാക്കിയുള്ള ഗുളികകൾ എടുത്തു വലിച്ചെറിഞ്ഞു. അമ്മയുടെ വിചാരണയിൽ നിന്ന് മുൻ‌കൂർ ജാമ്യമെടുക്കാൻ പറഞ്ഞു: വിയർപ്പു ശരീരത്തിന് നല്ലതാണമ്മേ. അത് നിർത്താൻ പാടില്ല.

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ