ഡോക്ടർ മരുമകൾ




കോംട്രസ്റ് കണ്ണാശുപത്രിയുടെ മുറ്റവും ഹാളും ഇടനാഴികകളുമെല്ലാം ആകെ ചുവന്ന കണ്ണുകളും കറുത്ത കണ്ണടകളും കൊണ്ട് നിറഞ്ഞ ഒരു മധ്യാഹ്നത്തോടടുക്കുന്ന പ്രഭാതം.

ലിസ്റ്റിൽ ഇനിയും ഒരു പാട് പേരുണ്ട്. അത് മനസ്സിലാക്കിയാവണം സിസ്റ്റർ രോഗികളെ പെട്ടെന്ന് പെട്ടെന്ന് വിളിച്ചുകൊണ്ടിരുന്നു.

ഡോക്ടർ നീന കമ്പ്യൂട്ടർ സ്ക്രീനിൽ അടുത്ത വരി നോക്കി. ദേവകി, 56 വയസ്സ്. മൂന്നാഴ്ച്ച മുൻപ് വന്നു ചെങ്കണ്ണിന്റെ മരുന്നുമായിട്ടു പോയതാണ്.

ദേവകിയമ്മ സ്റ്റൂളിൽ ഇരുന്നു കണ്ണട മാറ്റിയപ്പോൾ നീന ഞെട്ടി. രോഗം മാറി സാധാരണ നിലയിലായിരിക്കുമെന്നു കരുതിയ കണ്ണ് ചുവന്നിരിക്കുന്നു, തുടുത്തിരിക്കുന്നു , ചീഞ്ഞിരിക്കുന്നു.

എങ്ങിനെയുണ്ട്? ഡോക്ടർ ചോദിച്ചു.
കണ്ടില്ലേ ഡോക്ടർ, എരിവും വേദനയും സഹിക്കാൻ പറ്റുന്നില്ല.
അന്ന് തന്ന മരുന്ന് ഉറ്റിച്ചിരുന്നില്ലേ?
സ്ഥിരമായി മുന്ന് നേരം ഉറ്റിക്കുന്നുണ്ട്. ഉറ്റിക്കുമ്പോഴാണ് കൂടുതൽ എരിച്ചിലും പുകച്ചിലും.

അതിന്റെ കാരണം ഡോക്ടർക്ക് മനസ്സിലായില്ല. എന്നാലും പറഞ്ഞു:വേറെ മരുന്ന് തരാം അത് ഇപ്പോൾ തീർന്നിരിക്കുമല്ലോ?

അത് തീർന്നിട്ടില്ല ഡോക്ടർ എന്ന് പറഞ്ഞു ദേവകിയമ്മ കയ്യിലെ സഞ്ചിയിൽ നിന്ന് കുപ്പി എടുത്തു ഡോക്ടർക്ക് കൊടുത്തു. മൂന്നാഴ്ച ഉപയോഗിച്ചിട്ടും കുപ്പി ഫുൾ ആയി തന്നെ ഇരിക്കുന്നത് കണ്ടു ഡോക്ടർ വീണ്ടും അതിശയിച്ചു. മരുന്ന് ശരിക്കും പുറത്തേക്കു വരുന്നില്ലേ എന്ന് അവൾക്കു സംശയം.

"ഞാൻ ഒന്ന് ഒഴിച്ച് നോക്കട്ടെ" എന്ന് പറഞ്ഞു കുപ്പി തുറന്ന നീനയുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ ഒരു തുള്ളി വിരലിൽ വീണു. പൊള്ളൽ തോന്നിയ കൈ അവൾ പെട്ടെന്ന് വലിച്ചു. എന്നിട്ടു മരുന്ന് ഒന്ന് മണപ്പിച്ചു നോക്കി.

ഇതെല്ലം കണ്ടുകൊണ്ടിരുന്ന സിസ്റ്ററെ ഡോക്ടർ അടുത്തേക്ക് വിളിച്ചു കുപ്പി കയ്യിൽ കൊടുത്തു. ഉദ്ദേശ്യം മനസ്സിലായ സിസ്റ്റർ കുപ്പി മണപ്പിച്ചു നെറ്റി ചുളിച്ചു. ദേവകിയമ്മയെ നോക്കിക്കൊണ്ടു കുപ്പി ഡോക്ടർക്ക് തിരിച്ചു കൊടുത്തു.

"മരുന്നുറ്റിക്കുമ്പോൾ ദേവകിയമ്മ മണത്തു നൊക്കാറില്ലേ?"

ഞാനല്ല, സരോജിനിയാണ്‌  ഉറ്റിച്ചു  തരാറുള്ളത്. ദേവകിയമ്മ പറഞ്ഞു.

"അതാരാ?"

"മരുമകൾ"

എനിക്ക് മനസ്സിലായി, നിനക്കോ എന്ന് ഡോക്ടർ സിസ്റ്ററെ നോക്കി. എനിക്കും എന്ന് സിസ്റ്ററുടെ ആംഗ്യം.

"ദേവകിയമ്മയുടെ കൂടെ ആരാണ് വന്നിട്ടുള്ളത്  ?"

"മകനുണ്ട്"

"വിളിക്കു"

മകൻ വന്ന ശേഷം ഡോക്ടർ പറഞ്ഞു: മരുന്നിനി വേണ്ട. ഞാൻ വേറെ എഴുതാം. ദിവസം രണ്ടു നേരം ഉറ്റിച്ചാൽ  മതി. നിങ്ങളുടെ കൈ കൊണ്ട് ഉറ്റിച്ചു കൊടുക്കാൻ പറ്റുമോ ?

പറ്റും എന്ന് മകൻ പറഞ്ഞു. ഡോക്ടർ അവരോടു പൊയ്ക്കൊള്ളാൻ പറഞ്ഞു. പിന്നിൽ പോയ മകൻ ഡോർ അടയ്ക്കുന്നതിന് മുൻപ് ഡോക്ടർ അയാളെ നോക്കി. എന്നിട്ടു പറഞ്ഞു: വീട്ടിൽ ഉള്ള സുർക്ക ദൂരെ മാറ്റി വെക്കണം. മരുന്നിൽ കലരരുത്.


Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ